കാസര്‍കോട്: ജില്ലയിലെ വിവിധ വകുപ്പുകളിലായി താല്‍ക്കാലികമായി ജോലി ചെയ്യുന്ന ഡ്രൈവര്‍മാരെ പിരിച്ചു വിട്ട് പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് എല്‍.ഡി. വി. ഗ്രേഡ് 2 റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി കലക്ടറേറ്റിലേക്ക് നടത്തിയ ചിരട്ട പിടിച്ചുകൊണ്ടുള്ള യാചനാ സമരം ശ്രദ്ധേയമായി.
ലിസ്റ്റിലുള്ളവരെ നിയമിക്കുക, ലിസ്റ്റിന്റെ കാലാവധി നീട്ടുക, കോടതി വിധി നടപ്പിലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരുന്നു മാര്‍ച്ച്. ജില്ലയില്‍ താല്‍ക്കാലികമായി ജോലി ചെയ്യുന്ന ഡ്രൈവര്‍മാരെ പിരിച്ചുവിട്ട് പി.എസ്.സി ലിസ്റ്റിലുള്ളവരെ നിയമിക്കണമെന്ന ആവശ്യം നിയമസഭയില്‍ ഉന്നയിക്കുമെന്ന് സമരം ഉദ്ഘാടനം ചെയ്ത എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. പറഞ്ഞു. സമരക്കാരുടെ ആവശ്യം ന്യായമുള്ളതാണെന്നും പിന്നോക്ക ജില്ലയായ കാസര്‍കോടിനെ അവഗണിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡണ്ട് ബിനു തോമസ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ദുല്‍കിഫിലി കുന്നുംകൈ, ബിജേഷ് കുമാര്‍, ബാബു വയനാട്, പീറ്റര്‍ ആലപ്പുഴ, കെ. ജി.ഡി.എ ജില്ലാ സിക്രട്ടറി കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.