ബോവിക്കാനം: വൈദ്യുതി ലൈനില്‍ പടന്ന് പന്തലിച്ച് നില്‍ക്കുന്ന മുള്ളുകളും വള്ളി പടര്‍പ്പുകളും വെട്ടിമാറ്റാത്തത് ഭീതിയുണ്ടാക്കുന്നു. കുട്ടിയാനം- അരിയില്‍ ഭാഗത്തേക്കുള്ള ലൈനിലാണ് വ്യാപകമായി വള്ളിപടര്‍പ്പുകളും മുള്ളുകളും പടര്‍ന്നിരിക്കുന്നത്. പ്രതിവര്‍ഷം രണ്ട് തവണ എല്ലാ സെക്ഷന്‍ പരിധിയിലെ ട്രാന്‍സ്‌ഫോര്‍മറിന്റെ കീഴിലുള്ള വൈദ്യുതി ലൈനുകളിലേക്കും തട്ടുന്ന മരക്കൊമ്പുകളും പോസ്റ്റിലൂടെ പടര്‍ന്നിരിക്കുന്ന വള്ളി പടര്‍പ്പുകളും വെട്ടിമാറ്റുന്നതിനായി കരാര്‍ നല്‍കാറുണ്ടെങ്കിലും ഇത് എല്ലായിടത്തും കൃത്യമായി ചെയ്യാന്‍ കരാറുകാര്‍ തുനിയാറില്ല. സ്‌കൂള്‍ വിദ്യാര്‍ത്ഥികളടക്കം നിരവധിപേര്‍ കാല്‍നടയായി പോകുന്ന വഴിയോരങ്ങളിലടക്കം ഇത്തരത്തില്‍ വള്ളിപടര്‍പ്പുകളും മരക്കൊമ്പുകളും തട്ടിനില്‍ക്കുന്ന സ്ഥിതിയുണ്ട്.
ആരുടേയും ശ്രദ്ധയില്‍ പെടുന്ന ഭാഗത്തുള്ള ടെച്ചിംഗ്‌സുകള്‍ മാത്രം വെട്ടിമാറ്റി കരാര്‍ തുക കീശയിലാക്കുന്ന സ്ഥിതിയാണുള്ളത്. എന്നാല്‍, ഉള്‍പ്രദേശങ്ങളിലെ ലൈനുകള്‍ കാടുമൂടിയും മറ്റും വ്യാപകമായ വൈദ്യുതി വിതരണത്തിന് വിഘാതമാകുന്നത് ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കാറില്ല. കാടുമൂടിക്കിടക്കുന്ന പ്രദേശങ്ങളിലെ ലൈനുകളിലാണ് ഇത്തരത്തില്‍ വ്യാപകമായ സ്ഥിതിയുള്ളത്. കരാറുകാര്‍ ഇതുവഴി വന്നാല്‍ പോലും വെട്ടിമാറ്റാന്‍ തയ്യാറാകുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.