ആകാശം നോക്കി അഹങ്കരിക്കുന്ന കുന്നുകളും കരിമ്പാറകളും നിറഞ്ഞ ദേശമായിരുന്നു മഞ്ഞനാടി. തെന്നിന്ത്യയിലെ ആത്മീയ കേന്ദ്രമായ ഉള്ളളത്ത് നിന്നും 20 കി.മീറ്റര്‍ ദൂരത്തുള്ള ഈ ദേശം ഇന്ന് അറിവിന്റെയും ആത്മീയതയുടെയും പ്രഭവ കേന്ദ്രമാണ്. വൈജ്ഞാനിക ഭൂപടത്തില്‍ മഞ്ഞനാടി ഇടം നേടിയിരിക്കുന്നു. ‘അല്‍ മദീന എജ്യുക്കേഷന്‍ കോംപ്ലക്‌സ്’ എന്ന സ്ഥാപന സമുഛയമാണ് മഞ്ഞനാടിക്ക് യശ്ശസ് ഉണ്ടാക്കിയത്. മത ബിരുദധാരികള്‍ക്ക് പുറമെ പ്രൊഫഷനുകളായ വിദ്യാസമ്പന്നരും അല്‍ മദീന കാരണമായി പുറംലോകത്ത് എത്തിയിട്ടുണ്ട്. പ്രസ്തുത സ്ഥാപനത്തിന്റെ പ്രവര്‍ത്തന മേന്മയില്‍ അഭിമാനിക്കാവുന്നവരാണ് കാസര്‍ക്കോട്ടുകാര്‍. അല്‍ മദീനയുടെ ശില്‍പിയും ചെയര്‍മാനുമായ അബ്ബാസ് മുസ്‌ലിയാരുടെ സ്വദേശം കാസര്‍കോട് കാഞ്ഞങ്ങാടിനടുത്ത പഴയകടപ്പുറത്താണ് എന്നതാണ് അതിന് കാരണം.
ശറഫുല്‍ ഉലമ എന്ന അപരനാമത്തില്‍ കേരള കര്‍ണ്ണാടകയില്‍ പ്രസിദ്ധനായ മഞ്ഞനാടി അബ്ബാസ് മുസ്ലിയാരുടെ വിയോഗം നികത്താനാവാത്ത നഷ്ടമാണ് എന്നതില്‍ സംശയമില്ല.
പ്രഭാഷണ വൈഭവമോ, മറ്റോ അല്ല ആ പരിചയത്തിന് കാരണം. അല്‍മദീന എന്ന സ്ഥാപന സമുച്ചയവും അഴകുള്ള അറിവും നാടുനീളെ പരന്നുകിടക്കുന്ന ശിഷ്യസമ്പത്തും അത് തന്നെയാണ് ഉസ്താദിന്റെ മേല്‍വിലാസത്തിന് പിന്നില്‍. പാണ്ഡിത്യം പ്രസരിക്കുന്ന മുഖവും ഗൗരവം നിറഞ്ഞുനില്‍ക്കുന്ന വദനവും ഉസ്താദിനെ മറ്റിതരില്‍ നിന്നും വ്യത്യസ്തനാക്കി.
1947 ജനുവരി ഒന്നിന് ഒരു ബലി പെരുന്നാള്‍ ദിവസത്തില്‍ കുടകു ജില്ലയിലെ മടിക്കേരിക്കടുത്ത ഹാക്കത്തൂര്‍ എന്ന സ്ഥലത്ത് ജനിച്ചു. കാസര്‍കോട് ജില്ലയിലെ അഡൂരിനടുത്ത കൊട്ടിയാടിയിലെ ദീനിസ്‌നേഹിയും കര്‍ഷകനുമായിരുന്ന ജനാബ് മുഹമ്മദ് കുഞ്ഞി ആണ് പിതാവ്. കാഞ്ഞങ്ങാട് പ്രദേശത്തുള്ള ബീഫാത്തിമ ഹജ്ജുമ്മയാണ് മാതാവ്. പ്രസ്തുത കുടുംബം കുടകില്‍ പോയി സ്ഥിര താമസമാക്കുകയുമായിരുന്നു. പിതാവ് മുഹമ്മദ് കുഞ്ഞി പണ്ഡിതന്‍മാരെയും സാദാത്തുക്കളെയും അദമ്യമായി സ്‌നേഹിച്ചു.
മാതാവ് ധര്‍മ്മം ചെയ്യുന്ന വിഷയത്തില്‍ അതീവ തല്‍പരയായിരുന്നു. വീട്ടുമുറ്റത്തെത്തുന്നവര്‍ക്ക് വയര്‍ നിറച്ചു ഉണ്ണാന്‍ കൊടുക്കുന്ന വിശേഷ ഗുണമുള്ളവരായിരുന്നു അവര്‍.
മാതാപിതാക്കളില്‍ നിന്ന് ലഭിച്ച ആത്മീയ ബോധനമാണ് അബ്ബാസ് മുസ്ലിയാരെ സാമൂഹ്യ വിദ്യാഭ്യാസ കാരുണ്യ പ്രവര്‍ത്തകനാക്കിയത്.
ഹാക്കത്തൂര്‍ ഓത്തുപള്ളിയില്‍ അഹ്മദ് മുസ്ലിയാരില്‍ നിന്നാണ് പ്രാഥമിക ഖുര്‍ആന്‍ പഠനം. പിന്നീട് കൊണ്ടങ്കേരി ദര്‍സില്‍ കണ്ണിയത്ത് കെ.സി അബ്ദുല്ലകുട്ടി മുസ്ലിയാരുടെ അടുത്ത് അഞ്ച് വര്‍ഷം പഠിക്കുകയും ശേഷം കേരളത്തിലെ കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പിനടുത്ത തിരുവട്ടൂര്‍ സി.പി മുഹമ്മദ് മുസ്‌ലിയാരുടെ ശിഷ്യനായി പഠനം തുടര്‍ന്നു.
തിരുവട്ടൂരില്‍ നിന്ന് പഠനം വീണ്ടും കര്‍ണ്ണാടകയിലേക്ക് മാറി. പ്രസിദ്ധമായ തീര്‍ത്ഥാടന കേന്ദ്രമായ ഉള്ളാളത്തേക്കാണ് അബ്ബാസ് മുസ്ലിയാര്‍ എത്തിയത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രസിഡണ്ടായിരുന്ന താജുല്‍ ഉലമ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ബുഖാരി തങ്ങളുടെ ദര്‍സാണ് ഉള്ളാളത്ത് നടന്നിരുന്നത്. അവിടെ മൂന്നു വര്‍ഷം ജ്ഞാന തപസ്യക്കിരുന്നതിന് ശേഷം ഗുരുവായ താജുല്‍ ഉലമയുടെ നിര്‍ദ്ദേശ പ്രകാരം ഉത്തര്‍പ്രദേശിലെ ദയൂബന്തിലേക്ക് പോവുകയും അവിടെന്ന് ഖാസിമി ബിരുദം നേടി പുറത്തിറങ്ങുകയും ചെയ്തു.
കാസര്‍കോട് ജില്ലയിലെ ദേലംപാടിയില്‍ സേവനത്തിന് തുടക്കം കുറിച്ചു. അവിടെ 5വര്‍ഷം മുദരിസായി സേവനം ചെയ്തതിന് ശേഷം ദക്ഷിണ കര്‍ണാടകയിലെ ഉജിറയിലായിരുന്നു സേവനം. മൂന്നുവര്‍ഷം അവിടെ മുദരിസായി ദര്‍സ് നടത്തി.
1977ലാണ് അബ്ബാസ് മുസ്ലിയാര്‍ മഞ്ഞനാടിയിലെത്തുന്നത്. മഞ്ഞനാടി ഉസ്താദ് എന്ന പേരില്‍ പ്രസിദ്ധനായിരുന്ന സി.പി മുഹമ്മദ് കുഞ്ഞി മുസ്ലിയാരുടെ ഒഴിവിലേക്കാണ് അബ്ബാസ് ഉസ്താദ് മഞ്ഞനാടി ജുമുഅത്ത് പള്ളിയില്‍ മുദരിസായി വരുന്നത്.
തന്റെ സുദീര്‍ഘമായ ഇരുപത്തഞ്ച് വര്‍ഷത്തെ സേവനത്തിന് ശേഷം മുഹമ്മദ് കുഞ്ഞി മുസ്ലിയാര്‍ മഞ്ഞനാടിയില്‍ നിന്ന് വിരമിച്ചപ്പോള്‍ അവരുടെ അനന്തരാവകാശിയായി ജ്ഞാനം പകര്‍ന്നുകൊടുക്കാന്‍ നാട്ടുകാരും മഞ്ഞനാടി ഉസ്താദും തെരഞ്ഞെടുത്തത് ശറഫുല്‍ ഉലമ അബ്ബാസ് മുസ്ലിയാരെയായിരുന്നു.
21 വര്‍ഷം മഞ്ഞനാടി ജുമുഅത്ത് പള്ളി മുദരിസായി സേവനം അനുഷ്ഠിച്ച അബ്ബാസ് ഉസ്താദ് നിരവധി ശിഷ്യഗണങ്ങളെ സമൂഹത്തിന് സമര്‍പ്പിച്ചു. അവര്‍ ഇന്ന് സമൂഹത്തിലെ വിവിധ ഗോദകളില്‍ കര്‍മ്മനിരതരാണ്. മൂന്ന് പതിറ്റാണ്ട് കാലം പള്ളി ദര്‍സ് നടത്തിയതിന് ശേഷം പുതിയൊരു വിജ്ഞാന വിപ്ലവത്തിന് തുടക്കമിട്ടു. അതാണ് മഞ്ഞനാടി അല്‍ മദീന.
1994 മാര്‍ച്ച് 17ന് ഉസ്താദിന്റെ കാഞ്ഞങ്ങാട്ടിലുള്ള വീട്ടില്‍ ശിഷ്യന്മാരുടെ ഒരു സംഗമം നടത്തി. ഈ സംഗമത്തില്‍ അല്‍മദീന സംരംഭം പൂവിടരുകയായിരുന്നു.
പതിനൊന്ന് കുട്ടികളെ കൊണ്ട് യതീംഖാന ആരംഭിച്ചാണ് സ്ഥാപനം തുടങ്ങിയത്. ഇപ്പോള്‍ അഗതിമന്ദിരം, ദഅവാ കോളേജ്, ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളേജ് ഇംഗ്ലീഷ് മീഡിയം, നോര്‍ത്ത് കര്‍ണാടക ഹോം, വിമന്‍സ് കോളേജ്, വനിതാ ശരീഅത്ത് കോളേജ് തുടങ്ങിയ സ്ഥാപനങ്ങളിലായി ആയിരത്തിലേറെ വിദ്യാര്‍ത്ഥികള്‍ പഠിച്ചു വരുന്നു.
ആധ്യാത്മിക മേഖലയിലെ നായകരായ താജുല്‍ ഉലമാ ഉള്ളാള്‍, ചാപ്പനങ്ങാടി ബാപ്പുമുസ്‌ലിയാര്‍, കക്കിടിപ്പുറം അബൂബക്കര്‍ മുസ്ലിയാര്‍, മഞ്ഞനാടി ഉസ്താദ് തുടങ്ങി പത്തോളം പണ്ഡിത സൂഫി വര്യരില്‍നിന്ന് അബ്ബാസ് മുസ്ലിയാര്‍ ഇജാസത്ത് സ്വീകരിച്ചിട്ടുണ്ട്. അറബി എഴുത്തുകാരനായ അബ്ബാസ് മുസ്ലിയാര്‍ മന്‍കൂസ് മൗലിദ് അറബി മലയാളത്തില്‍ ഭാഷാന്തരം ചെയ്തിട്ടുണ്ട്. 1991 അറബിഭാഷയില്‍ *അല്‍ ബുന്‍യാനുല്‍ മര്‍സൂസ് ഫീ ശറഹി മൗലിദുല്‍ മന്‍കൂസ്* എന്ന ഗ്രന്ഥവും രചിച്ചിട്ടുണ്ട്. ഇതിന്റെ നിരവധി പതിപ്പുകള്‍ പുറത്തിറങ്ങിയിട്ടുണ്ട്.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം, കര്‍ണാടക ജംഇയ്യത്തുല്‍ ഉലമാ ട്രഷറര്‍, സുന്നി കോഓര്‍ഡിനേഷന്‍ കമ്മിറ്റി സംസ്ഥാന അധ്യക്ഷന്‍, കൊടക് ജില്ല ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷന്‍, മുടിപ്പൂ ദേര്‍ലകട്ടെ സംയുക്ത ജമാഅത്ത് നാഇബ് ഖാസി തുടങ്ങിയ സ്ഥാനങ്ങള്‍ അലങ്കരിച്ച അബ്ബാസ് ഉസ്താദ് അല്‍ മദീന എജ്യുക്കേഷന്‍ സെന്ററിന്റെ ശില്‍പിയും ചെയര്‍മാനുമാണ്.
1979 ആന്ന് ആദ്യ ഹജ്ജ് കര്‍മ്മം നിര്‍വഹിച്ചത്. പിന്നീട് നിരവധി തവണ ഹജ്ജ് നിര്‍വഹിച്ചു. പലപ്പോഴും ഉംറക്ക് പോകാറുണ്ട്. സൗദി, യുഎഇ, കുവൈത്ത്, ബഹ്‌റൈന്‍, ഖത്തര്‍, ദമാം, മലേഷ്യ, സിംഗപ്പൂര്‍ തുടങ്ങി വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. വിദ്യാഭ്യാസ ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് ജ്വലിച്ച് നിന്ന ആ പണ്ഡിത തേജസ് 2019 ജൂലൈ 29ന് ഇഹലോക വാസം വെടിഞ്ഞു. ഇനി ശറഫുല്‍ ഉലമയെന്ന ജ്ഞാന സൗരഭ്യം താന്‍ പടുത്തുയര്‍ത്തിയ മഞ്ഞനാടി അല്‍ മദീന കാമ്പസില്‍ ആത്മീയ പരിമളം നല്‍കി അന്തിയുറങ്ങും.
കുടുംബം വലിയുള്ളാഹി മഞ്ഞനാടി ഉസ്താദിന്റെ മകള്‍ ആസിയയാണ് ഭാര്യ. അബ്ദുല്‍ഖാദര്‍ സഖാഫി (മാനേജര്‍ അല്‍മദീന)മുഹമ്മദ് കുഞ്ഞി അംജദി (ഡയറക്ടര്‍ അല്‍ മദീന) അബ്ദുല്ല ദുബൈ, അബൂബക്കര്‍ സിദ്ധീഖ്( എന്‍ജിനീയര്‍), അബൂ സ്വാലിഹ് (സിറാജുല്‍ ഹുദാ ദഅവാ വിദ്യാര്‍ത്ഥി), ആയിഷ, ഫാത്തിമ, സൈനബ എന്നിവര്‍ മക്കളാണ്. അബൂബക്കര്‍ മദനി, അബ്ദുറഹ്മാന്‍ മദനി പടന്ന, അബ്ദുല്‍ ജബ്ബാര്‍ മിസ്ബാഹി എന്നിവര്‍ മരുമക്കളാണ്.