കാസര്‍കോട്: എം.ഡി.എം.എ മയക്കുമരുന്നുമായി കാറില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ് തു. കാര്‍ കസ്റ്റഡിയിലെടുത്തു. നുള്ളിപ്പാടി രിഫായി മന്‍സിലിലെ റാബിയത്താ(32)ണ് അറസ്റ്റിലായത്. ഇന്നലെ വൈകിട്ട് നാലരയോടെ നുള്ളിപ്പാടി ജെ.പി. കോളനി റോഡില്‍ വെച്ച് കാസര്‍കോട് എസ്.ഐ. മെല്‍വിന്‍ ജോസും സംഘവുമാണ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തെത്തുടര്‍ന്ന് സ്വിഫ്റ്റ് കാര്‍ പരിശോധിച്ചപ്പോഴാണ് 280 മില്ലിഗ്രാം എം.ഡി.എം.എ മയക്കുമരുന്ന് കണ്ടെത്തിയത്. പഞ്ചസാരയുടെ രൂപ സാദൃശ്യമുള്ള മയക്കുമരുന്നാണിത്. ഇത് ചൂടാക്കുന്നതിന് ഉപയോഗിക്കുന്ന കുപ്പികഷ്ണവും കണ്ടെത്തി. അന്താരാഷ്ട്ര വിപണിയില്‍ ഏറെ വിലവരുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തതെന്ന് പൊലീസ് പറഞ്ഞു. റാബിയത്ത് മയക്കുമരുന്ന് ശൃംഖലയുടെ കണ്ണിയാണോ എന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. സിവില്‍ പൊലീസ് ഓഫീസര്‍ അബ്ദുല്‍ സലാം, സ്‌ക്വാഡ് അംഗങ്ങളായ രജീഷ്, വിനോദ് എന്നിവരും പരിശോധക സംഘത്തിലുണ്ടായിരുന്നു.