ആദൂര്‍: എ.ടി.എമ്മുകളില്‍ പണമില്ലെന്ന പരാതികള്‍ വ്യാപകമാകുന്നു. ബോവിക്കാനം, ചെര്‍ക്കള ഭാഗങ്ങളില്‍ എ.ടി.എമ്മുകളില്‍ പണമില്ലാത്ത പ്രശ്നം ഇടപാടുകാരെ വലയ്ക്കുകയാണ്. ചെര്‍ക്കളയില്‍ മാത്രം വിവിധ ബാങ്കുകളുടെ അഞ്ച് എ.ടി.എമ്മുകളുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം ഈ എ.ടി.എമ്മുകളില്‍ നിന്ന് പണമെടുക്കാന്‍ പോയവര്‍ക്ക് നിരാശരായി മടങ്ങേണ്ടിവന്നു. എല്ലാ എ.ടി.എമ്മുകളും കാലിയായിരുന്നു.ആവശ്യത്തിന് പണം നിക്ഷേപിക്കാതിരുന്നതാണ് ഇത്തരമൊരു ദുരവസ്ഥക്ക് കാരണമായത്. ബോവിക്കാനത്തുള്ള ഒരേയൊരു എ.ടി.എം ഒരാഴ്ചയിലേറെയായി തകരാറിലായിക്കിടക്കുകയാണ്. ഇവിടെ നിന്നും പണമെടുക്കാന്‍ കഴിയാതെ ചെര്‍ക്കളയില്‍ വന്നവരും വെട്ടിലാവുകയാണുണ്ടായത്.
കാസര്‍കോട് ജില്ലയിലെ പ്രധാനജംഗ്ഷനാണ് ചെര്‍ക്കള. ദിവസവും ആയിരക്കണക്കിന് ഇടപാടുകള്‍ ഇവിടെ നടക്കുന്നുണ്ട്. തുടര്‍ച്ചയായ അവധിദിവസങ്ങളില്‍ എ.ടി.എമ്മില്‍ പണമില്ലാത്ത അവസ്ഥ മുമ്പുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെയൊരു സാഹചര്യമില്ലാതിരുന്നിട്ടും എ.ടി.എമ്മില്‍ പണമില്ലാത്തതിന് കാരണം ജീവനക്കാരുടെ അനാസ്ഥയാണെന്ന് ഇടപാടുകാര്‍ ആരോപിച്ചു. ചെര്‍ക്കള പെട്രോള്‍ ബങ്കിനടുത്തുണ്ടായിരുന്ന എ.ടി.എം നേരത്തെ പൂട്ടിയിരുന്നു. ദേശസാത്കൃതബാങ്കുകളുടെയും ജില്ലാസഹകരണബാങ്കിന്റെയും ശാഖകള്‍ ഉണ്ടായിട്ടും ബോവിക്കാനത്ത് ഒരു എ.ടി.എം മാത്രമുള്ളത് പരാതിക്ക് കാരണമായിട്ടുണ്ട്. ഇവിടെയാകട്ടെ നെറ്റ് വര്‍ക്ക് തകരാറുകളും പതിവാണ്.