മംഗളൂരു: തിങ്കളാഴ്ച സന്ധ്യക്ക് മംഗളൂരുവിന് സമീപം നേത്രാവതി പാലത്തില്‍ നിന്ന് ദുരൂഹസാഹചര്യത്തില്‍ കാണാതായ രാജ്യത്തെ മുന്‍നിര കോഫി ശൃംഖലയായ കഫേ കോഫി ഡേ ഉടമയും കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്.എം കൃഷ്ണയുടെ മരുമകനുമായ വി.ജി സിദ്ധാര്‍ത്ഥ് ഹെഗ്‌ഡെ (60)യുടെ മൃതദേഹം ഇന്ന് പുലര്‍ച്ചെ നേത്രാവതി പുഴയില്‍ കണ്ടെത്തി. നേത്രാവതി പുഴ കടലിനോട് ചേരുന്ന ബോളാര്‍ ഹോയ്‌കെ ബസാറിലെ ഐസ്പ്ലാന്റിന് സമീപം മത്സ്യത്തൊഴിലാളികളാണ് പുലര്‍ച്ചെ ആറരയോടെ ആദ്യം മൃതദേഹം കണ്ടത്. ഒഴുകിപോവുകയായിരുന്ന മൃതദേഹം മത്സ്യത്തൊഴിലാളികള്‍ പിടിച്ചുനിര്‍ത്തുകയും പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. തീരദേശ രക്ഷാസേനയും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് മൃതദേഹം കരക്കെത്തിച്ചത്. 34 മണിക്കൂര്‍ നേരത്തെ ആകാംക്ഷ നിറഞ്ഞ തിരച്ചിലിനൊടുവിലാണ് കോഫി രാജാവിന്റെ മരണം സ്ഥിരീകരിച്ച് മൃതദേഹം കണ്ടെടുത്തത്. മിനിഞ്ഞാന്ന് രാത്രിമുതല്‍ തീരദേശ രക്ഷാസേനയുടേയും ഇന്നലെ മുതല്‍ നാവിക സേനയുടേയും നേതൃത്വത്തില്‍ മൃതദേഹത്തിന് വേണ്ടി തിരച്ചില്‍ നടത്തിവരികയായിരുന്നു. ദേശീയ ദുരന്ത നിവാരണ സേനയുടെ എട്ട് ബോട്ടുകളും 12 മുങ്ങല്‍ വിദഗ്ധരും നാവിക സേനയുടെ ബോട്ടും ഹെലികോപ്റ്ററും തിരച്ചിലിനുണ്ടായിരുന്നു. സിദ്ധാര്‍ത്ഥ ഫോണില്‍ അവസാനമായി സംസാരിച്ചത് ചിക്മംഗളൂരു കോഫി ഡെ മാനേജര്‍ ജാവേജ്, ബംഗളൂരു യൂണിറ്റ് മാനേജര്‍ ചിദംബര്‍, ഡ്രൈവര്‍ ബസവരാജ് എന്നിവരോടാണെന്ന് പൊലീസ് കണ്ടെത്തി. ഇവരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30ഓടെയാണ് സിദ്ധാര്‍ത്ഥ ഡ്രൈവര്‍ ബസവരാജിനൊപ്പം സ്വന്തം കാറില്‍ ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്കാണെന്ന് പറഞ്ഞ് പുറപ്പെട്ടത്. ഹാസനിലെ സകലേഷ്പുരില്‍ എത്തി വിശ്രമിച്ച ശേഷം കാര്‍ മംഗളൂരുവിലേക്ക് വിടാന്‍ ഡ്രൈവറോട് ആവശ്യപ്പെട്ടു. തിങ്കളാഴ്ച വൈകിട്ട് ഏഴോടെ മംഗളൂരുവിലെത്തിയെങ്കിലും നഗരത്തില്‍ കയറാതെ പമ്പ്‌വെല്‍ വഴി നേത്രാവതി പാലത്തിനരികിലേക്ക് വണ്ടി വിടാന്‍ സിദ്ധാര്‍ത്ഥ നിര്‍ദ്ദേശിക്കുകയായിരുന്നു. കാറില്‍ വെച്ച് നിരന്തരം ഫോണില്‍ സംസാരിച്ചുകൊണ്ടിരുന്ന സിദ്ധാര്‍ത്ഥ അസ്വസ്ഥനായിരുന്നുവെന്ന് ഡ്രൈവര്‍ ബസവരാജ പറഞ്ഞു. വീണ്ടും ഫോണ്‍ വന്നപ്പോള്‍ കാര്‍ നേത്രാവതി പാലത്തിനരികെ നിര്‍ത്തിയിടാന്‍ ആവശ്യപ്പെടുകയും കാറില്‍ നിന്നിറങ്ങി സിദ്ധാര്‍ത്ഥ് ഫോണില്‍ സംസാരിച്ച് തലങ്ങും വിലങ്ങും നടക്കുകയുമായിരുന്നു. കാറിന് അരികിലെത്തിയെങ്കിലും ഒന്നുകൂടി നടന്നുവരാമെന്ന് പറഞ്ഞ് ഫോണുമായി പാലത്തിലൂടെ നടന്ന സിദ്ധാര്‍ത്ഥയെ പിന്നീട് കാണാതായി. അരമണിക്കൂര്‍ കഴിഞ്ഞിട്ടും തിരിച്ചെത്താത്തിനാല്‍ ബസവരാജ് അദ്ദേഹത്തെ ഫോണില്‍ വിളിച്ചെങ്കിലും സ്വിച്ച് ഓഫായിരുന്നു. തുടര്‍ന്ന് ബന്ധുക്കളേയും പൊലീസിലും വിവരമറിയിക്കുകയായിരുന്നു. ന്നു.
സാമ്പത്തിക പ്രതിസന്ധിയാണ് സിദ്ധാര്‍ത്ഥിന്റെ മരണത്തിന് കാരണമെന്ന് കരുതുന്നു. അദ്ദേഹം എഴുതിവെച്ച കത്തിലും ഇക്കാര്യം പറയുന്നുണ്ട്.