വിദ്യാനഗര്‍: ചെങ്കളയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയുടെ സ്വര്‍ണമാല തട്ടിപ്പറിച്ച കേസിലെ പ്രതിയെ മണിക്കൂറുകള്‍ക്കകം വിദ്യാനഗര്‍ എസ്.ഐ. യു.പി വിപിനും സംഘവും അറസ്റ്റ് ചെയ്തു. ഇതോടെ കുമ്പള ബംബ്രാണയിലെ സമാനമായ കേസിലും തുമ്പായി. മഞ്ചേശ്വരം പാവൂര്‍ ഗിയര്‍കട്ടയിലെ അബ്ദുല്‍ സലിം(42), ഉപ്പള പത്വാടി ജുമാമസ്ജിദിന് സമീപത്തെ ഷാഹുല്‍ ഹമീദ് (42) എന്നിവരാണ് അറസ്റ്റിലായത്. ചെങ്കള ബംബ്രാണി നഗറിലെ മുഹമ്മദ് ഷഫീഖ്-അസ്ബിന്‍ ആയിഷ ദമ്പതികളുടെ ഒന്നര വയസ്സുള്ള മകള്‍ മറിയം ജസീലയുടെ ഒന്നേക്കാല്‍ പവന്‍ തൂക്കമുള്ള സ്വര്‍ണമാല തട്ടിപ്പറിച്ച കേസിലാണ് അറസ്റ്റ്. തിങ്കളാഴ്ച ഉച്ചക്ക് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് മാല തട്ടിപ്പറിച്ചത്. വിവരമറിഞ്ഞെത്തിയ പൊലീസ് നടത്തിയ ഊര്‍ജ്ജിതമായ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലാവുന്നത്. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെ മുഖ്യപ്രതി അബ്ദുല്‍ സലിമിനെ കുറിച്ചുള്ള സൂചന ലഭിച്ചു. ഇതേ തുടര്‍ന്ന് പ്രതിയുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ അടിസ്ഥാനമാക്കി പരിശോധിക്കുകയായിരുന്നു.
കര്‍ണ്ണാടകയുടെ വിവിധ ഭാഗങ്ങളിലെ ലോഡ്ജുകളില്‍ പരിശോധിച്ച പൊലീസ് ഇന്നലെ ഉച്ചയോടെ മഞ്ചേശ്വരം പാവൂരില്‍ വെച്ചാണ് സലീമിനെ പിടിച്ചത്. തുടര്‍ന്ന് കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ സ്വര്‍ണമാല വില്‍ക്കാന്‍ ഏല്‍പ്പിക്കുന്നത് ഷാഹുല്‍ ഹമീദിനാണെന്ന് തിരിച്ചറിഞ്ഞു. കുമ്പളയില്‍ വെച്ചാണ് ഷാഹുല്‍ ഹമീദിനെ പിടിച്ചത്.
ചോദ്യം ചെയ്യലില്‍ ഏതാനും ദിവസം മുമ്പ് കുമ്പള ബംബ്രാണയിലെ നസീമയുടെ കുട്ടിയുടെ സ്വര്‍ണമാല തട്ടിപ്പറിച്ചത് ഇവരാണെന്ന് തിരിച്ചറിയുകയായിരുന്നു. രണ്ട് സ്വര്‍ണമാലകളും ഉപ്പളയിലെ ഒരു ജ്വല്ലറിയില്‍ വില്‍പ്പന നടത്തിയതായി അറിഞ്ഞതോടെ പൊലീസ് നടത്തിയ പരിശോധനയില്‍ ഇവ കണ്ടെത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാണ്ട് ചെയ്തു. കാസര്‍കോട്, കുമ്പള, മഞ്ചേശ്വരം, കര്‍ണ്ണാടക എന്നിവിടങ്ങളിലെ നിരവധി തട്ടിപ്പറി കേസുകളില്‍ അബ്ദുല്‍ സലിം പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.