സമകാലിക വാര്‍ത്തകള്‍ വളരെയധികം വിഷമം തോന്നി പോകുന്നതാണ്. എന്താണ് ഇവിടെ നടക്കുന്നത് എന്ന് ഒന്നും അറിയാതെ നില്‍ക്കുന്ന ഓരോ മാതാപിതാക്കളും സ്‌കൂളിലേക്ക് അല്ലെങ്കില്‍ ഉപരിപഠനത്തിന് എങ്ങനെ അയക്കും എന്ന് ചിന്തിച്ചു കൊണ്ടിരിക്കുന്ന നിമിഷങ്ങളാണ് കാസര്‍കോട് ഇപ്പോള്‍ കണ്ടുവരുന്ന ഒരു അവസ്ഥ. നമ്മുടെ മക്കളെ നാളെ സംശയത്തിന്റെ നിഴലില്‍ കാണേണ്ടിവരുന്ന ഒരു സാഹചര്യത്തിലാണ് നാം കഴിഞ്ഞുപോകുന്നത്. നമുക്ക് എവിടെയാണ് പിഴച്ചത്. ദിനരാത്രങ്ങളില്‍ തന്റെ പ്രിയ പത്‌നിയോട് തലയണമന്ത്രം ആയി പറഞ്ഞു കൊണ്ടിരിക്കുന്നത് മക്കളുടെ നാളത്തെ പുലരിയുടെ ആശങ്കകളെ പറ്റി മാത്രമാണ്. നമ്മളില്‍ പലരുടെയും മക്കളെ കുറിച്ച് ഓരോ ദിവസവും പത്രങ്ങളിലും ടിവി ചാനലുകളിലും കാണുന്ന വാര്‍ത്തകള്‍ ദുഃഖിപ്പിക്കുകയും വളരെയധികം വിഷമം ഉണ്ടാക്കുന്നതുമാണ്. എങ്കിലും നമുക്ക് മാറോട് ചേര്‍ത്തേ പറ്റൂ മാറി നില്‍ക്കാന്‍ അനുവദിക്കരുത്. സ്‌നേഹം കൊണ്ട് മാത്രമേ ഇതിനെ നമുക്ക് നേരിടാന്‍ കഴിയുകയുള്ളൂ. കഴുകന്മാരെപ്പോലെ കാസര്‍കോട് മണ്ണില്‍ മയക്കുമരുന്ന് മാഫിയകള്‍ കൊലവിളി ഉയര്‍ത്തുമ്പോള്‍ നമ്മള്‍ ഒന്ന് ചിന്തിച്ചാല്‍ നമുക്ക് അതില്‍ നിന്നും മനസ്സിലാകും.
തള്ളക്കോഴി തന്റെ കുഞ്ഞുങ്ങളെ കഴുകന് വിട്ടുകൊടുക്കാതെ ചിറകടിയില്‍ മാറോട് ചേര്‍ക്കുമ്പോള്‍ കുഞ്ഞുങ്ങള്‍ എത്ര സുരക്ഷിതമാണോ ആഗ്രഹിക്കുന്നത്, അമ്മയുടെ ചിറകിനടിയില്‍ നിന്ന് ആ കുഞ്ഞുങ്ങള്‍ക്ക് കിട്ടുന്നുണ്ടെങ്കില്‍ ഒരിക്കലും മാറി നില്‍ക്കാന്‍ അനുവദിക്കരുത്. മാറോടു ചേര്‍ക്കുക. എന്റെ മകന്‍ ചെറുതാണ് അല്ലെങ്കില്‍ ഒന്നിലോ രണ്ടിലോ മാത്രമാണ് പഠിക്കുന്നത് അവരുടെ ഭാഗത്തുനിന്ന് ഇതൊക്കെ ഉണ്ടാവുകയില്ല എന്ന് വിശ്വസിച്ചു നമ്മള്‍ അവരെ അവരുടെ പാട്ടിനു വിടുമ്പോള്‍ നമുക്ക് നഷ്ടമാകുന്നത് മക്കളെ മാത്രമല്ല നാളത്തെ ഇന്ത്യയുടെ എഞ്ചിനീയര്‍മാര്‍, ഡോക്ടര്‍മാര്‍, പൊലീസ് ഓഫീസര്‍മാര്‍ തുടങ്ങി നല്ലൊരു ഭാവി വാഗ്ദാനങ്ങളെയാണ്. ഒന്നാം ക്ലാസ് മുതല്‍ ഐ ക്ലാസ് വരെ പഠിക്കുന്ന നമ്മുടെ മക്കളെ തന്റെ കുഞ്ഞ് എന്ന നിലക്ക് തന്നെ മാറി നില്‍ക്കാന്‍ അനുവദിക്കാതെ ചിറകിനടിയില്‍ മാറോടുചേര്‍ത്ത് പിടിക്കേണ്ട സമയം അതിക്രമിച്ചു കൊണ്ടിരിക്കുകയാണ്. നമ്മുടെ ഈ കൊച്ചു കേരളത്തില്‍ കാസര്‍കോട് ജില്ലയില്‍ ഇപ്പോഴത്തെ അവസ്ഥ പരിശോധിച്ചു നോക്കുമ്പോള്‍… ഈയിടെയായി സ്‌കൂളുകളില്‍ നടക്കുന്ന പല പ്രവൃത്തികളും കഴിഞ്ഞ വര്‍ഷം നമുക്ക് സെന്റ് ഓഫിനിടെ പൊലിഞ്ഞുപോയ നമ്മുടെ ഒരു കുഞ്ഞിന്റെയും അവസ്ഥ തന്നെയാണ്. റെയില്‍വേ ട്രാക്കുകളില്‍ പുഴവക്കില്‍ ശവശരീരങ്ങള്‍ ആയി നമ്മുടെ മക്കള്‍ കാണാതിരിക്കണം എങ്കില്‍ സ്‌കൂളുകളിലും വീട്ടിലും അവര്‍ പോകുന്ന വഴിയിലും നമ്മുടെ ഒരു കണ്ണു നിരന്തരം മക്കളുടെ പിറകെ ഉണ്ടാകണം. എല്ലാ സ്‌കൂളുകളിലും അധ്യാപകരോടൊപ്പം ചേര്‍ന്നു തന്നെ ഒരു നിരീക്ഷണ ടീം നമുക്ക് ഉണ്ടാകേണ്ടതുണ്ട്. അതില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും മാതാപിതാക്കളും ഒരുമിച്ചു നിന്ന് തന്നെ നമുക്ക് നമ്മുടെ മക്കളുടെ സ്‌കൂളിലെ ചലനങ്ങള്‍ പോകും വഴിയിലെ ആളുകള്‍ അവരുടെ കൂട്ടുകാര്‍ വീടുകള്‍ എല്ലാം നമുക്ക് നിരീക്ഷിക്കേണ്ടതുണ്ട്. ഇതൊരു ഉത്തരവാദിത്വമാണ്. നമ്മള്‍ ഇനിയും മാറി നിന്ന് കഴിഞ്ഞാല്‍ നമുക്ക് നഷ്ടപ്പെടുന്നത് തിരിച്ചുപിടിക്കാന്‍ കഴിയാത്തവിധം അകല്‍ച്ചയിലേക്ക് തള്ളിവിടുന്ന ഒരു അവസ്ഥയിലേക്കാണ്.
കുഞ്ഞുണ്ണി മാഷുടെ വാക്കുകള്‍ കടമെടുക്കുകയാണെങ്കില്‍ ഈ വലിയൊരു ലോകം നമുക്ക് നന്നാകണമെങ്കില്‍ ആദ്യം നമ്മള്‍ നന്നാവണം എന്ന വാക്ക് വളരെയധികം അര്‍ത്ഥങ്ങള്‍ തരുന്നതാണ്. അതെ നാം നമ്മുടെ മക്കളെ മാറോട് ചേര്‍ത്ത് സ്‌നേഹത്തോടുകൂടി അവര്‍ ആഗ്രഹിക്കുന്നതില്‍ കൂടുതല്‍ സ്‌നേഹം നല്‍കി കരുതലോടും കൂടി ചേര്‍ത്ത് കഴിഞ്ഞാല്‍ അവര്‍ ഒരിക്കലും മാറി നില്‍ക്കുകയില്ല. പല മാതാപിതാക്കളും പറയുന്നത് കേള്‍ക്കാം അവന്റെ കൂട്ടുകെട്ടാണ് അല്ലെങ്കില്‍ അവന്റെ സുഹൃത്തുക്കളാണ് അങ്ങനെ അവനെ ചെയ്തത് എന്ന്. നാം നമ്മുടെ മക്കളെ നമ്മിലേക്ക് ചേര്‍ത്തു കഴിഞ്ഞാല്‍ ഏറ്റവും വലിയ സുഹൃത്തും അവന്റെ കൂട്ടും നമ്മള്‍ മാത്രമായിരിക്കും. ഒരിക്കലും അവര്‍ വേറൊരു കൂട്ടുകെട്ടിനെ സുഹൃത്തിനെ തേടിയോ പോവുകയില്ല. അത് കൊണ്ടു തന്നെ നമുക്ക് ഒപ്പം ഇരുന്നു മാറോട് ചേര്‍ക്കാം. നമ്മുടെ മക്കളെ കാര്‍ന്നുതിന്നുന്ന മയക്കുമരുന്നു മാഫിയകള്‍ക്ക് കടിഞ്ഞാണ്‍ ഇടാന്‍ വേണ്ടി നമുക്ക് എല്ലാവരും ഒപ്പം ചേര്‍ന്ന് അധ്യാപകരോടും പൊലീസിനോടും ചേര്‍ന്ന് ഓരോ രഹസ്യങ്ങളും രഹസ്യമായി തന്നെ അവതരിപ്പിക്കേണ്ട സമയത്ത് അത് നല്ല നിലയില്‍ തന്നെ അവതരിപ്പിച്ചു കഴിഞ്ഞാല്‍ നമുക്ക് സംശയത്തിന്റെ നിഴലില്‍ മകനോ മകളോ അല്ലെങ്കില്‍ ഏതെങ്കിലും സ്‌കൂളുകളോട് നമ്മുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ അന്തസ്സ് നഷ്ടപ്പെടും എന്നു വിചാരിച്ചു പുറംലോകം പറയാതെ മാറി നിന്നു കഴിഞ്ഞാല്‍ മാറോട് ചേര്‍ക്കാന്‍ മക്കള്‍ ഉണ്ടാവുകയില്ല. പിന്നീട് കരഞ്ഞിട്ടും സ്‌കൂളുകളും കോളേജുകളെയും എറിഞ്ഞുതകര്‍ത്തു തെരുവിലിറങ്ങി മുദ്രാവാക്യം വിളിച്ചിട്ട് ഒന്നും കാര്യമില്ല. നമ്മുടെ മക്കള്‍ വഴിതെറ്റുന്നത് വഴിയോരങ്ങളില്‍ നിന്നു തന്നെ നമ്മള്‍ മനസ്സിലാക്കണം നമുക്ക് എപ്പോഴും കൂട്ടിനായി നമ്മുടെ പൊലീസുകാര്‍ കൂടെയുണ്ട് ഉണ്ട് എന്റെ മകന്‍ അങ്ങനെ ചെയ്യുകയില്ല അവനെ എങ്ങനെ പറയും എന്ന് വിചാരിക്കരുത് രാപ്പകലില്ലാതെ നെട്ടോട്ടമോടുകയാണ് നമ്മുടെ പൊലീസുകാര്‍ അധ്യാപകരും മാതാപിതാക്കളും കൂടെ നിന്നാല്‍ ഇതിന് വലിയൊരു വിജയം നല്‍കാന്‍ കഴിയും. നാളെയുടെ ഇന്ത്യന്‍ വാഗ്ദാനങ്ങള്‍ വഴി തെറ്റാതിരിക്കാന്‍ നമുക്ക് അവരോടൊപ്പം ചേര്‍ന്നു നില്‍ക്കാം മാറി നില്‍ക്കരുത് മാറോടു ചേര്‍ക്കുക.