പെരിയ: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന പെരിയ കല്യോട്ടെ ശരത്‌ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസ് ഹൈക്കോടതി ഇനി പരിഗണിക്കുമ്പോള്‍ സര്‍ക്കാരിന് വേണ്ടി സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകര്‍ ഹാജരായേക്കും. ഇരട്ടക്കൊലക്കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ശരത്‌ലാലിന്റെയും കൃപേഷിന്റെയും കുടുംബങ്ങള്‍ നല്‍കിയ ഹരജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. നിലവില്‍ ക്രൈംബ്രാഞ്ചാണ് ഈ കേസില്‍ അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്നത്. 14 പ്രതികളെ ഉള്‍പ്പെടുത്തി ക്രൈംബ്രാഞ്ച് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് (രണ്ട്) കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് സി.ബി.ഐ അന്വേഷണത്തിനായി രണ്ട് കുടുംബങ്ങളും ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം സി.ബി.ഐ അന്വേഷണത്തെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ എതിര്‍ത്തിട്ടുണ്ട്. ക്രൈംബ്രാഞ്ചിന്റെ അന്വേഷണം ശരിയായ ദിശയിലാണെന്നും സി.ബി.ഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നുമാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ ധരിപ്പിച്ചത്. ഇരട്ടക്കൊലക്കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന നിലപാടില്‍ കുടുംബങ്ങള്‍ ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തിലാണ് സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകരെ സര്‍ക്കാര്‍ നിയോഗിക്കുന്നത്. കേസിന്റെ വിചാരണ ജില്ലാ കോടതിയിലായിരിക്കും നടക്കുക.