ബദിയടുക്ക: ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള മാന്യ കുളം മരണം വിതയ്ക്കുന്നു. നിരവധി ജീവനുകളാണ് ഈ കുളത്തില്‍ പൊലിഞ്ഞ് പോയത്. ഏറ്റവും ഒടുവില്‍ ഈ കുളത്തില്‍ കുളിക്കാനിറങ്ങിയ സുഹൃത്തുക്കള്‍ മുങ്ങിമരിച്ച സംഭവം നാടിനെ ദു:ഖത്തിലാഴ്ത്തി. ആലംപാടി ബാഫഖി നഗറിലെ അബ്ദുല്‍ ഖാദര്‍ (19), ബെള്ളൂറടുക്കയിലെ അബൂബക്കര്‍ സാലി അലി (17) എന്നിവരാണ് മുങ്ങിമരിച്ചത്.
ഇതിനുമുമ്പ് നിരവധി പേര്‍ മാന്യ സംസം കുളത്തില്‍ മുങ്ങി മരിച്ചിരുന്നു. അവധി ദിനങ്ങളില്‍ കുട്ടികളും യുവാക്കളും മുതിര്‍ന്നവരുമടക്കം നിരവധി പേര്‍ ഈ കുളത്തില്‍ കുളിക്കാന്‍ പോകാറുണ്ട്. വിവിധ സ്ഥലങ്ങളില്‍ നിന്നും ആളുകള്‍ ധാരാളമായി കുളിക്കാനെത്തുന്ന കുളമാണിത്. 2016ല്‍ മൂന്ന് കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ മീപ്പുഗുരിയിലെ റസാഖിന്റെ മകന്‍ ശിബിലി (18) മുങ്ങിമരിച്ചിരുന്നു. ഈ സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും എരിയാല്‍ എടച്ചേരിയിലെ എ.എം മഹ്മൂദ് -സൈഫുന്നിസ ദമ്പതികളുടെ മകന്‍ ഷിയാസ് മാന്യയിലെ തന്നെ വിന്‍ ടെച്ച് വെള്ളക്കെട്ടില്‍ മുങ്ങിമരിച്ചിരുന്നു. മാന്യ കുളത്തില്‍ മുങ്ങി മരണം വര്‍ദ്ധിച്ചതോടെ സുരക്ഷയ്ക്കായി ചുറ്റിലും ഇവിടെ കല്ലുകള്‍ കെട്ടുകയും അപായസൂചനാ ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതെല്ലാം ഇരുളിന്റെ മറവില്‍ സാമൂഹ്യ വിരുദ്ധര്‍ നശിപ്പിക്കുകയാണുണ്ടായത്.