കാസര്‍കോട്: മാന്യയിലെ പൊതു കുളത്തില്‍ കുളിക്കാനിറങ്ങിയ പ്ലസ്ടു വിദ്യാര്‍ത്ഥിയും സുഹൃത്തായ യുവാവും മുങ്ങി മരിച്ച സംഭവം നാടിന്റെ കണ്ണീരായി. ആലംപാടി ബെള്ളൂരടുക്കയിലെ ഓട്ടോ ഡ്രൈവര്‍ ബി.എ. മുഹമ്മദിന്റെയും സഫിയയുടെയും മകനും കുമ്പള അക്കാദമിയിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയുമായ അബൂബക്കര്‍ സാലിഹ് അലി (18), സുഹൃത്ത് ആലംപാടി റഹ്മാനിയ നഗര്‍ ബാഫഖി നഗറിലെ ഷാഫി-താഹിറ ദമ്പതികളുടെ മകന്‍ അബ്ദുല്‍ ഖാദര്‍ (20) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. ഉച്ചക്ക് ഒന്നരയോടെയാണ് സാലിഹ് അലിയും അബ്ദുല്‍ ഖാദറും ഏതാനും സുഹൃത്തുക്കള്‍ക്കൊപ്പം മാന്യ ആമുകുളത്തില്‍ കുളിക്കാനെത്തിയത്. കുളിച്ചുകൊണ്ടിരിക്കെ നീന്തല്‍ വശമില്ലാത്ത സാലിഹ് മുങ്ങിത്താഴുകയായിരുന്നുവത്രെ.
ഇത് കണ്ട് രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ അബ്ദുല്‍ ഖാദറും മുങ്ങുകയായിരുന്നുവെന്ന് പറയുന്നു. സുഹൃത്തുക്കള്‍ നിലവിളിച്ചതോടെ പരിസരവാസികള്‍ എത്തി. വിവരമറിഞ്ഞ് കാസര്‍കോട്ട് നിന്ന് ഫയര്‍ഫോഴ്‌സും ബദിയടുക്ക പൊലീസും സ്ഥലത്തെത്തി.
പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും നടത്തിയ തിരച്ചിലില്‍ ഇരുവരെയും പുറത്തെടുത്ത് ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. സംഭവമറിഞ്ഞ് നൂറുകണക്കിന് ആളുകള്‍ മാന്യയിലെ കുളത്തിന് സമീപവും മൃതദേഹങ്ങള്‍ സൂക്ഷിച്ച കാസര്‍കോട് ജനറല്‍ ആസ്പത്രിയിലുമെത്തി.
കുളത്തിന്റെ ആഴമേറിയതും ചെളി നിറഞ്ഞതുമാണ് അപകടത്തിന് കാരണമായതെന്ന് പരിസരവാസികള്‍ പറയുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇരുവരുടെയും മയ്യത്ത് തളങ്കര മാലിക് ദീനാര്‍ പള്ളിപരിസരത്ത് കുളിപ്പിച്ചു. തുടര്‍ന്ന് ഇരുവരുടെയും വീടുകളിലേക്ക് കൊണ്ടുപോയി.
സാലിഹ് അലിയുടെ മയ്യത്ത് ബെള്ളൂരടുക്ക ബദര്‍ ജുമാമസ്ജിദ് അങ്കണത്തിലും അബ്ദുല്‍ ഖാദറിന്റെ മയ്യത്ത് ആലംപാടി മസ്ജിദ് അങ്കണത്തിലും ഉച്ചയോടെ ഖബറടക്കും. നവാസ്, നൗഫല്‍(ദുബായ്), സാഹിന, സഫീറ, അബൂബക്കര്‍ എന്നിവര്‍ അബ്ദുല്‍ഖാദറിന്റെയും ഷഹബാസ്, സഹന, നുസൈബ എന്നിവര്‍ സാലിഹ് അലിയുടെയും സഹോദരങ്ങളാണ്.