‘അതാ, അവര്‍ വരുന്നുണ്ട്; ഇങ്ങെത്തിപ്പോയി!’ പുറത്തുനിന്നും ആരോ വിളിച്ചുപറഞ്ഞു. മുറിയിലുണ്ടായിരുന്ന സി.പി ശ്രീധരന്‍ ചാടിയെഴുന്നേറ്റ് പുറത്തേക്കോടി, ഉബൈദ് മാഷ് എന്ന് എന്ന് പറഞ്ഞുകൊണ്ട്. പിന്നാലെ എ.ഡി ഹരിശര്‍മ്മയും. സി.പിയുടെ തിടുക്കവും ആവേശവും മനസ്സിലാക്കാം; എന്നാല്‍, വന്ദ്യവയോധികനായ ഹരിശര്‍മ്മയോ? അദ്ദേഹത്തിന് ആരായിരുന്നു ഉബൈദ് മാഷ്? അവര്‍ തമ്മിലുണ്ടായിരുന്ന അഗാധ സൗഹൃദയത്തിന്റെ കഥ മനസ്സിലാക്കിയത് വളരെ വൈകിയാണ്. ആ കഥ വേറെ.
നീലേശ്വരം രാജാസ് ഹൈസ്‌കൂളില്‍ വെച്ച് ‘ഭക്തികവിതിലകം’ (ഒരു കാലത്ത് ‘പാടുന്നപടവാള്‍’) ടി.എസ് തിരുമുമ്പിന്റെ ഷഷ്ഠിപൂര്‍ത്തി ആഘോഷം. ഉദ്ഘാടനവും സിമ്പോസിയവും കഴിഞ്ഞ് ഉച്ചഭക്ഷണാനന്തരം എല്ലാവരും കുശലം പറഞ്ഞ് കവിയരങ്ങിന് കാത്തിരിക്കുന്നു. കവിയരങ്ങില്‍ പങ്കെടുക്കാനാണ് ഉബൈദ് മാഷ് വരുന്നത്, കാസര്‍കോട് നിന്നും. ഞാനും പുറത്തിറങ്ങി. ആ ജുബ്ബാധാരിതന്നെ ഉബൈദ്. പിന്നാലെയുള്ള ചെറുപ്പക്കാരനോ? ഉബൈദിനെ ഹരിശര്‍മ്മ കെട്ടിപ്പുണര്‍ന്നു; സി.പിയും.
സ്വീകരിച്ചിരുത്തി കുശലം കൈമാറുന്നതിനിടയില്‍ ആ പേര് കേട്ടുഅഹ്മദ്. കെ.എം അഹ്മദിനെഅക്കാലത്ത് മാഷായിട്ടില്ലല്ലോ ആദ്യം കാണുന്നത് അന്ന്. പിന്നെ, വെള്ളിക്കോത്ത് വെച്ച് രണ്ടുതവണ കണ്ടുഉബൈദ് മാസ്റ്ററുടെ പിന്നാലെ, നിഴല്‍ പോലെ നടക്കുന്ന ചെറുപ്പക്കാരനെ. മഹാകവി പിറന്ന മണ്ണിലേക്കുള്ള ഉബൈദ് മാസ്റ്ററുടെ ആഗമനത്തെകുറിച്ച് അഹ്മദ് മാഷ് എത്രയോ തവണ ആവേശത്തോടെ, കാവ്യാത്മകമായ ഭാഷയില്‍ പ്രസംഗിക്കുന്നത് കേട്ടിട്ടുണ്ട്. ചില കാര്യങ്ങള്‍ പറയുമ്പോള്‍ ആയിരം നാവുണ്ടാകും മാഷ്‌ക്ക്! ഈ രണ്ട് കവികളുടേയും നിഴല്‍പോലെയായിരുന്നല്ലോ അഹ്മദ് മാഷ്! എന്നാല്‍, മഹാകവി കുഞ്ഞിരാമന്‍ നായരുടെ ഷഷ്ഠിപൂര്‍ത്തി ആഘോഷ വേളയില്‍, അഹ്മദ് മാഷ് ‘തെക്കര്‍’പറയുന്നത് പോലെ ‘പള്ളിക്കള്ള’ നായി കാഞ്ഞങ്ങാട്ടെത്തിയ കഥ അന്ന് അറിഞ്ഞതേയില്ല. ഞാന്‍ അവിടെ ഉണ്ടായിരുന്നിട്ടും (പള്ളിക്കൂടത്തില്‍ നിന്നും ഒഴിഞ്ഞുമാറിനടക്കുന്ന കുട്ടികളെയാണ് തെക്കന്‍ കേരളീയര്‍ ‘പള്ളിക്കള്ളന്‍മാര്‍’ എന്ന് വിശേഷിപ്പിക്കുക). സംഭവം നടക്കുമ്പോള്‍ അഹ്മദ് മായിപ്പാടി ട്രെയിനിംഗ് സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്നു. ഉമ്മയ്ക്ക് സുഖമില്ല, പരിചരിക്കാന്‍ ആളില്ല എന്ന കള്ളം പറഞ്ഞ് അവധിവാങ്ങി കാഞ്ഞങ്ങാട്ടെത്തി; പ്രിയ ഗുരു പി.വി കൃഷ്ണന്റെ പിന്നാലെ. ഹെഡ്മാസ്റ്റര്‍ കള്ളത്തരം കൈയോടെ പിടിച്ചു. സാഹിത്യം എന്നു കേട്ടാല്‍ എന്തും മറക്കും; മാറ്റിവെക്കുംഇതായിരുന്നു പണ്ടേ സ്വഭാവം.
ഷഷ്ഠി ആഘോഷകമ്മിറ്റിയിലെ എളിയ അംഗമെന്ന നിലയില്‍ ഞാനും അവിടെ ഉണ്ടായിരുന്നെങ്കിലും രണ്ടുപേരേയും കണ്ടതായി ഓര്‍ക്കുന്നില്ല. എനിക്ക് അത്ര പരിചയമില്ലായിരുന്നുവല്ലോ രണ്ടുപേരേയും അക്കാലത്ത്.
പിന്നെ, മാഷെ അടുത്തറിയുന്നത് 1979ലാണ്. അപ്പോള്‍ അദ്ദേഹം അധ്യാപകവൃത്തിയില്‍ നിന്നും സാഹസികമായി സ്വയം നിവൃത്തനായി ‘മാതൃഭൂമി’ യിലെത്തിയിരുന്നു. പാമ്പന്‍മാധവേട്ടന്‍ വഴിയാണ് ഞാന്‍ അദ്ദേഹത്തെ ബന്ധപ്പെടാനിടയായത്. ആ ചരിത്രം വിസ്തരിക്കുന്നില്ല.
1985ല്‍, ഞാന്‍ കാസര്‍കോട്ട് സ്ഥിരതാമസമാക്കിയതോടെ ഞങ്ങളുടെ സൗഹൃദം സുദൃഢമായി. കാസര്‍കോട് ജില്ലയ്ക്ക് വേണ്ടിയുള്ള പ്രക്ഷോഭം നടക്കുന്ന കാലത്ത് ഞാന്‍ ഇവിടെയില്ലായിരുന്നു. എങ്കിലും ഐതിഹാസികമായ ആ സമരത്തിന്റെ ‘നാള്‍ വഴി’ പില്‍ക്കാലത്ത് ‘ഉത്തരദേശ’ ത്തിന്റെ പഴയ ഫയലില്‍ നിന്നും കണ്ടെടുത്ത് സമാഹരിക്കാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്മാഷ് പറഞ്ഞത് പ്രകാരം ആ സമരത്തിന്റെ ചാലക ശക്തിയായി ആദ്യാവസാനം പ്രവര്‍ത്തിച്ചത് മാഷായിരുന്നു.
മായിപ്പാടി ട്രെയിനിംഗ് സ്‌കൂള്‍ നിര്‍ത്തലാക്കാന്‍ ഒരു നീക്കമുണ്ടായപ്പോള്‍ അതിനെതിരെ വിദ്യാഭ്യാസ പ്രണയികള്‍ ഒരു ദിവസം കാല്‍നട ജാഥ നടത്തി. ഞങ്ങള്‍ കുറച്ചാളുകള്‍ മായിപ്പാടി മുതല്‍ കാസര്‍കോട് വരെ നടന്നു. മാസ്റ്ററുടെ ‘ ആല്‍മമാറ്റര്‍’ ആയിരുന്നുവല്ലോ മായിപ്പാടി ട്രെയിനിംഗ് സ്‌കൂള്‍.
കാസര്‍കോട് സാഹിത്യവേദിയിലൂടെ ഞങ്ങള്‍ കൂടുതല്‍ അടുത്തു. ഉത്തരദേശം വയനക്കാര്‍ക്ക് ഞാന്‍ സുപരിചിതനായി.
കാസര്‍കോട് ഗവ. ഗേള്‍സ് ഹൈസ്‌കൂള്‍ യഥാര്‍ത്ഥ്യമായതിന്റെ പിന്നിലും മാഷ്. സമാദരണീയനായ കെ.എസ് അബ്ദുല്ലയോടൊപ്പം സ്‌കൂളിന് വേണ്ടി എത്രയെത്ര എഴുത്തുകാരെയാണ് മാഷ് കാസര്‍കോട്ടെത്തിച്ചിട്ടുള്ളത്.
എന്‍ഡോസള്‍ഫാന്‍ മാരക വിഷം ദുരിതമഴയായി പെയ്തപ്പോള്‍ അതിനെതിരെ അദ്ദേഹം ശബ്ദമുയര്‍ത്തി. സമര സമിതി പ്രവര്‍ത്തകര്‍ക്ക് പിന്തുണ നല്‍കി. സഫിയ എന്ന മടിക്കേരിക്കാരി പെണ്‍കുട്ടിയുടെ ദുരൂഹമരണത്തെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമരപ്പന്തലുയര്‍ന്നപ്പോള്‍ ഞങ്ങള്‍ക്ക് ബലം നല്‍കാനും മാഷ്പലരും മാറി നിന്നപ്പോഴും മാഷ് ഞങ്ങളോടൊപ്പം നിന്നു. ജില്ലയുടെ ഇല്ലായ്മകളും വല്ലായ്മകളും മാഷെ വല്ലാതെ അലോസരപ്പെടുത്തിയിരുന്നു; രോഷാകുലനാക്കിയിരുന്നു. ‘ചന്ദ്രഗിരിക്കരയില്‍’ എന്ന പരമ്പര തന്നെ തെളിവ്. ആ ലേഖനങ്ങള്‍ സമാഹരിക്കാനായില്ലല്ലോ ഇതുവരെ! നമ്മുടെ നന്ദികേട്! അല്ലാതെന്ത് ?