പത്രപ്രവര്‍ത്തകനും എഴുത്തുകാരനും വാഗ്മിയും സാഹിത്യകാരനും കവിയും സാംസ്‌കാരിക വിദ്യാഭ്യാസ പ്രവര്‍ത്തകനുമൊക്കെയായി ഉത്തരകേരളത്തില്‍ സമസ്ത മേഖലകളിലും നിറഞ്ഞ് നിന്നിരുന്ന കെ.എം. അഹ്മദ് മാഷ് നമ്മെ വിട്ട് പിരിഞ്ഞ് എട്ട് വര്‍ഷമാവുന്നു. കാസര്‍കോട്ട് ഒരു പാട് കാലം പ്രവര്‍ത്തിച്ച അധ്യാപകരുണ്ട്. പക്ഷെ മാഷ് ഒന്നേ ഉള്ളൂ അത് കെ.എം. അഹ്മദാണ്.
ചുരുങ്ങിയ വര്‍ഷം മാത്രമേ മാഷ് അധ്യാപകനായി ജോലി നോക്കിയിട്ടുള്ളൂ.
നീണ്ട 42 വര്‍ഷവും മാതൃഭൂമിയിലായിരുന്നു. അങ്ങിനെ മാതൃഭൂമി അഹ്മദുമായി.
അരനൂറ്റാണ്ട് കാലം കാസര്‍കോടിന്റെ സമഗ്ര മേഖലകളിലും സാക്ഷിയാവാനും നാടിന്റെ വളര്‍ച്ചക്ക് വേണ്ടി അഹോരാത്രം പ്രവര്‍ത്തിക്കാനും മാഷിന് സാധിച്ചിട്ടുണ്ട്. കാസര്‍കോട് ജില്ലയുടെ രൂപീകരണത്തില്‍ ജനകീയ പ്രക്ഷോഭങ്ങളുടെ മുന്നില്‍ മാഷുണ്ടായിരുന്നു. അതിന് ഊര്‍ജം പകരാന്‍ ഒരു പത്രം തന്നെ അദ്ദേഹം ആരംഭിക്കുകയുണ്ടായി.
198085 കാലഘട്ടത്തില്‍ കാസര്‍കോടിന്റെ ഇരുട്ടിന്റെ ശക്തികളായിരുന്ന സ്പിരിറ്റ്അധോലോക മാഫിയ സംഘങ്ങള്‍ക്കെതിരെ ശക്തമായ ചെറുത്ത് നില്‍പ് നടത്തിയതിന്റെ പേരില്‍ കാസര്‍കോട്ടെ പത്രപ്രവര്‍ത്തകന്മാര്‍ നേരിടേണ്ടിവന്ന അക്രമങ്ങള്‍ക്കും പ്രയാസങ്ങള്‍ക്കുമെതിരെ ത്യാഗ പൂര്‍ണ്ണമായ നേതൃത്വമാണ് അഹ്മദ് മാഷ് നല്‍കിയത്. 1985 ഒക്ടോബര്‍ 14ന് രാത്രിയായിരുന്നു ഉത്തരദേശം ലേഖകനായിരുന്ന കെ. കൃഷ്ണനെ സ്പിരിറ്റ്അധോലോക സംഘം വധിക്കാന്‍ ശ്രമിച്ചത്. അടുത്ത സുഹൃത്തായിരുന്ന കൃഷ്ണന്‍ അക്രമിക്കപ്പെടുമ്പോള്‍ കൂടെ ഞാനുമുണ്ടായിരുന്നു. കൃഷ്ണനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അക്രമി സംഘം എന്റെ കഴുത്തിന് സോഡ കുപ്പി പൊട്ടിച്ച് കുത്തുകയും മാരകമായ പരിക്കേറ്റ ഞാന്‍ നീണ്ട 48 ദിവസം കാസര്‍കോട് താലൂക്ക് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുകയും ചെയ്തു.
കേരളത്തിലെ അറിയപ്പെടുന്ന പത്ര പ്രവര്‍ത്തകരും പത്രപ്രവര്‍ത്തക യൂണിയന്‍ നേതാക്കളും അന്ന് കാസര്‍കോട്ട് ക്യാമ്പ് ചെയ്തായിരുന്നു സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്. ജാതിമത ഭേദമന്യേ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും യുവജനതൊഴിലാളി സംഘടനകളും തുടര്‍ച്ചയായി രണ്ട് മാസത്തോളം സമരം നടത്തിയതിന്റെ ഫലമായി സംഭവത്തിന്റെ പേരില്‍ ഡി.വൈ.എസ്.പി, സി.ഐ, എസ്.ഐ അടക്കം 40 ഓളം പൊലീസ് ഉദ്യോഗസ്ഥരെ ടൗണ്‍ സ്റ്റേഷനില്‍ നിന്നും ഒറ്റയടിക്ക് സ്ഥലം മാറ്റിയിയിരുന്നു.
1974ല്‍ കാസര്‍കോട് തളങ്കരയില്‍ നടന്ന സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ സമ്മേളന വിജയ ശില്‍പി മാഷായിരുന്നു. തളങ്കരയില്‍ സാഹിത്യ സമ്മേളനം നടത്തുന്നതില്‍ ചിലര്‍ രഹസ്യമായും പരസ്യമായും എതിര്‍പ്പ് പ്രകടിപ്പിച്ചപ്പോള്‍ കെ.എസ്. അബ്ദുള്ള സാഹിബിനെ മുന്നില്‍ നിര്‍ത്തി സമ്മേളന വിജയത്തിന്റെ ചുക്കാന്‍ പിടിച്ചതും അഹ്മദ് മാഷായിരുന്നു. ടി.ഉബൈദ് മാസ്റ്ററോട് എന്തെന്നില്ലാത്ത അടുപ്പമായിരുന്നു അഹ്മദ് മാഷിന്. ഉബൈദ് മാസ്റ്റര്‍ക്ക് ഒരു സ്മാരകം ഉണ്ടാകണമെന്നത് അഹ്മദ് മാഷിന്റെ ജീവിതാഭിലാഷമായിരുന്നു. ടി.ഇ. അബ്ദുല്ല ചെയര്‍മാനും ഈയുള്ളവന്‍ വൈസ് ചെയര്‍മാനുമായി തിരഞ്ഞെടുക്കപ്പെട്ട കാസര്‍കോട് നഗരസഭ ഭരണ സമിതി 2000ത്തില്‍ ആദ്യത്തെ ബജറ്റില്‍ തന്നെ മഹാകവി ടി. ഉബൈദിന് സ്മാരകം പണിയാന്‍ പണം വകയിരുത്തി. പക്ഷെ ആവശ്യത്തിന് സ്ഥലം ലഭ്യമാകാത്തതിനാല്‍ സമയബന്ധിതമായി പ്രവര്‍ത്തി നടത്താന്‍ കഴിഞ്ഞില്ല.
പിന്നെ ഞങ്ങള്‍ തെരുവത്ത് പുഴക്കര അബ്ദുല്‍ റഹ്മാന്‍ ഹാജി സ്മാരക പാര്‍ക്കിന്റെ ഒരു ഭാഗം ബന്ധപ്പെട്ടവരുമായി ആലോചിച്ച് ഉബൈദ് സാംസ്‌കാരിക കേന്ദ്രം പണിയാന്‍ ലഭ്യമാക്കുകയും വളരെ പെട്ടെന്നു പ്രവര്‍ത്തി പൂര്‍ത്തീകരിക്കുകയും ചെയ്തു. കാസര്‍കോട് നഗരസഭ പണി തീര്‍ത്ത തെരുവത്ത് ഉബൈദ് സാസ്‌കാരിക കേന്ദ്രത്തില്‍ സജ്ജമാക്കിയ ലൈബ്രറിയും വായനശാലയും കെ.എം. അഹ്മദ് മാഷും മീറ്റിംഗ് ഹാള്‍ കെ.എസ്. അബ്ദുല്ലയുമായിരുന്നു ഉദ്ഘാടനം ചെയ്തത്.
കാസര്‍കോടിനെ കലാപ ഭൂമിയാക്കാന്‍ ചില സാമൂഹ്യ ദ്രോഹികളും ക്രിമിനലുകളും ശ്രമിച്ച സമയങ്ങളിലെല്ലാം അഹ്മദ് മാഷ് വളരെ കരുതലോടെയാണ് പ്രവര്‍ത്തിച്ചത്. മാഷ് പുലര്‍ത്തിയ പക്വതയും വിവേകവും മാനവികതയും കാസര്‍കോട്ടുകാരുടെ മനസ്സില്‍ എന്നുമുണ്ടാകും.
ഒരു പത്ര പ്രവര്‍ത്തകന്‍ എന്ന നിലയില്‍ മാഷ് ഉയര്‍ത്തിപ്പിടിച്ച ചില നിലപാടുകള്‍ സാമൂഹിക രംഗത്തെ കൂടുതല്‍ ശുദ്ധവും സുതാര്യവുമാക്കി തീര്‍ത്തു. കാസര്‍കോടിന്റെ പ്രശ്‌നങ്ങളെ സദാ ജാഗ്രതയോടെ നോക്കി കാണുകയും അരുതാത്തത് കണ്ടപ്പോഴെല്ലാം ശക്തമായ തൂലികയിലൂടെ ഉപരോധിക്കാനും മാഷ് മടിച്ചിട്ടില്ല. മാഷിന്റെ മനസ്സ് സ്‌നേഹവും വാത്സ്യവും നന്മയും നിറഞ്ഞ് നില്‍ക്കുന്നതായിരുന്നു. ആ മനസ്സ് പെട്ടെന്നൊന്നും നമുക്ക് പിടികിട്ടില്ല. ഇത്രയേറെ സൗഹാര്‍ദ്ദം കാത്ത് സൂക്ഷിച്ച ഒരാളെ നമുക്ക് കാണാന്‍ സാധിക്കുമായിരുന്നില്ല. അഹ്മദ് മാഷ് എന്റെ ഗുരുനാഥനായിരുന്നു. ചുരുങ്ങിയ കാലം അദ്ദേഹം അധ്യാപകനായി തളങ്കര പള്ളിക്കാല്‍ മുഹിസ്സുല്‍ ഇസ്ലാം എ.എല്‍.പി സ്‌കൂളില്‍ ജോലി ചെയ്തിരുന്ന കാലത്ത് ഞാന്‍ വിദ്യാര്‍ത്ഥിയായിരുന്നു.
വ്യക്തിപരമായി എനിക്ക് മാഷ് ജ്യേഷ്ഠ സഹോദരനായിരുന്നു. എന്റെ പൊതു രംഗത്തെ പ്രവര്‍ത്തനങ്ങളും വളര്‍ച്ചയും ഉയര്‍ച്ചയും താല്‍പര്യത്തോടെ നോക്കി കണ്ട മാഷ് നല്ലവണ്ണം പ്രോത്സാഹിപ്പിക്കുകയും തെറ്റുകള്‍ കണ്ടാല്‍ ശാസിക്കുകയും വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. മാതൃഭൂമിയില്‍ നിന്നും വിരമിച്ച ഘട്ടത്തില്‍ അഹമദ് മാഷിനെ ആദരിക്കാന്‍ സുഹൃത് സംഘം തീരുമാനിക്കുകയും കാസര്‍കോട് പൗരാവലി ഇതിനായി വിപുലമായ ആദര സമിതി രൂപീകരിക്കുകയും ചെയ്തപ്പോള്‍ അതിന്റെ ജനറല്‍ കണ്‍വീനാറായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ ഞാനിപ്പോഴും അഭിമാനം കൊള്ളുകയാണ്. കേരളത്തില്‍ ഒരു പത്ര പ്രവര്‍ത്തകനും ലഭിക്കാത്ത രീതിയിലുള്ള ആദരവും അഹ്മദ് മാഷ് എന്ന സ്‌നേഹോപഹാര പുസ്തകം സമര്‍പ്പിക്കാന്‍ സാധിച്ചതും മറക്കാനാവാത്ത അനുഭവമാണ്. ഒട്ടേറെ അനുഭവങ്ങളും പ്രവര്‍ത്തനങ്ങളും നല്‍കി നമ്മളില്‍ നിന്നും വിട്ട് പോയ അഹ്മദ് മാഷിനെ ഒരിക്കലും മറക്കാന്‍ നമുക്കാവില്ല. സര്‍വ്വശക്തനായ അള്ളാഹു അഹ്മദ് മാഷിന്റെ പരലോക ജീവിതം ധന്യമാക്കട്ടെ.