കാസര്‍കോടിന്റെ മണ്ണില്‍ നിന്ന് ന്യായാധിപ രംഗത്തെത്തിയ അപൂര്‍വ്വം ചിലരിലൊരാളും ഏറെ ശ്രദ്ധേയനുമായ ജസ്റ്റിസ് എ.എം. ഫാറൂഖും വിടവാങ്ങി. ഹൈക്കോടതി ജഡ്ജിമാരായി കാസര്‍കോട് നിന്ന് ഉയര്‍ന്നു വന്ന ജസ്റ്റിസ് യു.എല്‍.ഭട്ടും ജസ്റ്റിസ് കെ.എ. മുഹമ്മദ് ഷാഫിയും ജസ്റ്റിസ് എ.എം. ഫാറൂഖും ഒക്കെ കാസര്‍കോടിന് അഭിമാനിക്കാവുന്ന വ്യക്തിത്വങ്ങളാണ്.
മൊഗ്രാല്‍ പുത്തൂര്‍ ആസാദ് നഗറില്‍ ജനിച്ച ജസ്റ്റിസ് എ.എം. ഫാറൂഖ് തികഞ്ഞ നീതിബോധത്തോടെയാണ് അഭിഭാഷക രംഗത്തേക്ക് കടന്നു വന്നത്. അദ്ദേഹം അഭിഭാഷകനായി 50 വര്‍ഷം പൂര്‍ത്തിയായ വര്‍ഷമായിരുന്നു ഇത്. കൃത്യമായി പറഞ്ഞാല്‍ 1968 ജനുവരി 25നാണ് എ.എം. ഫാറൂഖ് അഭിഭാഷകനായി എന്റോള്‍ ചെയ്തത്. കര്‍ണാടകയിലെ കോടതി മുറികളില്‍ തിളങ്ങിയ അദ്ദേഹത്തിന്റെ വളര്‍ച്ച പിന്നീട് വെച്ചടിവെച്ചായിരുന്നു. ഗവ. പ്ലീഡറും കര്‍ണാടക ഹൈക്കോടതി ജഡ്ജിയും കര്‍ണാടക ജുഡിഷ്യല്‍ അക്കാദമി പ്രസിഡണ്ടും കര്‍ണാടക സ്റ്റേറ്റ് അപ്‌ലിയേറ്റ് അതോറിറ്റി ചെയര്‍മാനുമൊക്കെയായി ജസ്റ്റിസ് എ.എം. ഫാറൂഖ് വളരുമ്പോള്‍ കാസര്‍കോട് ആ നേട്ടം കണ്ട് അഭിമാനിച്ചു. 1995 ഡിസംബര്‍ 18 നാണ് എ.എം. ഫാറൂഖ് കര്‍ണാടക ഹൈക്കോടതി ജഡ്ജിയാവുന്നത്. 10 വര്‍ഷം ആ പദവിയില്‍ ആത്മാര്‍ത്ഥമായ ദൗത്യനിര്‍വ്വഹണം നടത്തി ജസ്റ്റിസ് ഫാറൂഖ് നിറഞ്ഞു നിന്നു. നിഷ്പക്ഷതയും കൃത്യമായ നീതിബോധവും ഫാറൂഖിലെ ന്യായാധിപന്റെ തിളക്കം കൂട്ടി.
കര്‍ണാടക ഹൈക്കോടതി ജഡ്ജിയായി സ്ഥാനമേറ്റ ആദ്യ നാളുകളില്‍ ജസ്റ്റിസ് ഫാറൂഖിനെ ഉത്തരദേശത്തിന് വേണ്ടി അഭിമുഖം നടത്താനുള്ള ഭാഗ്യമുണ്ടായിരുന്നു എനിക്ക്.
രണ്ട്പതിറ്റാണ്ടുമുമ്പായിരുന്നു അത്. ഉത്തരദേശം ഓഫ്‌സെറ്റിലേക്ക് മാറിത്തുടങ്ങിയ കാലം. അഹ്മദ് മാഷ് മൂന്ന് പ്രമുഖരുടെ ലിസ്റ്റ് തന്ന് അവരെ അഭിമുഖം നടത്താന്‍ പറഞ്ഞപ്പോള്‍ അതിലൊരാള്‍ ജസ്റ്റിസ് ഫാറൂഖായിരുന്നു. നഗരസഭാ മുന്‍ ചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല (ജസ്റ്റിസ്ഫാറൂഖിന്റെ ഭാര്യാ സഹോദരന്‍) അഭിമുഖത്തിന് അദ്ദേഹത്തിന്റെ തറവാട് വീട്ടില്‍ അവസരമൊരുക്കിത്തന്നു. അഭിമുഖം എന്നതിലുപരി മികച്ച ഒരധ്യാപകന്റെ ക്ലാസ് പോലെയാണ് എനിക്കാ സന്ദര്‍ഭം അനുഭവപ്പെട്ടത്. ഓരോ ചോദ്യങ്ങള്‍ക്കുമുള്ള വിശദവും വ്യക്തവുമായ മറുപടി അദ്ദേഹത്തിലുള്ള മതിപ്പ് വര്‍ധിപ്പിക്കുക മാത്രമല്ല, എനിക്ക് കുറേ കാര്യങ്ങള്‍ പഠിക്കാനുള്ള അവസരം കൂടിയായി.
നീതിയോടുള്ള അടങ്ങാത്ത ആവേശവും സമൂഹത്തിലെ തിന്മകള്‍ക്കെതിരെ പോരാടണമെന്ന ആഹ്വാനവും അദ്ദേഹത്തിന്റെ വാക്കുകളില്‍ തുടിച്ചു നിന്നിരുന്നു. പത്ര പ്രവര്‍ത്തന വഴിയില്‍ ആ അഭിമുഖം എനിക്ക് ഏറെ സഹായകരമായിട്ടുണ്ട്.
എളിമ ജസ്റ്റിസ് ഫാറൂഖിന്റെ മുഖമുദ്രയായിരുന്നു. വലിയ പദവിയുടെ അഹന്തയൊന്നും ഒരിക്കലും അദ്ദേഹത്തില്‍ കണ്ടില്ല. മുന്‍ എം.എല്‍.എ. പരേതനായ ടി.എ. ഇബ്രാഹിം സാഹിബിന്റെ മകളുടെ ഭര്‍ത്താവ് എന്ന നിലയില്‍ തളങ്കരയുടെ മരുമകനായി തീര്‍ന്ന ജസ്റ്റിസ് ഫാറൂഖിനെ ചില ചടങ്ങുകള്‍ക്ക് തളങ്കരയില്‍ കണ്ടുമുട്ടാറുണ്ടായിരുന്നു. എല്ലാവരോടും അദ്ദേഹം അടുത്തിടപഴകി പെരുമാറും.
ന്യായാധിപ രംഗത്തേക്ക് തന്റെ മരുമകനെ കൈപിടിച്ചുയര്‍ത്തിയാണ് ജസ്റ്റിസ് ഫാറൂഖ് മടങ്ങുന്നത്.
കര്‍ണാടക ഹൈക്കോടതി ജഡ്ജിയായി ജസ്റ്റിസ് ഫാറൂഖിന്റെ മകള്‍ സുരയ്യയുടെ ഭര്‍ത്താവ് മുഹമ്മദ് നവാസ് സ്ഥാനമേറ്റിട്ട് അധിക കാലമൊന്നും ആയിട്ടില്ല. നീതിയുടെ ആ പാരമ്പര്യം മരുമകനിലൂടെ അനുഭവിച്ച് തുടങ്ങുമ്പോഴേക്കും ജസ്റ്റിസ് ഫാറൂഖ് രോഗ ശയ്യയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ ബംഗളൂരുവിലെ ആസ്പത്രിയില്‍ ജസ്റ്റിസ് ഫാറൂഖ് മരണത്തിന് കീഴടങ്ങിയപ്പോള്‍ കാസര്‍കോട് അഭിമാനത്തോടെ ചൂണ്ടിക്കാട്ടിയിരുന്ന വ്യക്തിത്വത്തെയാണ് നഷ്ടമായത്.