‘എം.എല്‍.എ.’
അതൊരലങ്കാര പദമല്ല. സേവനത്തിനുള്ള അംഗീകാരപത്രമാണ്. ഓരോ തിരഞ്ഞെടുപ്പിലും ഓരോ നേതാവും ഇഞ്ചോടിഞ്ച് പൊരുതി നിയമസഭയിലേക്ക് പ്രവേശനാധികാരം നേടുന്നത് ജനസേവനത്തിനാണ്. മണ്ഡലത്തിന്റെ സകല കാര്യങ്ങളും നിര്‍വ്വഹിക്കാന്‍ നിയോഗിക്കപ്പെട്ടവര്‍. സര്‍ക്കാരില്‍ നിന്ന് എണ്ണം പറഞ്ഞ് വികസനം പിടിച്ച് വാങ്ങി മണ്ഡലത്തില്‍ ചൊരിയേണ്ടവര്‍. മണ്ഡലത്തിന്റെ നന്മയ്ക്ക് വേണ്ടി ജാതി, മത, വര്‍ഗ്ഗ ഭേദമന്യേ പ്രവര്‍ത്തിക്കേണ്ടവര്‍…
ഇനിയുമുണ്ട് മെമ്പര്‍ ഓഫ് ലെജിസ്ലേറ്റീവ് അസംബ്ലി എന്ന ഔഗ്യോഗികാധികാരം പേറി നടക്കുന്നവര്‍ക്ക് ചാര്‍ത്താന്‍ വിശേഷണങ്ങള്‍ അനവധി. ആ പദവിയെ ശരിയാംവണ്ണം വിനിയോഗിക്കാന്‍ പറ്റുക എളുപ്പമല്ല.
അവിടെയാണ് പി.ബി. അബ്ദുല്‍ റസാഖ് എന്ന റദ്ദുച്ച വ്യത്യസ്തനാകുന്നത്. എം.എല്‍.എ. പദവിയോട് നീതി പുലര്‍ത്താന്‍ കഴിഞ്ഞുവെന്ന അഭിമാനത്തോടെയാണ് ഒട്ടും പ്രതീക്ഷിക്കാതെ, ഒരു പുലര്‍ക്കാലത്ത്, എല്ലാവരെയും വേദനിപ്പിച്ചുകൊണ്ട് അബ്ദുല്‍ റസാഖിന്റെ വിയോഗ വാര്‍ത്ത തീ കാറ്റുപോലെ പടര്‍ന്നത്.
ചെര്‍ക്കളം അബ്ദുല്ല കടന്നുവന്ന, സഞ്ചരിച്ച, കടന്നു പോയ വഴികളുടെ ഏതാണ്ട് സമാനത റദ്ദുച്ചയുടെ ജീവിതത്തിലും ഉണ്ടായിരുന്നു. ഒരേ പഞ്ചായത്തില്‍ നിന്ന് വന്ന രണ്ട് നേതാക്കള്‍.
ഒരേ മണ്ഡലത്തില്‍ നിന്ന് പൊരുതി ജയിച്ചു വന്നവര്‍. ഇരുവരും തങ്ങള്‍ വിജയിച്ച മണ്ഡലത്തില്‍ നിന്ന് പുറത്തുള്ളവര്‍. പാര്‍ട്ടിയുടെ അമരത്തേക്ക് വെച്ചടിവെച്ച് കയറിവന്നവര്‍. സംയുക്ത ജമാഅത്തിലും സമസ്തയുടെ സഹ സംഘടനകളിലും നേതൃ പദവി അലങ്കരിച്ചവര്‍…
എല്ലാ അര്‍ത്ഥത്തിലും ചെര്‍ക്കളം അബ്ദുല്ലയുടെ പിന്‍ഗാമിയായിരുന്നു അബ്ദുല്‍ റസാഖ്. മഞ്ചേശ്വരം മണ്ഡലം ദീര്‍ഘകാലം വാണ ചെര്‍ക്കളം അബ്ദുല്ലക്ക് ഒടുവില്‍ കാലിടറിയപ്പോള്‍, ചെര്‍ക്കളത്തിന്റെ പിന്‍ഗാമിയായി പാര്‍ട്ടിക്ക് അബ്ദുല്‍ റസാഖിന്റെ പേരല്ലാതെ മറ്റൊരു പേര് നിര്‍ദ്ദേശിക്കാനുണ്ടായിരുന്നില്ല. കൈവിട്ടുപോയ മണ്ഡലം തിരികെ പിടിച്ച് പാര്‍ട്ടിയുടെ അഭിമാനം കാക്കാന്‍ ജനഹൃദയങ്ങളെ കീഴടക്കാന്‍ കഴിയുന്ന ഒരാളെ തന്നെ ഇറക്കണമെന്ന പാണക്കാട്ട് നിന്നുള്ള നിര്‍ദ്ദേശത്തിന് മുന്നില്‍ പാര്‍ട്ടി കണ്ടത് ഒരേയൊരു മുഖമായിരുന്നു; അബ്ദുല്‍ റസാഖിന്റെ.
ചെര്‍ക്കളം തോറ്റിടത്ത് അബ്ദുല്‍ റസാഖ് ജയിക്കുമോ എന്ന് ചോദിച്ചവരുണ്ട്. പോരാത്തതിന് അയല്‍ മണ്ഡലത്തില്‍ നിന്ന് ഇറക്കുമതി ചെയ്യപ്പെട്ട ഒരാള്‍. ഇത്തവണ മഞ്ചേശ്വരത്ത് തങ്ങള്‍ അക്കൗണ്ട് തുറക്കുമെന്ന് റസാഖിനെ നോക്കി ബി.ജെ.പി. മനപായസമുണ്ടു.
ക്ലീന്‍ ഷേവുകാരനായ, സമൃദ്ധമായ പുരികമുള്ള, അല്പം ശ്വാസ തടസ്സത്തോടെയാണെങ്കിലും എല്ലാവരോടും സാധാരണക്കാരനെപ്പോലെ സംസാരിക്കാറുള്ള അബ്ദുല്‍ റസാഖ് മണ്ഡലത്തിലെ മുക്കിലും മൂലയിലും ഓടിയെത്തി തന്റെ സാന്നിധ്യമറിയിച്ചു. പെട്ടെന്ന് തന്നെ മണ്ഡലത്തിന്റെ പ്രിയപ്പെട്ട റദ്ദുച്ചയായി.
തീ പാറിയ പോരാട്ടം. കെ. സുരേന്ദ്രനും അഡ്വ. സി.എച്ച്. കുഞ്ഞമ്പുവും എതിര്‍സ്ഥാനാര്‍ത്ഥികള്‍. കേരളം മഞ്ചേശ്വരത്തേക്ക് ഉറ്റുനോക്കി. വോട്ടെടുപ്പ് നടന്നു. സാമാന്യം ഭേദപ്പെട്ട പോളിംഗ്. ഫലം വന്നു. അബ്ദുല്‍ റസാഖ് വിജയി. 5,828 വോട്ടിന്റെ ഭൂരിപക്ഷം.
നിയമസഭയിലേക്ക് ആദ്യമായി നടന്നു കയറുന്നതിന്റെ ആശങ്കയായിരുന്നു കുറേ നാള്‍ അദ്ദേഹത്തിന്. തന്നെ വിഴുങ്ങിക്കളയുന്ന നേതാക്കളൊക്കെ സമ്മേളിക്കുന്ന നിയമസഭയില്‍ തനിക്ക് ശോഭിക്കാനാവുമോ? റസാഖിന്റെ പേടി അതായിരുന്നു. എന്നാല്‍ നന്നായി തന്നെ നിയമസഭയില്‍ അദ്ദേഹം സംസാരിച്ചു. സഹപ്രവര്‍ത്തകരുടെ കയ്യടി നേടി. വാര്‍ത്തകള്‍ക്ക് വേണ്ടിയായിരുന്നില്ല. തന്റെ മണ്ഡലത്തിന് തന്നാലാവുന്നത് നേടിയെടുക്കണം. അതുമാത്രമായിരുന്നു അബ്ദുല്‍ റസാഖിന്റെ ലക്ഷ്യം. അനാവശ്യമായി ആരേയും വിമര്‍ശിക്കാതെ തന്നില്‍ അര്‍പ്പിതമായ ദൗത്യം മനോഹരമായി നിര്‍വ്വഹിക്കുന്നതില്‍ അബ്ദുല്‍ റസാഖ് വിജയിച്ചു.
സൗഭാഗ്യവും ഭാഗ്യവും രണ്ടാണെങ്കില്‍ ഇവ രണ്ടും അബ്ദുല്‍ റസാഖിന്റെ കൂടെ എപ്പോഴും ഉണ്ടായിരുന്നു.
ചെങ്കള ഗ്രാമപഞ്ചായത്തിലെ വെറുമൊരു മെമ്പറായി തുടങ്ങിയ അബ്ദുല്‍ റസാഖ് ഭാഗ്യങ്ങളുടെ തേരിലേറിയാണ് പറന്നത്. ആരേയും ആകര്‍ഷിക്കുന്ന പെരുമാറ്റവും സൗമ്യവും സുന്ദരവുമായ ഇടപെടലുകളും അബ്ദുല്‍ റസാഖിന്റെ വിജയവഴിയില്‍ കരുത്തായി. നിശബ്ദ സേവനമായിരുന്നു അദ്ദേഹത്തിന്റേത്. ഒന്നും കൊട്ടിഘോഷിക്കില്ല. പത്ര കുറിപ്പുകളും കുറവായിരുന്നു.
പ്രധാന റോഡുകളുടെ വികസനം മാത്രമല്ല, ശ്രദ്ധിക്കപ്പെടാതെ കിടക്കുന്ന, എങ്കിലും നിരവധി പേര്‍ ആശ്രയിക്കുന്ന കണക്റ്റഡ് റോഡുകളും വികസിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. ആരും പ്രതീക്ഷിക്കാത്ത, ഒരുപാട് ഉള്‍റോഡുകള്‍ നെയ്പാത പോലെ സുന്ദരമായി. വിദ്യാഭ്യാസ രംഗത്തും വലിയ മാറ്റങ്ങളുണ്ടായി. അതിര്‍ത്തി മണ്ഡലം എന്ന നിലയില്‍ കന്നട, തുളു ജന വിഭാഗങ്ങളുടെ ക്ഷേമത്തിന് വേണ്ടി നിരവധി പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കി. ഇതൊക്കെ എം.എല്‍.എ. എന്ന നിലയിലുള്ള അബ്ദുല്‍ റസാഖിന്റെ സംഭാവനകളാണ്. എന്നാല്‍ കരുണാര്‍ദ്രമായ ഹൃദയമുള്ള, നല്ലൊരു മനുഷ്യ സ്‌നേഹി കൂടിയായ അബ്ദുല്‍ റസാഖിന്റെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരുന്നു. മണ്ഡലത്തിലിറങ്ങുമ്പോള്‍ അദ്ദേഹം പോക്കറ്റില്‍ നോട്ട് കെട്ടുകള്‍ കരുതും. സര്‍ക്കാരിന് സഹായിക്കാന്‍ കഴിയുന്നതിന് പരിമിതിയും കാലതാമസവുമുണ്ട്. മണ്ഡലത്തില്‍ ചെല്ലുമ്പോള്‍ അദ്ദേഹത്തിന് മുന്നില്‍ ആസ്പത്രിയുടെ ബില്ലുമായി എത്തുന്നവരുണ്ടാവും.
മകളെ കെട്ടിച്ചയക്കാന്‍ ജ്വല്ലറിയില്‍ നിന്ന് വാങ്ങിയ സ്വര്‍ണ്ണത്തിന്റെ കടം തീര്‍ക്കാനാകാതെ കലങ്ങിയ കണ്ണുമായി വരുന്നവരുമുണ്ടാകും. എന്തിന്, വീട് പണിക്ക് കല്ലും സിമന്റും വേണമെന്ന് പറഞ്ഞ് വരുന്നവരും ഏറെ. അബ്ദുല്‍ റസാഖിന് മനുഷ്യരുടെ ബുദ്ധിമുട്ട് അറിയാം. എല്ലാവരെയും ചിരിച്ച് കൊണ്ട് സ്വീകരിക്കും. ആരേയും മുഷിപ്പിക്കില്ല. എല്ലാവരെയും സഹായിക്കും. സന്തോഷിപ്പിച്ച് മടക്കി അയക്കും. കഴിഞ്ഞ ശനിയാഴ്ച അബ്ദുല്‍ റസാഖ് മംഗളൂരുവിലെ ആസ്പത്രിയില്‍ ചെന്നിരുന്നു. മണ്ഡലത്തില്‍ നിന്നുള്ള ഒരാള്‍ അസുഖമായി കിടക്കുന്നു എന്നറിഞ്ഞ്. രോഗിയെ സന്ദര്‍ശിച്ച് മടങ്ങാന്‍ നേരത്ത്, ആവശ്യപ്പെടാതെ തന്നെ, ഇത് വെച്ചോളൂ എന്ന് പറഞ്ഞ് രോഗിയുടെ ബന്ധുവിനെ പതിനായിരം രൂപ ഏല്‍പ്പിച്ച് മടങ്ങിയ അബ്ദുല്‍ റസാഖ്, കൃത്യം ഒരാഴ്ച തികഞ്ഞ ദിവസം മരണത്തിന്റെ കൈ പിടച്ച് യാത്രയായി.