പരമ്പരാഗതമായ അനുഷ്ഠാന കാര്യങ്ങളിലും മത ഗ്രൂപ്പുകളുടെ അഭിപ്രായ വ്യത്യാസങ്ങളിലും കൈ കടത്താതെ മഹല്‍ നിവാസികളുടെ സകല ക്ഷേമ പ്രവര്‍ത്തനങ്ങളിലും ഇടപെടാനുള്ള ധൈര്യവും ഊര്‍ജ്ജവും മഹല്‍ കമ്മിറ്റികള്‍ക്ക് പകരാനുള്ള ശ്രമങ്ങളാണ് മഹല്‍ ശാക്തീകരണ പ്രവര്‍ത്തനങ്ങളിലൂടെ നടത്തുന്നത്. മാതൃകാ മഹല്ലുകളുടെ പുനസൃഷ്ടിപ്പാണ് ലക്ഷ്യം. വിഭാഗീയതയില്‍ ഇടപെടുന്നില്ല എന്നതുകൊണ്ടു തന്നെ മത ഗ്രൂപ്പുകള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ ഈ ലക്ഷ്യ പ്രാപ്തിക്ക് തടസമാവുന്നില്ല.
‘ഇമേജി’ന്റെ ഫൗണ്ടര്‍ ഡയറക്ടറായ അഡ്വ. എസ്. മമ്മു ഇതിനകം തന്നെ നൂറിലേറെ മഹല്ലുകളില്‍ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ക്ലാസുകള്‍ നയിച്ചുകഴിഞ്ഞു. ആദ്യം ആശയങ്ങള്‍ പങ്കുവെയ്ക്കുക, പല മഹല്ലുകളും പരീക്ഷിച്ചു വിജയിച്ച നല്ല പാഠങ്ങള്‍ ഓരോ മഹല്‍ ഭാരവാഹികളുമായി പങ്കുവയ്ക്കുക, ഓരോ മേഖലകളിലും ഓരോ മഹല്ലുകള്‍ തിരഞ്ഞെടുത്ത് ‘മഹല്ലുകള്‍ മനുഷ്യ നന്മയ്ക്ക’ എന്ന പദ്ധതി പ്രയോഗത്തില്‍ വരുത്തുക, ധൃതി പിടിച്ച് എല്ലാ പദ്ധതികളും ഒരുമിച്ച് ചെയ്യാതെ ഓരോ പദ്ധതികളും വിശദമായ പഠന വിധേയമാക്കി പ്രാബല്യത്തില്‍ വരുത്തുകഇതാണ് ഇമേജിന്റെ രീതി.
ഭിക്ഷാടന രഹിത മഹല്‍ പദ്ധതി പല മഹല്ലുകളും പരീക്ഷിച്ച് വിജയിച്ചത് ‘ഇവിടെ യാചന നിരോധിച്ചിരിക്കുന്നു’ എന്നെഴുതിയ വലിയ ഫഌക്‌സ് ബോര്‍ഡ് കെട്ടിത്തൂക്കിയല്ല. ഇങ്ങനെ കെട്ടിത്തൂക്കിയത് കൊണ്ട് ഒരിടത്തും വലിയ പ്രയോജനം ഉണ്ടാകാറില്ല.
നടുവില്‍ മഹല്ലില്‍ യാചന രഹിത പദ്ധതി ഭംഗിയായി നടപ്പിലാക്കുന്നതിന് ആദ്യം ചെയ്തത്, ഈ മഹല്ലില്‍ നിന്ന് എത്രപേര്‍ പുറമേ പോയി യാചന നടത്തുന്നുണ്ട് എന്ന് പഠിക്കുകയായിരുന്നു. ഇത് സംബന്ധിച്ച് കൃത്യമായ കണക്കെടുത്തു. ഇവരെ സെക്ടര്‍ കമ്മിറ്റികളില്‍ വിളിച്ചുവരുത്തി. ഇവരുടെ സാമ്പത്തിക അവസ്ഥയെ കുറിച്ച് പഠിച്ചു. ജീവിക്കാന്‍ വഴിയില്ലാതെ കൈനീട്ടി കിട്ടുന്ന കാശു കൊണ്ടല്ലാതെ ജീവിക്കാന്‍ വയ്യെന്ന് ശീലിച്ചുപോയവരാണ് ഇവരെന്ന് കണ്ടെത്തി. നമ്മുടെ മഹല്ലില്‍ നിന്ന് ഏതാനും പേര്‍ പുറമെ പോയി യാചിക്കുന്ന സാഹചര്യം നിലനില്‍ക്കേ പുറമെ നിന്ന് യാചനക്ക് വരുന്നവരെ എങ്ങനെ തടയാനാവും. മഹല്‍ കമ്മിറ്റി ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്തു. ഒടുവില്‍ ഇവര്‍ക്ക് ജീവിക്കാനുള്ള ഉപാധി കണ്ടെത്താന്‍ തീരുമാനിച്ചു. ചിലര്‍ക്ക് ഓട്ടോറിക്ഷ വാങ്ങിക്കൊടുത്തു. ഡ്രൈംവിംഗിന് കഴിയാത്തവര്‍ക്ക് പെട്ടിക്കട സ്ഥാപിച്ചു നല്‍കി. അങ്ങനെ അവരെ ആദ്യം പുനരധിവസിപ്പിച്ചു. തുടര്‍ന്ന് മഹല്ലിലെ മുഴുവന്‍ വീടുകളിലും മഹല്‍ കമ്മിറ്റി ഓരോ ഭണ്ഡാരം ഏല്‍പ്പിച്ചു. ചില്ലറത്തുട്ടുകള്‍ ദാനം ചെയ്യാന്‍ ആഗ്രഹിക്കുന്ന വീട്ടുകാര്‍ ആ തുക ഭണ്ഡാരത്തില്‍ നിക്ഷേപിക്കണം. മാസാമാസം ഭണ്ഡാരത്തിലെ തുക കൃത്യമായി രേഖപ്പെടുത്തി പള്ളിക്കമ്മിറ്റിയെ തുക ഏല്‍പ്പിക്കണം. പുറമെ നിന്ന് യാചനക്കായി വരുന്നവര്‍ കൈ നീട്ടി വീടുവീടാന്തരം കയറിയിറങ്ങരുത്. മഹല്‍ കമ്മിറ്റിയെ സമീപിച്ചാല്‍ ഭണ്ഡാരത്തില്‍ നിന്ന് ശേഖരിച്ച തുകയില്‍ നിന്ന് കമ്മിറ്റി അവര്‍ക്ക് ഒരു വിഹിതം തരും…’ യാചന രഹിത മഹല്‍ എന്ന സങ്കല്‍പ്പം മനോഹരമായി നടപ്പിലാക്കിയ നടുവിലിന്റെ കഥ ഇതാണ്.
ഓരോ വ്യക്തികളിലും മിതവ്യയം പ്രോത്സാഹിപ്പിക്കാന്‍ നിരന്തരം ക്ലാസുകള്‍ സംഘടിപ്പിച്ചു. വൈദ്യുതിയുടെ ദുരുപയോഗം വ്യാപകമാണെന്ന് കണ്ടെത്തിയതോടെ (നമ്മുടെ നാട്ടില്‍ ദുരുപയോഗത്തിന്റെ കഥ പറയാതിരിക്കലാണ് ഭേദം) മാതൃകാ മഹല്ലുകളില്‍ ഈ വിഷയം സജീവമായി ചര്‍ച്ച ചെയ്തു. ഓരോ വീട്ടിലും ഉപയോഗിക്കുന്ന വൈദ്യുതിയുടെ കണക്ക് കൃത്യമായി ശേഖരിച്ചു. എങ്ങനെയാണ് വൈദ്യുതിയുടെ ദുരുപയോഗം ഒഴിവാക്കേണ്ടതെന്ന് കൃത്യമായി പറഞ്ഞുകൊടുത്തു. ദുരുപയോഗം മൂലം ധനനഷ്ടം മാത്രമല്ല, ഭാവിയില്‍ ലോഡ്‌ഷെഡ്ഡിംഗിന്റെ ദുരിതത്തിലേക്ക് വീണുപോകുമെന്ന കാര്യം കൂടി ഓര്‍മ്മപ്പെടുത്തി. സ്ത്രീകളെയാണ് ഇക്കാര്യത്തില്‍ കൂടുതല്‍ ബോധവല്‍ക്കരിച്ചത്. മിതവ്യയം പുണ്യകര്‍മ്മമാണെന്ന് മനസിലായതോടെ അവര്‍ അതിനുള്ള ശ്രമങ്ങള്‍ തുടങ്ങി.
അഡ്വ. മമ്മു ഒരനുഭവം പറഞ്ഞു:
‘സ്ഥലം എവിടെയാണെന്ന് പറയില്ല. ഒരു നാട്ടിന്‍പുറമാണ്. വൈദ്യുതി ശ്രദ്ധിച്ച് ഉപയോഗിക്കാന്‍ പഠനം ലഭിച്ച മഹല്ലുകളിലൊന്ന്. വീട്ടുടമസ്ഥന് ഒരു അത്യാവശ്യ കാര്യത്തിന് ടൗണിലെത്തണം. ആദ്യ ബസ് വരാന്‍ നേരമായി. ഓടിച്ചെന്ന് പല്ലുതേച്ച് ചായകുടിക്കാന്‍ പോലും നില്‍ക്കാതെ കുപ്പായം വാരിവലിച്ചിട്ട് ബസ് പിടിക്കാന്‍ ഓടി. അപ്പോഴേക്കുമതാ പിന്നില്‍ നിന്നൊരു വിളി. വീട്ടുകാരിയാണ്. ദേയ്, ഒന്നിങ്ങോട്ട് വേഗം വാ. ഉച്ചത്തിലാണ് വിളി. ബീവിക്ക് വല്ലതും പറ്റിയോ എന്ന് പേടിച്ച് അദ്ദേഹം തിരികെ ഓടി വന്നപ്പോഴേക്കും വീട്ടുകാരിയുണ്ട്, ബാത്‌റൂമിന്റെ അടുത്ത് നില്‍ക്കുന്നു. എന്താണ് കാര്യമെന്ന് തിരക്കിയപ്പോഴാണ് ബാത്‌റൂമിന്റെ ലൈറ്റ് ഓഫ് ചെയ്യാതെയാണോ ഓടിപ്പോകുന്നതെന്ന് വീട്ടുകാരി ചോദിക്കുന്നത്. മറന്നുപോയതല്ലേ, നിനക്ക് ഓഫ് ചെയ്യാമായിരുന്നില്ലേ എന്ന് ചോദിച്ചപ്പോള്‍ ഇക്കാര്യം അവരവര്‍ തന്നെ നിര്‍ബന്ധമായും ചെയ്തിരിക്കണമെന്ന് മഹല്‍ കമ്മിറ്റി യോഗത്തില്‍ നൂറു വട്ടം പറഞ്ഞിട്ടില്ലേയെന്ന് വീട്ടുകാരിയുടെ മറുചോദ്യം. വൈദ്യുതി ദുരുപയോഗം ഒഴിവാക്കുന്നതിന് മഹല്‍ കമ്മിറ്റി നല്‍കിയ പാഠങ്ങള്‍ സ്ത്രീകളെ അത്രമാത്രം സ്വാധീനിച്ചിരുന്നു….’
***
ഇനി വയനാട് ജില്ലയിലെ കമ്പളക്കാടിനടുത്ത പറളിക്കുന്ന് മഹല്ലിന് കീഴില്‍ സ്വന്തമായി ആരംഭിച്ച് വിജയകരമായ സൂപ്പര്‍മാര്‍ക്കറ്റിന്റെ കഥ കേള്‍ക്കാം. കഴിഞ്ഞ രണ്ട് വര്‍ഷമായി മഹല്‍ ശാക്തീകരണ സംരംഭങ്ങള്‍ നടത്തി വരുന്ന, 292 വീടുകളുള്ള ഒരു മഹല്ലാണിത്. സൊസൈറ്റി ആക്ട് പ്രകാരം മഹല്ലിന് കീഴില്‍ ബാബുറഹ്മ എന്ന കൂട്ടായ്മ രജിസ്റ്റര്‍ ചെയ്താണ് ഇതിന് കീഴില്‍ സൂപ്പര്‍ മാര്‍ക്കറ്റ് ആരംഭിച്ചത്. മഹല്ലിലെ മൊത്തം കുടുംബങ്ങള്‍ക്കും ഇതില്‍ ഷെയര്‍ നല്‍കി. ഒരു കുടുംബത്തിന് 2വരെ ഷെയര്‍. ഒരു ഷെയറിന് 1500 രൂപ. മഹല്‍ വാസികളുടെ കൂട്ടായുള്ള സൂപ്പര്‍ മാര്‍ക്കറ്റ് ആയതിനാല്‍ ഇവിടെ നേരത്തെ പ്രവര്‍ത്തിച്ചിരുന്ന കച്ചവടക്കാര്‍ക്ക് പ്രയാസം വരരുത് എന്ന് കരുതി അവര്‍ക്കും ഷെയര്‍ നല്‍കി. ചെറുകിട കച്ചവടക്കാര്‍ക്ക് 10 വരെയും വന്‍കിട കച്ചവടക്കാര്‍ക്ക് 30 വരെയുമാണ് ഷെയര്‍ നല്‍കിയത്. ബാബു റഹ്മയ്ക്കിപ്പോള്‍ മൊത്തം 300 ഷെയറുണ്ട്. ലാഭത്തില്‍ പകുതി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്. 5 ശതമാനം മഹല്‍ കമ്മിറ്റിക്ക്. 45 ശതമാനം ഷെയര്‍ ഹോള്‍ഡേര്‍സിന്. ലാഭമുണ്ടാക്കുക എന്നതിലുപരി പടച്ചവന്‍ പഠിപ്പിച്ച കച്ചവടം എങ്ങനെയെന്ന് മാലോകര്‍ക്ക് കാണിച്ചു കൊടുക്കുന്ന രീതിയിലാണ് ഈ സൂപ്പര്‍ മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം എന്നുകൂടി കൂട്ടിവായിക്കണം. സംരംഭകത്വ പദ്ധതികളില്‍ ചില മഹല്ലുകള്‍ കാണിച്ചു തന്നത് അത്ഭുതകരമായ കാര്യങ്ങളാണ്. കണ്ണൂര്‍ ജില്ലയിലെ പെരിങ്ങത്തൂരിനടുത്ത 534 അംഗങ്ങളുള്ള ഒരു മഹല്ലില്‍ ഒരു കോടിയിലധികം രൂപയാണ് സംരംഭകത്വ പദ്ധതി പ്രകാരം സ്വരൂപിച്ചത്. ഈ തുക മഹല്ലിലെ നിര്‍ധന കുടുംബങ്ങള്‍ക്ക് പലിശ രഹിത വായ്പയായി നല്‍കുകയും അവര്‍ക്ക് ജീവിതോപാധി കണ്ടെത്താനുള്ള വഴി തുറന്നു കൊടുക്കുകയുമായിരുന്നു. സംരംഭകത്വത്തിന് ശീലിപ്പിക്കുന്ന രീതിയാണ് പ്രശംസിക്കപ്പെടേണ്ടത്. ഏതെങ്കിലും ഒരു വീട്ടുകാരോട് നിങ്ങള്‍ മാസാമാസം ഇത്ര തുക കൃത്യമായി തരണമെന്ന് പറയുകയല്ല ആദ്യം ചെയ്യുന്നത്. അവരില്‍ മിതവ്യയം ശീലിപ്പിക്കാനാണ് ആദ്യം ശ്രമിക്കുന്നത്. ഉദാഹരണമായി ഒരു വീട്ടില്‍ സ്ഥിരമായി വൈദ്യുതി ബില്‍ വന്നിരുന്നത് 2000 രൂപയായിരുന്നുവെങ്കില്‍ ഇത് കുറക്കാനുള്ള വഴികള്‍ ശീലിപ്പിക്കുന്നു. വൈദ്യുതിയുടെ അമിത ഉപയോഗം ഒഴിവാക്കി ക്രമേണ ബില്‍ തുക കുറക്കാനുള്ള ശീലങ്ങള്‍ ഉണ്ടാക്കുന്നു. ഇങ്ങനെ മിച്ചം വരുന്ന തുക സംരംഭകത്വ പദ്ധതികളിലേക്ക് വിനിയോഗിക്കാന്‍ വീട്ടുകാര്‍ക്ക് മടിയുണ്ടാവില്ല. അതിനാല്‍ മിതവ്യയം ശീലിപ്പിക്കുക എന്നത് തന്നെയാണ് പ്രഥമ ദൗത്യം.
***
ഓരോ മഹല്ലുകളും ഉണരണം, സമൂഹത്തിന്റെ ക്ഷേമത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ മഹല്ലുകള്‍ക്ക് കഴിയണം. മതപരമായുള്ള കടമകള്‍ നിര്‍വ്വഹിക്കുമ്പോള്‍ തന്നെ, മഹല്ലില്‍ ഒരാള്‍ പോലും ഭക്ഷണം കിട്ടാതെ പട്ടിണി കിടക്കുന്നില്ലെന്നും ചികിത്സക്കും പഠനത്തിനും വഴിയില്ലാതെ വിഷമിക്കുന്നില്ലെന്നും ഉറപ്പുവരുത്താന്‍ മഹല്‍ കമ്മിറ്റികള്‍ക്ക് കഴിയണം. അതിനുള്ള ശ്രമങ്ങള്‍ക്ക് പരിശുദ്ധമായ ഈ റമദാനില്‍ തന്നെ തുടക്കം കുറിക്കാന്‍ കഴിഞ്ഞാല്‍ എത്ര മനോഹരം.