നന്മകള്‍ ചോര്‍ന്നുപൊയ്‌ക്കൊണ്ടിരിക്കുന്ന ഒരുകാലത്ത് ഈ ലോകം ഛിന്നഭിന്നമാകാതെ നിലനില്‍ക്കുന്നത് മനസുനിറയെ കനിവുള്ള ചിലര്‍ ഇവിടെ ജീവിച്ചിരിക്കുന്നതുകൊണ്ടാണ്. സുമനസ്സുകള്‍ കാരുണ്യത്തിന്റെ കവാടങ്ങള്‍ തുറക്കുന്നത് ആരുടെ മുന്നിലാണെന്ന് പറയാന്‍ കഴിയില്ല. ചിലര്‍ അപരന്റെ നിസ്സഹായാവസ്ഥക്ക് മുന്നില്‍ സ്‌നേഹമായും സാന്ത്വനമായും പ്രത്യക്ഷപ്പെടുമ്പോള്‍ നമ്മള്‍ തിരിച്ചറിയുന്നത് ഇവിടെ കരുണ പാടെ കെട്ടുപോയിട്ടില്ല എന്നുതന്നെയാണ്.
ജീവിച്ചിരിക്കുന്നവര്‍ക്കല്ലെ വേദനയും കഷ്ടപ്പാടുകളുമെന്നും അവരല്ലെ യഥാര്‍ത്ഥത്തില്‍ സാന്ത്വനവും സഹായവും അര്‍ഹിക്കുന്നത് എന്നും ചോദിക്കാന്‍ വരട്ടെ… ഇവിടെ പരേതര്‍ക്കുവേണ്ടി തന്റെ ജീവിതം നീക്കിവെച്ച ഒരാളെക്കുറിച്ചാണ് പറയുന്നത്. താമരശ്ശേരിയിലെ ചുങ്കം പാലോറക്കുന്നുമ്മല്‍ അഷ്‌റഫ് എന്ന വ്യക്തിയെ നമ്മള്‍ അറിഞ്ഞിരിക്കണം.
അഷ്‌റഫ് എന്ന ചെറുപ്പക്കാരന്റെ ബാല്യകാലം അത്രയൊന്നും സുഖകരമായിരുന്നില്ല. ചോര്‍ന്നൊലിക്കുന്ന ഒരു ഓലപ്പുര. വറുതിയും ദാരിദ്ര്യവും പട്ടിണിയും ആ ഓലപ്പുരക്ക് ചുറ്റും എപ്പോഴും വട്ടമിട്ട് പറന്നുകൊണ്ടിരുന്നു. ഹൈസ്‌കൂള്‍ പഠനത്തിനപ്പുറമൊന്നും ചിന്തിക്കാന്‍ വിശപ്പ് അനുവദിച്ചിരുന്നില്ല. മഴക്കാലം ആ കുടുംബത്തിന് പേടിപ്പെടുത്തുന്ന ഒരു ഓര്‍മ്മയായിരുന്നു. മഴവെള്ളം മുഴുവന്‍ വീട്ടിനകത്തേക്ക് ചോര്‍ന്നൊലിക്കുമായിരുന്നു. പുറത്ത് മഴപെയ്യുമ്പോള്‍ അകത്തവര്‍ നനയാതിരിക്കാന്‍ ചേമ്പില ചൂടിയിരുന്നു. മഴതോര്‍ന്നാലും കിടന്നുറങ്ങാന്‍ കഴിയില്ല…
മറ്റുപലരെയും പോലെ ഈ ദുരിതത്തില്‍ നിന്ന് കരകയറാന്‍ അഷ്‌റഫും സൗദിയിലേക്ക് പലായനം ചെയ്തു. ഒരു പ്രവാസികൂടി. അധികകാലം അവിടെ പിടിച്ചുനില്‍ക്കാനായില്ല. നാട്ടില്‍ തിരിച്ചെത്തിയ അഷ്‌റഫ് അളിയന്‍ അയച്ചുകൊടുത്ത വിസയില്‍ തുടര്‍ന്ന് അജ്മാനിലേക്ക്. അവിടെ ഒരു പാര്‍ട്ട്ണറുമായി ചേര്‍ന്ന് ചെറിയൊരു വര്‍ക്ക്‌ഷോപ്പ്. പാര്‍ട്ട്ണര്‍ നല്ലൊരു മനുഷ്യസ്‌നേഹിയായതുകൊണ്ട് അഷ്‌റഫിന് ജോലിചെയ്യാനൊന്നും സമയം കിട്ടാതിരുന്നിട്ടും കിട്ടുന്നതിന്റെ പകുതി അയാള്‍ക്ക് നല്‍കി.
ഇക്കാലത്ത് തന്നെയാണ് അഷ്‌റഫിന്റെ ജീവിതത്തെയാകെ മാറ്റിമറിച്ച സംഭവമുണ്ടാകുന്നത്. ഷാര്‍ജയിലെ കുവൈറ്റ് ഹോസ്പിറ്റലില്‍ സുഖമില്ലാതെ കിടക്കുന്ന ഒരു സുഹൃത്തിനെക്കണ്ട് തിരിച്ചുവരുമ്പോള്‍ ആസ്പത്രി വരാന്തയില്‍ പൊട്ടിക്കരയുന്ന രണ്ടുപേരെ കാണുന്നു. മലയാളികളാണെന്നറിഞ്ഞപ്പോള്‍ കാര്യമന്വേഷിച്ചു. കുറച്ചുദിവസമായി ആസ്പത്രിയില്‍ സുഖമില്ലാതെ കിടന്നിരുന്ന അച്ഛന്‍ മരിച്ചിരിക്കുന്നു. ഇനി എന്താണ് ചെയ്യേണ്ടതെന്ന് അവര്‍ക്കറിയില്ല. നടപടിക്രമങ്ങളുടെ നൂലാമാലകള്‍. അന്ന് അഷ്‌റഫ് അവരെ സഹായിക്കാന്‍ അവരോടൊപ്പം കൂടി. അതൊരു തുടക്കമായിരുന്നു.
ഇപ്പോള്‍ 1600ലേറെ മൃതദേഹങ്ങള്‍ യു.എ.ഇയില്‍ നിന്ന് നാട്ടില്‍ അവരുടെ ബന്ധുമിത്രാദികളുടെ കൈകളിലെത്തിച്ചിരിക്കുന്നു. ഏറ്റെടുക്കാനാളില്ലാത്ത മൃതദേഹങ്ങള്‍ അവിടെത്തന്നെ അടക്കം ചെയ്തിരിക്കുന്നു. മരിച്ചവര്‍ക്കുവേണ്ടിയുള്ള ആ ജീവിതയാത്ര അഷ്‌റഫ് താമരശ്ശേരി തുടരുന്നു. ദിവസത്തില്‍ രണ്ടും മൂന്നും മൃതദേഹങ്ങള്‍ക്ക് പിറകെ കെട്ടുപിണഞ്ഞ നിയമക്കുരുക്കുകളഴിച്ചുപോകുമ്പോഴും അഷ്‌റഫിന് ഒരു മടുപ്പും തോന്നുന്നില്ല. ഇത്തവണത്തെ കേന്ദ്ര സര്‍ക്കാറിന്റെ പ്രവാസി ഭാരത പുരസ്‌കാരം ഡല്‍ഹിയില്‍ അഷ്‌റഫ് താമരശ്ശേരി രാഷ്ട്രപതിയില്‍ നിന്ന് ഏറ്റുവാങ്ങിയപ്പോള്‍ ആ അവാര്‍ഡിന് വല്ലാത്തൊരു തിളക്കമുള്ളതായി തോന്നി.
അഷ്‌റഫിനെ എനിക്ക് നേരിട്ടറിയില്ലെങ്കിലും കഴിഞ്ഞ കുറേക്കാലമായി ആ പേര് എന്റെ ഓര്‍മ്മയിലെവിടെയോ ഉണ്ടായിരുന്നു. നന്മയുടെയും കനിവിന്റെയും ഒരാള്‍രൂപമായി. ജീവകാരുണ്യത്തിന്റെ ഒരു വ്യത്യസ്തമായ അടയാളമായി. അഷ്‌റഫിനെ അറിയുന്നവര്‍ക്ക് അത്രമേല്‍ അദ്ദേഹത്തെക്കുറിച്ച് പറയാനുണ്ടായിരുന്നു.
അഷ്‌റഫ് താമരശ്ശേരിയെക്കുറിച്ച് ബഷീര്‍ തിക്കോടി എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച വലുതൊന്നുമല്ലാത്ത ഒരു പുസ്തകമാണ് ഇപ്പോള്‍ എന്റെ കൈയിലുള്ളത്. ‘പരേതര്‍ക്കൊരാള്‍!’ ഇതില്‍ ബാബു ഭരദ്വാജിന്റെ അവതാരികയും കെ.പി. രാമനുണ്ണിയുടെയും ബി.എം. സുഹ്‌റയുടെയും പിന്‍ലേഖനങ്ങളുമുണ്ട്. പ്രവാസ ജീവിതത്തിന്റെ ഉള്‍ത്തുടിപ്പുകള്‍ തൊട്ടറിഞ്ഞ യഹ്‌യ തളങ്കര, വി. വിജയന്‍, കെ.എച്ച്.എം. അഷ്‌റഫ്, നിസാര്‍ തളങ്കര, പി.കെ. അന്‍വര്‍ നഹ, അഡ്വ. ആഷിഖ്, എന്‍.എം. അബൂബക്കര്‍, ബഷീര്‍ മാറഞ്ചേരി, ഷാജി ഹനീഫ്, എം.സി.എ. നാസര്‍ തുടങ്ങിയവരുടെ കുറിപ്പുകളുമുണ്ട്.
കേട്ടുമറന്ന കഥകളിലൊന്നും നമ്മള്‍ ഇതുപോലൊരു മനുഷ്യന്റെ ജീവിതം തൊട്ടറിഞ്ഞിട്ടുണ്ടാവില്ല. ഇതുപോലെ മറ്റൊരാളെക്കുറിച്ചും കേട്ടിട്ടുണ്ടാവില്ല. മരണവീട്ടിലെയും മരണപരിസരത്തെയും ഇടപെടലുകളില്‍ എപ്പോഴും നിറഞ്ഞുനില്‍ക്കുന്നത് വിയോഗത്തിന്റെ വേദനയും കണ്ണീരും ഗല്‍ഗദവുമായിരിക്കും. ഒരു സന്തോഷവും പകര്‍ന്നുനല്‍കാത്തൊരു പശ്ചാത്തലത്തില്‍ ജീവനറ്റുകിടക്കുന്ന പരേതനുപോലും നന്ദിസൂചകമായി ഈ മനുഷ്യനെയൊന്ന് നോക്കാന്‍ കഴിയില്ല. തന്റെ ദൗത്യം പൂര്‍ണമായിക്കഴിയുമ്പോള്‍ ആരോടും യാത്രപോലും പറയാതെ നടന്നുനീങ്ങുന്ന അഷ്‌റഫ് ഒരത്ഭുതമല്ലെങ്കില്‍ മറ്റെന്താണ്?
അഷ്‌റഫ് ഇതുവരെ ഈ സേവനങ്ങള്‍ക്കൊന്നും പ്രതിഫലും വാങ്ങിയിട്ടില്ല. ആരെങ്കിലും സ്‌നേഹത്തോടെ കൊടുക്കാന്‍ ശ്രമിച്ചാലും അത് നിരസിക്കും. ശരിയായ നിഷ്‌ക്കാമ കര്‍മ്മം! അഷ്‌റഫ് അനുഭവങ്ങളുടെ ചെപ്പ് പൂര്‍ണമായി തുറക്കില്ല. ചെറുതായി തുറന്നാല്‍ തന്നെ എത്രയെത്ര കഥകള്‍? ഒരു നന്ദിപോലും പറയാത്തവരോടും അഷ്‌റഫ് എങ്ങനെ വീട്ടില്‍ തിരിച്ചെത്തുമെന്ന് ചോദിക്കാന്‍ സന്മനസ് കാണിക്കാത്തവരോടും അദ്ദേഹത്തിന് പരിഭവമില്ല.
ഇപ്പോള്‍ അഷ്‌റഫിന്റെ ഭാര്യ ഫാത്തിമത്ത് സുഹ്‌റയും മക്കള്‍ മുഹമ്മദ് ഷാഫിയും ഷിഫാനയും മുഹമ്മദ് അമീനും അജ്മാനിലുണ്ട്. പറഞ്ഞിട്ടെന്തുകാര്യം? ഭാര്യക്കും മക്കള്‍ക്കും കണ്ണുനിറയെ കാണാന്‍ കിട്ടുന്നത് അപൂര്‍വ്വം. പെരുന്നാള്‍ ദിവസം ഭാര്യയും മക്കളും ചേര്‍ന്ന് ആഘോഷിച്ചുകളയാന്‍ തീരുമാനിച്ചതായിരുന്നു. നല്ല ഭക്ഷണം കഴിച്ച് പാര്‍ക്കിലൊക്കെ പോകണം. നിലത്ത് പായവിരിച്ച് നെയ്‌ച്ചോറും പത്തിരിയും വിളമ്പിയപ്പോഴാണ് അഷ്‌റഫിന്റെ ഫോണ്‍ ശബ്ദിക്കാന്‍ തുടങ്ങിയത്. ഏതോ ഒരു പെണ്ണ് മരിച്ചിരിക്കുന്നു. പേരോ, ജാതിയോ, മതമോ ഒന്നും ചോദിച്ചില്ല. പാന്റും ഷര്‍ട്ടും എടുത്തിട്ട് അഷ്‌റഫ് പടിയിറങ്ങിപ്പോയി. എപ്പോഴാണ് തിരിച്ചുവന്നതെന്നറിയില്ല.
അഷ്‌റഫിന്റെ യു.എ.ഇയിലെ സ്‌പോണ്‍സര്‍ ജമാല്‍ ഈസാ അഹമ്മദ് എന്ന യു.എ.ഇ. പൗരനാണ്. പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഉയര്‍ന്ന ഒരു ഉദ്യോഗസ്ഥന്‍. ഡിപ്പോസിറ്റുചെയ്യാന്‍ കൈയില്‍ ഒന്നുമില്ലാത്തതുകൊണ്ട് അഷ്‌റഫ് ഒരു ബാങ്ക് അക്കൗണ്ടും തുടങ്ങിയിട്ടില്ല. എന്നാല്‍ അഷ്‌റഫിന്റെ കൈയില്‍ ഒരു എ.ടി.എം. കാര്‍ഡുണ്ട്. പണത്തിന് ആവശ്യം വന്നാല്‍ എടുത്തുകൊള്ളാന്‍ പറഞ്ഞ് അര്‍ബാബ് ജമാല്‍ ഈസാ അഹമ്മദ് കൊടുത്ത അയാളുടെ എ.ടി.എം. കാര്‍ഡാണത്. അക്കൗണ്ടില്‍ എത്ര ലക്ഷമുണ്ടെന്നോ അതോ കോടിയുണ്ടെന്നോ അഷ്‌റഫിനറിയില്ല. കാരണം അഷ്‌റഫ് ഇതുവരെ ആ കാര്‍ഡ് ഉപയോഗിച്ച് പണമെടുത്തിട്ടില്ല. ഇനിയും അഷ്‌റഫിനെക്കുറിച്ച് പറയണോ?
കെ.പി. രാമനുണ്ണി പറയുന്നതുപോലെ ‘പരേതര്‍ക്കൊരാള്‍’ എന്ന പുസ്തകം മഹത്തരമാകുന്നത് മനുഷ്യന് എത്രത്തോളം മനുഷ്യനാകാമെന്നും മനുഷ്യനല്ലാതാകാമെന്നുമുള്ള വിഷയത്തെപ്പറ്റി അത് ചിന്തിപ്പിക്കുന്നു എന്നതുകൊണ്ടാണ്. സഹജീവിയിലേക്ക് പരിപൂര്‍ണമായി പരിവര്‍ത്തനപ്പെടാനുള്ള പ്രാപ്തിയാണ് അഷ്‌റഫിനെ അനുഗ്രഹീതനായ മനുഷ്യനാക്കുന്നത്.