ഒരു തലമുറയുടെ കാവ്യസങ്കല്‍പം തിളച്ചുവന്നിരുന്ന കാലത്താണ് കവി ടി. ഉബൈദ് കവിത എഴുതിയിരുന്നത്. മഹാകവികള്‍ പിടിച്ചടക്കിയ കാവ്യ സാമ്രാജ്യത്തില്‍ തനിക്കും ഒരിടമുണ്ടെന്നും തനിക്കും തലമുറയോട് ചിലത് പറയാനുണ്ടെന്നും തിരിച്ചറിഞ്ഞ കവി പ്രതീക്ഷിച്ചിട്ടുണ്ടാവില്ല ഒരു പക്ഷെ പില്‍ക്കാലത്ത് തന്റെ കവിതകള്‍ ഇത്രയേറെ പഠിക്കപ്പെടുമെന്ന്. ടി. ഉബൈദ് എന്ന കവിയുടെ വിയോഗത്തിന് ശേഷം നാലരപ്പതിറ്റാണ്ട് കഴിഞ്ഞിട്ടും അദ്ദേഹത്തിന്റെ കവിതകളിലെ വേറിട്ട ഭാവങ്ങള്‍ ഇപ്പോഴും കണ്ടെത്തപ്പെടുന്നുവെന്നത് ചെറിയൊരു കാര്യമല്ല.
മാപ്പിളപ്പാട്ടുകളിലാകെ നിറഞ്ഞുനില്‍ക്കുന്നൊരു ദേശീയ സങ്കല്‍പമുണ്ട്. അതുതന്നെ വേണ്ടത്ര വേര്‍തിരിച്ചെടുക്കപ്പെട്ടിട്ടില്ലാത്തതാണ്. ഉബൈദ് മാപ്പിളപ്പാട്ടിലെ ഒരു വഴിത്തിരിവിനെ അടയാളപ്പെടുത്തുന്ന പ്രതീകമാണ്. അന്നുവരെ മാപ്പിളപ്പാട്ട് സഞ്ചരിച്ച വഴികളില്‍ കൂടിയല്ല ഉബൈദ് മാപ്പിളപ്പാട്ടിനെ നടത്തിച്ചത്. എനിക്ക് തോന്നുന്നു ഇത്രയധികം ദേശീയ പ്രതീകങ്ങളെ മാപ്പിളപ്പാട്ടുകളിലേക്ക് സന്നിവേശിപ്പിച്ച മറ്റൊരു മാപ്പിളക്കവിയുണ്ടാവില്ലെന്ന്. കേരളപ്പിറവിക്ക് മുന്നേ ‘കേരള റാണി’യെ പുല്‍കിയ കവിയായിരുന്നു ഉബൈദ്. ‘അഭിനവ ഭാരത ഭൂഷണമാകിന സുമധുര വാണി’ എന്നും കവിക്കൊരു ഉള്‍പ്പുളകമായിരുന്നു.
ഉബൈദിന്റെ ജീവിതം തന്നെയായിരുന്നു ഉബൈദിന്റെ കവിതകളും മാപ്പിളപ്പാട്ടുകളും. തന്റെ ജീവിതവിശുദ്ധിയും സ്‌നേഹവും ആശങ്കകളും വ്യാകുലതകളും ആ വരികളില്‍ അലിഞ്ഞുചേര്‍ന്നിരുന്നു. സ്വതേ ശാന്തനും സൗമ്യനുമായിരുന്ന കവിയുടെ ശബ്ദം ചില അരുതായ്മകള്‍ക്കുനേരെ കാര്‍ക്കശ്യമുള്ളതും മൂര്‍ച്ചയേറിയതുമായിത്തീരുന്നുണ്ട്. ‘തീപിടിച്ച പള്ളി’ അതിനൊരു ഉദാഹരണമാണ്.
പുതിയ തലമുറ ടി. ഉബൈദിനെ കണ്ടവരല്ല. ഇന്നത്തെപ്പോലെ മലയാള ഭാഷ പൂത്തുലഞ്ഞുനിന്ന ഒരു കാലത്തല്ല അദ്ദേഹം ഭാഷയുടെ ചങ്ങാതിയാകുന്നത്. ദക്ഷിണ കന്നട ജില്ലയുടെ ഭാഗമായ കാസര്‍കോട്ട് മലയാളം ചേറിയെടുക്കാന്‍ പോലുമില്ലാത്ത കാലത്ത് മലയാളത്തിന്റെ മധുരം നുകരാന്‍ അദ്ദേഹം നടത്തിയ ശ്രമത്തിന് പിന്നില്‍ വലിയ കഥകളുണ്ട്. ആ കഥകള്‍കൂടി ചേര്‍ത്ത് വായിക്കുമ്പോഴേ ഉബൈദ് എന്ന വ്യക്തി പൂര്‍ണമാവുകയുള്ളൂ. എന്റെ തലമുറയിലെ ചിലര്‍ക്ക് ആ ഗുരുമുഖത്ത് നിന്ന് നേരിട്ട് അറിവിന്റെ മുത്തുകള്‍ പെറുക്കിയെടുക്കാനും പി. കുഞ്ഞിരാമന്‍ നായരെപ്പോലുള്ള വലിയ കവികളുമായുള്ള സര്‍ഗ സംവാദം ശ്രവിക്കാനുമായി എന്നത് വലിയൊരു ഭാഗ്യമായാണ് കണക്കാക്കുന്നത്. അതൊരു കാലമായിരുന്നു. കവികളെയും എഴുത്തുകാരെയും ഹൃദയം കൊണ്ടുതൊടാന്‍ കൊതിച്ചിരുന്ന കാലം.
ആയിസത്ത് ഹസൂറയുടെ ‘മാപ്പിളപ്പാട്ടിലെ ദേശീയത: ഉബൈദ് കവിതകളുടെ പഠനം’ എന്ന പുസ്തകം ദേശീയത, ടി. ഉബൈദും മാപ്പിളപ്പാട്ടും, ഉബൈദ് കവിതകളുടെ പഠനം എന്നീ മൂന്ന് അധ്യായങ്ങളായി തിരിച്ചിട്ടുണ്ട്. അതില്‍ തന്നെ മാപ്പിളപ്പാട്ട് സാഹിത്യത്തെക്കുറിച്ച് മാത്രമായി ഒരു ഉപഭാഗവുമുണ്ട്. അടുത്തകാലത്ത് ടി. ഉബൈദുമായി ബന്ധപ്പെട്ടുവന്ന ഒട്ടുമിക്ക ഗ്രന്ഥങ്ങളും ഇതില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. അത് ഈ പഠനത്തിന് ഹസൂറ നല്ല തറയൊരുക്കും നടത്തിയിട്ടുണ്ട് എന്ന കാര്യമാണ് സൂചിപ്പിക്കുന്നത്.
ഇന്ത്യന്‍ ദേശീയത ഒറ്റ ക്യാന്‍വാസിലൊതുങ്ങാത്ത വലിയൊരു വിഷയമാണ്. അതിന്റെ തരംഗങ്ങളെ ഒരു വികാരമായും ഹൃദയതാളമായും മാറ്റുന്നതിന് കവികള്‍ വഹിച്ച പങ്ക് ചരിത്രം രേഖപ്പെടുത്തിയതുമാണ്. എന്നാല്‍ രവീന്ദ്രനാഥ ടാഗോര്‍ തുടങ്ങി ഇങ്ങോട്ട് എണ്ണിത്തുടങ്ങുമ്പോള്‍ വിട്ടുപോകുന്ന എത്രയോ പ്രാദേശിക ഭാഷാകവികളുണ്ട്. അറബി മലയാളം ഭാഷകളില്‍ മുഖ്യധാരാസാഹിത്യത്തിലേക്ക് കടന്നുവരാന്‍ കഴിയാതെ കുരുങ്ങിക്കിടന്ന ദേശഭക്തി ജ്വലിപ്പിക്കുന്ന എത്രയോ മാപ്പിളപ്പാട്ടുകള്‍. ഇവയൊക്കെ ഇപ്പോള്‍ ഒന്നൊന്നായി കണ്ടെടുക്കപ്പെടുന്നുവെന്നത് ഏതൊരു ഭാഷാസ്‌നേഹിയെയാണ് സന്തോഷിപ്പിക്കാതിരിക്കുക. ചരിത്രത്തിന്റെ മാത്രമല്ല കവിതകളുടെയും പാട്ടുകളുടെയും വീണ്ടെടുപ്പ് കൂടി ഇനിയും നടക്കേണ്ടതുണ്ടെന്ന് ആയിസത്ത് ഹസൂറയുടെ ഈ കൃതി സൂചിപ്പിക്കുന്നു.
ഒരു രാജ്യത്തിന്റെ അതിര്‍ത്തി എന്നത് ഭൂപടത്തില്‍ അടയാളപ്പെടുത്തിവെക്കുന്ന ഒന്നുമാത്രമല്ലെന്നും അതിന്റെ ഇരിപ്പിടം സമൂഹ മനസ്സാണെന്നും ദേശീയബോധത്തില്‍ നിന്നാണ് അതുണ്ടാകേണ്ടതെന്നും ‘ഉബൈദ് കവിതകളുടെ പഠന’ത്തില്‍ പറയുന്നുണ്ട്.
വൈവിധ്യമാര്‍ന്ന സംസ്‌ക്കാരങ്ങളെയും ഭാഷകളെയും സമന്വയിപ്പിക്കുമ്പോഴാണ് ഈ രാജ്യം ഒന്നാണെന്ന ബോധം ഉണ്ടാകുന്നത്. ആ നന്മ തന്നെയാണ് ഉദാത്തമായ ദേശീയതയെന്ന് ഗ്രന്ഥകാരി ഉബൈദിനെ സാക്ഷ്യപ്പെടുത്തി ഈ കൃതിയില്‍ സമര്‍ത്ഥിക്കുന്നു.
ടി. ഉബൈദ് വെറും ഒരു കവി മാത്രമായിരുന്നില്ല. സാമൂഹ്യ പരിഷ്‌ക്കരണം ലക്ഷ്യംവെച്ച് അദ്ദേഹം ധാരാളം പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഗദ്യരചനകളും ശ്രദ്ധേയങ്ങളായിരുന്നു. വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ അദ്ദേഹം പാട്ടുപാടി വീടുകള്‍ തോറും കയറിയിറങ്ങിയിട്ടുണ്ട്; വിദ്യാഭ്യാസ ജാഥ നടത്തിയിട്ടുണ്ട്.
അന്ധവിശ്വാസങ്ങളെ നിശിതമായി വിമര്‍ശിക്കുകയും നവോത്ഥാന സംരംഭങ്ങള്‍ക്ക് ഊര്‍ജ്ജം പകരുകയും ചെയ്തിട്ടുണ്ട്. മികച്ച അധ്യാപകനായിരുന്നു. വിട്ടുവീഴ്ചയില്ലാത്ത ഒരു മതവിശ്വാസിയായിരിക്കുമ്പോള്‍ തന്നെ എല്ലാ മതവിശ്വാസികളെയും അതിരറ്റ് സ്‌നേഹിച്ചിരുന്നു. എന്തിനധികം ഈശ്വര വിശ്വാസമില്ലാത്തവരും യുക്തിവാദികളും ഉബൈദിന് ശത്രുക്കളായിരുന്നില്ല. കളങ്കമില്ലാത്ത ഈ മനോഭാവവും സമീപനവുമാണ് കേരള സാഹിത്യ അക്കാദമിയിലെയും സമസ്ത കേരള സാഹിത്യ പരിഷത്തിലെയും തലയെടുപ്പുള്ള സാഹിത്യകാരന്മാരുടെയും കവികളുടെയും ആത്മമിത്രമാകാനും ഇഷ്ടതോഴനാകാനും ഉബൈദിന് നിമിത്തമായിത്തീര്‍ന്നത്.
ടി. ഉബൈദിനെക്കുറിച്ച് പഠനം നടത്തിയവരിലധികവും അദ്ദേഹത്തിന്റെ കവിതകളില്‍ കൂടിയാണ് സഞ്ചരിച്ചിട്ടുള്ളത്. രേഖപ്പെട്ടുകിടക്കുന്നതിലധികവും കവിതകളായത് കൊണ്ടാവാമത്. സാമൂഹ്യപരിഷ്‌ക്കര്‍ത്താവെന്ന നിലയില്‍ അദ്ദേഹം നല്‍കിയ സംഭാവനകള്‍ എത്രയോ വിലപ്പെട്ടതായിരുന്നു. ഒരു നാടിന്റെ എല്ലാ സാംസ്‌ക്കാരിക സ്പന്ദനങ്ങളുമായും ഉബൈദ് ചേര്‍ന്നുനിന്നിരുന്നു. ഉല്‍കൃഷ്ടമായ മാനവികത ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ളതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ഇന്ന് അക്ഷരപ്രളയങ്ങള്‍ക്കിടയില്‍ ജീവിക്കുന്ന ഒരാള്‍ക്ക് അക്ഷരങ്ങള്‍ തേടി നടന്ന ഒരാളെക്കുറിച്ച് പറഞ്ഞാല്‍ മനസിലാവില്ല. അങ്ങനെയുള്ള ഒരാള്‍ കന്നഡയിലും മലയാളത്തിലും എഴുതി പ്രസിദ്ധനാവുക എന്നതും ഈ ഭാഷകള്‍ക്കിടയില്‍ പാലം പണിയുക എന്നതും മറ്റൊരത്ഭുതം.
ഇതൊക്കെ ആയിരിക്കുമ്പോഴും ഉബൈദ് നാട്ടുമ്പുറത്തെ സാധാരണ ജനങ്ങളോട് സംസാരിച്ചത് അവരുടെ ഭാഷയായിരുന്നു. അച്ചടി സമ്മാനിച്ച മാനകഭാഷകയുടെ ചങ്ങലകള്‍ പൊട്ടിച്ചെറിഞ്ഞ് അവരോട് കുശലം പറഞ്ഞു. മാപ്പിളപ്പാട്ടുകളെക്കുറിച്ച് പറഞ്ഞുതുടങ്ങിയാല്‍ മോയിന്‍കുട്ടി വൈദ്യര്‍ പകര്‍ന്നുനല്‍കിയ മധുരം നാവിന്‍തുമ്പില്‍ തേന്‍തുള്ളിയായി പെയ്തിറങ്ങുന്ന ഉബൈദ് പക്ഷെ സ്വന്തം മാപ്പിളപ്പാട്ടുകളില്‍ മോയിന്‍കുട്ടി വൈദ്യരെ അനുകരിച്ചില്ല.
ഉബൈദിന്റെ മൗലികമായ രചനകള്‍ പില്‍ക്കാലത്ത് മാപ്പിളപ്പാട്ടില്‍ തന്നെ ഒരു വഴിത്തിരിവുണ്ടാക്കാന്‍ നിമിത്തമായി. വേണമെങ്കില്‍ സങ്കരഭാഷകളില്‍ നിന്ന് ശുദ്ധമലയാളത്തിലേക്ക് മാപ്പിളപ്പാട്ടുകളെ പറിച്ചുനടാന്‍ ധൈര്യം നല്‍കിയത് ഉബൈദായിരുന്നുവെന്നും പറയാം.