കടല്‍മാര്‍ഗമുള്ള ചരക്കുനീക്കത്തില്‍ പുതിയ നാഴികക്കല്ലായി മെഡിറ്ററേനിയന്‍ കടലിലെ പോര്‍ട്ട് സൈദിനെയും ചെങ്കടലിലെ സൂയസിനെയും ബന്ധിപ്പിക്കുന്ന രണ്ടാമത് സൂയസ് കനാല്‍ ഈ വര്‍ഷം ആഗസ്ത് 6ന് യാഥാര്‍ത്ഥ്യമായപ്പോള്‍ ഒരു മഹത്തായ ഈജിപ്ഷ്യന്‍ സ്വപ്‌നത്തിന്റെ സാക്ഷാത്കാരമായാണ് അത് വിശേഷിപ്പിക്കപ്പെട്ടത്. യൂറോപ്പും ഏഷ്യയും തമ്മിലുള്ള വ്യാപാര ബന്ധത്തിലും അടിസ്ഥാന സൗകര്യവികസനത്തിലും വിപ്ലവകരമായ മാറ്റങ്ങള്‍ക്കാണ് ഈ പദ്ധതി നാന്ദികുറിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ആദ്യത്തെ കനാല്‍ നിര്‍മ്മിക്കാന്‍ 10വര്‍ഷം എടുത്ത സ്ഥാനത്ത് ഒരു വര്‍ഷത്തിനുള്ളില്‍ പുതിയ പദ്ധതി പൂര്‍ത്തീകരിച്ചത് ചരിത്ര നേട്ടമായി. എട്ടരബില്യണ്‍ അമേരിക്കന്‍ ഡോളര്‍ ചെലവഴിച്ചാണ് രാജ്യത്തെ സ്വയം പര്യാപ്തതയിലേക്ക് നയിക്കാനുതകുന്ന സാമ്പത്തിക സ്രോതസിന് ഈജിപ്ത് ഗവണ്‍മെന്റ് വിത്തുപാകിയത്. പദ്ധതിയുടെ പ്രഖ്യാപനവേളയില്‍ യാതൊരു വിദേശ സഹായവും വേണ്ട എന്ന പ്രസിഡണ്ട് അബ്ദുല്‍ ഫത്താഹ് അല്‍സിസിയുടെ ആഹ്വാനം ഉള്‍ക്കൊണ്ട് പദ്ധതിക്ക് വേണ്ട തുക എട്ടുദിവസം കൊണ്ട് സമാഹരിച്ച് നല്‍കിയാണ് ഈ സ്വപ്‌ന പദ്ധതിക്ക് ഈജിപ്ഷ്യന്‍ ജനത പിന്തുണ അറിയിച്ചത്. പലവിധ പ്രതിസന്ധികളില്‍ ഉലഞ്ഞിരുന്ന ഈജിപ്തിലെ ജനത പദ്ധതിയെ എത്രമാത്രം പ്രതീക്ഷയോടെയാണ് കാണുന്നതെന്നതിന് ഏറ്റവും വലിയ തെളിവായിരുന്നുവത്.
ആദ്യത്തെ സൂയസ് കനാലിലൂടെ ഈജിപ്തിന്റെ വരുമാനം 5.3 ബില്യണ്‍ ഡോളര്‍ ആയിരുന്നിടത്ത് പുതിയ കനാലിലൂടെ 2023 ഓടുകൂടി വരുമാനം 13.2 ബില്യണ്‍ ഡോളറായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈജിപ്ഷ്യന്‍ സമ്പദ് ഘടനയോടൊപ്പം ലോക സമ്പദ് ഘടനയിലും ഇത് ഗുണപരമായ ഉണര്‍വ്വിന് വഴി തെളിക്കും. പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിച്ച് ഈജിപ്ഷ്യന്‍ ഗവണ്‍മെന്റ് അഭിനന്ദനം ഏറ്റുവാങ്ങുമ്പോള്‍ പദ്ധതിയുടെ നിര്‍വഹണത്തില്‍ മികവ് തെളിയിച്ച കാസര്‍കോട് സ്വദേശിയുടെ സാന്നിധ്യം ജില്ലക്കും അഭിമാനകരമായ നേട്ടമായി. തളങ്കര സ്വദേശിയും എഞ്ചിനീയറുമായ തളങ്കര റഫീഖാണ് രണ്ടാമത് സൂയസ് കനാല്‍ പദ്ധതിയില്‍ സാങ്കേതിക വിഭാഗത്തിന്റെ ചുമതലയിലൂടെ നിര്‍ണായകമായ പങ്കുവഹിച്ചത്.
തമിഴ്‌നാട്ടിലെ തൂത്തുക്കുടി തുറമുഖ വികസന പ്രവര്‍ത്തനങ്ങളടക്കം ലോകത്തെമ്പാടും തുറമുഖ നിര്‍മ്മാണരംഗത്തും കരവികസന പ്രവര്‍ത്തനങ്ങളിലും വൈദഗ്ധ്യം തെളിയിച്ച ബെല്‍ജിയത്തിലെ ബ്രസല്‍സ് ആസ്ഥാനമായുള്ള ജാന്‍ഡി നാല്‍ ഗ്രൂപ്പില്‍ ഫഌറ്റ് മാനേജരായ റഫീഖിന് കമ്പനി സൂയസ് പദ്ധതിയുടെ കരാര്‍ ഏറ്റെടുത്തതോടെ സാങ്കേതിക ടീമിനെ നയിക്കാനാവസരം കൈവരികയായിരുന്നു. സൈനിക മേധാവിയായിരുന്ന അബ്ദുല്‍ ഫത്താഹ് അല്‍ സിസി 2014 ആഗസ്തില്‍ ജനാധിപത്യ പ്രക്രിയയിലൂടെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് നിലവിലുള്ള സൂയസ് കനാലിന് സമാന്തരമായി രണ്ടാമത് കനാല്‍ നിര്‍മ്മിക്കാനുള്ള ഉദ്യമത്തിന് തുടക്കം കുറിച്ചത്. ഇരുദിശയിലേക്കും ഒരേസമയം ഗതാഗതം സാധ്യമല്ലെന്നതും ചരക്കുനീക്കത്തിലുള്ള കാലതാമസവുമൊക്കെയായിരുന്നു അതിന് പ്രേരകമായത്. കനാല്‍ പദ്ധതിയോടനുബന്ധിച്ച് ഏറെ സാധ്യതകളുള്ള സൂയസ്, ഇസ്മാലിയ, പോര്‍ട്ട് സൈദ് എന്നീ നഗരങ്ങളെ വന്‍കിട ടൗണ്‍ഷിപ്പാക്കി മാറ്റാമെന്നുള്ള കണക്കുകൂട്ടലും ഭരണകൂടത്തിനുണ്ടായിരുന്നു.
കിഴക്കിനെയും പടിഞ്ഞാറിനെയും നേര്‍രേഖയില്‍ ബന്ധപ്പെടുത്തി കടന്നുപോകുന്ന കനാലിനോട് അനുബന്ധമായി വികസിപ്പിക്കുന്ന ഇടനാഴിയിലൂടെ സൂയസ് മേഖലയെ ആഗോളതലത്തില്‍ മുന്‍ നിര വ്യാപാര കേന്ദ്രമാക്കി വളര്‍ത്തിക്കൊണ്ടുവരാന്‍ സാധിക്കും. രാജ്യത്ത് മികച്ച തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും പദ്ധതിയിലൂടെ കഴിഞ്ഞു. 72 കീ.മീനീളമുള്ള രണ്ടാമത് കനാല്‍ പൂര്‍ത്തിയായതോടെ ഇരു ദിശയിലേക്കും ഒരേസമയം ഗതാഗതം സാധ്യമായിരിക്കുകയാണ്. നേരത്തെ പകല്‍ നേരത്ത് ഒരു ദിശയിലും രാത്രി നേരത്ത് തിരിച്ചുള്ള ദിശയിലുമായിരുന്നു കപ്പലുകള്‍ കടന്നുപോയിരുന്നത്. ദീര്‍ഘനേരം കാത്തുകെട്ടിക്കിടക്കേണ്ടിവരുന്നത് ഒഴിവാക്കുന്നതിനൊപ്പം 2023 ഓടുകൂടി പ്രതിദിനം 97 കപ്പലുകള്‍ കടന്നുപോവുന്ന രീതിയില്‍ വികസിപ്പിക്കാനാകും.
കനാല്‍ മേഖലയില്‍ പുതിയ വ്യവസായ സോണ്‍, ടെക്‌നോളജി ഹബ്ബ്, മത്സ്യ സംഭരണ കേന്ദ്രം തുടങ്ങിയവ ആരംഭിക്കാനുള്ള പദ്ധതികളും സര്‍ക്കാറിന്റെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.
രണ്ടാമത് കനാല്‍ നിര്‍മ്മാണത്തിലൂടെ കപ്പലുകളുടെ കാത്തിരിപ്പ് സമയം 811 മണിക്കൂറുകളില്‍ നിന്ന് 3 മണിക്കൂറായി ചുരുങ്ങിയത് ചെലവ് കുറയാനും കപ്പലുടമകളെ ഇങ്ങോട്ടാകര്‍ഷിക്കാനും നിദാനമായി. ആഫ്രിക്കയെ വലയം ചെയ്യാതെ യൂറോപ്പിനെയും ഏഷ്യയെയും പരസ്പരം ബന്ധിപ്പിക്കാമെന്നതും സൂയസ് കനാല്‍ കാണിച്ചുതന്നതാണ്.
ഐ.എസ്. ഭീകരവാദികള്‍ക്ക് സ്വാധീനമുള്ള സിനായ് ദ്വീപിനോട് അടുത്ത് കിടക്കുന്നതാണ് പദ്ധതി പ്രദേശമെന്നതിനാല്‍ കനത്ത സായുധ കാവലിലാണ് കനാല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഇസ്രായേല്‍ഈജിപ്ത് അതിര്‍ത്തിയോടുചേര്‍ന്നുള്ള ഇസ്മാലിയയിലും പ്രതികൂല ശക്തികളുടെ സാന്നിധ്യമുണ്ടെങ്കിലും അവരെ തുരത്താന്‍ ശക്തമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നു.
പദ്ധതി പ്രഖ്യാപന വേളയില്‍ തന്നെ 2015 ആഗസ്ത് 6ന് തുറന്നുകൊടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാനാവുമോയെന്ന ആശങ്ക മാര്‍ച്ച് മാസമായപ്പോഴേക്കും ഉയര്‍ന്നുവെങ്കിലും യുദ്ധകാലാടിസ്ഥാനത്തിലുള്ള സന്നാഹങ്ങളുമായി നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയായിരുന്നു.
ജാന്‍ഡിനാല്‍, ബോസ്ടാലിസ്, വാനോഡ്, ഡ്രെഡ്ജിംഗ് ഇന്റര്‍നാഷണല്‍ എന്നീ കമ്പനികളുടെ കണ്‍സോര്‍ഷ്യത്തിന്റെ നേതൃത്വത്തിലായിരുന്നു നിര്‍മ്മാണം.
ഒരു ജനതയുടെ സ്വപ്‌ന സാക്ഷാത്കാരമായ പദ്ധതിയെ ഏത് രീതിയില്‍ ഫലപ്രദമായ തലത്തിലേക്ക് കൊണ്ടുവരാമെന്നതിന് ലോകത്തിന് തന്നെ മാതൃകയാക്കാവുന്നതാണ് സൂയസ് കനാല്‍ പദ്ധതിയെന്ന് റഫീഖ് വിലയിരുത്തുന്നു. ഭരണാധികാരികളുടെ നിശ്ചയദാര്‍ഢ്യവും ജനങ്ങളുടെ അകമഴിഞ്ഞ പിന്തുണയും ചേരുംപടി ചേര്‍ന്നപ്പോള്‍ രാജ്യത്തിന്റെ സമ്പദ്ഘടനക്ക് തന്നെ ഉണര്‍വ്വ് പകരുന്ന ഒരു പദ്ധതിയായി അത് മാറുകയായിരുന്നു. ഇത്തരത്തിലുള്ള മാതൃകകളില്‍ നിന്ന് കേരളത്തിന് അടര്‍ത്തിയെടുക്കാവുന്ന പല പാഠങ്ങളുമുണ്ടെന്ന് വിഴിഞ്ഞം പദ്ധതിയെ പരാമര്‍ശിച്ച് റഫീഖ് ചൂണ്ടിക്കാട്ടുന്നു. ഭൂമിശാസ്ത്രപരമായി ഏറെ അനുകൂല ഘടകങ്ങളുള്ള വിഴിഞ്ഞം പദ്ധതി നിര്‍വ്വഹണത്തിലുള്ള കാലതാമസം കേരളത്തിന്റെ സ്വതവേയുള്ള അലംഭാവത്തിന്റെ നേര്‍സാക്ഷ്യമാണ്. വിവാദങ്ങളും പ്രതിഷേധങ്ങളും കെട്ടടങ്ങാതെ പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം ഇപ്പോള്‍ നടക്കുന്നുവെന്നത് പ്രതീക്ഷയോടെ കാണാമെങ്കിലും ഈജിപ്ഷ്യന്‍ സ്വപ്‌നത്തിന് സമാനമായി പൊതുമേഖലയില്‍ നേട്ടമുണ്ടാക്കാന്‍ കഴിയുമായിരുന്ന ഒരു പദ്ധതിയാണ് സ്വകാര്യ പങ്കാളിത്തത്തിലേക്ക് വഴിമാറിയത്. അത്രമാത്രം സാധ്യതകളാണ് വിഴിഞ്ഞം തുറമുഖം തുറന്നിടുന്നതെന്ന് ഈ രംഗത്തെ വിദഗ്ധരെ ഉദ്ധരിച്ച് റഫീഖ് പറയുന്നു. കടലിനടിയിലെ മണ്ണ് കുഴിച്ചെടുത്ത് ആവശ്യമായ ആഴം ഉണ്ടാക്കിയെടുക്കുക എന്നതാണ് തുറമുഖ നിര്‍മ്മാണത്തിലെ പ്രധാന വെല്ലുവിളികളിലൊന്ന്. വിഴിഞ്ഞത്ത് 24 മീറ്റര്‍ ആഴം സ്വാഭാവികമായി തന്നെ നിലവിലുണ്ടെന്നത് പ്രസക്തി വര്‍ധിപ്പിക്കുന്നു. കൊച്ചി തുറമുഖത്തിന്റെ ആഴം 11 മീറ്റര്‍ ആണെന്നതിനോട് കൂട്ടിവായിക്കുമ്പോള്‍ കൂറ്റന്‍ കപ്പലുകള്‍ക്ക് പോലും സുരക്ഷിതമായി വിഴിഞ്ഞത്ത് നങ്കൂരമിടാമെന്നതാണ് പ്രത്യേകത. അതിന്റെ സവിശേഷമായ സ്ഥാനംകൊണ്ട് തന്നെ അന്താരാഷ്ട്ര ചരക്ക് ഗതാഗത ഭൂപടത്തില്‍ പ്രമുഖ കേന്ദ്രമായി വളരാനുള്ള സാധ്യതയുണ്ട്. അന്താരാഷ്ട്ര കപ്പല്‍ റൂട്ടില്‍ നിന്ന് 10 നോട്ടിക്കല്‍ മൈല്‍ അകലമേ ഇതിനുള്ളൂ. സൂയസിനെയും മലേഷ്യയിലെ മലാക്ക തുറമുഖത്തെയും ബന്ധിപ്പിക്കുന്ന കടല്‍ ഇടനാഴിയുമായി ചേര്‍ന്നുകിടക്കുന്നുവെന്ന പ്രത്യേകതയും വിഴിഞ്ഞത്തിനുണ്ട്. നിലവില്‍ ഇന്ത്യയില്‍ നിന്ന് യൂറോപ്പിലേക്കും ഗള്‍ഫ് രാജ്യങ്ങളിലേക്കും അധികവും ചരക്കുനീക്കം നടക്കുന്നത് ശ്രീലങ്കയിലെ കൊളംബോ തുറമുഖം വഴിയാണ്. താരതമ്യേന ചെറിയ കപ്പലുകളില്‍ കൊളംബോയിലെത്തിച്ച് അവിടെനിന്നാണ് ലക്ഷ്യസ്ഥാനത്തേക്ക് തിരിച്ചുവിടുന്നത്. ഇത് ചെലവ് വര്‍ധിക്കാനും സമയനഷ്ടത്തിനും ഇടയാക്കുന്നു. വിഴിഞ്ഞം യാഥാര്‍ത്ഥ്യമാകുന്നതോടെ നേരിട്ടുള്ള ചരക്കുനീക്കം സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാടിന്റെ വികസനത്തിനുതന്നെ പദ്ധതികളുമായി കൈകോര്‍ക്കാന്‍ സന്നദ്ധരായ നിരവധി പ്രവാസി മലയാളികള്‍ വിദേശ രാജ്യങ്ങളില്‍ കഴിയുന്നുണ്ട്. അവരുടെ സഹകരണത്തോടെ ഇത്തരത്തിലുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ കഴിഞ്ഞാല്‍ നേട്ടമാകും. കാസര്‍കോട്ടും അത്തരത്തിലുള്ള സംരംഭങ്ങള്‍ ഉയര്‍ന്നുവരേണ്ടതുണ്ടെന്നും റഫീഖ് അഭിപ്രായപ്പെട്ടു.
ബട്ക്കല്‍ അഞ്ചുമാന്‍ എഞ്ചിനീയറിങ്ങ് കോളേജില്‍ നിന്ന് മെക്കാനിക്കല്‍ ബിരുദം നേടി ദുബായില്‍ ജോലിയില്‍ പ്രവേശിച്ച റഫീഖ് ആസ്‌ത്രേലിയന്‍ സര്‍വകലാശാലയില്‍ ഹൈഡ്രോളിക് എഞ്ചിനീയറിങ്ങില്‍ ബിരുദാനന്തര പഠനം നടത്തി ജാന്‍ഡിനാല്‍ ഗ്രൂപ്പില്‍ ജോലിയില്‍ പ്രവേശിക്കുകയായിരുന്നു. വിയറ്റ്‌നാമിലും നൈജീരിയയിലെ ലാഗോസിലും കമ്പനിയുടെ സ്റ്റീല്‍ മില്‍ പദ്ധതി നിര്‍വഹണ ടീമില്‍ നേരത്തെ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആസ്‌ത്രേലിയയിലെ ബ്രിസ്‌ബെയ്ന്‍ എയര്‍പോര്‍ട്ടിന്റെ റണ്‍വെ വികസനത്തിനായി കടല്‍ നികത്തിയുള്ള നിര്‍മ്മാണപ്രവര്‍ത്തനമാണ് കമ്പനി ഇപ്പോള്‍ നടത്തിവരുന്നത്. എസ്.ടി.യു. നേതാവായാരുന്ന പരേതനായ മജീദ് തളങ്കരയുടെയും നഫീസത്തിന്റെയും മകനാണ്.
അണ്ടര്‍ 19 മുന്‍ നോര്‍ത്ത് സോണ്‍ ക്രിക്കറ്റ് താരമായ റഫീഖ് എഞ്ചിനീയറിങ്ങ് പഠനകാലത്ത് ധാര്‍വാഡ് സര്‍വകലാശാല ടീമംഗമായിരുന്നു. തളങ്കര ക്രിക്കറ്റ് ക്ലബ്ബ് മുന്‍ ക്യാപ്റ്റനാണ്. 2014ല്‍ സാങ്കേതിക വിഭാഗത്തിലെ മികവുറ്റ സേവനത്തിന് കമ്പനിയുടെ അംഗീകാരം ലഭിക്കുകയും കാറ്റര്‍പ്പില്ലര്‍ കമ്പനിയുടെ നിരവധി അന്താരാഷ്ട്ര സെമിനാറുകളില്‍ പങ്കെടുക്കുകയും ചെയ്തു.
ഷമീമയാണ് ഭാര്യ. സോഹ, സാറ, അസ്ര മക്കള്‍.