പണ്ടു പണ്ട് കുഞ്ഞിമ്മൂസ എന്നൊരാള്‍ ജീവിച്ചിരുന്നു. ജന്മംകൊണ്ടു തലശ്ശേരിക്കാരനായിരുന്നുവെങ്കിലും കര്‍മ്മം കൊണ്ടു കോഴിക്കോട്ടുകാരനായിരുന്നു. എവിടെയെങ്കിലും തളച്ചു കെട്ടാന്‍ കഴിയുന്ന സ്വഭാവമല്ലാത്തതു കൊണ്ട് കുഞ്ഞിമ്മൂസ കേരളമാകെ പരന്നു കിടന്നു. അക്കാലത്ത് തലശ്ശേരിയില്‍ വേറെയും കുഞ്ഞിമ്മൂസമാര്‍ ഉണ്ടായിരുന്നത് കൊണ്ട് ചരിത്ര പുരുഷനെ നാട്ടുകാര്‍ സ്‌നേഹപൂര്‍വ്വം കെ.പി കുഞ്ഞിമ്മൂസ എന്നു വിളിച്ചു. അങ്ങനെ കേരളമാകെ പടര്‍ന്നു കിടന്ന കുഞ്ഞിമ്മൂസ വലിയ മൂസയായി.
പുന്നോലില്‍ നിന്ന് മാഹിപ്പാലത്തിലേക്ക് അത്ര വലിയ ദൂരമൊന്നുമില്ല. കുഞ്ഞിക്കണ്ടി പുതിയ പുരയുടെ മുറ്റത്ത് മറ്റു പിള്ളാരൊക്കെ കളിപ്പാട്ടത്തിനു വേണ്ടി കടിപിടികൂടുമ്പോള്‍ കുഞ്ഞിമ്മൂസ എന്ന പയ്യന്‍ ഫൗണ്ടന്‍ പേനയാണ് കയ്യിലെടുത്തത്. ലോക മഹായുദ്ധങ്ങളും സ്വാതന്ത്ര്യസമരവുമൊക്കെ കാതോട് കാതോരം വാര്‍ത്തകളായി പരന്നകാലത്ത് മഷിക്ക് റേഷനായത് കൊണ്ടാകണം കുഞ്ഞിമ്മൂസ പേനയില്‍ മഷിയും അഗ്‌നിയും സമാസമം ചേര്‍ത്തു.
2010ല്‍ തലശ്ശേരിയിലെ പൗരാവലി കെ.പി കുഞ്ഞിമ്മൂസ എന്ന വലിയ എഴുത്തുകാരനെ ആദരിച്ചപ്പോള്‍ പ്രൊഫ. എ.പി സുബൈറിന്റെ നേതൃത്വത്തില്‍ പ്രസിദ്ധീകരിച്ച ആദരോപഹാരത്തില്‍ ഞാനെഴുതിയ കുറിപ്പിന്റെ തുടക്കമാണ് മുകളില്‍ ചേര്‍ത്തത്. അന്ന് സ്‌നേഹം പൂത്തുലഞ്ഞ ആ ആദരാഘോഷത്തില്‍ ഞാനും കെ.എം അഹ്മദും പങ്കെടുത്തിരുന്നു. ശരിക്കും തലശ്ശേരിയുടെ സ്വന്തം ബിരിയാണി മുഹബത്ത് ചേര്‍ത്ത് വിളമ്പിയ ഒരു വിരുന്നായിരുന്നു അത്. തിരിഞ്ഞു നോക്കുമ്പോള്‍ പത്തുവര്‍ഷം പോലുമായില്ല. ആ സ്‌നേഹമഴ നനഞ്ഞവരില്‍ പലരും ഇപ്പോള്‍ നമ്മോടൊപ്പമില്ല. ഓരോരുത്തരായി യാത്ര പോലും ചോദിക്കാതെ പിരിഞ്ഞു പോയിരിക്കുന്നു ഒരു പാടൊരുപാട് ഓര്‍മ്മകള്‍ ബാക്കിവെച്ച്. മനസ്സില്‍ ആര്‍ദ്രമായ വിതുമ്പാന്‍ നില്‍ക്കുന്ന ഗദ്ഗദങ്ങള്‍ ബാക്കിവെച്ചു.
ഒരാഴ്ച മുമ്പ് കുഞ്ഞിമ്മൂസയുടെ അവസാനത്തെ പൊതുപരിപാടി കാസര്‍കോട്ടായിരുന്നു. ഡോ. എം.കെ കുമ്പളയുടെ പുസ്തക പ്രകാശനം സിറ്റിടവര്‍ഹാളില്‍. സാധാരണ കുഞ്ഞിമ്മൂസ സി.എച്ച് മുഹമ്മദ്‌കോയയെ ഓര്‍മ്മവരുമ്പോള്‍ ചേര്‍ത്ത് വെക്കാറുള്ളത് അദ്ദേഹത്തിന്റെ ഫലിതങ്ങളാണ്. എന്നാല്‍ അന്ന് കേള്‍ക്കുമ്പോള്‍ ഉള്ള് പിടയുന്ന ‘ഞാനൊരു സഞ്ചരിക്കുന്ന മയ്യത്താണ്’ എന്ന വാക്കുകള്‍ കുഞ്ഞിമ്മൂസയുടെ നാവിന്‍ തുമ്പില്‍ വന്നു. അതെന്തിനു വീണ്ടും ഓര്‍മ്മിപ്പിച്ചുവെന്ന് ചോദിക്കണമെന്നുണ്ടായിരുന്നുവെങ്കിലും ഞാന്‍ ചോദിച്ചില്ല. അവസാന കാലത്തെ കുഞ്ഞിമ്മൂസയുടെ വാക്കുകളിലൊക്കെ മരണം ഒരു കഥാപാത്രമായി കടന്നുവന്നു. ദൂരെ എവിടെയോ ഒരു മരണത്തിന്റെ കാലൊച്ച കേള്‍ക്കുന്നില്ലേ എന്ന് ചോദിച്ചു. അപ്പോഴും ചടുലമായിരുന്നു പ്രവര്‍ത്തനമേഖല. കുറേ പുസ്തകങ്ങളിറക്കി, കുറേ എഴുതി. ഇനിയും പലതും ചെയ്യാന്‍ ബാക്കിയുണ്ടെന്നും എല്ലാം പെട്ടന്ന് ചെയ്തു തീര്‍ക്കണമെന്നും പറഞ്ഞു.
എന്റെ കോഴിക്കോടന്‍ ജീവിതകാലത്തെ തണലും സന്തോഷവുമായിരുന്നു കെ.പി കുഞ്ഞിമ്മൂസ. ചന്ദ്രികയും ലീഗ് ടൈംസും തമ്മില്‍ പോരടിച്ചു കൊണ്ടിരുന്ന കാലത്താണ് ഞങ്ങള്‍ സ്‌നേഹം പങ്കുവെച്ചത്. ആ പഴയ സ്‌കൂട്ടറിന്റെ പുറകിലിരുന്നു സഞ്ചരിച്ചതിന് കണക്കില്ല. എന്‍.ബി.എസില്‍ ഒത്തുകൂടുന്ന സായാഹ്നങ്ങളെ ആഘോഷമാക്കിയിരുന്ന തിക്കൊടിയനും കുഞ്ഞുണ്ണിമാഷും കെ.എ കൊടുങ്ങല്ലൂരും മാനേജര്‍ ശ്രീധരനും നേരത്തെ അരങ്ങൊഴിഞ്ഞു. വൈക്കം മുഹമ്മദ് ബഷീര്‍ മരിച്ചപ്പോഴാണ് ശരിക്കും കുഞ്ഞിമ്മൂസ പൊട്ടിക്കരഞ്ഞത്. ഒരു കാലം തന്നെ അനാഥമായിപ്പോകുന്നത് പോലെയാണ് ആ മരണം പലര്‍ക്കും അനുഭവപ്പെട്ടത്.
കോഴിക്കോടിന്റെ സാംസ്‌കാരിക പരിസരങ്ങളില്‍ നിറഞ്ഞു നിന്നപ്പോഴും കുഞ്ഞിമ്മൂസ ജന്മനാടായ തലശ്ശേരിയുമായുള്ള പൊക്കിള്‍ക്കൊടി ബന്ധം ഉപേക്ഷിച്ചില്ല. തലശ്ശേരിപ്പെരുമകളും തലശ്ശേരിയുടെ രുചിക്കൂട്ടുകളും പറഞ്ഞുതുടങ്ങിയാല്‍ പൂത്തുലയും മനസ്സ്. അവസാന കാലത്ത് കുഞ്ഞിമ്മൂസയുടെ വാക്കുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മൂര്‍ച്ചകൂടുന്നുണ്ടോ എന്ന് സംശയം തോന്നിയിട്ടുണ്ട്. മറ്റെന്ത് സഹിച്ചാലും ചരിത്രം തിരുത്തപ്പെടുന്നത് അത് ഏത് സാഹചര്യത്തിലാണെങ്കിലും ക്ഷമിക്കാന്‍ കഴിയുമായിരുന്നില്ല. പൊട്ടിത്തെറിക്കാന്‍ ഇവിടെ വേറെയും ആളുകളുണ്ടല്ലോ എന്ന് പറഞ്ഞാല്‍ പിന്നെ ശകാരം നമുക്കായിരിക്കും. അപ്പോഴും ഹൃദയം കൊണ്ടായിരുന്നു കുഞ്ഞിമ്മൂസ സംവദിച്ചിരുന്നത്. അത് കൊണ്ടുതന്നെയാവണം അപ്പോഴും കുഞ്ഞിമ്മൂസ വിമര്‍ശിക്കപ്പെടുന്നവരുടെയും പ്രിയപ്പെട്ടവനായത്.
കോഴിക്കോട് തെക്കേപ്പുറം തമാശകളുടെ ഒരു കൂടാണ്. പി.എ മുഹമ്മദ് കോയ നല്ല മൂഡിലാണെങ്കില്‍ കുറേ പറഞ്ഞു ചിരിപ്പിക്കും. ചിലത് ചെവിയിലെ പറയു. അതങ്ങനെയാണ്. ഒരു ദിവസം കുഞ്ഞിമൂസ വിളിച്ചു. തെക്കേപ്പുറം തമാശകള്‍ ഒരു കുഞ്ഞു പുസ്തകമാക്കുന്നുവെന്നും അതിന് ഞാനൊരു കുഞ്ഞു അവതാരിക എഴുതിക്കൊടുക്കണമെന്നും പറഞ്ഞു. പി.എ ഉള്ളില്‍ കിടന്നു ചിരിച്ചു. വലിയ എഴുത്തുകാരനായിരുന്ന പി.എ മുഹമ്മദ് കോയയെ സാംസ്‌കാരിക കേരളത്തിനോ കോഴിക്കോടിനു തന്നെയോ വേണ്ടതു പോലെ അളക്കാനായില്ലല്ലോ എന്നതും മറ്റൊരു ദുഃഖമായിരുന്നു. എനിക്ക് തോന്നുന്നു കുഞ്ഞിമ്മൂസയുടെ അവസാനത്തെ കൃതി ‘തെക്കേപ്പുറം തമാശകള്‍’ എന്ന കുഞ്ഞു പുസ്തകമായിരുന്നുവെന്ന്.
കാസര്‍കോട് കുഞ്ഞിമൂസക്ക് ഒരു ദൗര്‍ബല്യമായിരുന്നു. ഇവിടുത്തെ സ്‌നേഹത്തെക്കുറിച്ച് സംസാരിക്കും. ഒരുകാലത്ത് കേരളത്തിലെ മുഴുവന്‍ സോവനീറുകളും ഇറങ്ങിയിരുന്നത് കാസര്‍കോട്ടുകാരുടെ പരസ്യവും സംഭാവനയും കൊണ്ടായിരുന്നുവെന്ന്. കേരളത്തിലെ മിക്ക സ്ഥാപനങ്ങളെയും സംഭാവന നല്‍കി നിലനിര്‍ത്തിയ കാസര്‍കോട്ടുകാരെന്തേ ഇവിടെ കാര്യമായ ഒന്നും ഉണ്ടാക്കാത്തതെന്ന് ചോദിക്കും.
കുഞ്ഞിമ്മൂസ ഒന്നും മറക്കില്ല. ആദ്യമായി ബോംബെ ചുറ്റിക്കാണിച്ച എന്‍.എ സുലൈമാനെക്കുറിച്ചും ആദ്യമായി ദുബായില്‍ പോകാന്‍ പാസ്‌പോര്‍ട്ട് ഉണ്ടാക്കിക്കൊടുത്ത കൊപ്പല്‍ അബ്ദുല്ലയെക്കുറിച്ചും പറയും. ടി. ഉബൈദിനെക്കുറിച്ചു പറയുമ്പോള്‍ കെ.എം അഹ്മദ് ഇവിടെ പടര്‍ത്തിയ സാംസ്‌കാരിക സുഗന്ധത്തെക്കുറിച്ച് പറയും. വടക്കിന്റെ നന്മയാകെ ഇവിടെ നിറഞ്ഞു നില്‍ക്കുന്നുവെന്ന് പറയും. ഒരിക്കല്‍ തലശ്ശേരിയില്‍ ഒ. അബു അനുസ്മരണത്തിനും നിറം കുറഞ്ഞപ്പോള്‍ കുഞ്ഞിമ്മൂസ കാസര്‍കോട്ടേക്ക് വിരല്‍ചൂണ്ടി പറഞ്ഞുവത്രെ. ‘നിങ്ങള്‍ അങ്ങോട്ട് നോക്കു. കാസര്‍കോട്ടേക്ക്. അവരെങ്ങനെയാണ് നാലര പതിറ്റാണ്ടിന് ശേഷവും ഉബൈദിനെ അനുസ്മരിക്കുന്നതെന്ന്’.
കാസര്‍കോടിന്റെ ഭൂമികയില്‍ രാഷ്ട്രീയമായി മാത്രമല്ല, സാമൂഹികമായും ചരിത്രത്തോടൊപ്പം നടന്ന, പലരും മറന്നുപോയ വ്യക്തികള്‍ മനസ്സില്‍ പച്ചപിടിച്ചു നിന്നു. ചിലപ്പോള്‍ എ.ആര്‍ കരിപ്പൊടിയെ നിങ്ങള്‍ക്കെന്തേ മറന്നു പോയതെന്ന് ചോദിക്കും. എല്ലാവരെക്കുറിച്ചും കുഞ്ഞിമ്മൂസക്കറിയാമായിരുന്നു. കാസര്‍കോട്ടുകാരറിയുന്നതിലുമധികം.
എന്‍.എ സുലൈമാന്റെ പേരിലുള്ള അവാര്‍ഡ് കെ.പി കുഞ്ഞിമ്മൂസക്ക് നല്‍കിയപ്പോള്‍ സംഘാടകര്‍ അവാര്‍ഡ് ജേതാവിനെ ഞാന്‍ പരിചയപ്പെടുത്തണമെന്ന് പറഞ്ഞു. പരിചയപ്പെടുത്തലിന്റെ അവസാനത്തില്‍ എന്റെ നാവില്‍ വന്നത് എം. മുകുന്ദന്റെ ‘പ്രഭാതം മുതല്‍ പ്രഭാതം വരെ’ എന്ന കഥയായിരുന്നു. ആ കഥയിലൊരു നാണ്വായരുണ്ട്. പേരില്ലാത്ത കഥാനായകന് എല്ലാം പരിചയപ്പെടുത്തിക്കൊടുക്കും. പ്ലാവ്, മാവ്, തെങ്ങ് എന്തിനധികം? സ്വന്തം അമ്മ, ഭാര്യ ചന്ദ്രിക എല്ലാം… അവസാനം തന്റെ ദൗത്യം കഴിഞ്ഞു നാണ്വായര്‍ പടിയിറങ്ങുമ്പോള്‍ കഥയിലെ നായകന്‍ ഒരു ചോദ്യം ചോദിക്കുന്നുണ്ട്.
അപ്പോള്‍ ഞാനാരാ നാണ്വായരെ?
എന്ന്
അവസാനം എനിക്ക് ചിലപ്പോള്‍ ചോദിക്കേണ്ടി വരും. അപ്പോള്‍ ഞാനാരാടാ കുഞ്ഞിമ്മൂസെ എന്ന് പറഞ്ഞാണ് ഞാനവസാനിപ്പിച്ചത്. ഇനി എനിക്കാ ചോദ്യം കുഞ്ഞിമ്മൂസയോട് ചോദിക്കേണ്ടി വരില്ല.
സ്‌നേഹമായിരുന്നു കുഞ്ഞിമ്മൂസയുടെ സമ്പാദ്യം. ഒന്നിച്ചു ജോലി ചെയ്ത കാലത്തും അങ്ങനെയൊരു ലോകത്തെക്കുറിച്ചുള്ള ഓര്‍മ്മകളെ മനസ്സില്‍ വരുന്നുള്ളു. മറ്റുള്ളവരെ സഹായിക്കുക. ഓഫ് സെറ്റ് അച്ചടിയൊക്കെ വരുന്നതിന് മുമ്പ് ഫയല്‍ ബ്ലോക്കുകള്‍ തപ്പിയെടുത്ത് അതിനെ കട്ട് ചെയ്തു പുതിയ ബ്ലോക്കാക്കി മാറ്റുന്ന ജാലവിദ്യ പുള്ളിക്കാരന് സ്വന്തമായിരുന്നു. ചിലപ്പോള്‍ എം.ഇ.എസ് ഹോസ്റ്റലില്‍ വരും. വന്നാല്‍ വെറുതെയിരിക്കില്ല. എല്ലാം വാരിവലിച്ചിടും. ഞാനൊരു സാധാരണ പേന കൊടുത്താല്‍ അത് കാണുന്നവരോടൊക്കെ പറയും. തെളിഞ്ഞ ഒരു തടാകം പോലെയായിരുന്നു ആ മനസ്സ്. സ്ഫടിക സമാനം. പുറമെ നിന്ന് നോക്കിയാല്‍ തന്നെ ഉള്ളുകാണും.
പറയാന്‍ ബാക്കിവെച്ച എന്തൊക്കെയോ കുഞ്ഞിമ്മൂസയുടെ മനസ്സില്‍ ബാക്കിയുണ്ടായിരുന്നു. യഹ്‌യാ തളങ്കരയോട് എന്തോ പറയാനുണ്ടെന്ന് പറഞ്ഞു. മജീദ് തളങ്കരയുടെ സ്മരണികയുടെ കാര്യം പറഞ്ഞു. ഖാദര്‍ തെരുവത്ത് കുറച്ചു പൈസ മജീദ് സ്മരണക്ക് വേണ്ടി അയച്ച് തന്നിട്ടുണ്ടെന്ന് പറഞ്ഞു. ബാഫഖി തങ്ങള്‍ സ്മരണികയുടെ പുതിയ എഡിഷന്‍ കുറേ കിട്ടിയിട്ടുണ്ടെന്ന് പറഞ്ഞു. ടി.ഇ അബ്ദുല്ലയെ കണ്ടില്ലലോ കാണണമെന്ന് പറഞ്ഞു. ഡോ. എം.കെ കുമ്പളയുടെ പഴയകാല കഥകള്‍ കുരുക്കഴിച്ചു. ഹമീദലി ഷംനാടിന്റെ മരുമകന്‍ വിളിച്ചിരുന്നെന്നും ഒരു സ്മരണികയുടെ കാര്യം പറഞ്ഞിരുന്നുവെന്നും പറഞ്ഞു. ഇന്നും നിലനില്‍ക്കുന്ന ബ്രണ്ണന്‍ കോളേജിന്റെ കൂട്ടായ്മയെക്കുറിച്ചും പറഞ്ഞു. മുസ്ലിം ലീഗും അഖിലേന്ത്യാലീഗും തമ്മില്‍ പോരടിച്ചു നിന്ന കാലത്തും ഉലയാത്ത ബന്ധങ്ങളെക്കുറിച്ച് പറഞ്ഞു. ടി.എ ഷാഫിയുടെ പുസ്തകം ഒരു മഹാ സംഭവമാണെന്ന് പറഞ്ഞു. ഓര്‍മ്മകളില്‍ നിന്ന് ഇനിയും പലതും തപ്പിയെടുക്കാനുണ്ടെന്നും കാസര്‍കോടിന്റെ ഒരു ഗദകാല ചരിത്രമുണ്ടാവണമെന്നും അത് വരും തലമുറക്ക് പുസ്തകമായിരിക്കുമെന്നും പറഞ്ഞു. എന്നോട് കോഴിക്കോടന്‍ ഓര്‍മ്മകള്‍ എഴുതണമെന്നും അത് ‘മൈത്രി’പ്രസിദ്ധീകരിക്കുമെന്നും പറഞ്ഞു…പിന്നെയും പലതും പലതും പറഞ്ഞു.
കുഞ്ഞിമ്മൂസ വിട പറയുന്നതിന് രണ്ട് ദിവസം മുമ്പ് വെള്ളിയാഴ്ച വൈകിട്ട് എന്നെ വിളിച്ചിരുന്നു. കണ്ണിന് നല്ല വേദനയുണ്ടെന്ന് പറഞ്ഞു. സഹിക്കാവുന്നതിലപ്പുറമാണെന്ന് പറഞ്ഞപ്പോള്‍ മനസ്സ് വേദനിച്ചു. ഭാര്യയുടെ പരിചരണത്തെക്കുറിച്ചും മറ്റാരെയും അടുപ്പിക്കുന്നില്ലെന്നും പറഞ്ഞു. ആ വാക്കുകളില്‍ നോവുണ്ടായിരുന്നു.
ഞാന്‍ റെസ്റ്റെടുക്കാനും സുഖമായിട്ട് വിശദമായി സംസാരിക്കാമെന്നും പറഞ്ഞു.
അറിഞ്ഞില്ല കുഞ്ഞിമ്മൂസെ അവസാനനാളുകളില്‍ താങ്കള്‍ ആളിക്കത്തിയത് അണയാന്‍വേണ്ടിയായിരുന്നുവെന്ന്.
ഇപ്പോള്‍ തോന്നുന്നു മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കുന്ന ജീവിതമാണ് യഥാര്‍ത്ഥജീവിതമെന്ന്.
പണ്ട് ടി. ഉബൈദിന്റെ ഖബറിന് മുന്നില്‍ നിന്ന് മഹാകവി പി. കുഞ്ഞിരാമന്‍ നായര്‍ പറഞ്ഞിട്ടുണ്ട് ‘ഇതാ കുറേ ദരിദ്രര്‍ക്കിടയില്‍ ഒരു സമ്പന്നന്‍ കിടക്കുന്നു’വെന്ന്.
കുഞ്ഞിമ്മൂസയെക്കുറിച്ചും അതു തന്നെ പറയട്ടെ. പലതും നേടിയെന്ന് കരുതുന്നവര്‍ക്കിടയില്‍ ഇതാ ഇവിടെ എല്ലാം നേടിയ ഒരാള്‍ കിടക്കുന്നു.
കണ്‍കോണില്‍ കിടന്നു പിടക്കുന്ന ഒരു തുള്ളി കണ്ണുനീര്‍ ഞാന്‍ തുടക്കുന്നില്ല