രാവിലെ മുതല്‍ക്ക് തന്നെ നാസര്‍ ഹസന്‍ അന്‍വറിന്റെ ആരോഗ്യ നിലയെക്കുറിച്ച് സങ്കടപ്പെടുത്തുന്ന വിവരങ്ങള്‍ ലഭിച്ചുകൊണ്ടിരുന്നു. എങ്കിലും ആശങ്കകളെ തട്ടിമാറ്റി അദ്ദേഹം തിരിച്ചുവരും എന്ന പ്രതീക്ഷ തന്നെയായിരുന്നു മനസ്സില്‍. 12.15 ഓടെ ഷുക്കൂര്‍ കോളിക്കരയുടേയും ഷരീഫ് കാപ്പിലിന്റെയും ഫോണ്‍ കോള്‍. ‘അനൂച്ച മരിച്ചു’.
നിഴല്‍പോലെ എന്നും കൂടെയുണ്ടായിരുന്ന കുടുംബാംഗങ്ങളെയും എണ്ണിയൊലാടുങ്ങാത്ത സുഹൃത്തുക്കളേയും ദുഃഖത്തിലാഴ്ത്തി അനൂച്ചയുടെ വേര്‍പാട്. അനൂച്ചയുടെ സൗഹൃദക്കൂട്ടങ്ങളില്‍ പലരും എന്റെയും സുഹൃത്തുക്കളായിരുന്നെങ്കിലും എന്റെ പിതാവ് കെ.എം അഹ്മദ് മാഷിന്റെ പ്രിയപ്പെട്ട കൂട്ടുകാരന്‍ എന്ന നിലയിലാണ് അദ്ദേഹം മനസ്സില്‍ ആദരവിന്റെ ചിത്രം വരക്കുന്നത്.
കാസര്‍കോടിന്റെ സാംസ്‌കാരിക മനസ്സിന് കുളിമ പകര്‍ന്ന സ്‌കിന്നേര്‍സിന്റെ സ്ഥാപകരിലൊരാള്‍, കേരളത്തില്‍ സാറ്റലൈറ്റ് വിപ്ലവത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ തന്നെ അതിന്റെ സാധ്യതകള്‍ തിരിച്ചറിഞ്ഞ് കേബിള്‍ ടി.വി രംഗത്തേക്ക് കടന്നുവന്ന സംരംഭകന്‍, അസംഘടിതരായി കിടന്നിരുന്ന കേബിള്‍ ടി.വി ഓപ്പറേറ്റര്‍മാരെ സി.ഒ.എ എന്ന കൊടിക്കീഴില്‍ അണിനിരത്തി ആ മേഖലയെ വളര്‍ത്തുന്നതിന് മുന്‍നിരയില്‍ നടന്നൊരാള്‍, സാറ്റലൈറ്റ് ചാനലുകളോട് കിടപിടിക്കുന്ന കേരളവിഷന്‍ എന്ന ചാനലിന്റെ അമരക്കാരന്‍, സൗഹൃദങ്ങളെ ഒരുതരം മാസ്മരികതയോടെ തന്നിലേക്ക് അടുപ്പിച്ച് നിര്‍ത്തിയ പ്രഭാകേന്ദ്രം… അനൂച്ചയെ ഓര്‍ക്കുമ്പോള്‍ ധന്യ ജീവിതചിത്രം മനസില്‍ ഓടിവരുന്നു.
അദ്ദേഹത്തെ ഒടുവില്‍ കണ്ടത് ഏപ്രില്‍ 16ന് മംഗലാപുരം ടി.എം.എ. പൈ ഹാളില്‍ നടന്ന ജലീല്‍ തളങ്കരയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയപ്പോഴാണ്. ഷുക്കൂര്‍ കോളിക്കര ഹാളിന്റെ മുന്നില്‍ നിന്ന് സ്വീകരിച്ച് മുകളിലെ ഹാളില്‍ അനൂച്ചയുണ്ടെന്ന് പറഞ്ഞു. ഹാളിലെത്തി കണ്ണോടിച്ചെങ്കിലും അനൂച്ചയെ കണ്ടെത്തിയില്ല. ഒടുവില്‍ കൂടെയുണ്ടായിരുന്ന സുഹൃത്തിനൊപ്പം ഭക്ഷണം കഴിക്കാനിരുന്നപ്പോള്‍ സ്വതഃസിദ്ധമായ പുഞ്ചിരിയുമായി അനൂച്ച ദൂരെനിന്ന് കൈവീശിക്കാണിച്ചു. ഭക്ഷണം കഴിച്ചിട്ട് സംസാരിക്കാമെന്ന് ആംഗ്യവും. ഭക്ഷണം കഴിഞ്ഞ് അടുത്തെത്തിയപ്പോള്‍ ഏറെ ക്ഷീണിച്ചതായി തോന്നി. ഒപ്പമുണ്ടായിരുന്ന ഷരീഫ് കാപ്പില്‍ അതേക്കുറിച്ച് ചോദിച്ചപ്പോള്‍ ‘രാവിലെ നേരെയുണ്ടായിരുന്നു. ഇപ്പോള്‍ മൂഡ് മാറി’യെന്ന് ചിരിച്ചുകൊണ്ട് പറഞ്ഞപ്പോള്‍ എല്ലാവരും ആ ചിരിയിലമര്‍ന്നു. ആരോഗ്യപ്രശ്‌നങ്ങളുള്ളപ്പോള്‍ വീണ്ടും കേബിള്‍ ഓപ്പറേറ്റേര്‍സ് അസോസിയേഷന്റെ സംസ്ഥാന പദവി ഏറ്റെടുക്കേണ്ടിയിരുന്നോയെന്ന് ഒരു ബന്ധു ചോദിച്ചപ്പോള്‍ അത് ജീവിതത്തിന്റെ തന്നെയൊരു ഭാഗമല്ലേയെന്ന മറുചോദ്യമാണ് ഉണ്ടായത്. ദീര്‍ഘയാത്രയെങ്കിലും ഒഴിവാക്കണമെന്ന അടുത്ത ചോദ്യത്തിനും മറുപടി തഥൈവ. ‘നാളെ ബാംഗ്ലൂരിലേക്ക് പോവുകയാണ്. യാത്രകളെയും തിരക്കുകളെയും ഒഴിവാക്കിയിട്ടുള്ള ആരോഗ്യം എനിക്ക് വേണ്ട. ഇതൊക്കെ കഴിഞ്ഞുള്ള ആരോഗ്യം മതി’ യാതൊരു അര്‍ത്ഥശങ്കക്കുമിടയില്ലാതെ ആ ജീവിതത്തെ അടയാളപ്പെടുത്തുന്ന മറുപടി.
ആ തിരക്കുകളും യാത്രകളും നേടിത്തന്നെ സൗഹൃദങ്ങളെക്കുറിച്ച് കഴിഞ്ഞദിവസം മംഗളൂരു എ.ജെ. ആസ്പത്രിയിലെത്തിയപ്പോള്‍ കൂടുതല്‍ അറിഞ്ഞു. കേരളത്തിന്റെ അങ്ങോളമിങ്ങോളമായി പരന്നുകിടക്കുന്ന സുഹൃത്തുക്കള്‍ ഒരാഴ്ചയായി ആസ്പത്രിയില്‍ നിന്ന് മാറിയിട്ടില്ല.
പ്രിയപ്പെട്ട അന്‍വറിന്റെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിച്ചുകൊണ്ട് ഇമവെട്ടാതെ തപസ്സിരിക്കുന്നു. സന്തത സഹചാരിയായ ഷുക്കൂര്‍ കോളിക്കര ആസ്പത്രിയുടെ നാലുചുവരുകളുടെ പുറത്തേക്ക് പോലും മാറിയിട്ടില്ല. ബന്ധുക്കള്‍ വിദേശത്തുനിന്ന് പാഞ്ഞെത്തിയിരിക്കുന്നു. ഭാര്യയും മക്കളും ഉറ്റവരും അനൂച്ച കണ്ണുതുറന്ന് തങ്ങളെ വാരിപ്പുണരുമെന്ന പ്രതീക്ഷയില്‍ ഐ.സി.യുവിന്റെ ചില്ലിട്ട ജാലകത്തിന് കാവലിരിക്കുന്നു.
ഒടുവില്‍ ഇന്നുച്ചയോടെ വേര്‍പാടിന്റെ വാര്‍ത്ത കേട്ടപ്പോള്‍ പ്രായഭേദമന്യേ ആളുകള്‍ തേങ്ങിക്കരഞ്ഞു. അനൂച്ച അവര്‍ക്ക് അത്രമാത്രം പ്രിയപ്പെട്ടവനായിരുന്നു. കുട്ടികള്‍ക്കൊപ്പം കുട്ടിയായിരുന്ന, സുഹൃത്തുക്കള്‍ക്ക് രസം പകരുന്ന തമാശക്കാരനായിരുന്ന, സംഘടനാ രംഗത്ത് കര്‍ക്കശക്കാരനായിരുന്ന, ഒപ്പമുള്ളവര്‍ക്ക് നേതൃപാടവത്തിന്റെ പാഠം പകര്‍ന്ന, കുടുംബാംഗങ്ങളെ എന്നും കോരിയെടുത്ത് സ്‌നേഹം പകര്‍ന്ന നാസര്‍ ഹസന്‍ അന്‍വര്‍ ഇനി ഓര്‍മ്മ മാത്രം. മഗ്ഫിറത്തിനായി പ്രാര്‍ത്ഥിക്കുന്നു…