ഇന്നലെ രാവിലെ പത്രത്തിന്റെ അണിയറ ജോലിക്കിടയില്‍ ഒന്നാം പേജിന്റെ ലേഔട്ടിലൂടെ കണ്ണോടിച്ചപ്പോഴാണ് ഞെട്ടലോടെ ആ വാര്‍ത്ത കണ്ണിലുടക്കിയത്. ‘തോപ്പില്‍ മുഹമ്മദ് മീരാന്‍ അന്തരിച്ചു’. അതിന് മുമ്പേ ടി.എ ഷാഫി മരണ വിവരം എന്റെ വാട്‌സാപ്പിലേക്ക് അയച്ചിരുന്നുവെങ്കിലും ശ്രദ്ധയില്‍പെട്ടിരുന്നില്ല. വാര്‍ത്ത വായിച്ചുകൊണ്ടിരുന്നപ്പോള്‍ മനസ്സ് നേരെ പോയത് 2010 ഡിസംബര്‍ 15ന്റെ പകലിലേക്കായിരുന്നു. അഹ്മദ് മാഷിനെ അസുഖബാധിതനായി കിംസ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ച ദിവസം. ആസ്പത്രിയിലെ ഒഴിഞ്ഞ കോണില്‍ ആശങ്കയോടെ നില്‍ക്കുമ്പോള്‍ ഒരു ഫോണ്‍ കോള്‍. ‘ഞാന്‍ തോപ്പില്‍ മുഹമ്മദ് മീരാന്‍. അഹ്മദിനെ ഫോണില്‍ കിട്ടുന്നില്ല. ഇന്നലെ മൊഗ്രാലില്‍ ഒരു പരിപാടിക്കിടെ കണ്ടപ്പോള്‍ ഇന്ന് കാണണമെന്ന് പറഞ്ഞിരുന്നു’.
അസുഖ വിവരം പറഞ്ഞപ്പോള്‍ ഒരു നിമിഷം സ്തബ്ധനായ അദ്ദേഹം തലേ ദിവസം അഹ്മദ് പരിപാടിക്കിടയില്‍ നിന്ന് നാളെ കാണാമെന്ന് പറഞ്ഞ് കൈവീശി നടന്നുപോവുമ്പോള്‍ അവശനായിരുന്നുവെന്ന് പറഞ്ഞു. പിറ്റേ ദിവസം തിരുനെല്‍വേലിയിലെ വീട്ടിലെത്തി ഒരു കവിള്‍ വെള്ളം കുടിക്കുന്നതിനിടയില്‍ അഹ്മദിന്റെ മരണവാര്‍ത്ത റഹ്മാന്‍ തായലങ്ങാടി വിളിച്ചുപറഞ്ഞപ്പോള്‍ ഹൃദയംപൊട്ടുന്ന വേദനയായിരുന്നുവെന്ന് കാസര്‍കോട് പ്രസ്‌ക്ലബ്ബിന്റെയും സാഹിത്യവേദിയുടേയും അഹ്മദ് അനുസ്മരണ ചടങ്ങില്‍ പറഞ്ഞിരുന്നു.
കാസര്‍കോടുമായി അത്രമേല്‍ ഹൃദയബന്ധം പുലര്‍ത്തിയിരുന്ന ഒരാള്‍ കൂടി കാലയവനികക്കുള്ളില്‍ മറഞ്ഞിരിക്കുകയാണ്. എഴുത്തുകാരനും പത്രപ്രവര്‍ത്തകനും പ്രഭാഷകനുമായിരുന്ന കെ.പി കുഞ്ഞിമ്മൂസ വിട പറഞ്ഞതിന്റെ ആഘാതം വിട്ടുമാറുംമുമ്പേ തോപ്പില്‍ മീരാന്‍ സാഹിബും യാത്രയായി.
തമിഴുമായാണ് കൂടുതല്‍ സമ്പര്‍ക്കമെന്നതിനാല്‍ മലയാളത്തില്‍ സംസാരിക്കുമ്പോള്‍ പിഴവുണ്ടെങ്കില്‍ ക്ഷമിക്കണമെന്ന ആമുഖത്തോടെയാണ് കാസര്‍കോട്ടെ സദസ്സുകളില്‍ സംസാരിക്കുക. എങ്കിലും ഭാഷാ ഭേദങ്ങള്‍ക്കപ്പുറം ഹൃദയത്തിന്റെ ഭാഷയിലായിരുന്നു അദ്ദേഹം സംസാരിച്ചിരുന്നത്.
ജീവിതത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ആഖ്യാനങ്ങളാണ് സാഹിത്യ ലോകത്ത് തോപ്പില്‍ മുഹമ്മദ് മീരാനെ ശ്രദ്ധേയനാക്കിയത്. താന്‍ ജീവിച്ചുവളര്‍ന്ന കന്യാകുമാരി ജില്ലയിലെ ‘തേങ്ങാപട്ടണ’ത്തെ കടലോര നിവാസികളുടെ ജീവിതവും സംസ്‌കാരവും കഥകളില്‍ ആവിഷ്‌ക്കരിച്ചാണ് സാഹിത്യ ലോകത്ത് തോപ്പില്‍ മീരാന്‍ ശ്രദ്ധേയനായത്. കേരളതമിഴ്‌നാട് അതിര്‍ത്തി പ്രദേശത്താണ് ജീവിച്ചതെന്നതിനാല്‍ തമിഴ്‌കേരള ജനതയുടെ ജീവിത പരിസരങ്ങളുടെ അടയാളപ്പെടുത്തലായി അദ്ദേഹത്തിന്റെ എഴുത്തുകളെ കാണാം. 1988ല്‍ പുറത്തിറങ്ങിയ ആദ്യ നോവലായ ‘ഒരു കടലോര കിരാമത്തിന്‍ കഥൈ’ (ഒരു കടലോര ഗ്രാമത്തിന്റെ കഥ) തിരുവിതാംകൂറിലെ ജന്മിത്ത സമ്പ്രദായം ഇതിവൃത്തമാക്കിയുള്ളതാണ്. സ്വേച്ഛാധിപത്യത്തിനെതിരെ ജനങ്ങളുടെ പോരാട്ടങ്ങളെകുറിച്ചും ചെറിയൊരു ഗ്രാമത്തില്‍ പോലും അതിന്റെ അനുരണനങ്ങള്‍ എങ്ങനെ പ്രതിഫലിച്ചുവെന്നും വരച്ചുകാട്ടി. മുസ്ലിം ഭൂരിപക്ഷമുണ്ടായിരുന്ന തേങ്ങാപട്ടണത്ത് സമ്പത്തിന്റെയും ജീവിതസാഹചര്യങ്ങളുടേയും അടിസ്ഥാനത്തില്‍ പ്രബലരും അടിച്ചമര്‍ത്തപ്പെട്ടവരുമുണ്ടായിരുന്നുവെന്നും തോപ്പ് എന്ന് വിളിച്ചിരുന്ന കീഴാളന്മാരുടെ ചെറുത്തുനില്‍പ്പും നാടുവാഴി വ്യവസ്ഥിതിയുടെ തകര്‍ച്ചയുമാണ് ആദ്യ നോവലില്‍ അദ്ദേഹം വിഷയമാക്കിയത്. തോപ്പ് എന്ന വിഭാഗത്തിലായിരുന്നു അദ്ദേഹം. ആഖ്യാനത്തിലെ സത്യസന്ധതയും ജീവിത ഗന്ധിയായ പശ്ചാത്തലവുമാണ് സാഹിത്യ ലോകത്ത് ഇരിപ്പിടം നേടിക്കൊടുത്തത്.
മലയാളത്തില്‍ എഴുതിതുടങ്ങി തമിഴില്‍ ചിരപ്രതിഷ്ഠ നേടിയ എഴുത്തുകാരന്‍ കൂടിയാണ് അദ്ദേഹം. അതേകുറിച്ച് അദ്ദേഹം പറഞ്ഞതിങ്ങനെ: മാതൃഭാഷ തമിഴാണെങ്കിലും തിരുവനന്തപുരത്തിനടുത്തായതിനാല്‍ മലയാളം സ്‌കൂളിലാണ് പഠിച്ചത്. എഴുതി തുടങ്ങിയതും മലയാളത്തില്‍. പക്ഷെ തമിഴ് ജനതയുടെ ജീവിതാവിഷ്‌ക്കാരമായിരുന്നു തന്റെ കഥകളെന്നതിനാല്‍ മലയാളത്തില്‍ എഴുതുമ്പോള്‍ മനസ്സിലുള്ള കാര്യങ്ങള്‍ കടലാസിലേക്ക് വന്നിരുന്നില്ല. അങ്ങനെ മലയാളത്തിലെഴുതിയത് തമിഴിലേക്ക് പരിഭാഷപ്പെടുത്തി നോക്കി. അങ്ങനെയാണ് തമിഴാണ് മനസ്സിനോട് കൂടുതല്‍ സംവദിക്കുന്നതെന്ന് മനസ്സിലാക്കിയതും തമിഴില്‍ എഴുത്ത് തുടര്‍ന്നതുംഒരു കൂടിക്കാഴ്ചയില്‍ അദ്ദേഹം പറഞ്ഞു. പില്‍ക്കാലത്ത് മൊഴി മാറ്റങ്ങളിലൂടെ മലയാളം തന്നെ സ്വീകരിച്ചതിലും അദ്ദേഹം ഏറെ സന്തോഷിച്ചിരുന്നു. എന്‍.പി മുഹമ്മദിന്റെ ദൈവത്തിന്റെ കണ്ണ്, യു.എ ഖാദറിന്റെ തൃക്കോട്ടൂര്‍ കഥകള്‍ എന്നിവ അവയില്‍ ചിലത്. ‘സായ്‌വു നാര്‍ക്കോലി’ ചാരുകസേര എന്ന പേരില്‍ കലാകൗമുദിയില്‍ പ്രസിദ്ധീകരിച്ചിരുന്നു.
എഴുത്തിലെന്ന പോലെ ജീവിതത്തിലും തന്റെ നിലപാടുകള്‍ ഉറക്കെ വിളിച്ചുപറയാന്‍ അദ്ദേഹം മടി കാണിച്ചില്ല. മത പൗരോഹിത്യത്തിന്റെ പൊള്ളത്തരങ്ങള്‍ തന്റെ കഥകളില്‍ വിഷയമാക്കി. പുരുഷ മേല്‍ക്കോയ്മയുടെ ഇരകളാക്കപ്പെടുന്ന മുസ്ലിം സ്ത്രീകളുടെ ദുരിതങ്ങളും അദ്ദേഹം പ്രമേയമാക്കി. കൂനന്‍ തോപ്പില്‍ എന്ന നോവലില്‍ തന്റെ പ്രദേശത്തെ മുസ്ലിംക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയിലെ ലഹളയായിരുന്നു വിഷയം.
വിവിധ കാലഘട്ടങ്ങളിലെ സാമൂഹിക പരിവര്‍ത്തനങ്ങളും മീരാന്‍ കഥകളില്‍ കെട്ടുപിണഞ്ഞുകിടക്കുന്നു.
മോയിന്‍കുട്ടി വൈദ്യരുടെ ഹുസ്‌നുല്‍ ജമാലിന്റെ സാരാംശമുള്‍ക്കൊള്ളുന്ന കൃതിയും അദ്ദേഹം രചിച്ചു. മാപ്പിളപ്പാട്ടിനോടുള്ള താല്‍പര്യമാണ് കെ.എം അഹ്മദുമായി തന്നെ അടുപ്പിച്ചതെന്ന് അദ്ദേഹം പറയുമായിരുന്നു. എം.എന്‍ കാരശ്ശേരിയാണ് അതിന് നിമിത്തമായത്. മുഹ്‌യദ്ദീന്‍മാല തമിഴ് മലയാളികള്‍ക്കിടയില്‍ വരുത്തിയ സ്വാധീനത്തെ കുറിച്ച് നല്ലൊരു ലേഖനം അഹ്മദിന് അയച്ചുകൊടുക്കണമെന്ന് കാരശ്ശേരി പറഞ്ഞു. അത് അഹ്മദ് നന്നായി പ്രസിദ്ധീകരിച്ചുവെന്നും അതിലൂടെ തുടങ്ങിയ സൗഹൃദം ആത്മബന്ധമായി മാറുകയായിരുന്നുവെന്നും ഉത്തരദേശം ഓഫീസ് സന്ദര്‍ശിച്ച വേളയില്‍ ഒരിക്കല്‍ പറഞ്ഞു.
ദേളി സഅദിയ്യയിലെ ഒരു സെമിനാറില്‍ പങ്കെടുക്കാന്‍ വന്നപ്പോള്‍ താനുണ്ടെന്നറിഞ്ഞ് അഹ്മദ് അവിടേക്ക് ഓടിയെത്തിയതും ആദ്യം സദസ്സിന്റെ ഒരു കോണിലിരുന്നതും പിന്നീട് സംഘാടകര്‍ വേദിയിലേക്ക് കൊണ്ടുവന്നതടക്കം അഹ്മദ് മാഷെക്കുറിച്ചു പറയുമ്പോഴെല്ലാം അദ്ദേഹം ഏറെ വാചാലനാവും. പത്രപ്രവര്‍ത്തകന്‍ റഹ്മാന്‍ തായലങ്ങാടി, കവി പി.എസ് ഹമീദ്, അന്തരിച്ച തനിമ അബ്ദുല്ല തുടങ്ങിയവരടക്കമുള്ളവരായും അദ്ദേഹം അടുത്ത വ്യക്തിബന്ധം സൂക്ഷിച്ചിരുന്നു. തിരുനെല്‍വേലിയിലെ ഒരു ഹോള്‍സെയില്‍ മുളക് വ്യാപാരിയില്‍ നിന്ന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌ക്കാരമടക്കം തന്റെ നെഞ്ചോട് ചേര്‍ത്ത എഴുത്തുകാരനായി വളര്‍ന്നപ്പോഴും കഥകളില്‍ അദ്ദേഹം ഉള്‍ച്ചേര്‍ത്ത സാധാരണക്കാരായ ജനങ്ങളുടെ നിഷ്‌കളങ്കതയും വിശുദ്ധിയും സ്വന്തം ജീവിതത്തിലും എന്നും കാത്തുസൂക്ഷിച്ചിരുന്നു. വ്യാപാരിയില്‍ നിന്ന് നോവലിസ്റ്റിലേക്കുള്ള പ്രയാണത്തെ കുറിച്ച് ചോദിക്കുമ്പോള്‍ ഒന്ന് ജീവിതവൃത്തിക്കും മറ്റേത് ആത്മസംതൃപ്തിക്കുമെന്ന് മടിയില്ലാതെ പറയാന്‍ കഴിയുന്നതും ആ സാധാരണത്വം കൊണ്ട് തന്നെയാണ്.
അദ്ദേഹത്തിന്റെ ദീപ്തമായ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ പ്രണാമം.