ബഹുമുഖ മേഖലകളില്‍ പ്രതിഭയുടെ തിളക്കം ചാര്‍ത്തിയ പ്രൊഫ. പി.സി.എം. കുഞ്ഞിയുടെ സൗമ്യസാന്നിധ്യം, അദ്ദേഹത്തിന്റെ വീട്ടുപേരായ ‘സെഫയര്‍’ അന്വര്‍ത്ഥമാക്കുന്നതുപോലെ കാസര്‍കോടിന്റെയും ദക്ഷിണ കര്‍ണാടകയിലെയും സാമൂഹ്യ പരിസരങ്ങളില്‍ വീശിയ ഇളം തെന്നലായിരുന്നു. കര്‍മ്മ മണ്ഡലങ്ങളിലെ അദ്ദേഹത്തിന്റെ അതുല്യ നേട്ടങ്ങള്‍ സാര്‍ത്ഥകമായ ആ ജീവിതത്തെ അടയാളപ്പെടുത്തുന്നു. അതോടൊപ്പം ബന്ധങ്ങളുടെ ഇഴയടുപ്പം കാത്തുസൂക്ഷിക്കാന്‍ മുന്നില്‍ നിന്ന വ്യക്തി എന്ന നിലയിലും സമൂഹത്തിന്റെ ആദരവ് നേടി. കുടുംബബന്ധങ്ങളിലെന്ന പോലെ ഔദ്യോഗിക രംഗത്തും പി.സി.എമ്മിന്റെ നിര്‍മ്മമായ സ്‌നേഹസാന്നിധ്യം സൗഹൃദങ്ങളുടെ തണല്‍ വിരിച്ചിരുന്നു.
തറവാട് മഹിമയുടെ താവഴികള്‍ വിളക്കിച്ചേര്‍ത്ത് രൂപീകരിച്ച ചെമ്മനാട് മാഹിങ്ക തറവാട് ഫൗണ്ടേഷന്റെ മുന്നണി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ബന്ധങ്ങളുടെ ഊഷ്മളത നിലനിര്‍ത്താന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. വിവാഹബന്ധം വഴി മാഹിങ്ക തറവാട്ടിലെ ഒരംഗമായി ഈയുളളവനും കണ്ണിചേര്‍ന്നപ്പോള്‍ പി.സി.എമ്മിന്റെ സ്‌നേഹവാത്സല്യം നുകരാനുള്ള അവസരം കൂടി ഒത്തുവരികയായിരുന്നു.
വിദ്യാഭ്യാസരംഗത്തും കായികരംഗത്തും ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ വ്യക്തിയെന്ന നിലയില്‍ നേരത്തെ അദ്ദേഹത്തെക്കുറിച്ചറിഞ്ഞിരുന്നുവെങ്കിലും ആദരവിന്റേതായ ഒരു അകലമുണ്ടായിരുന്നു. അടുത്ത് പരിചയപ്പെട്ടപ്പോള്‍ എളിമയുടെ ആള്‍രൂപമായി അദ്ദേഹം മനസില്‍ സ്ഥാനം പിടിക്കുകയായിരുന്നു.
പി.സി.എമ്മിനെ ഒറ്റക്ക് ഒരിടത്തും കണ്ടിരുന്നില്ല. അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവരുടെ ഒരു പ്രഭാവലയം എന്നും ചുറ്റുമുണ്ടായിരുന്നു. സുഹൃത്തുക്കളും കുടുംബാംഗങ്ങളും നാട്ടുകാരും അതില്‍ കണ്ണിചേരുന്നതില്‍ ആഹ്ലാദം കൊണ്ടു.
എന്റെ പിതാവ് കെ.എം. അഹ്മദ് മാഷോടുള്ള സ്‌നേഹബന്ധത്തിന്റെ തുടര്‍ച്ച എന്നിലേക്കും ചൊരിയാന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ജെ.സി.ഐ. കാസര്‍കോടിന്റെ പ്രസിഡണ്ടായി ജനുവരി 6ന് സ്ഥാനമേറ്റെടുത്തപ്പോള്‍ അനുഗ്രഹാശിസ്സുകളുമായി അദ്ദേഹത്തിന്റെ സന്ദേശമെത്തിയിരുന്നു.
ജെ.സി.ഐയുടെ പ്രവര്‍ത്തനങ്ങള്‍ സാകൂതം വീക്ഷിക്കുന്ന വ്യക്തി എന്ന നിലയില്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ എല്ലാ കാലത്തും അദ്ദേഹം മുന്നിലുണ്ടായിരുന്നു.
യേനപ്പോയ യൂണിവേര്‍സിറ്റിയുടെ അക്കാദമിക് ആന്റ് അഡ്മിസ്‌ട്രേഷന്‍ ഡയരക്ടര്‍ എന്ന നിലയിലുള്ള സ്ഥാനത്തിരുന്ന് സേവനത്തിന്റെ കയ്യൊപ്പ് ചാര്‍ത്താനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
പഠനത്തില്‍ മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് യേനപ്പോയ ട്രസ്റ്റ് നല്‍കുന്ന വിദ്യാഭ്യാസ സഹായ പദ്ധതികള്‍ കാസര്‍കോട്ടെ കുട്ടികള്‍ക്ക് ലഭ്യമാക്കാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു.
കഴിഞ്ഞവര്‍ഷം കാസര്‍കോട്ട് നടന്ന മാഹിങ്ക തറവാട് സംഗമത്തില്‍ ട്രസ്റ്റ് അംഗമായി ഈയുള്ളവന്‍ കടന്നുവന്നപ്പോള്‍ സന്തോഷത്തോടെയാണ് അദ്ദേഹം സ്വീകരിച്ചത്. ഏറ്റവുമൊടുവില്‍ കണ്ടത് ജനുവരി 26ന് ദേര്‍ളക്കട്ടയിലെ ഡോ. ടി.പി. അഹ്മദലി തെക്കിലിന്റെ വസതിയായ ‘കൈരളിഗെ’യില്‍ നടന്ന കുടുംബ സംഗമത്തിലാണ്. വേദിയില്‍ നിറഞ്ഞുനിന്ന അദ്ദേഹം മടങ്ങാന്‍ നേരം കൈപിടിച്ചുകുലുക്കി ജെ.സി.ഐ. പ്രസിഡണ്ടായതില്‍ നേരിട്ട് അഭിനന്ദനം അറിയിക്കുകയും അഹ്മദ് മാഷുമായുള്ള ബന്ധം സ്മരിക്കുകയും ചെയ്തു.
ജെ.സി.ഐയുടെ ഒരു ചടങ്ങിലേക്ക് വരണമെന്ന് പറഞ്ഞപ്പോള്‍ സന്തോഷത്തോടെ ക്ഷണം സ്വീകരിക്കുകയായിരുന്നു. ഇന്നലെ രാത്രിയോടെ മൊബൈലില്‍ ലഭിച്ച വിയോഗവാര്‍ത്ത പകുതിയില്‍ മുറിഞ്ഞ പാട്ടുപോലെ മനസ്സില്‍ നൊമ്പരം പടര്‍ത്തുന്നു.