മാപ്പിളപ്പാട്ട് എന്ന് പറയുന്നത് ഇശലുകളാകുന്ന തേന്‍കനികളുടെ പൂന്തോട്ടമാണ്. കെസ്സ്, കൊമ്പ്, ഒപ്പന, ആരമ്പ, ഹഖാന, മുഹിബ്ബ്‌നൂര്‍ എന്നിങ്ങനെ നൂറില്‍പരം ഇശല്‍ക്കനികളാല്‍ സമ്പന്നമാണത്. ഇവയുടെ മധുരം നുണയാനും അത് മറ്റുള്ളവര്‍ക്ക് പകര്‍ന്ന് കൊടുക്കാനും പറന്നെത്തിയ പൂങ്കുയിലുകളില്‍ ഒന്ന് ഇക്കഴിഞ്ഞ മെയ് ആറിന്, പരിശുദ്ധ റമദാനിന്റെ തുടക്കത്തില്‍ തന്നെ കൂടൊഴിഞ്ഞ് പോയി.
എരഞ്ഞോളി മൂസക്ക എന്ന ഗായകന്‍ ഇപ്പോള്‍ പാടുന്നത് മറ്റൊരു ലോകത്താണ്. പക്ഷെ, ആ പൂങ്കുയില്‍ നാദം മാപ്പിളപ്പാട്ടിലെ മറ്റൊരു ഇശലായി ഇവിടെ ചുണ്ടുകളില്‍ നിന്നും ചുണ്ടുകളിലേക്ക്, ഹൃദയങ്ങളില്‍ നിന്നും ഹൃദയങ്ങളിലേക്ക് മരുഭൂമിയെ തണുപ്പിച്ച മിഹ്‌റാജ് രാവിലെ കാറ്റ് പോലെ പടരുകയാണിപ്പോള്‍…! അതെ, മൂസക്ക മാപ്പിളപ്പാട്ടിലെ മറ്റൊരു തേനിശലിന്റെ പര്യായമായിരിക്കുന്നു…!
എരഞ്ഞോളി മൂസക്കയുടെ വേര്‍പാടില്‍ മാപ്പിളപ്പാട്ടിന്റെ ലോകം മാത്രമല്ല മലയാളക്കര ഒന്നാകെ വിതുമ്പുകയാണ്. ഒരു കലാകാരന്‍ എന്ന നിലയില്‍ മൂസക്ക നേടിയെടുത്ത വലിയൊരു അംഗീകാരത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. ഇത് എങ്ങനെ സാധിച്ചു എന്ന് പഠിക്കുമ്പോഴാണ് മൂസക്ക ഒരു ഗായകന്‍ എന്നതിലുപരി മറ്റു പലതുമായിരുന്നു എന്നും ഒരുപാട് നന്മകള്‍ അദ്ദേഹം കൊണ്ട് നടന്നിരുന്നു എന്നും നാം തിരിച്ചറിയുന്നത്.
മൂസക്കയുടെ മനസ്സ് നന്മപ്പൂക്കള്‍ വിരിഞ്ഞ ഒരു മലര്‍വാടിയായിരുന്നു. അവിടെ പാട്ടും കളിയും ചിരിയും കനിവും സ്‌നേഹവും മാത്രമേ ഉണ്ടായിരുന്നുള്ളു. ആരോടും ഒരു പരാതിയോ, പരിഭവമോ, പിണക്കമോ, അസൂയയോ അങ്ങനെയുള്ള കയ്പ്പിന്റെയോ ഇരുട്ടിന്റെയോ ഒരു തരിമ്പും ആ മനസ്സില്‍ ഇടമുണ്ടായിരുന്നില്ല. എളിമയുടേയും സൗമ്യതയുടേയും നിറവായിരുന്നു മൂസക്ക. തന്നേക്കാളും ജൂനിയറായിട്ടുള്ള ആര്‍ട്ടിസ്റ്റുകളെ കൈപിടിച്ച് കൊണ്ട് വന്ന് തനിക്ക് മുന്നില്‍ നിറുത്തി അവര്‍ക്ക് ചിറക് വെച്ച് കൊടുത്ത് പ്രോത്സാഹനം നല്‍കി വളര്‍ത്തിയെടുക്കുന്നതില്‍ പ്രത്യേകം ശ്രദ്ധിച്ചു.
മൂസക്ക എന്നും ശരിപക്ഷത്ത് നിലയുറപ്പിച്ച കലാകാരനായിരുന്നു. തെറ്റ് ചെയ്യുന്നവര്‍ എത്ര വലിയ വമ്പന്മാരായിരുന്നാലും അത് അപ്പോള്‍ തന്നെ വിളിച്ച് പറയാനുള്ള ആര്‍ജ്ജവം അദ്ദേഹം കാണിച്ചിരുന്നു. മാപ്പിളപ്പാട്ടിനെ മലിനമാക്കുന്നവര്‍ക്കെതിരെ എന്നും ഉറഞ്ഞു തുള്ളിയ മൂസക്ക ‘മാപ്പില്ലാപ്പാട്ടുകള്‍’ പടച്ച് വിടുന്ന ആല്‍ബക്കാര്‍ക്ക് പേടി സ്വപ്‌നമായിരുന്നു. എപ്പോഴും ഏതു വേദിയിലും ഇതിനതിരെ അദ്ദേഹം പൊട്ടിത്തെറിച്ചു. പാട്ട് പാടുക മാത്രമല്ല, പാട്ടിനും പാട്ടുകാര്‍ക്കും കാവല്‍ക്കാരനാവുക എന്നതും തന്റെ ദൗത്യമെന്ന് അദ്ദേഹം കാണിച്ചുകൊടുത്തു.
വളരെ കഷ്ടപ്പാടുകള്‍ നിറഞ്ഞ ചുറ്റുപാടില്‍ നിന്നാണ് കലാരംഗത്തേക്ക് അദ്ദേഹം കടന്ന് വരുന്നത്. ജീവിക്കാന്‍ വേണ്ടി അദ്ദേഹം ചെയ്യാത്ത തൊഴിലുകളൊന്നുമില്ല. തീപ്പെട്ടിക്കമ്പനിയിലെ വിറക് വെട്ടുകാരനായും കരിങ്കല്‍ ക്വാറിയിലെ തൊഴിലാളിയായും ചുമട്ടുകാരനായും വിശപ്പടക്കാന്‍ പാട് പെടുമ്പോഴും ആ ചുണ്ടുകളില്‍, ഇശല്‍ക്കിളികള്‍ ഈണമാധുരി പൊഴിക്കുന്നുണ്ടായിരുന്നു. ജീവിതാവസാനം വരെ ആ ഇശല്‍ പെയ്ത്ത് കാത്ത് വെക്കാനായി എന്നത് എടുത്ത് പറയേണ്ട സവിശേഷതയാണ്.
മൂസക്കയുടെ ഇമ്പമിയന്ന ശബ്ദവും ആലാപന രീതിയും മാപ്പിളപ്പാട്ടില്‍ ഒരു വേറിട്ട അനുഭവമായിരുന്നു. ആ ശൈലി പിന്‍പറ്റാന്‍ പേര് കേട്ട ഗായകര്‍ക്ക് പോലും കഴിഞ്ഞിരുന്നില്ല എന്നതാണ് സത്യം. മൂസക്ക പാടിയാലേ ആസ്വാദകര്‍ക്ക് തൃപ്തിയാകുമായിരുന്നുള്ളു.
ചരിത്രം മൂസക്കയെ രേഖപ്പെടുത്തിവെക്കുക ഇങ്ങനെയാകും. മലയാളി മനസ്സില്‍ ഇശല്‍ പൂക്കള്‍ വിരിയിച്ച മാപ്പിളഗന്ധര്‍വ്വന്‍. മാപ്പിളപ്പാട്ടിന്റെ ഈരടികള്‍ക്ക് മഞ്ഞ് തുള്ളിയുടെ കുളിര്‍മയും മുല്ലപ്പൂവിന്റെ പരിമളവും മഴവില്ലിന്റെ വശ്യതയും ചാലിച്ച് കൊടുത്ത പാട്ടുകാരന്‍. മാപ്പിളഗാന പ്രപഞ്ചത്തിലെ കുലപതികളായ എസ്.എം കോയയുടേയും നല്ലളം ബീരാന്റെയും പുലിക്കോട്ടിലിന്റെയും ജനുസ്സില്‍പെട്ട ക്ലാസിക് കാറ്റഗറിയില്‍ ഉള്ള കലാകാരന്‍. ജന്മനാ സംഗീതം രക്തത്തില്‍ അലിഞ്ഞ് കിട്ടിയ അനുഗ്രഹീത പ്രതിഭ. മാപ്പിളപ്പാട്ടിന് ദൈവം നല്‍കിയ മഹാവരദാനം. മൂസക്കയുടെ കടന്ന് വരവോട് കൂടി മാപ്പിളപ്പാട്ട് നിറ വസന്തം ചൂടുകയായിരുന്നു. മാപ്പിളപ്പാട്ടിന് ഹൂറിച്ചന്തു നല്‍കിയവരിലെ പ്രധാനി.
മാപ്പിളപ്പാട്ട് ഒന്ന് മൂളാത്തവരായി ഇന്നാരാണുള്ളത്? മാപ്പിളപ്പാട്ട് പാടാത്ത ഗായകരും ഇന്നില്ല. ഉണ്ടോ? യേശുദാസ്, എസ്.പി ബാലസുബ്രഹ്മണ്യം, ജയചന്ദ്രന്‍, എം.ജി ശ്രീകുമാര്‍, മാര്‍ക്കോസ്, ഉണ്ണികൃഷ്ണന്‍, മധുബാലകൃഷ്ണന്‍, വിധുപ്രതാപ്, വാണീജയറാം, ചിത്ര, ശ്രേയഘോഷാല്‍, സുജാത എന്ന് വേണ്ട മുന്നിരക്കാരായ ഗായകരെല്ലാം തന്നെ മാപ്പിളപ്പാട്ടിന്റെ മാസ്മരിക ശീലുകളില്‍ ആകൃഷ്ടരാവുകയും ആലപിക്കുകയും ഉണ്ടായി. അവര്‍ക്കിടയിലും അക്ഷരാഭ്യാസം നേടിയിട്ടില്ലാത്ത ചുമട്ടുകാരനായി ജീവിതം തുടങ്ങിയ എരഞ്ഞോളി മൂസക്കയുടെ തല ഉയര്‍ന്നുനില്‍ക്കുന്നുവെങ്കില്‍ അത് അദ്ദേഹത്തിന്റെ സവിശേഷമായ ശാരീരിക നീളം കൊണ്ട് മാത്രമല്ല, നിലാവിന്റെ സംഗീതം ആ ചുണ്ടത്ത് പൊഴിയുന്നത് കൊണ്ട് കൂടിയാണ്.
മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി ഒരിക്കല്‍ ഇങ്ങനെ പറയുകയുണ്ടായി: ‘മാപ്പിളപ്പാട്ട് എനിക്കിഷ്ടമാണ്. എന്റെ ഇഷ്ടഗായകന്‍ എരഞ്ഞോളിയാണ്.’ മമ്മൂട്ടിയെപ്പോലെ പല പ്രമുഖരും ഇങ്ങനെ പറയുമ്പോള്‍ മൂസക്കയുടെ ശബ്ദത്തിന് മറ്റു പലര്‍ക്കുമില്ലാത്ത വശ്യതയും സവിശേഷതയും ഉണ്ട് എന്ന് തന്നെയാണര്‍ത്ഥം.
ഹിന്ദിയില്‍ മുഹമ്മദ് റഫി പാടിയ ‘ ഓ ദുനിയാകെ രഖ് വാലെ…’ എസ്.പി.ബിയുടെ ‘ശങ്കരാഭരണം’, യേശുദാസിന്റെ ‘സന്യാസിനി’ ഇത് പോലെ എക്കാലവും നിലനില്‍ക്കുകയും ഹൃദയങ്ങള്‍ ഏറ്റു പാടുകയും ചെയ്യുന്ന മാപ്പിളപ്പാട്ടിലെ ഒരു ഗാനം ഏതാണ് എന്ന ചോദ്യത്തിന് കിട്ടുന്ന ഉത്തരം അത് മിഹ്‌റാജ് രാവിലെ കാറ്റേ ആയിരിക്കും എന്നതില്‍ ഒരു സംശയവുമില്ല. അത്രമാത്രം ആ ഗാനത്തെ ആലാപനത്തിലൂടെ ജീവസ്സുറ്റതാക്കാന്‍ മൂസക്കക്ക് കഴിഞ്ഞിട്ടുണ്ട്. മറ്റൊരു ഗായകനായിരുന്നു പാടിയിരുന്നതെങ്കില്‍ ആ ഗാനം എന്നേ വിസ്മൃതിയിലാണ്ടുപോവുമായിരുന്നു. അത് പോലെ മൂസക്ക പാടി അനശ്വരമാക്കിയ എത്രയെത്ര ഗാനങ്ങളാണ് നമ്മുടെ ചുണ്ടുകളില്‍ തത്തിക്കളിക്കുന്നത്. ‘മിസ്‌റിലെ രാജനും’, ‘മാണിക്യമലരും’, ‘ആകാശ ഭൂമിയും’ , ‘മൈലാഞ്ചി അരച്ചല്ലോയും’ , ഒക്കെ മാപ്പിളപ്പാട്ടുള്ള കാലംവരെ എന്നല്ല മനുഷ്യവംശം ഭൂമിയുള്ള കാലംവരെ നിലനില്‍ക്കുക തന്നെ ചെയ്യും. മൂസക്ക മരിച്ചപ്പോള്‍ ഞാന്‍ എഴുതിയ കവിതയുടെ അവസാന ഭാഗം ഇങ്ങനെയാണ്. ‘ മ്യൂസിക് മൂസക്ക ആയതാണോ, മൂസക്ക മ്യൂസിക് ആയതാണോ? പുണ്യരാവിലെ നക്ഷത്രമൊല്ലകള്‍ ഇനി അത് പറഞ്ഞ് തരും’ ഇതാണാവരികള്‍. മൂസക്ക ഇല്ലാത്ത ഈ ലോകം ഇപ്പോള്‍ വിളിച്ച് പറയുന്നു. മൂസക്കയുടെ പാട്ടുകള്‍ പ്രാര്‍ത്ഥന പോലെ പവിത്രമായിരുന്നു എന്ന്. മൂസക്കയുടെ ജീവിതത്തിന് പാട്ടിനേക്കാളും മാധുര്യമുണ്ടായിരുന്നെന്ന്. മൂസക്കയുടെ മനസ്സിന് പൂനിലാവിനെക്കാളും വശ്യത ഉണ്ടായിരുന്നു എന്ന്. ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം ഇതിലും വലിയ അംഗീകാരം മറ്റെന്താണ്? ഒരു പാട്ടുകാരനെ സംബന്ധിച്ചിടത്തോളം ഇതിലും വലിയ സൗഭാഗ്യം മറ്റേതാണ് ? അങ്ങനെയുള്ള നന്മയുടെ പാട്ടുകാരനെ സ്വര്‍ഗ്ഗത്തിലേക്കാനയ്ക്കാന്‍ പരിശുദ്ധ റമദാന്‍ വന്നെത്തിയില്ലെങ്കിലേ അതിശയമുള്ളു.