അവഗണന ശീലമായി മാറിയ കാസര്‍കോടിന്റെ അടയാളമായി പൂര്‍ത്തിയാക്കിയ പദ്ധതി പോലും രണ്ടു വര്‍ഷത്തോളമായി താഴിട്ടുപൂട്ടിയ നിലയില്‍.
ഏറെ പ്രതീക്ഷയോടെ നിര്‍മ്മാണം തുടങ്ങിയ സ്റ്റേഡിയം സ്‌ക്വയറിനാണ് ഈ ദുരവസ്ഥ. സായാഹ്‌നങ്ങളിലും മറ്റും ആളുകള്‍ക്ക് കുടുംബത്തൊടൊപ്പം എത്തിച്ചേരാനും കലാ കൂട്ടായ്മകള്‍ക്ക് വേദിയൊരുക്കാനുമാണ് വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തോട് ചേര്‍ന്ന് സ്റ്റേഡിയം സ്‌ക്വയറെന്ന ആശയം ഉയര്‍ന്ന് വന്നത്. കാസര്‍കോട് നഗരസഭയുടെ ഭൂമിയില്‍ ടൂറിസം വകുപ്പിന് കീഴിലുള്ള ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.
ആംഫി തിയേറ്റര്‍, റസ്റ്റോറന്റ്, വാക്ക് വേ എന്നിവയാണ് ഇവിടെ ഉദ്ദേശിച്ചത്. മുനിസിപ്പല്‍ സ്റ്റേഡിയത്തിന്റെ തെക്ക് ഭാഗത്താണ് ഇതിന് സ്ഥലം കണ്ടെത്തിയത്. ടൂറിസം വകുപ്പും കാസര്‍കോട് നഗരസഭയും ധാരണയിലെത്തി നിര്‍മ്മാണ പ്രവൃത്തി ആരംഭിക്കുകയും ചെയ്തു. നിര്‍മ്മിതി കേന്ദ്രക്കാണ് നിര്‍മ്മാണ ചുമതല നല്‍കിയത്. കഴിഞ്ഞ യു.ഡി.എഫ്. ഭരണ കാലത്ത് തുടങ്ങിയ പദ്ധതിയുടെ ആദ്യ ഘട്ടം രണ്ട് വര്‍ഷം മുമ്പ് പൂര്‍ത്തികരിച്ചെങ്കിലും ഉദ്ഘാടനം നടത്താനോ പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുക്കാനോ ഇത് വരെ സാധിച്ചിട്ടില്ല. 80 ലക്ഷത്തോളം രൂപ ചിലവഴിച്ച് പണിത കെട്ടിടവും അനുബന്ധ സൗകര്യങ്ങളും സാമൂഹ്യ വിരുദ്ധര്‍ക്കും കന്നുകാലികള്‍ക്കും താവളമാക്കി മാറ്റാതെ പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കണമെന്നാണ് ആവശ്യമുയരുന്നത്. ഒരറ്റത്ത് നിന്ന് മറ്റേ അറ്റത്തേക്ക് വീതിയില്‍ കെട്ടി പൊക്കിയ കോംപൗണ്ട് വാളിന്റെ ശില്‍പചാതുര്യം ആളുകളെ ആകര്‍ഷിക്കുമെങ്കിലും മറ്റ് വശങ്ങള്‍ തുറന്നിട്ട നിലയിലായതിനാല്‍ രാത്രികാലങ്ങളില്‍ പലര്‍ക്കും വിഹരിക്കാനുള്ള കേന്ദ്രമായി മാറുന്നു. ഒരു പ്രധാന കെട്ടിടവും ഇന്റര്‍ ലോക്ക് ചെയ്ത ഓപ്പണ്‍ ഏരിയയും ഒരുവശത്ത് മതിലുമാണ് പൂര്‍ത്തിയായിട്ടുള്ളത്. റോഡിനോട് ചേര്‍ന്നുള്ള ഓപ്പണ്‍ ഏരിയയില്‍ ഇന്റര്‍ലോക്കിട്ടതല്ലാതെ ഇരിപ്പിടം പോലും സ്ഥാപിച്ചിട്ടില്ല. കുട്ടികള്‍ക്ക് കളിസ്ഥലം ഒരുക്കാനാണ് ഈ ഭാഗം ഒഴിച്ചിട്ടതെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നുണ്ടെങ്കിലും അത് പ്രാവര്‍ത്തികമാക്കാനുള്ള നടപടി ഉണ്ടായിട്ടില്ല. സ്റ്റേഡിയം സ്‌ക്വയറിന്റെ ഉദ്ഘാടനം യു.ഡി.എഫ്. ഭരണത്തിന്റെ അവസാന കാലത്ത് തീരുമാനിച്ചിരുന്നുവെങ്കിലും 2016 മാര്‍ച്ച് ആദ്യ വാരത്തില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നത് ചടങ്ങ് അനിശ്ചിതത്വത്തിലാക്കി. ഉദ്ഘാടനം നടന്നില്ലെങ്കിലും 2016 മാര്‍ച്ച് 6ന് അന്നത്തെ ടൂറിസം മന്ത്രിയായിരുന്ന എ.പി. അനില്‍ കുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചതായി ഇവിടെ സ്ഥാപിച്ച ശിലാഫലകത്തില്‍ പറയുന്നു. രണ്ട് വര്‍ഷം കഴിഞ്ഞിട്ടും പദ്ധതി അതിനപ്പുറത്തേക്ക് അനങ്ങിയിട്ടില്ല.
സ്റ്റേഡിയത്തിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് ടൂറിസം വകുപ്പും കാസര്‍കോട് നഗരസഭയും തമ്മിലുയര്‍ന്ന തര്‍ക്കമാണ് ഉദ്ഘാടനം നീണ്ട് പോകുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
നഗരസഭയുടെ സ്ഥലത്ത് സ്റ്റേഡിയം സ്‌ക്വയര്‍ പണിയാനുള്ള അനുവാദം മാത്രമാണ് ടൂറിസം വകുപ്പിന് നല്‍കിയതെന്നതും നടത്തിപ്പ് ചുമതല തങ്ങളുടേതെന്നുമാണ് നഗരസഭയുടെ ആദ്യ നിലപാടെന്ന് ഡി.ടി. പി.സി. വൃത്തങ്ങള്‍ പറയുന്നു. ഇത് തര്‍ക്കത്തിന് വഴിവെക്കുയും ടൂറിസം വകുപ്പിന് അതൃപ്തിയുണ്ടാക്കുകയും ചെയ്തു. ഡി.ടി.പി.സി. ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ മുന്‍കൈയ്യെടുത്ത് കലക്ടറുടെ ചേമ്പറില്‍ യോഗം ചേരുകയും ഉടമസ്ഥാവകാശ തര്‍ക്കത്തിന് ധാരണയായതായും പറയുന്നു. എന്നാല്‍ വരുമാന പങ്കാളിത്തത്തിന്റെ ശതമാന കണക്കുകളില്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് വ്യക്തതയില്ല. 80 ലക്ഷത്തോളം ചിലവഴിച്ച ടൂറിസം വകുപ്പിനാണ് മുന്‍ തൂക്കം ലഭിക്കേണ്ടതെന്ന് അവരും പൊന്നും വിലയുള്ള സ്ഥലമായതിനാല്‍ കൂടുതല്‍ പങ്കാളിത്തം നഗരസഭക്ക് വേണമെന്ന് അവരും വാദിക്കുന്നു.
ടൂറിസം വകുപ്പിന് സ്വതന്ത്രമായി ഉപയോഗിക്കാന്‍ പറ്റുന്ന രീതിയില്‍ സ്ഥലം ലഭിക്കാത്തത് കൂടുതല്‍ നിര്‍മ്മാണ ജോലികള്‍ നടത്തുന്നതില്‍ ഡി.ടി.പി.സിക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. ആദ്യ ഘട്ടത്തില്‍ ഉദ്ദേശിച്ച വാക്ക് വേ ഇനിയും പൂര്‍ത്തീകരിക്കേണ്ടതുണ്ട്. പൂര്‍ത്തീകരിച്ച പ്രധാന കെട്ടിടം റസ്റ്റോറന്റിനോ കാന്റീനോ നല്‍കി വരുമാനം കണ്ടെത്താനുള്ള ശ്രമത്തിലാണ് ബന്ധപ്പെട്ടവര്‍.
കാസര്‍കോട്ടുകാര്‍ക്ക് വിശ്രമവേളകള്‍ ചെലവഴിക്കാനുളള അവസരം അവകാശത്തര്‍ക്കങ്ങളില്‍ പൊലിയാതെ യാഥാര്‍ത്ഥ്യമാകുന്നതും കാത്തിരിക്കുകയാണ് നാട്ടുകാര്‍. ഇനിയും എത്ര കാലമെന്നറിയാതെ.