സാമ്പ്രദായികമായ ചിന്താശീലങ്ങളെ തിരസ്‌ക്കരിച്ച ഡോക്ടര്‍ മുണ്ടോള്‍ അബ്ദുല്ല പകരം പുതിയത് മാത്രം തേടി നടന്നതുകൊണ്ട് നിഷേധിയായി. ആ നിഷേധങ്ങളെ പ്രബുദ്ധമെന്ന് വിളിക്കാമെങ്കിലും എവിടെയൊക്കെയോ ചില അവ്യക്തതകള്‍ മറഞ്ഞുകിടന്നിരുന്നു. സ്വന്തം ജീവിതത്തെക്കുറിച്ചുള്ള കണ്ടെത്തലുകളിലാണ് അത് ഏറ്റവുമധികം പ്രതിഫലിച്ചിരുന്നത്.
വൈദ്യശാസ്ത്രരംഗത്ത് ലോകോത്തരമായ ഒരു തലത്തിലെത്താനുള്ള കോപ്പുകളൊക്കെ കൈവശമുണ്ടായിട്ടും ആ വഴിയിലൊന്നും മുണ്ടോള്‍ സഞ്ചരിച്ചില്ല. അക്ഷരങ്ങള്‍ അത് ശാസ്ത്രമാണെങ്കിലും സര്‍ഗാത്മകമാണെങ്കിലും ചരിത്രമാണെങ്കിലുംഅമൂല്യനിധികളായി മനസിന്റെ ചിത്രപ്പണികളുള്ള ചെപ്പില്‍ സൂക്ഷിച്ചുവെച്ച ആ ഡോക്ടര്‍ക്ക് വൈദ്യശാസ്ത്ര രംഗത്തുണ്ടാകുന്ന ചെറിയ കുതിപ്പുകള്‍ പോലും അറിയാമായിരുന്നു. എന്നിട്ടും സ്വന്തം പേരിന്റെ പിറകിലുള്ള നീണ്ട ബിരുദങ്ങള്‍ പോലും അദ്ദേഹത്തിന് ഒരു അലങ്കാരമായി തോന്നിയില്ല.
എഴുപതുകളുടെ ആദ്യത്തില്‍ മുണ്ടോള്‍ അബ്ദുല്ല കാസര്‍കോട്ട് ചെറിയൊരു ഡിസ്‌പെന്‍സറി തുടങ്ങിയിരുന്നു. ഗവ. താലൂക്ക് ആസ്പത്രിക്ക് സമീപം ഇപ്പോള്‍ ധാരാളം മെഡിക്കല്‍ സ്റ്റോറുകളുള്ള കെട്ടിടത്തിന്റെ ഒന്നാം നിലയില്‍. ഒരു ദിവസം വൈകിട്ട് പരേതനായ എം.എല്‍.എ. ടി.എ. ഇബ്രാഹിം സാഹിബ് നമുക്ക് ഒരിടംവരെ പോകാമെന്നും നിനക്കൊരാളെ പരിചയപ്പെടുത്തിത്തരാമെന്നും പറഞ്ഞു. ഇബ്രായിന്‍ച്ച എന്നെ ആ ഡിസ്‌പെന്‍സറിയിലേക്കാണ് കൂട്ടിക്കൊണ്ടുപോയത്. അന്നാണ് വെളുത്തുതുടുത്ത് സുന്ദരനായ ഡോക്ടര്‍ മുണ്ടോള്‍ അബ്ദുല്ലയെ ഞാന്‍ ആദ്യമായി കാണുന്നത്, പരിചയപ്പെടുന്നത്.
പിന്നെ കുറേക്കാലം കേട്ടറിവുകളേയുള്ളൂ.
സൗദി അറേബ്യയില്‍, ലിബിയില്‍, നൈജീരിയയില്‍, ജര്‍മ്മനിയില്‍, ലണ്ടനില്‍, മലേഷ്യയില്‍… എവിടെയും മുണ്ടോള്‍ ഉറച്ചിരുന്നില്ല. ഒന്നില്‍നിന്ന് മറ്റൊന്നിലേക്ക് ചാടിക്കൊണ്ടേയിരുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പഠിക്കുന്ന കാലത്ത് മുണ്ടോള്‍ ഹോസ്റ്റലില്‍ നിന്നിറങ്ങിയാല്‍ കോളേജ് മുഴുവനറിയും എന്ന് പറയാറുണ്ടായിരുന്നു. എല്ലാ കാര്യത്തിലും അത്രക്ക് പ്രശസ്തനായിരുന്നു അന്നദ്ദേഹം. അക്കാലത്ത് കോളേജ് വിട്ടാല്‍ മുണ്ടോളിന്റെ താവളം സി.എച്ച്. മുഹമ്മദ് കോയയുടെ വീടായിരുന്നു. അതും കഴിഞ്ഞാല്‍ ‘ചന്ദ്രിക’ ഓഫീസ്. പത്രാധിപര്‍ വി.സി. അബൂബക്കറിനും പി.എം. അബൂബക്കറിനുമൊക്കെ പ്രിയങ്കരനായി മാറാന്‍ അധികം സമയം വേണ്ടിവന്നില്ല. മുണ്ടോളിന്റെ വാക്ചാതുരി അത്രക്ക് ഹൃദ്യവും നര്‍മ്മം കലര്‍ന്നതുമായിരുന്നു. മുണ്ടോളിന്റെ വായനാഭ്രാന്ത് തിരിച്ചറിഞ്ഞ സി.എച്ചാണ് ചന്ദ്രികയില്‍ എഴുതാന്‍ പ്രേരിപ്പിച്ചത്. പ്രമേഹരോഗം കേരളീയ സമൂഹത്തിന്റെ ദേശീയരോഗമായി വളര്‍ന്നുതുടങ്ങിയ കാലത്ത് അദ്ദേഹം പ്രമേഹത്തെ അറിയാന്‍ എന്ന പേരില്‍ ഒരു പുസ്തകം പ്രസിദ്ധീകരിച്ചു.
ഹജ്ജ് സംഘത്തിന്റെ ഡോക്ടറായി സൗദിയിലെത്തിയപ്പോഴുള്ള ധാരാളം കഥകള്‍ അക്കാലത്ത് പ്രചരിച്ചിരുന്നു. ഒരുദിവസം മുന്നില്‍ ചെറിയ പനിയുമായി പ്രത്യക്ഷപ്പെട്ട ഒരാള്‍ മുണ്ടോളിനെ ഞെട്ടിച്ചുകളഞ്ഞു. അറിയാനായ കാലം മുതല്‍ താന്‍ മനസില്‍ താലോലിച്ചുകൊണ്ടുനടക്കുന്ന ഇന്ത്യയുടെ ഗാനഗന്ധര്‍വന്‍ മുഹമ്മദ് റഫിയായിരുന്നു അത്. എന്തുചെയ്യണമെന്നറിയാതെ സ്വപ്‌നലോകത്തിലെത്തിപ്പെട്ട മുണ്ടോള്‍ ഞാനൊന്ന് കെട്ടിപ്പിടിച്ചോട്ടെ എന്നാണ് രോഗിയോട് ചോദിച്ചത്. കേണല്‍ ഖദ്ദാഫിയുടെയും ടിബറ്റന്‍ ആത്മീയ നേതാവായ ദലൈലാമയുടെയും മറ്റനേകം പ്രഗത്ഭവ്യക്തികളുടെയും നെഞ്ചില്‍ സ്‌തെതസ്‌കോപ്പ് വെച്ച് ഹൃദയസ്പന്ദനം അളന്നിരുന്ന മുണ്ടോള്‍ എന്റെ ജീവിതത്തിലെ മറക്കാനാവാത്ത സുന്ദരമായ ഒരു നിമിഷം ഞാന്‍ മുഹമ്മദ് റഫിയെ തൊട്ടനിമിഷമാണെന്ന് പറഞ്ഞിട്ടുണ്ട്. അറുപതുകളിലെ റഫി സാബിന്റെ പാട്ടുകേട്ടാണ് അടുത്തകാലം വരെ മുണ്ടോള്‍ ഉറങ്ങിയിരുന്നത്.
ഹജ്ജ് കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ സി.എച്ച്. മുഹമ്മദ്‌കോയ എങ്ങനെയിരുന്നു ഹജ്ജ് അനുഭവങ്ങള്‍ എന്ന് ചോദിച്ചു.
‘നല്ല അനുഭവമായിരുന്നു’
‘ഹജ്ജ് ചെയ്തില്ലെ?’
‘ഹജ്ജ് ചെയ്തു. പക്ഷെ, മിനായിലെത്തിയപ്പോള്‍ കല്ലെറിയാന്‍ കഴിഞ്ഞില്ല.’
സി.എച്ച്. അതെന്താ കല്ലെറിയാന്‍ കഴിയാത്തതെന്ന് ചോദിച്ചപ്പോള്‍ മുണ്ടോള്‍ സംഭവം വിവരിച്ചത് ഇങ്ങനെയായിരുന്നു.
‘കോയസാഹിബ്, ഞാന്‍ എറിയാനായി കല്ല് പെറുക്കിയപ്പോള്‍ ഒരു അശരീരി. നമ്മള്‍ തമ്മില്‍ വേണോ മുണ്ടോളേ എന്ന്. ഞാന്‍ പെറുക്കിയ കല്ല് താഴെയിട്ടുകളഞ്ഞു’
സി.എച്ച്. ചിരിച്ചു. മാത്രമല്ല പലരുടെ പേരിലും സി.എച്ച്. ഈ കഥ പ്രചരിപ്പിക്കുകയും ചെയ്തു. ഹജ്ജിന് പോകുന്ന പലരോടും സി.എച്ച്. മിനായില്‍ പോയി കല്ലെറിയുമ്പോള്‍ കല്ലേറ് ഇങ്ങോട്ടുവരാതെ സൂക്ഷിക്കണമെന്ന് പറഞ്ഞത് മുണ്ടോള്‍ പറഞ്ഞ കഥയുടെ പ്രചോദനത്തിലായിരുന്നു.
ഞാനൊരിക്കല്‍ മുണ്ടോളിനോട് ഇക്കഥ കെട്ടിച്ചമച്ചതാണെങ്കിലും അതിലൊരു മതകീയമായ അപഹാസമില്ലേ എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹമത് നിഷേധിക്കുകയാണ് ചെയ്തത്. ഉള്ളിലുള്ള പിശാചിനെ പൂര്‍ണമായി പുറത്തുകളയാതെ മിനായില്‍ പോയി പ്രതീകാത്മകമായെങ്കിലും ഇബ്‌ലീസിനെ കല്ലെറിയുന്നതിലെ കാപട്യത്തെയാണ് ഞാന്‍ വിമര്‍ശിച്ചത് എന്നായിരുന്നു മുണ്ടോളിന്റെ വിശദീകരണം.
ലിബിയയില്‍ താന്‍പെട്ടുപോയതാണെന്ന് മുണ്ടോള്‍ പറയുമെങ്കിലും ജീവിതത്തില്‍ തന്നെ പലതും പഠിപ്പിച്ചത് ട്രിപ്പോളിയാണെന്ന് സമ്മതിക്കും. മാത്രമല്ല, ലിബിയയെക്കുറിച്ചും ഖദ്ദാഫിയെക്കുറിച്ചും പറയുമ്പോള്‍ അദ്ദേഹം വാചാലനാകും. കേണല്‍ ഖദ്ദാഫിയുടെ പേഴ്‌സണല്‍ ഡോക്ടര്‍മാരുടെ കൂട്ടത്തിലായിരുന്നുവെങ്കിലും മുണ്ടോളിന് ഖദ്ദാഫിയുടെ ഡയറി നോക്കാനുള്ള അനുവാദമുണ്ടായിരുന്നു. സി.എച്ച്. മുഹമ്മദ് കോയ ലിബിയ സന്ദര്‍ശിക്കുന്നതും ലിബിയന്‍ ജമാഹിരിയയില്‍ എന്ന യാത്രാവിവരണഗ്രന്ഥം എഴുതുന്നതും മുണ്ടോള്‍ അവിടെയുള്ള സമയത്താണ്. ലിബിയന്‍ ജമാഹിരിയയില്‍ ഏറെ വിവരിക്കുന്നത് ഖദ്ദാഫിയുടെ പ്രസിദ്ധമായ ഗ്രീന്‍ബുക്കിനെക്കുറിച്ചാണ്. മുണ്ടോള്‍ ഗ്രീന്‍ബുക്കിന്റെ ഉള്ളടക്കത്തെ ഗംഭീരമെന്ന് വിളിച്ചിരുന്നുവെങ്കിലും അതിന്റെ മൗലികതയെ സംശയത്തോടെയാണ് കണ്ടിരുന്നത്.
ഒരു ദിവസം മുണ്ടോള്‍ ട്രിപ്പോളിനോടും ഗുഡ്‌ബൈ പറഞ്ഞു. നൈജീരിയയുടെ വ്യത്യസ്തമായ ജീവിതത്തിലേക്ക്. തലസ്ഥാനമായ അബൂജയിലെ ജോലി സാമ്പത്തികമായി വലിയ നേട്ടമുണ്ടാക്കുന്നതായിരുന്നുവെങ്കിലും അവിടെയും കുറേക്കാലം പിടിച്ചുനിന്നില്ല. മുണ്ടോള്‍ സംസാരിക്കുമ്പോള്‍ ചിലപ്പോഴൊക്കെ നൈറ എന്ന വാക്ക് വന്നുപോകും. ദിര്‍ഹമും റിയാലും പോലെ നൈജിരീയയുടെ നാണയവും കറന്‍സിയുമായിരുന്നു നൈറ. പിന്നെ ലോകത്തിന്റെ ഏതൊക്കെ മൂലയില്‍ കേള്‍ക്കുക പോലും ചെയ്തിട്ടില്ലാത്ത രാജ്യങ്ങളില്‍ ജോലി ചെയ്‌തെന്ന് മുണ്ടോള്‍ അബ്ദുല്ലയ്ക്ക് തന്നെ ഓര്‍മ്മയുണ്ടാവില്ല.
ലോകത്തെവിടെയാണെങ്കിലും അദ്ദേഹം സൗഹൃദങ്ങള്‍ കൈവിട്ടില്ല. സുഹൃത്തുകള്‍ക്കും ഗുരുതുല്യം സ്‌നേഹിക്കുന്നവര്‍ക്കും നിരന്തരം കത്തുകള്‍ എഴുതി. അവര്‍ക്ക് അപൂര്‍വമായ വിലപിടിപ്പുള്ള പുസ്തകങ്ങള്‍ അയച്ചുകൊടുത്തു. നര്‍മ്മം ചാലിച്ച മുണ്ടോളിന്റെ കത്തുകള്‍ക്ക് വല്ലാത്തൊരു വശ്യതയുണ്ടായിരുന്നു. പോകുന്നിടത്തൊക്കെ സ്വന്തം അവയവം പോലെ ടൈപ്പ്‌റൈറ്റര്‍ കൊണ്ടുനടന്നിരുന്നു അദ്ദേഹം. ടൈപ്പ്‌റൈറ്ററിലാണ് കത്തുകള്‍ എഴുതിയിരുന്നത്.
ഉലകം ചുറ്റിക്കഴിഞ്ഞു വീണ്ടും ഇന്ത്യയിലെത്തിയ മുണ്ടോള്‍ ഡല്‍ഹിയില്‍ അന്ന് എം.പിയായിരുന്ന അരങ്ങില്‍ ശ്രീധരന്റെ അതിഥിയായാണ് താമസിച്ചിരുന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ നാനാര്‍ത്ഥങ്ങളുള്ള അത്ഭുതലോകം അടുത്തു നിന്ന് കണ്ടത് അക്കാലത്തായിരുന്നു. ആദരവ് മൂത്ത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അരങ്ങില്‍ ശ്രീധരനെപ്പോലെ പക്വമതിയും ധിഷണാശാലിയും മതേതരവാദിയുമായ മറ്റൊരാള്‍ ഉണ്ടായിട്ടില്ലെന്ന് വരെ മുണ്ടോള്‍ പറഞ്ഞു കളയും.
ഉത്തരേന്ത്യയില്‍ കുഷ്ഠരോഗം ക്രമാതീതമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ഒരു വലിയ പ്രൊജക്ട് തയ്യാറാക്കി ഏക്കര്‍ കണക്കിന് സ്ഥലത്ത് വലിയൊരു ലെപ്രസി ആസ്പത്രിയും ഗവേഷണ കേന്ദ്രവും ആരംഭിച്ചപ്പോള്‍ അതിന്റെ മുഴുവന്‍ ചുമതലയും ഡോ. മുണ്ടോള്‍ അബ്ദുല്ലക്ക് നല്‍കി. അദ്ദേഹത്തിന്റെ പേരിന്റെ പിറകിലുള്ള അനേകം ബിരുദങ്ങളിലൊന്ന് ലെപ്രസിയില്‍ സ്‌പെഷ്യലൈസ്ഡ് ചെയ്തതിനുള്ളതായിരുന്നു. കേന്ദ്രസര്‍ക്കാറിന്റെ ആരോഗ്യ വിഭാഗത്തില്‍ ഉന്നത പദവിയിലെത്താനുള്ള ഒരു കവാടമായിരുന്നു അതെന്നറിയാമായിരുന്നിട്ടും അവിടെയും അദ്ദേഹം ഉറച്ചു നിന്നില്ല. ഒരു ദിവസം ബാഗുമെടുത്തു മുണ്ടോള്‍ കേരളത്തിലേക്ക് തന്നെ തിരിച്ചുവന്നു. കോഴിക്കോട് കറങ്ങിത്തിരിഞ്ഞു മാങ്കാവില്‍ കിനാശ്ശേരിക്കടുത്ത് ഒരു വീടും വിലക്ക് വാങ്ങി.
മുണ്ടോളിന് കോഴിക്കോട് പ്രിയപ്പെട്ട നഗരമായിരുന്നു. സര്‍ഗ്ഗ സൗന്ദര്യം വിടര്‍ന്നു നില്‍ക്കുന്ന മതിവരാത്ത എന്തൊക്കെയോ ഓര്‍മ്മകള്‍ അവിടെ ഉറഞ്ഞുകിടന്നിരുന്നു. ഡോ. കെ. മാധവന്‍ കുട്ടിയുടെ അപദാനങ്ങള്‍ കൊണ്ട് നിറഞ്ഞതായിരുന്നു സംസാരങ്ങളധികവും. മലയാളത്തിന്റെ സുകൃതമായ എം.ടി വാസുദേവന്‍ നായരെ പലപ്പോഴും ശുണ്ഠിപിടിപ്പിക്കാനുള്ള സ്വാതന്ത്ര്യമുള്ള ഒരാളായിരുന്നു മുണ്ടോള്‍. പഴയ തലമുറയിലെ എം.പി നാരായണപിള്ള, വി.കെ.എന്‍, കമലാസുരയ്യ, വൈക്കം മുഹമ്മദ് ബഷീര്‍, കൗമുദി ബാലകൃഷ്ണന്‍, പത്മരാജന്‍ തുടങ്ങിയവരൊക്കെ മുണ്ടോളിന്റെ ഉറ്റ സുഹൃത്തുക്കളായിരുന്നു. രണ്ട് മൂന്ന് വര്‍ഷം മുമ്പ് പത്മരാജിന്റെ ഭാര്യയുടെ ഒരു ലേഖനത്തില്‍ പത്മരാജന്റെ പുരസ്‌കാരമൊക്കെ നേടിയ ഒരു സിനിമയുടെ പിന്നാമ്പുറം വിവരിച്ചപ്പോള്‍ ഡോക്ടര്‍ മുണ്ടോള്‍ അബ്ദുല്ലയുടെ പേരു കടന്നുവന്നു. പണ്ട് ഞങ്ങളുടെ വീട്ടിലൊക്കെ വരാറുണ്ടായിരുന്ന മുണ്ടോള്‍ അബ്ദുല്ല എന്ന ഡോക്ടര്‍ പറഞ്ഞ കഥ വിപുലീകരിച്ചാണ് ആ സിനിമയുണ്ടായതെന്ന്. ഞാനാണ് മുണ്ടോളിനെ വിളിച്ച് ആ ലേഖനം ഒന്നുവായിക്കാന്‍ പറഞ്ഞത്. ഡോ. പുനത്തില്‍ കുഞ്ഞബ്ദുല്ല കുറച്ച് മുമ്പ് മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ ഒരു ലേഖനത്തില്‍ ഒരു പേജ് തന്നെ മുണ്ടോളിനെക്കുറിച്ച് പറയാന്‍ നീക്കിെവച്ചു.
ഡോ. മുണ്ടോളിന്റെ ഫലിതങ്ങളില്‍ ധാരാളം അശ്ലീലങ്ങള്‍ നിറഞ്ഞ് നിന്നിരുന്നു. ഏറ്റവും നല്ല ഫലിതങ്ങളൊക്കെ അശ്ലീല ഫലിതങ്ങളാണെന്ന് പറയുകയും ചെയ്തിരുന്നു. നത്തോലി എന്ന മത്സ്യം ഏറ്റവും അധികം ഇഷ്ടപ്പെട്ടിരുന്ന മന്നത്ത് പത്മനാഭനെക്കുറിച്ച് പറഞ്ഞ കഥകള്‍ കേട്ട് ചിരിച്ച് ചിരിച്ച് മണ്ണ് കപ്പിപ്പോയിട്ടുണ്ട്. അത് പക്ഷെ അശ്ലീലമായിരുന്നില്ല.
ഇനിയും പറയാന്‍ കഥകളെത്രയോ ബാക്കി. കാസര്‍കോടിന്റെ ഭാഷാതനിമയെ കൈവിടാതിരുന്ന ഒരാള്‍. കെ.എം അഹ്മദിനെയും താജ് അഹ്മദിച്ചയെയും വി.എം പള്ളിക്കാലിനെയും കുറിച്ച് പറയാന്‍ മുണ്ടോളിന് ഏറെയുണ്ടായിരുന്നു. കെ.എസ് അബ്ദുല്ലയും സുലൈമാന്‍ ഹാജിയും ടി.ഇ അബ്ദുല്ലയും മുണ്ടോളിന് പ്രിയപ്പെട്ടവരായിരുന്നു. അവസാന വര്‍ഷങ്ങളില്‍ മുണ്ടോള്‍ കാസര്‍കോട്ട് വന്നാല്‍ എന്റെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. മുണ്ടോളുണ്ടെന്നറിഞ്ഞാല്‍ ഭാര്യ നെയ്പ്പത്തലും ഇറച്ചിക്കറിയുമുണ്ടാക്കും. എപ്പോഴോ മുണ്ടോള്‍ ഭാര്യക്കും മക്കള്‍ക്കും ഒരു കുടുംബക്കാരനായിക്കഴിഞ്ഞിരുന്നു. പാതിരാത്രി വരെ പറഞ്ഞ കഥകളൊക്കെ ഇവിടെ ഓര്‍മ്മിച്ചെടുത്താല്‍ എവിടെയോ എത്തും. മുണ്ടോളിന്റെ മനസ്സ് സഞ്ചരിച്ച വഴികളെ അതില്‍ നിന്ന് വായിച്ചെടുക്കാന്‍ കഴിയും. അവസാന കാലത്ത് വീട്ടില്‍ ഒരു സ്‌കെതസ്‌കോപ്പോ ബ്ലഡ് പ്രഷര്‍ നോക്കുന്ന ഉപകരണമോ സിറിഞ്ചോ തെര്‍മോമീറ്ററോ സൂക്ഷിക്കാതിരുന്ന ഈ വലിയ ഡോക്ടര്‍ പ്രൊഫഷന്റെ എത്തിക്‌സിനെക്കുറിച്ച് പറയുമ്പോള്‍ ദുഃഖാകുലനും മൗനിയുമായിരുന്നു. ആ മനസ്സില്‍ പ്രക്ഷുബദ്ധമായ എന്തൊക്കെയോ നടക്കുന്നു എന്ന് തോന്നിയിരുന്നു.
സ്വന്തം ജീവിതം ചിന്തകള്‍കൊണ്ട് നിറഞ്ഞപ്പോഴും ഇതുപോലെ ഉദാസീനമായി എറിഞ്ഞുകളിച്ച ഒരാള്‍ ചരിത്രത്തില്‍ വേറെ ഉണ്ടാകുമോ എന്നറിയില്ല. അത് വല്ലാത്തൊരു ജന്മമായിരുന്നു എന്നുമാത്രം പറയാം. അല്ലാതെ എന്തുപറയാന്‍!