മുഹമ്മദ് നബിയുടെ ഓമന പുത്രന്‍ ഇബ്രാഹീമിനെ കൂട്ടിക്കൊണ്ടു പോകണം. മരണം തന്റെ ചിറകിലേറ്റിക്കൊണ്ടിരിക്കുകയാണ്. പ്രവാചകന്‍ അവിടെ കടന്നു വന്നു. അദ്ദേഹത്തിന്റെ രണ്ടു കണ്ണുകളും കണ്ണീരൊഴുക്കി. അബ്ദുല്‍ റഹ്മാന്‍ ഇബ്‌നു ഔഫ് എന്ന പ്രമുഖ സ്വഹാബി ചോദിച്ചു: ‘ദൈവദൂതരേ, അങ്ങും കരയുകയോ?’ തിരുമേനി അരുളി: ‘ഇത് കാരുണ്യമാകുന്നു. കണ്ണ് കണ്ണീര്‍ വാര്‍ക്കുന്നു. ഹൃദയം വേദനിക്കുന്നു. നാഥനെ തൃപ്തിപ്പെടുത്താത്തതൊന്നും നാം പറയുകയില്ല. ഇബ്രാഹീമേ, ഞങ്ങള്‍ നിന്റെ വേര്‍പാടില്‍ തീര്‍ച്ചയായും ദുഃഖിക്കുന്നു.’
പ്രവാചകന്റെ ‘ഇഷ്ട പുത്ര’നായ അനസ് (റ) റിപോര്‍ട്ട് ചെയ്ത സംഭവമാണിത്. ഈ കുറിപ്പുകാരന്റെ അവിദഗ്ധവും അപൂര്‍ണ്ണവുമായ ഭാഷാന്തരീകരണം മാറ്റി വെച്ച് മൂലകൃതിയിലേക്ക് കടന്നു ചെല്ലാന്‍ അപേക്ഷിക്കുന്നു. ഹൃദയസ്പര്‍ശിയായ ആ രംഗം ബുഖാരിയുടെ ഒന്നാം വാള്യത്തില്‍ നമ്പര്‍ 439 ആയി രേഖപ്പെടുത്തിയിരിക്കുന്നു. മുസ്ലിം, റിയാദുസ്സാലിഹീന്‍ എന്നീ ഹദീസ് വിവരണ ഗ്രന്ഥങ്ങളിലും ഈ സംഭവം വായിക്കാം. ഗള്‍ഫില്‍ ജോലി ചെയ്യുകയായിരുന്ന ബന്തിയോട് മീപ്രിയിലെ യുവ ഇഞ്ചിനീയര്‍ നജാത്തിനോട് ഒരു വൈകുന്നേരം ആറു മണിവരെ പിതാവും ബന്ധുക്കളും ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഏഴുമണിക്ക് വന്ന വാര്‍ത്ത നജാത്ത് മരിച്ചു പോയി എന്നായിരുന്നു. ഒരു ശരാശരി ബന്ധു ഇതെങ്ങനെ ഉള്‍ക്കൊള്ളും? വീട്ടുകാര്‍ അസ്ത്രപ്രജ്ഞരായിപ്പോയി.
ഏകദേശം ഏഴുദശകങ്ങളായി ഈ കുറിപ്പുകാരന്‍ എത്രയോ മരണം സംഭവിക്കുന്നത് കണ്ണ് കൊണ്ട് കണ്ടു. ആശ്വസിപ്പിക്കാനോ സാന്ത്വനപ്പെടുത്താനോ ഉതകുന്ന വാക്കോ വിവരമോ കയ്യിലില്ലെങ്കിലും ആശ്വസിപ്പിക്കുന്നവരെയും എത്രയോ കണ്ടു. പലപ്പോഴും അതു ഫലം കണ്ടെത്താറില്ലെങ്കിലും. വെള്ളിയാഴ്ച രാത്രി ഹംസ ഹാജിയുടെ ദുഃഖം തളം കെട്ടിനില്‍ക്കുന്ന വീട്ടില്‍ കയറിച്ചെല്ലുമ്പോള്‍ ഒരു ഗ്രാമത്തിലെ മുഴുവന്‍ ജനങ്ങളും അവിടെ തരിച്ചു നില്‍ക്കുകയായിരുന്നു. ഞാന്‍ മനസ്സുറപ്പ് സംഭരിച്ച് ഹംസ ഹാജിയുടെ അടുത്തേക്ക് നീങ്ങി. അദ്ദേഹം ഏഴുന്നേറ്റ് പിടിവിടാത്ത ആലിംഗനം. അത് വല്ലാത്ത ഒരു ആലിംഗനമായിരുന്നു. കണ്ണുനീര്‍ കൊണ്ട് പതുത്ത അദ്ദേഹത്തിന്റെ താടി രോമങ്ങള്‍ എന്റെ കവിളില്‍ ഉരസി. കണ്ണുനീരൊപ്പിയൊപ്പി വെള്ളത്തില്‍ മുക്കിയെടുത്ത പരുവത്തിലായ ഒരു ചെറു തട്ടം അദ്ദേഹത്തിന്റെ കുഞ്ചിയില്‍ കിടന്നിരുന്നു. എന്റെ കവിളിലൂടെ ഒഴുകി വന്ന രണ്ടു തുള്ളി കണ്ണുനീര്‍ ഞാനറിയാതെ ആ തട്ടത്തില്‍ പതിച്ചു.
എഞ്ചിനീയര്‍മാരായ നജാത്ത് – ഹിബ ദമ്പതിമാരുടെ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷമായതേയുള്ളു. ഹിബ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ തന്നെ നാട്ടുകാരുടെ കണ്ണിലുണ്ണിയായിരുന്ന അവളുടെ പിതാവ് പോയി. യൗവ്വനാരംഭത്തില്‍ അവള്‍ക്ക് വൈധവ്യവും വന്നു ചേര്‍ന്നു.
കരയുന്നതിനിടക്ക് ഹംസ ഹാജി പറയും: ‘ഹിബ വന്നത്തോടെ എനിക്ക് രണ്ട് പെണ്‍മക്കളായി. അവള്‍ എനിക്ക് ഉപ്പയുടെ സ്ഥാനം തന്നിരുന്നു. ആശ്വസിപ്പിക്കല്‍ എന്ന വാക്കിന് അപ്പോള്‍ അര്‍ത്ഥമില്ലാതായി. ഓര്‍മ്മയുടെ തിരമാലകള്‍ ഹംസഹാജിയുടെ ഹൃദയത്തില്‍ കയറിയിറങ്ങുകയാവാം. കൊച്ചു കുഞ്ഞായിരുന്നപ്പോള്‍ പിച്ച വെപ്പിച്ച ഓര്‍മ്മകള്‍, ഉറങ്ങാത്ത രാത്രികളില്‍ പാട്ടുപാടി ഉറക്കാന്‍ ശ്രമിച്ചത്, പുതിയ പുസ്തകങ്ങളും പുത്തന്‍ ഉടുപ്പുമായി കൊച്ചു വിരല്‍ പിടിച്ച് പള്ളിക്കൂടത്തില്‍ കൊണ്ടാക്കിയത്, പഠിച്ച് വലുതായത്, എഞ്ചിനീയറായത്, പഠിച്ചും കളിച്ചും പണിയെടുത്തും അവാര്‍ഡുകള്‍ നേടിയത് – അങ്ങനെ പലതും. രാത്രി വൈകി യാത്ര പറഞ്ഞപ്പോള്‍ അദ്ദേഹം എന്റെ കൈ മുറുകെ പിടിച്ചു. എന്നിട്ട് മുഖത്തോടമര്‍ത്തി. കൈകള്‍ ചെറുതായി വിറക്കുന്നുണ്ടായിരുന്നു. കണ്ണുകള്‍ കണ്ണീര്‍ വാര്‍ക്കുന്നുണ്ടായിരുന്നു. അത് കാരുണ്യത്തിന്റെ കണ്ണീരായിരുന്നു. ഒരു പിതാവിന് പുത്രനോടുള്ള ഒടുങ്ങാത്ത കാരുണ്യം.