ബദിയടുക്ക: താമസിക്കുന്ന ഷെഡ്ഡ് തകര്‍ന്നു. സഹോദരങ്ങള്‍ കാരുണ്യ തണലിന് കാതോര്‍ക്കുന്നു. അഡൂര്‍ കോരിക്കണ്ടത്തെ പരേതയായ വിമലയുടെ മക്കളായ മേഘ (21), ലോകേഷ് (19) എന്നിവരാണ് തകര്‍ന്ന ഷെഡ്ഡിനരികില്‍ എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുന്നത്. ഇവരുടെ മുത്തശ്ശി ദേവകി വര്‍ഷങ്ങള്‍ക്ക് മുമ്പ് അസുഖം മൂലം മരിച്ചിരുന്നു. അതിനിടെ മേഘയുടേയും ലോകേഷിന്റെയും മാതാവ് വിമലയും അസുഖംമൂലം മരിച്ചു. അതിന് ശേഷം ഇരുവരുടേയും പിതാവ് മക്കളെ ഉപേക്ഷിച്ച് മറ്റൊരു വിവാഹം കഴിച്ചു. ഇതോടെ തീര്‍ത്തും അനാഥരായ മേഘയേയും ലോകേഷിനേയും ഇളയമ്മ രോഹിണിയുടെ തണലില്‍ മുത്തശ്ശി ദേവകിയും അമ്മ വിമലയും താമസിച്ചിരുന്ന ഷെഡ്ഡില്‍ കഴിഞ്ഞ് കൂടവെയാണ് പ്രകൃതി ഇവര്‍ താമസിച്ച കൂര തകര്‍ത്തത്. ഇതോടെ സഹോദരങ്ങള്‍ക്ക് അന്തിയുറങ്ങാന്‍ ഒരു ഷെഡ്ഡ്‌പോലും ഇല്ലാതായി. പഞ്ചായത്തില്‍ നിന്ന് ഇവരുടെ വീടിന്റെ അറ്റകുറ്റ പ്രവര്‍ത്തനങ്ങള്‍ക്ക് ധന സഹായം നല്‍കണമെങ്കില്‍ കടമ്പകളേറെയുണ്ട്. തകര്‍ന്ന ഷെഡ്ഡ് പുതുക്കി പണിയാന്‍ സന്‍മനസ്സുകളുടെ സഹായം തേടുകയാണ് സഹോദരങ്ങള്‍.