കുണ്ടംകുഴി: ബംഗളൂരുവില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കുണ്ടംകുഴിയിലെ യുവാവ് മരിച്ചു. ബേഡഡുക്ക പഞ്ചായത്ത് മുന്‍ അംഗം കുണ്ടംകുഴി കരിങ്കോലിലെ കെ. ബാലകൃഷ്ണന്‍-തങ്കമണി ദമ്പതികളുടെ മകന്‍ അരുണ്‍ കുമാര്‍ (22) ആണ് മരിച്ചത്. ബംഗളൂരുവില്‍ വിദ്യാര്‍ത്ഥിയായ അരുണ്‍ അവിടെ ബന്ധുക്കളോടൊപ്പം താമസിച്ചുവരികയായിരുന്നു.
ദേഹത്ത് പെട്രോള്‍ മറിഞ്ഞതിന്റെ ലക്ഷണങ്ങള്‍ കണ്ടിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മരണ വിവരമറിഞ്ഞ് ബന്ധുക്കള്‍ ബംഗളൂരുവിലേക്ക് പോയിട്ടുണ്ട്. സഹോദരന്‍ ജ്യോതിഷ് ബംഗളൂരുവില്‍ നടത്തിവരുന്ന ജ്യൂസ് കടയില്‍ സഹായിയായും അരുണ്‍കുമാര്‍ ജോലി ചെയ്തിവരികയായിരുന്നു.
മൂന്ന് മാസം മുമ്പാണ് അരുണ്‍ ബംഗളൂരുവിലെത്തിയത്. ഇവര്‍ താമസിച്ചിരുന്ന മുറിയില്‍ സൂക്ഷിച്ചിരുന്ന പെട്രോളില്‍ തീപടര്‍ന്നാണ് പൊള്ളലേറ്റതെന്നാണ് വിവരം. ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെയാണ് മരിച്ചത്. മൃതദേഹം വൈകിട്ട് നാട്ടിലെത്തിക്കും. ജയേഷ് മറ്റൊരു സഹോദരനാണ്.