പണ്ട് കാലത്ത് മാതാപിതാക്കളും മക്കളും തമ്മില്‍ നല്ല ബന്ധമുണ്ടായിരുന്നു. ഇന്ന് വീട്ടിലുള്ളവര്‍ പരസ്പരം സംസാരിക്കുന്നില്ല, കളിചിരിയില്ല, പല വീടുകളും മരണവീട് പോലെ ശോകമൂകമാണ്. മക്കളൊരു ഭാഗത്ത് അവരുടെ ഇഷ്ടതോഴനായ മൊബൈല്‍ ഫോണെടുത്ത് ഗൂഗിളില്‍ കയറി ചാറ്റിങ്ങും ചീറ്റിങ്ങും നടത്തുമ്പോള്‍ അച്ഛനന്മമാര്‍ മക്കളുടെ ഭാവിയെകുറിച്ചോര്‍ത്ത് നെടുവീര്‍പ്പിടുന്നു. പണ്ട് കാലത്ത് പ്രായംചെന്നവര്‍ നാലും കൂട്ടി മുറുക്കാന്‍ വെറ്റിലയില്‍ ചുണ്ണാമ്പ് പുരട്ടിയിരുന്നു. ഇന്നത്തെ ന്യൂജനറേഷന്‍ ഇരുപത്തിനാല് മണിക്കൂറും വെറ്റിലയില്‍ ചുണ്ണാമ്പ് പുരട്ടിക്കൊണ്ടേയിരിക്കുന്നു. അതിനിടയ്ക്ക് വീട്ടിലുള്ളവര്‍ മരിച്ചാല്‍ പോലും അവരറിയുന്നില്ല.
ഒരുകാലത്ത് പാശ്ചാത്ത്യനാടുകളെ കുറ്റപ്പെടുത്തിയിരുന്ന നമുക്ക് തന്നെ ഇന്നീ ഗതിവന്നതില്‍ രക്ഷിതാക്കള്‍ക്ക് സങ്കടമുണ്ട്. സ്വന്തം ഓമനമക്കളുടെ സ്‌നേഹമയമായ സംസാരം കേള്‍ക്കാനുള്ള സത്വരാന്വേഷണത്തില്‍ ഇന്ന് നമ്മുടെ നാട്ടിലെ മാതാപിതാക്കള്‍ അലഞ്ഞ് തിരിയുകയാണ്. അവരുടെ ഹൃദയത്തിനുള്ളില്‍ വലിയൊരു അഗ്നികുണ്ഡം ആളിക്കത്തുന്നുണ്ട്. അത് മക്കളറിയുന്നില്ല. സ്വല്‍പം വകതിരിവെത്തുമ്പോഴേക്കും അവര്‍ വീട്ടില്‍ നിന്നും മാതാപിതാക്കളില്‍ നിന്നും അകന്ന് നില്‍ക്കുന്നു. ഒരു വലിയ സുഹൃത് ബന്ധം അവരെ പിടിമുറുക്കുന്നു. വീട് വിട്ടിറങ്ങുന്ന സന്താനങ്ങളെ പിന്നീട് കണ്ട് മുട്ടുക വിരളമാണ്. മുന്‍ഗാമികള്‍ സൃഷ്ടിച്ച് വിട്ട സാമൂഹ്യ ചിട്ടകളോടും സമ്പ്രദായങ്ങളോടുമുള്ള പുച്ഛം ഈ പ്രക്രിയയിലേക്കവരെ നയിക്കുന്നു. നാടിനോടോ സമൂഹത്തിനോടോ സമുദായത്തിനോടോ മാതാപിതാക്കളോടോ ഗുരുവര്യന്മാരോടോ യാതൊരു സ്‌നേഹവും കടപ്പാടുമില്ലാതെ പിന്നീടവര്‍ സര്‍വ്വതന്ത്ര സ്വതന്ത്രരായി വിഹരിക്കുകയാണ്.
അച്ചടക്കമില്ലാത്ത വിദ്യാര്‍ത്ഥികള്‍ അധ്യാപകര്‍ക്കെന്നും തലവേദനയാണ്. അവധികാലം കഴിഞ്ഞ് കലാലയങ്ങള്‍ തുറന്ന് കഴിഞ്ഞാല്‍ അധ്യാപകര്‍ ആദ്യമായി കുട്ടികള്‍ക്ക് പറഞ്ഞ് കൊടുക്കുന്നത് അച്ചടക്കത്തെ കുറിച്ച് തന്നെയാണ്.
അച്ചടക്കം എന്നാല്‍ മാനസികവും സന്‍മാര്‍ഗീകവുമായ പരിശീലനം എന്നാകുന്നു. ഒരു സ്ഥാപനത്തിന്റെ കൃത്യവും സുഗമവുമായുള്ള നടത്തിപ്പിന് വേണ്ട ഒരു സുപ്രധാന ഗുണവും കൂടിയാണ് അച്ചടക്കം. അച്ചടക്കത്തിന്റെ അഭാവത്തില്‍ ഉണ്ടായിത്തീര്‍ന്ന സംഭവ കഥകളുടെ റിപ്പോര്‍ട്ടുകളുമായാണ് പണ്ട് തൊട്ടിന്നോളം ദിനപത്രങ്ങള്‍ പുറത്തിറങ്ങുന്നത്. വിദ്യാര്‍ത്ഥികള്‍ പഠിപ്പുമുടക്കി, പ്രിന്‍സിപ്പലിനെ ഘരാവോ ചെയ്തു, വാഹനങ്ങള്‍ സ്തംഭിപ്പിച്ചു അങ്ങനെ പോകുന്നു വാര്‍ത്തകള്‍. ഒരാള്‍ ഒരു പ്രവൃത്തി ചെയ്യുന്നതിന് അടുക്കും ചിട്ടയും ക്രമവും കൃത്യതയുമൊക്കെ ഉണ്ടായിരിക്കണം. ഒരു വിദ്യാലയത്തിലെ കുട്ടികളും അധ്യാപകരും ഒരുപോലെ അവരവരുടെ കൃത്യങ്ങള്‍ നിര്‍വ്വഹിക്കുക എന്ന തത്വം പ്രയോഗത്തില്‍ സ്വീകരിച്ചാല്‍ മാത്രമേ ഏതൊരു വിദ്യാലയത്തിലും മറ്റു സ്ഥാപനങ്ങളിലും അച്ചടക്കം ഉണ്ടായിരിക്കുകയുള്ളു.
അച്ചടക്കം വിനയത്തില്‍ നിന്നുണ്ടാകുന്നു. വനീത സ്വഭാവക്കാരില്‍ അച്ചടക്കം മുഴച്ച് നില്‍ക്കുന്നതായി കാണാന്‍ കഴിയും. സൗമ്യ ശീലവും വിനീത സ്വഭാവവും ഒരുതരം അപകര്‍ഷതാബോധമായി കണക്കാക്കപ്പെടുന്ന കാലമാണിന്ന്. ഇക്കാലത്തെ യുവാക്കള്‍ ധിക്കാരവും അഹങ്കാരവും ഒരു ധീരതയായി ഗണിക്കുകയാണ്. കുട്ടികളെ ചെറുപ്രായത്തില്‍ തന്നെ വിനയസ്വഭാവക്കാരാക്കി മാറ്റാന്‍ ശ്രദ്ധിക്കേണ്ടതാണ്. എങ്കില്‍ മാത്രമേ ‘ചൊട്ടയിലെ ശീലം ചുടലവരെ’ എന്ന പ്രമാണത്തില്‍ പറഞ്ഞത് പോലെ പ്രായം ചെല്ലുമ്പോള്‍ അവരില്‍ ആ സ്വഭാവം തഴച്ച് നില്‍ക്കുകയുള്ളു. ഇത് പറയുമ്പോള്‍ ഒരു കവി വാക്യം ഓര്‍മ്മവരികയാണ്. ‘ചെറുപ്പകാലങ്ങളിലുള്ള ശീലം മറക്കുമോ മാനഷനുള്ള കാലം’.
കുട്ടികളില്‍ വിനയ സ്വഭാവം ശീലിപ്പിക്കുന്നതില്‍ രക്ഷിതാക്കള്‍ക്കുള്ള കഴിവ് അനല്‍പമാണ്. സമപ്രായക്കാരോട് സ്‌നേഹരൂപത്തില്‍ പെരുമാറുന്നതിലും വലിയവരോട് ആദരവ് പ്രകടിപ്പിക്കുന്നതിലും രക്ഷിതാക്കള്‍ക്ക് ശരിയായ മാര്‍ഗ്ഗദര്‍ശനം നല്‍കാന്‍ കഴിയുന്നതാണ്. സന്താനങ്ങളെ സംബന്ധിച്ച് രക്ഷിതാവിന് നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ സമ്മാനമായിട്ടാണ് അത് കണക്കാക്കപ്പെടുന്നത്. പ്രവാചകന്‍ ഒരിക്കല്‍ പറയുകയുണ്ടായി; ‘സന്താനങ്ങള്‍ക്ക് വിനയം ശീലിപ്പിക്കുന്നതനേക്കാള്‍ ഉത്തമമായ ഒരു സമ്മാനം പിതാക്കള്‍ വേറെ നല്‍കാനില്ല.
അച്ചടക്കം രണ്ട് തരത്തിലുണ്ട്. ഒന്നാമത്തേത് സ്വന്തമായി അച്ചടക്കം പാലിക്കുക എന്നതാണ്. അതായത് അന്യരുടെ ഉപദേശം കൂടാതെ. രണ്ടാമതായി അന്യരുടെ ഉപദേശപ്രകാരം നിലനിര്‍ത്തുന്നത്. അതുമല്ലെങ്കില്‍ നിയമത്തിന്റെ തണലില്‍ അച്ചടക്കം പാലിക്കുക എന്നുള്ളതാണ്. ഒരാള്‍ വിദ്യാഭ്യാസം കഴിഞ്ഞ് പുറത്ത് പോയാല്‍ ഒരു പൗരനെന്ന നിലയില്‍ ജീവിക്കുമ്പോള്‍ കാണുന്ന അച്ചടക്കം സ്വമേധയാ ഉള്ള അച്ചടക്കമാകുന്നു.
ഒരു വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ നല്ലവരായ അധ്യാപകര്‍ക്ക് കീഴടങ്ങിയിരിക്കണം. ക്ലാസിന്റെയും വിദ്യാലയത്തിന്റെയും ഉപയോഗത്തിനും സൗകര്യത്തിനും വേണ്ടി അവനവന്റെ താല്‍ക്കാലികാവശ്യങ്ങളെ തടയുകയും അന്വോന്യം കരുതലോടെയിരിക്കുകയും ചെയ്താല്‍ നല്ല അച്ചടക്കം ഉണ്ടാക്കാവുന്നതാണ്. അധ്യാപകര്‍ ഇക്കാര്യത്തില്‍ വളരെയേറെ ശ്രദ്ധിക്കേണ്ടതാണ്. വേലി തന്നെ വിള തിന്നാല്‍ കാര്യങ്ങള്‍ കൈവിട്ട് പോകും. വിദ്യാര്‍ത്ഥികളില്‍ അച്ചടക്കം ഊട്ടിയുറപ്പിക്കേണ്ടത് അധ്യാപകരുടെ ബാധ്യതയാണ്. ഈ നിലയില്‍ വിദ്യാര്‍ത്ഥികള്‍ അച്ചടക്കം പരിശീലിച്ച് കഴിഞ്ഞാല്‍ ഒരുവന്റെ ഭാവിയില്‍ അവന്റെ വീട്ടിലേയും സമൂഹത്തിലേയും സ്വസമുദായത്തിലേയും രാഷ്ട്രങ്ങളിലെ തന്നെയും അച്ചടക്കനിയമങ്ങള്‍ പാലിക്കുന്നവനായി അവന്‍ മാറും.
അച്ചടക്കം കൊണ്ടുണ്ടാകുന്ന ഗുണം കാലക്രമത്തില്‍ അവന്റെ മനസ്സിനും ശരീരത്തിനും സംസ്‌കാരത്തിനും ഒരമൂല്യസമ്പത്താണ്. അത് മോശമായിത്തീരുകയാണെങ്കില്‍ കുട്ടികളുടെ സ്വഭാവവും പഠനവും ചീത്തയാകുകയും വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും സമൂഹത്തിനും അധ്യാപകര്‍ക്കും അതൊരു തീരാബുദ്ധിമുട്ടായി മാറുകയും ചെയ്യുന്നു. ഒരു വിദ്യാലയത്തിന്റെ നടത്തിപ്പിന് പരമപ്രധാനമായ ഒരു കാര്യമാണ് അച്ചടക്കം. ക്രമം, അനുസരണം, ഉത്സാഹം, പരിശ്രമശീലം എന്നിവ ഒരുവനിലുണ്ടായിത്തീരുവാന്‍ അച്ചടക്കം അനിവാര്യമാണ്. ഒരു വിദ്യാലയത്തിന് ദോഷമായിത്തീരുന്ന ക്രമക്കേട്, അലസത, ലഹരിമരുന്നുപയോഗം എന്നീ ദുസ്വഭാവങ്ങളെ തടയുന്നതിന് അച്ചടക്കം ആവശ്യമാണ്.
അനുസരണ രാഹിത്യം അതൊന്ന് മാത്രമാണ് നിലവിലുള്ള സാഹചര്യത്തിന്റെ മൗലികകാരണം.
മാതാപിതാക്കളോടോ അധ്യാപകരോടോ ഈ പ്രപഞ്ചത്തിലുണ്ടെന്ന് പറയപ്പെടുന്ന പരാശക്തികളോട് പോലും പുതിയ ചിന്താഗതിക്കാരായ പല വിദ്യാര്‍ത്ഥികള്‍ക്കും അനുസരണയില്ല. മനുഷ്യന്റെ അമൂല്യസമ്പത്തായ വിജ്ഞാനം അഭ്യസിപ്പിച്ച് തരുന്ന മഹാമനസ്‌കരായ അധ്യാപകരോട്, ആദരണീയ വ്യക്തികളോട് വിദ്യാര്‍ത്ഥികള്‍ ചിലരെങ്കിലും ഇന്നെങ്ങനെയാണ് പെരുമാറുന്നത്?
ഉന്നത വിദ്യാപീഠങ്ങളില്‍ വിജ്ഞാന സമ്പാദനത്തിനെന്ന പേരില്‍ പോകുന്ന പല സുഹൃത്തുക്കളുമായും ഈ ഇളയവന്‍ സംസാരിക്കാറുണ്ട്. കലാലയങ്ങളില്‍ നടക്കുന്ന സംഭവ വികാസങ്ങളും സ്ഥിതിഗതികളുമൊക്കെ അവര്‍ പറഞ്ഞ് തരുമ്പോള്‍ വിജ്ഞാനം മനുഷ്യന് നേടിക്കൊടുക്കുന്ന മഹത്വങ്ങള്‍ ഇത്രയൊക്കെയാണോ എന്ന് തോന്നിപ്പോകും.
അധ്യാപികമാരുടെ സാരിത്തുമ്പ് പിടിച്ച് വലിക്കുന്ന കുട്ടികളും സാക്ഷര കേരളത്തില്‍ കുറവല്ല. ഇതൊക്കെ കേവലം സാധാരണ സംഭവങ്ങള്‍. അസാധാരണങ്ങള്‍ ഇതുക്കും മേലയാണ്.
കോളേജുകളിലെ ചില അധ്യാപകന്മാരുമായി പരിചയപ്പെടാന്‍ കഴിഞ്ഞത് അവരുടെ അന്തരംഗചലനങ്ങളെ കുറിച്ചറിയാന്‍ തികച്ചും സഹായമായിട്ടുണ്ട്. ഒരിക്കല്‍ ഒരു സുഹൃത്തുമായി സംസാരിച്ചപ്പോള്‍ തന്റെ ശിഷ്യരുടെ നടപടിച്ചിട്ടകള്‍ ദൈന്യത കലര്‍ന്ന സ്വരത്തിലദ്ദേഹം വിസ്തരിച്ചു. മനുഷ്യനെ സംസ്‌കാര സമ്പന്നനും പരിഷ്‌ക്കാര സിദ്ധനുമാകാനുതകുന്ന വിദ്യാഭ്യാസം മാനവനെ വാനരനാക്കുകയാണോ എന്നുവരെ ഓര്‍ത്തുപോയി. എന്നിട്ടും വീണ്ടും അദ്ദേഹം വിവരിക്കുകയാണ്. ചോക്കിലും ബോര്‍ഡിലുമെങ്കിലും ഞങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നു. ഇപ്പോഴതും നഷ്ടപ്പെട്ടിരിക്കുന്നു. ബോര്‍ഡിലെന്തെങ്കിലും എഴുതിക്കൊണ്ടിരിക്കുമ്പോഴാണ് ശിഷ്യഗണം പോക്കറ്റിലൊളിപ്പിച്ച് വെച്ച ചെറുകല്ലുകളെടുത്തെറിയുന്നത്.
എന്തായാലും ഇന്ന് നടക്കുന്ന പരിതാപവസ്ഥയെകുറിച്ച് കേവലം സഹതപിച്ചിട്ടെന്ത് കാര്യം. അതിന്റെ വിപാടനത്തിന്നാധാരമായ പ്രശ്‌നങ്ങളെ കുറിച്ച് ചിന്തിക്കുകയാണ് പ്രധാനം.
1969ലെ ശ്രീപ്രകാശ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത് വിദ്യാഭ്യാസ മണ്ഡലത്തിലും സമുദായത്തില്‍ പൊതുവേയും കാണുന്ന നിരവധി അസ്വാസ്ഥ്യങ്ങളുടെ പ്രധാനകാരണം ജനങ്ങളില്‍ മതത്തിന്റെ സ്വാധീനം ക്രമേണ അപ്രത്യക്ഷമാകുന്നതാണ്. ചെറുപ്പംതൊട്ടെ ജനങ്ങളിള്‍ ധാര്‍മ്മികവും ആധ്യാത്മികവുമായ മൂല്യങ്ങള്‍ സശ്രദ്ധം വളര്‍ത്തുകയാണ് ഇതിനുള്ള നിവാരണ മാര്‍ഗ്ഗം. ഇപ്രകാരമുള്ള സത്യങ്ങള്‍ നിരവധി കമ്മീഷനുകളും വിദ്യാഭ്യാസ വിചക്ഷണന്മാരും പിന്നീട് വ്യക്തമാക്കുകയും ഊന്നിപ്പറയുകയും ചെയ്തിട്ടുണ്ട്. ജവഹര്‍ലാല്‍ നെഹ്‌റു ഒരിക്കല്‍ പറയുകയുണ്ടായി; ‘ഭൗതികമായ ഐശ്വര്യത്തിനാണെങ്കില്‍ പോലും ഭാരതത്തിന്റെ മഹത്തായ ആത്മീയ ചിന്തകള്‍ കാറ്റില്‍ പറത്താന്‍ ഞാനിഷ്ടപ്പെടുന്നില്ല’. എന്തുകൊണ്ട് ഭൗതികവും ആത്മീയവും നമുക്ക് സ്വീകരിച്ച് കൂടാ! അഭൂതപൂര്‍വ്വമായ ഈ സംരംഭത്തില്‍ ഭാഗഭാക്കാകുവാന്‍ ഞാന്‍ നിങ്ങളെ ക്ഷണിക്കുന്നു. കൂടുതല്‍ സംതൃപ്തമായ ജീവിതത്തിന് സാഫല്യമാകുന്ന വേറെയൊന്നില്ലെന്ന് ഞാന്‍ നിങ്ങള്‍ക്കുറപ്പുതരുന്നു.
മനുഷ്യന്‍ പരിഷ്‌ക്കരണത്തിന്റെ ഉത്തംഗത പ്രാപിച്ച ഈ ആധുനിക യുഗത്തില്‍ പ്രശ്‌ന പരിഹാരാര്‍ത്ഥം ധാര്‍മ്മിക മൂല്യങ്ങള്‍ പഠിക്കുകയെന്നത് വിരോധാഭാസവും ലജ്ജാകരവുമായിട്ടാണ് പരിഗണിക്കപ്പെടുന്നത്. കാരണം സഹസ്രവര്‍ഷങ്ങള്‍ പഴക്കമുള്ളതാണീ ആധ്യാത്മിക-ധാര്‍മ്മിക മൂല്യാദ്ധ്യായനം. ആ അറുപഴഞ്ചന്മാരുടെ മാര്‍ഗ്ഗം നാം പിന്തുടരുകയോ? ഇതില്‍ പരം നാണക്കേട് വേറെയുണ്ടോ? ഇങ്ങനെയൊക്കെയാണ് ന്യൂ ജനറേഷന്‍ ചിന്ത.
ഇന്നത്തെ ഗൂഗിള്‍സുകള്‍ എന്തൊക്കെ ചിന്തിച്ചാലും പ്രവര്‍ത്തിച്ചാലും ഒരു കാര്യം വ്യക്തമാണ്. ധാര്‍മ്മിക മൂല്യങ്ങളും അധ്യാത്മിക ചിന്തകളും വളര്‍ത്തിയെങ്കില്‍ മാത്രമേ വളരുന്ന തലമുറയെ സമാധാനം കളിയാടുന്ന അനുസരണശീലമുള്ള ഒരു വിഭാഗമാക്കി വളര്‍ത്താന്‍ കഴിയൂ. ഇക്കാര്യത്തില്‍ അശേഷം സന്ദേഹത്തിന്നവകാശമേയില്ല.