മഞ്ചേശ്വരം: വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി തടങ്കലില്‍ വെച്ച കേസില്‍ കാലിയാ റഫീഖ് കൊലക്കേസിലെ പ്രതിയെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. പാണത്തൂര്‍ ചെമ്പേരിയിലെ അബ്ദുല്‍ റഷീദി(35)നെയാണ് മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ദിനേശനും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം 22നാണ് മജിര്‍പള്ളം പദവിലെ അബൂബക്കറിന്റെ മകനും തൊക്കൊട്ടെ സ്വകാര്യ കോളേജിലെ വിദ്യാര്‍ത്ഥിയുമായ ഹാരിസി(17)നെ തട്ടിക്കൊണ്ടുപോയത്. ഗള്‍ഫിലെ അധോലോക സംഘത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് അഞ്ചംഗ സംഘം വീടിന് സമീപം വെച്ച് കാറില്‍ തട്ടിക്കൊണ്ടുപോയത്. മാസങ്ങള്‍ക്ക് മുമ്പ് ഗള്‍ഫില്‍ നിന്ന് കൊടുത്തയച്ച സ്വര്‍ണ്ണം ഹാരിസിന്റെ ബന്ധു തിരിമറി നടത്തിയെന്ന് ആരോപിച്ചാണ് തട്ടിക്കൊണ്ടുപോയത്. അഞ്ച് ദിവസത്തോളം ബന്ദിയാക്കി വെച്ച ശേഷം ഒരു കോടി 20 ലക്ഷം രൂപ നല്‍കുമെന്ന ഉറപ്പിന്മേലാണത്രെ ഹാരിസിനെ സംഘം വിട്ടയച്ചത്. മൂന്ന് വര്‍ഷം മുമ്പ് ഉപ്പള മണിമുണ്ടയിലെ ഗുണ്ടാതലവന്‍ കാലിയാ റഫീഖിനെ കര്‍ണാടക തലപ്പാടി കെ.സി റോഡില്‍ വെച്ച് വെട്ടിയും വെടിവെച്ചും കൊലപ്പെടുത്തിയ കേസിലെ അഞ്ചാംപ്രതിയാണ് റഷീദെന്ന് പൊലീസ് പറഞ്ഞു.
നാല് പ്രതികള്‍ക്കും തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാറിനും വേണ്ടി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.