മഴ എനിക്കെന്നും ഹരമാണ്. കുട്ടിക്കാലത്തേക്കുള്ള തിരിച്ച് പോക്കാണത്. വീണ്ടും വീണ്ടും ഓര്‍ക്കാനാഗ്രഹിക്കുന്ന ഒരു യാഥാര്‍ത്ഥ്യമായി മഴ എന്നും മനസ്സിലുണ്ട്. കൊടും വെയിലില്‍ വാടിപ്പോയ മനസ്സിനും ശരീരത്തിനും കുളിര്‍മ്മ പകരാന്‍ എന്നും ഒരു മഴക്കാലം നമ്മുടെ കൂടെയുണ്ടാവും.
മഴക്ക് രണ്ട് ഭാവങ്ങളുണ്ട്. ശാന്തഭാവവും രൗദ്രഭാവവും. മഴ ആദ്യം ശാന്തമായി പെയ്യുന്നു. ശാന്തമായി പെയ്യുന്ന മഴക്ക് ഒരു പൂവിന്റെ മൃദുലതയുണ്ട്. ആ മഴക്ക് താളവും രാഗവുമുണ്ട്. തലോടലുണ്ട്. ലാളിത്യവും കുസൃതിയുമുണ്ട്.
ശാന്തമായി പെയ്യുന്ന മഴയെ നോക്കി നാം പറയും; ഹായ് നല്ല മഴ… പൂമഴ… തേന്‍മഴ… വര്‍ണ്ണനകളങ്ങനെ നീളും. എന്നാല്‍ ശാന്തസ്വഭാവം മാറി രൗദ്രാവസ്ഥയിലായാലോ, തൊട്ടുമുമ്പുള്ള വര്‍ണ്ണനകളെല്ലാം പാടെ മറക്കുന്നു. നശിച്ച മഴ, ഒടുക്കത്തെ മഴ… പിറുപിറുത്തുകൊണ്ടേയിരിക്കും.
മഴയെ ഒരിക്കലും ശപിക്കരുത്. മഴ ദൈവത്തില്‍ നിന്നുള്ള വരദാനമാണ്. നമുക്ക് ദൈവം തന്ന ഒരനുഗ്രഹമാണ് മഴ. മഴയെ ശപിക്കുന്നത് ദൈവത്തെ ശപിക്കുന്നതിന് തുല്യമാണ്. മഴയില്ലെങ്കില്‍ കുടിനീരില്ല, ജീവജാലങ്ങളില്ല, ഭക്ഷണമില്ല. ഒന്നും തന്നെയില്ല. ഭിന്ന ഭാവങ്ങളുടെ പര്യായമാണ് മഴക്കാലം. ആകാശത്തിന്റെ അനന്തതയില്‍ നിന്നൊരു താരാട്ട് പോലെ മഴ പിറക്കുന്നു. ആകാശവും ഭൂമിയും തമ്മിലുള്ള അനന്തമായ ദൂരത്തില്‍ എരിഞ്ഞടങ്ങുന്നത് മഴയുടെ ജീവിതം. ഇതിനിടയില്‍ മഴ തന്റെ ബാല്യവും കൗമാരവും വാര്‍ധക്യവും കടന്ന് മരണത്തെ പുല്‍കുന്നു. വീണ്ടും പുനര്‍ ജനിക്കണമെങ്കില്‍ ആകാശം മേഘം കൊണ്ട് മൂടണം. മഴയില്‍ മനുഷ്യന്റെ അറിവിന്റെയും അറിവില്ലായ്മയുടെയും ഭാവമുണ്ട്. കൈക്കുമ്പിളുകളിലൊതുങ്ങാതെ ക്ഷോഭിച്ച് വരുന്ന മഴയെ കടലാസ് തോണിയുമായി വരവേല്‍ക്കുന്ന കുട്ടികള്‍, ദുഃസ്വപ്‌നത്തിന്റെ ഭീതി നിറഞ്ഞ കാലൊച്ചകള്‍ കേള്‍ക്കുന്ന രോഗികള്‍, ഇവരെല്ലാം മഴയെ ഭിന്നമായി കാണുന്നു.
എന്നും മഴ പെയ്യണേ എന്നാണെന്റെ പ്രാര്‍ത്ഥന. ബാല്യത്തിലും കൗമാരത്തിലും ധാരാളം മഴ നനഞ്ഞിട്ടുണ്ട്. എന്റെ കുട്ടിത്തം മാറാത്ത പ്രായത്തില്‍ ബ്ലാര്‍ക്കോടിന് കിഴക്ക് ഭാഗത്തെ കുന്നിന്‍ മുകളില്‍ കയറി മതിവരുവോളം മഴയെ കെട്ടിപ്പിടിച്ച് ചുംബിച്ചിട്ടുണ്ട്. അതുകൊണ്ട് ഇന്നും മഴ നനയാന്‍ മനസ്സ് കൊതിക്കുന്നു. പക്ഷെ, ശരീരം വഴങ്ങുന്നില്ല. കെ.കെ പുറം തറവാട് വീടിന്റെ മാളികപ്പുരയില്‍ കയറി കിളിവാതിലിലൂടെ നോക്കിക്കാണുന്ന മഴക്ക് നല്ല ചന്തമുണ്ടായിരുന്നു. നയനമനോഹരമാണാ മഴക്കാഴ്ച. കുട്ടികളായ ഞങ്ങള്‍ മുറ്റത്തെ മഴവെള്ളം കെട്ടിനിര്‍ത്തി കടലാസുതോണിയിറക്കും. അനുജനുണ്ടാക്കുന്ന കടലാസ് തോണിക്ക് നല്ല മൊഞ്ചുണ്ടായിരുന്നു. ആ തോണി ആരും തൊടുന്നത് അവനിഷ്ടമല്ല. അത് അവന് മാത്രം സ്വന്തം. പെങ്ങളുണ്ടാക്കുന്ന കടലാസ് തോണിക്ക് തോണിയുടെ രൂപം ഉണ്ടാകുകയില്ല. അവള്‍ക്കതുണ്ടാക്കാന്‍ അറിയില്ല. അനുജനുണ്ടാക്കിക്കൊടുക്കും.
മഴയത്ത് കുറേ സമയം കളിക്കുന്നത് കണ്ടാല്‍ കുഞ്ഞിബി വഴക്ക് പറയും. അനുസരിച്ചില്ലെങ്കില്‍ വടിയെടുത്ത് ബയ്യെത്തും (ഓടിക്കും).
മഴ അധികം നനഞ്ഞാല്‍ പനി പിടിക്കും തല തോര്‍ത്തിത്തരുന്നതിനിടയില്‍ കുഞ്ഞീബി പറയും. രാസ്‌നാദിപ്പൊടി തലയിലിട്ട് നന്നായി തിരുമ്മും. അതിനിടയില്‍ തുമ്മലൊക്കെ വരും. അമര്‍ത്തിപ്പിടിക്കും.
കര്‍ക്കിടകത്തിലെ ഒരു ദിവസം സകൂള്‍ വിട്ട് വീട്ടിലേക്ക് വരുന്ന വഴി പന്നിക്കുന്നെത്തിയപ്പോഴേക്കും അടപ്പെട്ട മഴ. ശക്തിയോടെ അടിച്ചുവരുന്ന കാറ്റില്‍ എന്റെ മാന്‍മാര്‍ക്ക് കുട ദൂരെ എങ്ങോ പറന്നുപോയി. പാറിപ്പോയ കുടയുടെ പിന്നാലെ പാഞ്ഞ് പോകാനുള്ള ത്രാണി എനിക്കന്നുണ്ടായിരുന്നില്ല. അങ്ങനെ പുതിയ മാന്‍മാര്‍ക്ക് കുടയെ കര്‍ക്കിടകക്കാറ്റ് എന്റെ കൈയ്യില്‍ നിന്നും തട്ടിത്തെറിപ്പിച്ച് എങ്ങോട്ടോ കൊണ്ട് പോയി.
സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് മൂന്ന് കിലോമീറ്റര്‍ ദൂരം നടക്കണം. വിരലിലെണ്ണാവുന്ന ബസ് മാത്രമാണ് അന്നുണ്ടായിരുന്നത്. മഹ്ബൂബ്, അനന്തേശ്വര്‍, കെ.ബി.ടി, ശങ്കര്‍ വിടല്‍.. കുമ്പള ഭാഗത്തേക്ക് ഈ നാല് ബസാണന്ന് ഓടിക്കൊണ്ടിരിക്കുന്നത്. കൃത്യസമയത്ത് ബസ് കിട്ടാറില്ല. ബസിന് കാത്തുനിന്നാല്‍ നേരം വെളുക്കും. അതുകൊണ്ട് നടക്കാന്‍ തന്നെ തീരുമാനിച്ചു. അന്ന് സന്ധ്യക്ക് ശരിക്കും മഴ നനഞ്ഞ് കൊണ്ടാണ് ഞാന്‍ വീട്ടിലെത്തിയത്. പനി പിടിച്ച് കിടക്കാന്‍ ഇതിനപ്പുറം പിന്നെന്ത് വേണം.
പിറ്റേന്ന് രാവിലെ എണീക്കാന്‍ പറ്റുന്നില്ല. ദേഹമാസകലം വേദന. പോരാത്തതിന് പൊള്ളുന്ന പനിയും. മൂടിപ്പുതച്ച് കിടന്നു. അല്ലെങ്കിലും മഴക്കാലത്ത് മൂടിപ്പുതച്ച് കിടക്കാന്‍ നല്ല രസമാണ്.
കുഞ്ഞീബി തൊട്ടുനോക്കി. പൊള്ളുന്നപനി. ശരീരം ആലിലപോലെ വിറക്കുന്നു. കുഞ്ഞിബി ഉണ്ടാക്കിത്തന്ന ചുക്ക് കാപ്പിയേയും ക്ഷീര ബലത്തേയും അനാസിന്‍ ഗുളികയെയും പനി തട്ടിത്തെറിപ്പിച്ച് കൊണ്ട് പൂര്‍വ്വാധികം ശക്തിയോടെ ഉറഞ്ഞ് തുള്ളുകയാണ്. പനിയെ തുരത്തിയോടിക്കാന്‍ എന്താണ് മാര്‍ഗം. കുഞ്ഞീബി തലപുകഞ്ഞാലോചിച്ചു. അവസാനം കിട്ടന്‍ ബൈച്ചറെ വിളിച്ച് വരുത്തി. എന്റെ നെറ്റിയിലും കഴുത്തിലും തൊട്ടുനോക്കി. നല്ല പനിയുണ്ട്. നീളമുള്ള കഴുത്ത് വലിച്ച് നീട്ടി ബൈച്ചറ് പറഞ്ഞു.
കിട്ടന്‍ ബൈച്ചറ് തന്റെ ബാഗ് തുറന്ന് ദശമൂലാരിഷ്ടവും ലോഹാരിഷ്ടവും പനിമാറാനുള്ള ആറ് കറുത്തിരുണ്ട ഗുളികയും പോരാത്തതിന് തലക്കിടാനുള്ള രണ്ട് മഞ്ചിഷ്ടാദിഗുളികയും കുഞ്ഞിബിയുടെ കൈയ്യില്‍ കൊടുത്ത് ഉപയോഗിക്കേണ്ടരീതിയും പറഞ്ഞു; അര ഔണ്‍സ് ദശമൂലാരിഷ്ടവും സമം ചേര്‍ത്തു കൊണ്ടുള്ള അരിഷ്ടത്തില്‍ ദിവസം മൂന്ന് നേരം ഗുളിക കഴിക്കുക.
മഞ്ചിഷ്ടാദി ഗുളിക നെയ്യില്‍ നല്ല വണ്ണം അരച്ച് കുഴമ്പ് രൂപത്തിലാക്കി തലയിലിട്ട് അതിന് മുകളില്‍ വെറ്റില വെക്കണം. ക്രമം തെറ്റിക്കാതെ രണ്ടു ദിവസം മരുന്ന് കൊടുക്കണം. മഴ നനഞ്ഞ് വരുത്തിയ പനിയാണ്. പേടിക്കണ്ട; മാറിക്കോളും. മൂന്നാമത്തെ ദിവസം പനി പമ്പ കടന്നു.
കിട്ടന്‍ ബൈച്ചറ് ആളൊരു ജഗജില്ലി. ചുട്ട കോഴിയെ ജീവനോടെ പറപ്പിക്കാനുള്ള മന്ത്രം കിട്ടന്‍ ബൈച്ചര്‍ക്കറിയാമെന്ന് പഴമക്കര്‍ പറഞ്ഞ് കേട്ടിട്ടുണ്ട്. കൂടോത്രം ചെയ്യാനും ചെയ്ത കൂടോത്രം നിര്‍വീര്യമാക്കാനുമുള്ള വിദ്യയും ബൈച്ചറ് പഠിച്ച് വെച്ചിട്ടുണ്ടത്രെ. അത് കൊണ്ട് ജനങ്ങളല്‍പം ഭയത്തോടും ആദരവോടും കൂടിയാണ് ബൈച്ചറെ സമീപിച്ചിരുന്നത്. കര്‍ക്കിടക മാസത്തെ ശപിച്ച് കൊണ്ടിരുന്ന ഒരു കാലമായിരുന്നു എന്റെ കുട്ടിക്കാലം. ആകാശം കരിമ്പടം പുതച്ചുകൊണ്ട് പകല്‍ മുഴുവനും ഇരുട്ടായിരുന്നു. സൂര്യന്റെ മുഖം കരുവാളിച്ചിരുന്നു.
കര്‍ക്കിടകത്തിലെ മുപ്പത് നാളുകളും തുള്ളിക്കൊരു കുടം പേമാരിയായിരുന്നു. അത്രക്കും തിമിര്‍ത്ത് പെയ്യുന്ന മഴ, ഒന്നിച്ചുള്ള കൊടുങ്കാറ്റും ഇടിയും മിന്നലും ഒക്കെ അന്തരീക്ഷത്തെ വല്ലാതെ ഭയപ്പെടുത്തിയിരുന്നു. അന്ന് തുള്ളിക്കൊരു കുടം പേമാരിയായിരുന്നുവെങ്കില്‍ ഇന്ന് തുള്ളിക്ക് ഒരൗണ്‍സ് പോലും വരില്ല. ആനത്തോലുണങ്ങുന്നവെയിലും…
കര്‍ക്കിടകത്തില്‍ പൊട്ടിക്കരയുന്ന ആകാശത്തെ നോക്കി നില്‍ക്കാനുള്ള കെല്‍പ് ദിനകരനുണ്ടായിരുന്നില്ല. സൂര്യന്‍ എങ്ങോ ഓടിമറയും. അതോടെ ഭൂമി അര്‍ദ്ധാന്ധകാരമാകും. കോരിച്ചൊരിയുന്ന മഴയത്ത് പുറത്തുപോയി തൊഴിലെടുക്കാന്‍ കഴിയാതെ ആളുകള്‍ വീടിനുള്ളില്‍ ചടഞ്ഞിരിക്കും. കുട്ടികളായ ഞങ്ങള്‍ തണുപ്പ് മാറിക്കിട്ടാന്‍ അടുക്കളയില്‍ അടുപ്പിന് ചുറ്റും കൂടിയിരിക്കും. അല്ലെങ്കില്‍ കമ്പിളി പുതച്ച് മൂലയ്ക്ക് ചുരുണ്ടുകൂടും. മുതിര്‍ന്നവര്‍ തണുപ്പ് മാറ്റിക്കിട്ടാന്‍ ബീഡി വലിക്കും. വല്യുപ്പ വലിച്ചിരുന്നത് ബര്‍മ്മാച്ചുരുട്ടാണ്. ബീഡിയേക്കാളും പവറുള്ള സാധനം.
ചക്കക്കാലത്ത് കുഞ്ഞിബിയുണ്ടാക്കിയ ചക്കപപ്പടവും ചക്കക്കുരു പുഴുങ്ങി ഉണക്കിയതും കോരിച്ചൊരിയുന്ന കര്‍ക്കിട മഴയത്ത് കറുമുറെ പൊട്ടിക്കാന്‍ നല്ല പാങ്ങാണ്.
കര്‍ക്കിടകത്തിലെ ഓരോ നാളുകളും ആധിയും വ്യാധിയും മനസ്സുകളെ തളര്‍ത്തിയിരുന്നു. വിശപ്പടക്കാന്‍ അരിയും മറ്റ് ധാന്യങ്ങളൊന്നുമില്ലാതെ ചക്കയും തകരയും ചീരയും താളുമൊക്കെ വേവിച്ച് തിന്ന വറുതിയുടെ നാളുകള്‍ ഓര്‍മ്മയില്‍ തെളിഞ്ഞ് വരികയാണിന്ന്.
സംഹാര താണ്ഡവമാടിവരുന്ന കര്‍ക്കിടകപ്പേമാരിയില്‍ മരങ്ങള്‍ പിഴുതെറിയും, കൂരകള്‍ എടുത്തെറിയും, പുഴകളും തോടുകളും കുളങ്ങളും കരകവിഞ്ഞൊഴുകും. അറബിക്കടലിലെ തിരമാലകള്‍ ഉയരത്തില്‍ തുള്ളിച്ചാടി ആര്‍ത്തട്ടഹസിക്കും. കടല്‍ക്കരയിലെ കാറ്റാടി മരങ്ങള്‍ തലയാട്ടി ഉറഞ്ഞ് തുള്ളും. തവളകള്‍ പേക്രോം ശബ്ദമുഴക്കി കര്‍ക്കിടകത്തെ വരവേല്‍ക്കും. ഭൂമിയുടെ ഉള്ളം കുളിര്‍ക്കും. ഭൂമിദേവി പുഷ്പിണിയാകും. വീശിയടിക്കുന്ന കാറ്റ് പ്രകൃതിയെ ഇക്കിളിപ്പെടുത്തും. വിവിധ വര്‍ണ്ണത്തിലുള്ള പൂക്കളും ചിത്രശലഭങ്ങളും പ്രത്യക്ഷപ്പെടും. ചിങ്ങമാസത്തിലെ മാവേലി മന്നനെ വരവേല്‍ക്കാന്‍ ഭൂമി പൂക്കളാല്‍ ചമഞ്ഞൊരുങ്ങി നില്‍ക്കും. ചിങ്ങമാസത്തിലെ പുഷ്ടിയുള്ള പ്രകൃതിക്ക് കര്‍ക്കിടകം ഒരു വളമായിമാറും.
പണ്ട് കര്‍ക്കിടക മഴയ്ക്ക് ഒരുതരം പട്ട്‌പോലുള്ള ചുവന്ന പുഴുക്കള്‍ ഭൂമിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പടച്ചോന്‍ ആകാശത്ത് നിന്ന് തുപ്പിയതാണത്രെ അത്. പടച്ചോന്‍ തുപ്പിയത് കൊണ്ട് ‘പടച്ചോന്റെ തുപ്പ്‌ന്നോറ്’ എന്നാണ് അറിയപ്പെട്ടിരുന്നത്. രാവിലെ മദ്രസയിലേക്ക് നടന്ന് പോകുന്നവഴിയില്‍ ചുവന്നപ്പുഴുക്കള്‍ അങ്ങിങ്ങായി നിരന്നിട്ടുണ്ടാവും. പുഴുവിനെ ചവിട്ടാതെ സൂക്ഷിച്ച് വഴിമാറി നടക്കും. പുഴുവിനെ ചവിട്ടിയാല്‍ ദൈവകോപം ഉണ്ടാകുമത്രെ. ഇന്ന് ഇത്തരം പുഴുക്കളെ കര്‍ക്കിടക മാസത്തില്‍ കാണാറില്ല. പടച്ചോന്‍ തുപ്പുന്നത് നിര്‍ത്തിയോ? ഒന്നും മനസ്സിലാകുന്നില്ല. തീനും കുടിയുമില്ലാത്ത പടച്ചോന് എങ്ങനെയാണ് തുപ്പാന്‍ കഴിയുക? കുട്ടിക്കാലത്ത് ഈ വക ചിന്തകളൊന്നും തലമണ്ടയില്‍ കയറിയില്ല. ബുദ്ധി ഉറക്കാത്ത പ്രായത്തില്‍ ആരെങ്കിലും എന്തെങ്കിലും വിഡ്ഢിത്തം വിളമ്പിയാല്‍ അതനുസരിച്ച് നടക്കാനേ കുട്ടികള്‍ക്ക് കഴിയുമായിരുന്നുള്ളു. പോരാത്തതിന് അന്ധവിശ്വാസത്തിന്റെ ചളിക്കുഴിയില്‍ കിടന്ന് നാട് വീര്‍പ്പുമുട്ടുന്ന കാലവും.
കര്‍ക്കിടക മഴ നാശം വിതയ്ക്കുന്നതോടൊപ്പം അനുഗ്രഹവും ചൊരിഞ്ഞിരുന്നു. കര്‍ക്കിടക മാസത്തിലെ അതിശക്തമായ മഴ കാരണം കിണറുകള്‍ നിറഞ്ഞുകവിയുമായിരുന്നു. തല്‍ഫലമായി വേനല്‍ക്കാലത്ത് ഉറവ വറ്റാതെ ജലസമൃദ്ധമാകുന്നു. ഇന്നത്തെ പോലെ ടാങ്കര്‍ ലോറിയെ ആശ്രയിക്കേണ്ട ഗതികേടൊന്നും പണ്ടുള്ളവര്‍ക്ക് ഉണ്ടായിട്ടില്ല.
കര്‍ക്കിടകത്തിലെ മഴ വല്യുമ്മ കുഞ്ഞിബിക്കും അയല്‍പക്കത്തെ കഞ്ചീഞ്ഞമാര്‍ക്കും വലിയൊരു അനുഗ്രഹമായിരുന്നു. വിശാലമായ പറമ്പ് നിറയെ നനഞ്ഞ് കുതിര്‍ന്ന് തെങ്ങോലകള്‍ ചിതറിക്കിടക്കുന്നുണ്ടാവും. കുഞ്ഞിബിക്കന്ന് ചാകരയായിരുന്നു. ഓലകളെല്ലാം രണ്ട് കീറാക്കി മെടഞ്ഞ് വില്‍ക്കും. ഓല മെടയാന്‍ ചെറുപ്പത്തില്‍ ഞാനും കുഞ്ഞിബിയെ സഹായിച്ചിരുന്നു. എന്റെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ ഭാരിച്ച ചെലവുകള്‍ കുഞ്ഞിബിയുടെ ഈ അധ്വാനത്തില്‍ നിന്ന് കിട്ടും. കര്‍ക്കിടക മാസത്തിലെ പേമാരിയില്‍ പുഴകളില്‍ ഒഴുകിവരുന്ന വിലപിടിപ്പുള്ള മരങ്ങള്‍ വിറ്റ് പലരും സമ്പന്നരായിട്ടുണ്ടത്രെ.
കര്‍ക്കിടകത്തിലെ കാറ്റും മഴയും കുട്ടികളെ വെറും കൈയ്യോടെ മടക്കിയിരുന്നില്ല. രാവിലെ എണീറ്റ് മാവിന്‍ ചോട്ടിലേക്ക് നോക്കിയാല്‍ മധുരമുള്ള മാമ്പഴം നിരന്നിട്ടുണ്ടാവും. വലിയ കൊട്ടയില്‍ മാമ്പഴം നിറയ്ക്കും. വീടിന്റെ പടിഞ്ഞാറ് ഭാഗത്തെ മണ്‍വരമ്പിന് തൊട്ടുനില്‍ക്കുന്ന കൂറ്റന്‍ മാവിലെ മാമ്പഴത്തിന് നല്ല രുചിയായിരുന്നു.
മഴക്കാലത്ത് കിട്ടുന്ന മറ്റൊരു പഴമാണ് കരിങ്ങപ്പഴം അഥവാ കന്നിപ്പായം. ഓലകൊണ്ട് നെയ്തുണ്ടാക്കിയ ചെറിയ കൊട്ട നിറയെ കന്നിപ്പായവുമായി ഞങ്ങള്‍ വീട്ടിലെത്തും. വായ്പ്പുണ്ണിനും വയറ്റിലെ പുണ്ണിനും കന്നിപ്പഴവും ഞാവല്‍ പഴവും സിദ്ധൗഷധമാണെന്ന് ആയുര്‍വേദ വൈദ്യന്മാരില്‍ നിന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. അള്‍സര്‍, അര്‍ബുദം എന്നിവയ്ക്ക് കരിങ്ങപ്പഴം കഴിക്കുന്നത് ഏറ്റവും നല്ലതാണ്.
കര്‍ക്കിടകമാസത്തിലെ കോരിച്ചൊരിയുന്ന മഴയ്ക്ക് ഒരാഴ്ചയോളം സ്‌കൂള്‍ അവധിയായിരിക്കും. അവധി പ്രഖ്യാപിച്ചെന്നറിയുമ്പോള്‍ കുട്ടികളായ ഞങ്ങള്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടും. നിറഞ്ഞ് കവിഞ്ഞൊഴുകുന്ന തോടുകളിലും കുളങ്ങളിലും തുള്ളിച്ചാടാന്‍ മനസ്സ് കൊതിക്കും.
മഴക്കാലമായാല്‍ തോട്ടില്‍ നിറയെ മീനുകളുണ്ടാവും. പുല്ലന്‍, മുക്കുടന്‍, മൂവി, പരലുകള്‍… മീനുകള്‍ നിറഞ്ഞ തോട്ടിലാണ് ഞാന്‍ നീന്താന്‍ പഠിച്ചത്. ഉടുമുണ്ടഴിച്ച് ഞങ്ങള്‍ മീന്‍ പിടിക്കും. അവയെ ജീവനോടെ കുപ്പിയിലിട്ട് വെയ്ക്കും. അല്‍പായുസ്സുകളായിരുന്നു അവയെല്ലാം. കുറേദിവസം കഴിയുമ്പോള്‍ മീനുകളെല്ലാം ചത്ത് പോകും. മഴക്കാലത്ത് തോട്ടില്‍ മീനുകള്‍ മാത്രമല്ല മാക്രികളും നിറയുമായിരുന്നു. നീര്‍ക്കോലികള്‍ കുട്ടികളെ പേടിപ്പിച്ച് ഒഴുക്കിലൂടെ മുന്നോട്ട് പോകും.
തോട്ടിന്‍ കരയില്‍ ധാരാളം ബൊഗിരി മരങ്ങളുണ്ടായിരുന്നു. അതില്‍ നിന്ന് പഴുത്ത ബൊഗിരിപ്പഴം നോക്കിപ്പറിക്കും. ബൊഗിരിപ്പഴം അന്നും ഇന്നും എനിക്കിഷ്ടമാണ്.
ഈ തോട് അവസാനിക്കുന്ന സ്ഥലത്ത് ഒരുകുളമുണ്ട്. വലിയ ആഴമുള്ള കുളം. കര്‍ക്കിടകത്തില്‍ കുളം നിറഞ്ഞ് വെള്ളം കറുത്ത് കാണും. ഇഫ്‌രീത്തും കാഫ്‌റ് ജിന്നും ചേര്‍ന്ന് കുഴിച്ച പഴക്കമുള്ള കുളമായിരുന്നു അതെന്ന് വല്യുമ്മ പറഞ്ഞ് തന്നിട്ടുണ്ട്. ആ കുളത്തില്‍ കുളിക്കാന്‍ പോയ പലരേയും ഇഫ്‌രീത്തും ജിന്ന് മക്കളും ചേര്‍ന്ന് മുക്കികൊന്ന കഥയും വല്യുമ്മ പറഞ്ഞിട്ടുണ്ട്. പേടിച്ച് ഞങ്ങളാരും കുളത്തിന്‍ കരയിലേക്ക് പോയിരുന്നില്ല. കുളത്തിനടുത്തേക്ക് പോകാതിരിക്കാന്‍ വേണ്ടി വല്യുമ്മ കെട്ടിച്ചമച്ച കഥകളാണ് ഇഫ്‌രീത്തും ജിന്നും എന്ന് ഞങ്ങള്‍ക്ക് പിന്നീട് മനസ്സിലായി. പാടങ്ങളും തോടുകളും കുളങ്ങളുമുള്ള ആ സ്ഥലങ്ങള്‍ അവസാനിക്കാത്ത ദൂരങ്ങളായിട്ട് ഇന്നും എന്റെ മനസ്സിലുണ്ട്.
കര്‍ക്കിടകത്തിലെ ആധിയും വ്യാധിയും അകറ്റാന്‍ ‘കളഞ്ചന്‍ തെയ്യം’ വീട് വീടാന്തരം കയറിയിറങ്ങും. ഒരിക്കല്‍ കെ.കെ പുറം തറവാട് മുറ്റത്ത് എത്തിയ കളഞ്ചന്‍ തെയ്യത്തിന് വല്യുപ്പ തേങ്ങയും അരിയും ഉറുപ്യയും കൊടുക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ജാതിമത വേര്‍തിരിവൊന്നും വല്ല്യുപ്പയ്ക്കുണ്ടായിരുന്നില്ല. എല്ലാവരും ദൈവത്തിന്റെ സൃഷ്ടികളാണ്. ദൈവത്തിന് മനുഷ്യരെല്ലാം ഒരു പോലയാണ്. അതുകൊണ്ട് മനുഷ്യര്‍ക്ക് മനുഷ്യരെല്ലാം ഒരു പോലെയാണ്. വല്ല്യുപ്പ പലതവണയായി ഇത് പറഞ്ഞ് തന്നിട്ടുണ്ട്.
തെയ്യങ്ങളെല്ലാം ഇന്ന് പഴഞ്ചനായി മാറി. കളഞ്ചന്‍ തെയ്യം കെട്ടാന്‍ ആണ്‍കുട്ടികളെ കിട്ടാതെ വന്നപ്പോള്‍ പെണ്‍കുട്ടിയെ കൊണ്ട് കളഞ്ചന്‍ തെയ്യം കെട്ടിക്കേണ്ടിവന്ന ഗതികേട് സാംസ്‌ക്കാരിക കേരളത്തിന് മാത്രം സ്വന്തം. കര്‍ക്കിടകം പത്ത് മുതല്‍ പതിനേഴ് വരെ ഏഴ് ദിവസം വല്ല്യുപ്പ കുഴമ്പ് തേച്ച്കുളിക്കും. കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ നിന്ന് വാങ്ങിച്ച ധന്വന്തരി കുഴമ്പും പിണ്ഡതൈലവും സമംചേര്‍ത്ത് ചെറുചൂടോടെ ദേഹമാസകലം തടവും. രണ്ട് മണിക്കൂര്‍ കഴിഞ്ഞ് പുളിയിലയും വാതക്കൊല്ലിയിലയുമിട്ട് തിളപ്പിച്ച വെള്ളത്തില്‍ കുളിക്കും. കുറുന്തോട്ടിത്താളിയും ചെറുപയര്‍ അരച്ചതുമാണ് സോപ്പിന് പകരം ദേഹത്തിലുള്ള എണ്ണ കളയാന്‍ ഉപയോഗിച്ചിരുന്നത്. ആറടിയിലധികം ഉയരമുള്ള ആജാനുബാഹുവായ വല്ല്യുപ്പ കെ.കെ പുറം മുഹമ്മദ് ഹാജി തൊണ്ണൂറാമത്തെ വയസ്സിലാണ് ഈ ലോകത്ത് നിന്നും വിട പറഞ്ഞത്.
കര്‍ക്കിടക മാസത്തില്‍ പതിനഞ്ച് ദിവസവും കുഞ്ഞിബി ചെറുപയറ് കഞ്ഞിവെച്ച് വിളമ്പിത്തരും. കൂടാതെ ചക്കരയിട്ട് ഉലുവാന്‍ അരച്ചതും തീറ്റിക്കും. ഉലുവാന്‍ എനിക്കിഷ്ടമല്ല. ഭയങ്കര കയ്പാണ്. എങ്കിലും കുഞ്ഞിബി നിര്‍ബന്ധിച്ച് തീറ്റിക്കും. കര്‍ക്കിടക മാസത്തില്‍ വല്യുപ്പയ്ക്ക് ഞവര അരിക്കഞ്ഞി നിര്‍ബന്ധം. ഇന്ന് ആയുര്‍വേദക്കടകളില്‍ കര്‍ക്കിടകക്കിറ്റ് സുലഭമാണ്. എന്നാല്‍ അതൊന്നും ഇന്നത്തെ ഗൂഗിള്‍സ് പിള്ളേരുടെ ശ്രദ്ധയില്‍പെടുകയില്ല. പഴമക്കാര്‍ ഇന്നും മുറതെറ്റാതെ കര്‍ക്കിടകക്കഞ്ഞി ഉപയോഗിച്ച് വരുന്നു