ഉദുമ: നിരവധി അപകട മരണങ്ങള്‍ സംഭവിച്ച സാഹചര്യത്തില്‍ കെ.എസ്. ടി.പി റോഡില്‍ ഉദുമയിലെ ബസ് സ്റ്റാന്റ് പൊളിച്ചു നീക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയംഗം മുഹമ്മദ് ഹസീബിന്റെ ഹരജിയുടെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ്. നേരത്തെ കെ.എസ്. ടി.പിക്കും ജില്ലാ കലക്ടര്‍ക്കും ഇത് സംബന്ധിച്ച് പരാതി നല്‍കിയിരുന്നു. എന്നാല്‍ നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. ബസ് സ്റ്റാന്റ് പൊളിച്ചുമാറ്റണമെന്ന പഞ്ചായത്ത് ഉത്തരവ് അധികൃതര്‍ നടപ്പിലാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് 2018 നവംബറില്‍ ഹസീബ് കോടതിയെ സമീപിച്ചത്. കലക്ടര്‍ക്ക് നല്‍കിയ പരാതി അദ്ദേഹം ജില്ലാ റോഡ് സേഫ്റ്റി വിഭാഗത്തിന് കൈമാറുകയും ഇതിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയ സേഫ്റ്റി വിഭാഗം ബസ് സ്റ്റാന്റ് പൊളിച്ചുമാറ്റണമെന്ന റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് കോടതി ഉത്തരവിറക്കിയത്. കെ.എസ.്ടി.പി ബസ് സ്റ്റാന്റ് ഒഴിവാക്കിക്കൊണ്ടാണ് റോഡ് പണി പൂര്‍ത്തിയാക്കിയിരുന്നത്. വ്യാപാരി സംഘടനയും ഇതുസംബന്ധിച്ച് വിവിധ അധികാരികള്‍ക്ക് പരാതി നല്‍കിയിരുന്നു. തൊട്ടടുത്ത് തന്നെ റെയില്‍വെ ഗേറ്റുള്ളതിനാല്‍ ഇവിടെ റോഡിന് വീതി കുറവാണ്. അത് കൊണ്ട് തന്നെ അപകടം പതിയിരിക്കുന്ന സ്ഥലമാണിത്. നിലവിലുള്ള ബസ് സ്റ്റാന്റ് പൊളിച്ചുനീക്കുന്നതോടെ ഇവിടെ അപകടം ഒഴിവാകുമെന്ന് പരാതിക്കാരനായ മുഹമ്മദ് ഹസീബ് പറഞ്ഞു.