ഇല്‍മ് അഥവാ അറിവ് ഇസ്ലാമിനെ സംബന്ധിച്ചടുത്തോളം ജീവനാണ്. ശരീരത്തിന് ആത്മാവുമായുള്ള ബന്ധമാണ് ഇസ്ലാമിന് മതവിദ്യാഭ്യാസത്തോടുള്ളത്. അജ്ഞതാന്ധകാരത്തില്‍ ജീവിക്കുന്ന ഒരു ജനസമൂഹത്തിന് സ്വയം വളര്‍ന്ന് വികസിക്കാനും ഇതര സഹോദരങ്ങളെ സന്മാര്‍ഗത്തിലേക്ക് നയിക്കാനും മഹനീയവും മാതൃകായോഗ്യവുമായ ഒരു ജീവിതക്രമം ലോകത്തിന്റെ മുമ്പില്‍ സമര്‍പ്പിക്കുവാനുമാണ് ഇസ്ലാം, മതവിദ്യാഭ്യാസത്തിന് ഇത്രയും പ്രാധാന്യം കല്‍പ്പിക്കാനുള്ള കാരണം.
ഖുര്‍ആനിലും സുന്നത്തിലും ഉടനീളം മതവിദ്യാഭ്യാസത്തെ സംബന്ധിച്ച് ശക്തിയുക്തമായ നിര്‍ദ്ദേശങ്ങള്‍ നമുക്ക് ദര്‍ശിക്കാനാവും. വാളും പരിചയുമേന്തി, പടച്ചട്ടയണിഞ്ഞ് പോര്‍ക്കളത്തിലേക്കിറങ്ങി ദീനിന് വേണ്ടി ധീരമായി പോരാടി വീര ചരമം പ്രാപിച്ച മഹാന്മാരായ സഹാബിവര്യന്മാരുടെ സ്ഥാനമാണ് ഇസ്ലാം. ദീല്‍ നടത്തുന്ന പണ്ഡിതന്മാര്‍ക്ക് നല്‍കിയിട്ടുള്ളത്. മതാധ്യാപനത്തിന്റെ മഹനീയതയെ സംബന്ധിച്ച് പ്രവാചകന്‍ പറഞ്ഞ വാക്കുകളൊന്ന് ശ്രദ്ധിക്കുക; ഏറ്റവും ശ്രേഷ്ഠമായുള്ള ദാനം മുസ്ലീമായ ഒരു മനുഷ്യന്‍ ഇല്‍മിനെ പഠിക്കുകയും അനന്തരം തന്റെ സഹോദരന് അത് പഠിപ്പിക്കുകയും ചെയ്യുക എന്നതാണ്.
മദ്രസകള്‍ നിലവില്‍ വരുന്നതിന് മുമ്പ് പള്ളി ദര്‍സുകളില്‍ വെച്ചായിരുന്നു ഇല്‍മ് പകര്‍ന്ന് നല്‍കിയിരുന്നത്. മുസ്ലിം ലോകത്ത് ആദ്യമായി ഉടലെടുത്ത പള്ളി ദര്‍സ് പുണ്യഭൂമിയായ മദീനയിലായിരുന്നു. മസ്ജിദുന്നബവിയായിരുന്നു അതിന് വേണ്ടി തിരഞ്ഞെടുത്ത ആദ്യത്തെ പള്ളി. അഹ്‌ലുസുഫ്ഫത്ത് എന്ന പേരിലറിയപ്പെടുന്ന അമ്പതില്‍പരം സഹാബികളായിരുന്നു അദര്‍സിലെ മുഅല്ലീമിങ്ങള്‍… അബൂഹുറൈറ (റ) ആയിരുന്നു അവരുടെ നേതാവ്. ഇസ്ലാം മതം ഇതരദേശങ്ങളിലേക്ക് വ്യാപിക്കുന്നതോടൊപ്പം പള്ളി ദര്‍സുകളും വര്‍ധിച്ചുവന്നു. പ്രവാചകന്റെ ജീവിതകാലത്തോ, അതിന് തൊട്ട് പിന്നിലായോ ഇസ്ലാം മതം നമ്മുടെ കേരളത്തിലും എത്തിച്ചേര്‍ന്നിട്ടുണ്ട്. അതോട് കൂടി തന്നെയായിരുന്നു ഇവിടെ പള്ളിദര്‍സുകളും സ്ഥാപിക്കപ്പെട്ടത്. ഇസ്ലാം മതം ആശ്ലേഷിക്കുന്നവര്‍ക്ക് ദര്‍സ് ഒഴിച്ച് കൂടാത്തതാണ്. തുടര്‍ന്ന് കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ പള്ളി ദര്‍സുകള്‍ നിലവില്‍ വരികയും ചെയ്തു. അങ്ങനെ കേരളവും ഇസ്ലാം മതത്തിന്റെ നിലനില്‍പ്പിന് വേണ്ടി ധാരാളം സംഭാവനകളര്‍പ്പിച്ചിട്ടുണ്ട്.
പള്ളി ദര്‍സെന്ന് പറയുന്നത് ഒരര്‍ത്ഥത്തില്‍ അത് ഗുരുകുല സമ്പ്രദായമാണ്. മഹര്‍ഷിമാരുടെ ഗുരുകുലം പോലെ തന്നെ പേര് കേട്ടതായിരുന്നു മൊയിലാക്കന്മാരുടെ ഗുരുകുലവും. ഗുരുകുല സമ്പ്രദായത്തില്‍ കൂടി വിദ്യാഭ്യാസം ചെയ്യുന്നത് കൊണ്ട് ധാരാളം ഗുണങ്ങള്‍ ലഭിക്കുന്നുണ്ട്. അധ്യാപകരും വിദ്യാര്‍ത്ഥികളും ഒരു സ്ഥലത്ത് താമസിക്കുന്നു. പള്ളിദര്‍സുകളിലെ ഈ അധ്യാപനം ഏതാണ്ടൊരു ചര്‍ച്ച പോലെയായിരിക്കും. പാഠ്യവിഷയത്തെ പരാമര്‍ശിക്കുന്ന ഏതൊന്നിനെക്കുറിച്ചും ചോദിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ട്. അത് കൊണ്ട് ഓരോ പാഠവും ശരിയായി അപഗ്രഥനം ചെയ്യുന്നതിനും അതിന്റെ സാരം വേണ്ടത് പോലെ ഗ്രഹിക്കുന്നതിനും മുഅല്ലീമീങ്ങള്‍ക്ക് കഴിയുന്നു. ഉസ്താദുമാരോടൊന്നിച്ച് താമസിക്കുന്നത് കൊണ്ട് മുതഅല്ലിമുകള്‍ക്ക് അത്യധികമായി പല പ്രയോജനങ്ങളും നേടാനുണ്ട്. ഏത് സമയത്തും സംശയനിവാരണത്തിന് സാധിക്കുന്നു.
ഉസ്താദുമാരുടെ മാതൃകാപരമായ ജീവിതരീതി നേരില്‍കണ്ട് മനസ്സിലാക്കി സ്വഭാവം രൂപവല്‍ക്കരിക്കുന്നതിന് ശിഷ്യലോകത്തിന് സന്ദര്‍ഭം ലഭിക്കുന്നു. വിദ്യാര്‍ത്ഥികളുടെ നിത്യജീവിതത്തിലെ ഓരോ അധ്യായവും മാതൃകായോഗവും ഇസ്ലാമികവുമാക്കിത്തീര്‍ക്കുവാന്‍ അവര്‍ സ്വയം നിര്‍ബന്ധിതരായിത്തീരുന്നു, പഠനം, പ്രാര്‍ത്ഥന, നിദ്ര, കുളി, ശുചീകരണം, സമ്പര്‍ക്കം, വസ്ത്രധാരണം, താടി, മുടി മുതലായവയിലെല്ലാം ഇസ്ലാമിക സ്വഭാവം വെച്ചുപുലര്‍ത്തുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ജന്മനാ സിദ്ധിച്ച അനുകരണ വാസന അതിനവരെ പ്രേരിപ്പിക്കുന്നു. ശിഷ്യന്മാര്‍ ഉസ്താദുമാരില്‍ നിന്ന് മനസ്സിലാക്കുന്നു. പഠിക്കുന്നു. അവ ജീവിതത്തില്‍ പകര്‍ത്തുന്നു. ആദ്യത്തെ മുഅല്ലീമായ പ്രവാചക പ്രഭുവില്‍ നിന്ന് അവിടത്തെ ശിഷ്യലോകം സഹാബത്ത് പഠിച്ച് പകര്‍ത്തിയത് താബിഉകളായ അവരുടെ ശിഷ്യരില്‍ പകര്‍ന്നു. അങ്ങനെ പരമ്പരാഗതമായി പള്ളി ദര്‍സുകളില്‍ കൂടി അല്ലാഹുവിന്റെ റസൂലിലുള്ള മെച്ചമായ മാതൃക കാത്ത് സൂക്ഷിക്കപ്പെടുകയും അവ ഇന്നും പകര്‍ത്തപ്പെടുകയും ചെയ്യുന്നു. മുസ്ലി മഹല്ലുകളില്‍ ഉടലെടുക്കുന്ന ഓരോ പള്ളി ദര്‍സുകളും പ്രവാചകന്‍ കാണിച്ചു തന്ന ഇസ്ലാമിക സംസ്‌കാരത്തിന്റെ കെടാവിളക്കുകളാണ്. ഓരോ പള്ളി ദര്‍സുകളില്‍ കൂടിയും തദ്ദേശിയര്‍ ഇസ്ലാമിക സംസ്‌കാരം കണ്ടെത്തുന്നു. അതവര്‍ മനസ്സിലാക്കി സ്വജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യുന്നു. തന്മൂലം ആ കെടാവിളക്ക് നാട്ടിലാകമാനം പ്രകാശം ചൊരിയുന്നു.
അങ്ങനെ ലോകത്ത് ഇസ്ലാമിക സംസ്‌കാരത്തിന്റെ പ്രഭാപ്രസരം പരത്തുന്ന പ്രഭാതസൂര്യനായി വിലസുകയാണ് പള്ളി ദര്‍സുകള്‍. മദ്രസ ഗുരുകുലം പോലെയല്ല. ഒരു നിശ്ചിത സമയത്തേക്ക് വീട്ടില്‍ നിന്നിറങ്ങി പഠിച്ച് വീട്ടിലേക്ക് തിരിച്ച് പോരുന്നതാണ് മദ്രസാ പഠനം. മദ്രസാ സ്ഥാപനങ്ങളില്‍ അധ്യാപനം നടത്തുന്നവരെയും അല്ലിമിങ്ങള്‍ എന്നു പറയുന്നു. ഒരര്‍ത്ഥത്തില്‍ ഇവര്‍ ഇസ്ലാമിന്റെ ശില്‍പികളാണ്. കാരണം ഖുര്‍ആന്‍ അവതരിപ്പിച്ച അറബി ഭാഷയുടെ അക്ഷരങ്ങളും ക്രമീകരണങ്ങളും ആദ്യമായി പിഞ്ചു കുഞ്ഞുങ്ങളുടെ ഹൃദയങ്ങളില്‍ നിറച്ച് വെക്കുകയും അത് മൂലം ഖുര്‍ആനിനെയും ഇസ്ലാമികാചാരങ്ങളെയും സംബന്ധിച്ച് മനസ്സിലാക്കിക്കൊടുക്കുകയും ചെയ്യുന്നത് മുഅല്ലിമുകളാണ്. അല്ലാഹുവും മലക്കുകളും ആകാശത്തില്‍ നിവസിക്കുന്നവരും മത്സ്യങ്ങളും ഉറുമ്പുകള്‍ വരെ സമുദായത്തിന് സന്മാര്‍ഗം ഉപദേശിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന മുഅല്ലിമിങ്ങളുടെ മേല്‍സ്വലാത്ത് ചൊല്ലുമെന്ന് ഹദീസില്‍ വ്യക്തമാക്കിയിട്ടുണ്ട്. മഅല്ലിമിങ്ങളുടെ സ്വഭാവം ചീത്തയായിപ്പോയാല്‍ അല്ലാഹുവും മലക്കുകളും എന്ന് വേണ്ട ആകാശഭൂമിയിലെ സര്‍വ്വരും അവരെ ശപിക്കുമെന്നും ഹദീസില്‍ വന്നിട്ടുണ്ട്. മുഅല്ലീമിങ്ങള്‍ മതവിദ്യാഭ്യാസം കൈകാര്യം ചെയ്യുമ്പോള്‍ വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യണമെന്ന് പറയുന്നത് ഇത് കൊണ്ടൊക്കെ തന്നെയാണ്. ഭൗതിക വിദ്യാഭ്യാസം പോലെയല്ല ആത്മീയ വിദ്യാഭ്യാസം. പഠിക്കുന്നവരുടെയും പഠിപ്പിക്കുന്നവരുടെയും ശരീരവും ഹൃദയവും ഒരു പോലെ ശുദ്ധിയാകേണ്ടതുണ്ട്. ചീത്ത പ്രവര്‍ത്തനം പോയിട്ട് ചീത്ത വാക്കുകള്‍ പോലും മുഅല്ലീമീങ്ങള്‍ ഉച്ഛരിക്കാന്‍ പാടുള്ളതല്ല എന്നു പറയുമ്പോള്‍ അതിന്റെ ഗൗരവം എത്രത്തോളമുണ്ടെന്ന് നാം മനസ്സിലാക്കണം. സാംസ്‌കാരിപരമായും സദാചാരപരമായും അങ്ങേയറ്റം അധപതിച്ച് ദുഷിച്ച് നാറിയ ഈ ചുറ്റുപാടില്‍ മതവിദ്യ അഭ്യസിക്കല്‍ അത്യാവശ്യമാണെന്ന് ആരെയും ഉപദേശിക്കേണ്ടതില്ല.
അധ്യാപകരുടെ അയോഗ്യതയേക്കാള്‍ ശോചനീയമാണ് സമുദായം അവര്‍ക്ക് കല്‍പ്പിക്കുന്ന സ്ഥാനം. മതാധ്യാപകന് അനുവദിക്കപ്പെടുന്ന വേതനവും ജീവിതസൗകര്യങ്ങളും പരമദയനീയമാണ്. മാന്യമായ ശമ്പളം അവര്‍ക്ക് സമുദായം നിഷേധിക്കുന്നത് വലിയൊരു തെറ്റായി നാം കാണ്ടേണ്ടതുണ്ട്. സര്‍വ്വീസ് സ്ഥിരതയും പെന്‍ഷനും മതാധ്യാപകരെ സംബന്ധിച്ചടുത്തോളം അചിന്ത്യവുമാണ്. സ്ഥലത്തെ പൗരപ്രധാനിയോ മദ്രസാ കമ്മിറ്റിയോ അകാരണമായോ സകാരണമായോ ക്ഷോഭിക്കുന്ന ഏത് നിമിഷവും മതാധ്യാപകന്റെ സ്ഥാനഭ്രംശം സുനിശ്ചിതമാകുന്നു. വേതനം ജനകമായ ഈ സ്ഥിതിവിശേഷം അല്‍പസ്വല്‍പം യോഗ്യരായ അധ്യാപകരെ കൂടി മതാധ്യാപന രംഗം വിട്ടൊഴിയാന്‍ പ്രേരിപ്പിക്കുകയാണ്.
വിദ്യയുടെ ഉദ്ദേശത്തെയും ആദര്‍ശത്തേയും അനുസരിച്ചാണ് അത് മനുഷ്യജീവിതത്തെ നിയന്ത്രിക്കുകയും ചെയ്യുന്നത്. മനുഷ്യന്റെ സഹജമായ ചിന്താശക്തിയും വിവേകവിവേചനത്തിനും ഈടുംപാവും നല്‍കികൊണ്ട് ജീവിതത്തിന്റെ സര്‍വ്വോതോന്മുഖമായ മാര്‍ഗങ്ങളെ സംസ്‌കാരാത്മകമായ ഒരടിസ്ഥാനത്തില്‍ വാര്‍ത്തെടുക്കുകയും വളര്‍ത്തിപ്പോരുകയും ചെയ്യുന്ന ഒരു പ്രശസ്ത പശ്ചാത്തലത്തെ സൃഷ്ടിക്കുകയാണത്രെ വിദ്യയുടെ യഥാര്‍ത്ഥ ഉദ്ദേശവും ആദര്‍ശവും.
ഈ ഉദ്ദേശ ആദര്‍ശങ്ങളെ സാക്ഷാത്കരിക്കാത്തവണ്ണം വിദ്യ അഭ്യസിക്കുന്ന വ്യക്തിയില്‍ അസുലഭങ്ങളായ സ്വഭാവ സവിശേഷതകളെ പ്രത്യക്ഷമായി ദര്‍ശിക്കാവുന്നതാണ്.