പ്രവാചകന് മുഹമ്മദ് നബിയുടെ ബാല്യകാലം സാഹിത്യത്തിന്റെ കാലമായിരുന്നു. അറേബ്യന്‍ നാടുകളില്‍ നിന്ന് മാത്രമല്ല, യൂറോപ്പില്‍ നിന്നും ആഫ്രിക്കയില്‍ നിന്ന് പോലും പണ്ഡിതന്മാരും കവി പുംഗവന്മാരും മക്കയിലെ കഅ്ബക്കടുത്തുള്ള ഉക്കാസ ചന്തയില്‍ എത്തുമായിരുന്നു.
ഉക്കാസ ചന്ത വെറും വ്യാപാരം നടത്തുന്ന ചന്ത മാത്രമായിരുന്നില്ല. പുറം നാടുകളില്‍ നിന്ന് വന്ന കവികളും ചിന്തകന്മാരും ബുദ്ധി ജീവികളും അവരുടേതായ കവിതകളും പ്രസംഗങ്ങളും നടത്തിയിരുന്നത് ഉക്കാസ ചന്തയില്‍ വെച്ചായിരുന്നു. പല ഗോത്രക്കാരും അവിടെ വന്ന് കവിതാമത്സരങ്ങളും പ്രസംഗ മത്സരങ്ങളും നടത്തുക പതിവാണ്. കവിതാ വിഷയങ്ങളിലധികവും ഓരോ ഗോത്രത്തിന്റെയും അന്തസും അഭിമാനവും വീരസാഹസികതയും പ്രകടിപ്പിക്കുന്നതാണ്. ഓരോ ഗോത്രത്തിന് പ്രത്യേകം കവികളുണ്ടായിരിക്കുക എന്നത് അവര്‍ വലിയ അഭിമാനമായി കരുതിയിരുന്നു. അറബി സാഹിത്യം അക്കാലത്ത് അതിന്റെ പൂര്‍ണ്ണ ദശയില്‍ എത്തിയിരുന്നുവെന്നുള്ളത് പ്രത്യേകം പ്രസ്തവ്യമാണ്.
ബാലനായ മുഹമ്മദ് ഉക്കാസ ചന്തയിലിരുന്ന് കവിതകളും പണ്ഡിതന്മാരുടെ പ്രസംഗങ്ങളും കേള്‍ക്കുക പതിവായിരുന്നു. പിന്നീട് പ്രവാചകവര്യന്റെ സാഹിത്യവും ഭാഷാശുദ്ധിയും ഉയര്‍ന്നതായിരുന്നുവെന്ന് ഹദീസുകള്‍ സാക്ഷ്യം വഹിക്കുന്നു. സഹ്ബാനിബ്‌നു വാഇല്‍, ഖിസ്സുബ്‌നു സാഇദ മുതലായ അന്നത്തെ സാഹിത്യകാരന്മാരെല്ലാം പ്രവാചകന്റെ ഭാഷാശുദ്ധിയേയും വാക്ചാതുര്യത്തേയും വളരെയേറെ പ്രശംസിച്ചിട്ടുണ്ട്. അറബിയിലെ ഏറ്റവും വളര്‍ന്ന സാഹിത്യശാഖ കവിതയാണ്. നബി, കവികളെയും ഗാനകലകളെയും പ്രോത്സാഹിപ്പിക്കുകയും കവികള്‍ക്ക് പാരിതോഷികങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. മരുമകന്‍ അലി തികഞ്ഞ സാഹിത്യകാരനും കവിയുമായിരുന്നു. ഇബ്‌നു അബ്ബാസ് സഹാബികള്‍ക്ക് കവിതകള്‍ ചൊല്ലി കേള്‍പ്പിക്കുമായിരുന്നു. പ്രേമവര്‍ണ്ണനകള്‍ കൊണ്ട് തുടങ്ങുന്ന ബാനത് സുആദ് എന്ന കവിത രചിച്ച് നബിയുടെ മുമ്പില്‍ പാടിക്കേള്‍പ്പിച്ച കഅ്ബുബ്‌നു സുഹൈറിന് പ്രവാചകന്‍ തന്റെ പുതപ്പ് സമ്മാനിക്കുകയുണ്ടായി. കഅ്ബ് അഭിമാനത്തോടെ സൂക്ഷിച്ചിരുന്ന ഈ പുതപ്പ് ഖലീഫാ മുആവിയ പതിനായിരം ദിര്‍ഹമിന് ചോദിച്ചിട്ട് പോലും കൊടുത്തില്ല.
ഉമ്മയ്യത്ത്ബ്‌നു അബിസുല്‍ത്തിന്റെ കവിത പാടിക്കേട്ട് തിരുനബി കോരിത്തരിച്ച് പോയിട്ടുണ്ടത്രെ. ഉമയ്യത്തിന്റെ കവിത നബിയെ അത്രമാത്രം സ്വാധീനിച്ചിട്ടുണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു.
പ്രവാചകന്റെ കാലത്ത് മാത്രമല്ല, ബി.സി രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ബാബിലോണിയന്‍ ചക്രവര്‍ത്തി ഹമുറാബിയുടെ കാലത്ത് തന്നെ അറബികള്‍ സാഹിത്യത്തില്‍ വളരെയേറെ മുന്നിലായിരുന്നു. ചക്രവര്‍ത്തി ഹമുറാബി പല ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ടത്രെ. ആ വംശത്തില്‍ പെട്ട തദ്മറിലെ രാജ്ഞിയായ സൈനൂബിയാരാജ്ഞി രാജ്യഭരണ തന്ത്രത്തിലും സാഹിത്യത്തിലും വലിയ സ്ഥാനങ്ങള്‍ കരസ്ഥമാക്കിയിട്ടുള്ള മഹതിയായിരുന്നുവെന്ന് ചരിത്രം രേഖപ്പെടുത്തുന്നു.
ഇസ്ലാമിന്റെ ആവിര്‍ഭാവത്തിന് ഒരു നൂറ്റാണ്ട് മുതല്‍ക്കാണ് അവരില്‍ മഹാകവികളും പേരെടുത്ത പണ്ഡിതന്മാരും വളര്‍ന്നു വരാന്‍ തുടങ്ങിയത്.. ഈ വളര്‍ച്ച ധ്രുതഗതിയിലായിരുന്നുവെന്നതിന് അവരുടെ ചരിത്രം പരിശോധിച്ചാല്‍ മതിയാകും.
ലോകത്ത് ആദ്യമായി രചിക്കപ്പെട്ട ഗ്രന്ഥം ഏത് ഭാഷയിലാണ്. ഇതിനുത്തരം കണ്ട് പിടിക്കാന്‍ ചരിത്ര ഗവേഷകന്മാര്‍ ഏറെ ബുദ്ധിമുട്ടിയിട്ടുണ്ടത്രെ. ഇന്ന് നമ്മുടെ മുമ്പാകെയുള്ള പൗരാണിക ഗ്രന്ഥങ്ങളില്‍ ഏറ്റവും പ്രാചീനങ്ങളെന്ന പേരില്‍ പ്രസിദ്ധിയാര്‍ജ്ജിച്ചിട്ടുള്ളത് മൂന്നെണ്ണമാണ്. രാമായണവും മഹാഭാരതവും, ഹോമറിന്റെ ഇല്‍യാഡയും. എന്നാല്‍ ഈ മൂന്ന് ഗ്രന്ഥങ്ങള്‍ക്ക് എത്രയോ നൂറ്റാണ്ട് മുമ്പ് തന്നെ ബി.സി ഇരുപതാം ശതകത്തില്‍ രചിക്കപ്പെട്ട ഗ്രന്ഥമാണ് സിഫ്‌റ് അയൂബ്. അറബി ഭാഷയില്‍ രചിക്കപ്പെട്ട ഈ ഗ്രന്ഥം കുറേ കാലത്തിന് ശേഷം ഹീബ്രുഭാഷയില്‍ ഭാഷാന്തരം ചെയ്യപ്പെട്ടു. ആദ്യമായി ലോക ചരിത്രം എഴുതിയത് തിബരി എന്ന അറബിയായിരുന്നുവെന്ന് ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. ചരിത്രത്തിന്റെ മാഹാത്മ്യം മനസ്സിലാക്കുന്നതിന് മുസ്ലിംങ്ങള്‍ക്ക് മറ്റെവിടെയും പോകേണ്ടതില്ല. വിശുദ്ധ ഖുര്‍ആനിലെ വലിയൊരു ഭാഗം പൗരാണിക ജനതകളുടെ ചരിത്രമാണെന്ന് കാണാം. നൂഹ്‌നബി, ഇബ്രാഹിം നബി, മൂസ നബി, യൂസുഫ് നബി, ഈസാനബി മുതലായ നബിമാരുടെയും അവരുടെ ജനങ്ങളുടെയും കലര്‍പ്പില്ലാത്ത, ശരിയായ ചരിത്രം നമുക്ക് ഖുര്‍ആനില്‍ നിന്നും ലഭിക്കുന്നുണ്ട്. ഖുര്‍ആന്‍ ഒരു സാഹിത്യ ഗ്രന്ഥം കൂടിയാണ്.
മതപരമായ പ്രചോദനങ്ങള്‍ ഉണ്ടായിട്ടും ഇന്ന് കേരള മുസ്ലിം സമുദായം മറ്റു വിഷയത്തിലെന്ന പോലെ സാഹിത്യത്തിലും അനാസ്ഥ കാണിക്കുകയാണ് ചെയ്യുന്നത്. സാഹിത്യത്തോടുള്ള അഭിരുചി മനുഷ്യന്റെ വ്യക്തിപരമായും സാമൂഹ്യപരമായുമുള്ള സാംസ്‌കാരിക വളര്‍ച്ചക്ക് അത്യന്താപേക്ഷിതമാകുന്നു. സങ്കുചിത മനസ്സില്‍ നിന്നും വിശാല മനസ്സിലേക്ക് മനുഷ്യനെ അത് ഉയര്‍ത്തുന്നു.
സാഹിത്യമില്ലാത്ത ഭാഷ പരിമളമില്ലാത്ത പൂവ് പോലെയോ ഉപ്പു കലരാത്ത വിഭവങ്ങള്‍ പോലെയോ ആണെന്ന് പലരും പറഞ്ഞു വരുന്നുണ്ട്.
പഴയകാലം മുതല്‍ക്കെ കേരളത്തില്‍ പല എഴുത്തുകാരും ഗ്രന്ഥകര്‍ത്താക്കളും കവികളും മാപ്പിള സമുദായത്തില്‍ ഉണ്ടായിട്ടുണ്ട്. അവരുടെ ആശയങ്ങളിലധികവും അറബി മലയാള ലിപിയിലായിരുന്നു പ്രകടിപ്പിച്ചത്. ആധ്യാത്മികം, ചരിത്രം, വൈദ്യം, ദാമ്പത്യം മുതലായ വിഷയങ്ങളെ ആസ്പദമാക്കിയുള്ള അവരുടെ ഗദ്യപദ്യ പുസ്തകങ്ങള്‍ ഇന്നും നമ്മുടെയിടയിലുണ്ട്. എന്നാല്‍ സാഹിത്യ പരമായി അവയില്‍ മിക്കതിനും പറയത്തക്ക നിലവാരമില്ലാത്തതിനാല്‍ പ്രയേണ അതില്‍ വായനക്കാരുടെ ശ്രദ്ധ കുറഞ്ഞു വരിയാണുണ്ടായത്. മാത്രമല്ല അവയില്‍ പലതിലും പല അന്ധവിശ്വാസങ്ങള്‍ക്കും അടിസ്ഥാനരഹിതമായ ഊഹോപോഹങ്ങള്‍ക്കും പ്രാധാന്യം കൊടുത്തിട്ടുള്ളത് കൊണ്ട് ജനങ്ങള്‍ക്കവയോട് അഭിരുചി കുറഞ്ഞ് പോകുന്നു. 1607ല്‍ ഖാസി മുഹമ്മദ് രചിച്ച മുഹ്‌യുദ്ദീന്‍ മാല കേരള മുസ്ലിങ്ങളുടെ ആത്മീയ ജീവിതത്തെ വളരെയേറെ സ്വാധീനിച്ചിട്ടുണ്ടെങ്കിലും അതിലെ മിക്ക വരികളും മുഹ്‌യുദ്ദീന്‍ ശൈഖെന്ന ആത്മീയാചാര്യനുമായി യാതൊരു വിധ ബന്ധവുമില്ലാത്തതാണ്.
ഉദാ: ‘കോഴീടെ മുള്ളോട് കൂകെന്ന് ചൊന്നോവര്‍
കൂസാതെ കൂകിപ്പറപ്പിച്ച് വിട്ടോവര്‍’
മുഹ്‌യുദ്ദീന്‍ ശൈഖിനെക്കുറിച്ചുള്ള ധാരാളം ഗ്രന്ഥങ്ങള്‍ ഇന്നും ബാഗ്ദാദിലുള്ള ഗ്രന്ഥാലയങ്ങളില്‍ സൂക്ഷിച്ച് വെച്ചിട്ടുണ്ട്. അവയിലൊന്നിലും ചത്ത കോഴികളെയോ ചത്ത ചകത്തിനെയോ ഹയാത്താക്കിയ സംഭവങ്ങള്‍ വിവരിച്ച് കാണുന്നില്ലെന്ന് പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു.
‘ചത്ത ചകത്തിന് ജീവന്‍ ഇടിച്ചോവര്‍
ചാകും കിലസത്തെ നന്നായി അറിഞ്ഞോവര്‍.’
മൗത്തും ഹയാത്തും അല്ലാഹൂവിന് മാത്രമാകുമ്പോള്‍ മനുഷ്യന് അതെങ്ങനെ സാധ്യമാവുന്നു. ലോക പണ്ഡിതന്മാരുടെ നേതാവായ മുഹ്‌യുദ്ദീന്‍ ശൈഖ് ഒരിക്കലും മായാജാലക്കാരനോ മന്ത്രവാദിയോ ആയിരുന്നില്ലെന്ന് ഓര്‍ക്കുന്നത് നന്ന്. കവിയുടെ ഭാവനക്കനുസരിച്ച് പലതും കൂട്ടിച്ചേര്‍ക്കുകയും പൊടിപ്പുറം തൊങ്ങലും വെച്ച് കെട്ടി സംഭവം അവിശ്വസനീയമാക്കിത്തീര്‍ക്കുകയുമാണ് ഇവിടെ ചെയ്തത്.
അടിസ്ഥാനരഹിതങ്ങളായ കള്ളക്കഥകള്‍ നിറഞ്ഞ പല ഗ്രന്ഥങ്ങളും അറബി ഭാഷയിലുണ്ട്. അതൊക്കെ പഠിച്ച് നമ്മുടെ ജീവിത്തിലേക്ക് പകര്‍ത്തുകയാണെങ്കില്‍ നാം ഇനിയും അധപതനത്തിന്റെ ചെളിക്കുഴിയിലേക്ക് ആഴ്ന്ന് പോകുമെന്ന കാര്യത്തില്‍ സംശയമില്ല. പ്രവാചകരെക്കുറിച്ചും സഹാബിമാരെക്കുറിച്ചും എഴുതുമ്പോഴും പാടുമ്പോഴും അത് യാഥാര്‍ത്ഥ്യവുമായി ബന്ധപ്പെട്ടിരിക്കണം. പിഴവുകള്‍ പറ്റിപ്പോയാല്‍ ഒരിക്കലും തിരുത്താന്‍ പറ്റുകയില്ല. പ്രവാചകന്റെയും സഹാബികളുടെയും പേരില്‍ കള്ളക്കഥകള്‍ കെട്ടിച്ചമച്ച് പര്‍വ്വതീകരിച്ച് ആലപിക്കുന്നതും എഴുതുന്നതും ഒരിക്കലും പൊറുക്കപ്പെടാത്ത തെറ്റുകളാണ്.
വ്യക്തിത്വമുള്ള എഴുത്തുകാരുടെ അഭാവമാണ് ഇന്ന് മുസ്ലിം ങ്ങളെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്‌നം. ഇന്നത്തെ സന്ധ്യവരെ ജീവിച്ചിരിക്കുന്ന കൃതികളല്ലാതെ നാളേക്ക് കൂടി ഉപകരിക്കുന്ന ജീവനുള്ള ഗ്രന്ഥങ്ങള്‍ മുസ്ലിങ്ങള്‍ മലയാളത്തില്‍ എത്രയെണ്ണം എഴുതിയിട്ടുണ്ട്. ചിന്തകള്‍ക്ക് പാപ്പരത്തം ബാധിച്ചത് കൊണ്ടോ ഭാവന വറ്റി വരണ്ടത് കൊണ്ടോ പ്രതിഭ കെട്ടടങ്ങിയത് കൊണ്ടോ അല്ല. കഴിവുകളെ പ്രകാശിപ്പിക്കുന്നില്ല എന്നതാണ് സത്യം. കൊല്ലത്തിലൊരിക്കല്‍ ആഘോഷിച്ച് വരുന്ന നബിദിന പരിപാടികള്‍ക്ക് മാത്രം എന്തെങ്കിലും തട്ടിമുട്ടി കുട്ടികളെ ഒരുക്കിനിര്‍ത്തും. അതല്ലാതെ വ്യാപകമായ സര്‍ഗ്ഗാത്മക പ്രചോദനം കുട്ടികളില്‍ നടക്കുന്നത് വളരെ കുറവാണ്.
മുസ്ലിം പൊതുജനങ്ങള്‍ക്കിടയില്‍ സാഹിത്യം ഇപ്പോഴും വേണ്ടത്ര വ്യാപിച്ച് കഴിഞ്ഞിട്ടില്ല. അതിന് കാരണം വ്യാപിപ്പിക്കാന്‍ സാഹിത്യകാരന്മാര്‍ കുറവായത് കൊണ്ടല്ല. ഉള്ളവര്‍ക്ക് ആവശ്യമായ പ്രോത്സാഹനവും സഹായ സഹകരണവും നല്‍കുന്നില്ല.
പല തരത്തിലുള്ള വിജ്ഞാനികള്‍ നമ്മുടെയിടയില്‍ ഇന്നും ജീവിച്ചിരിപ്പുണ്ട്. പക്ഷെ തങ്ങളുടെ വിജ്ഞാനം മറ്റുള്ളവര്‍ക്ക് പ്രയോജനമാകും വിധം വിനിയോഗിക്കുന്നതിനനുകൂലമായ പരിസ്ഥിതി ലഭിക്കാതെ അവരില്‍ പലരും ഘടദീപങ്ങള്‍ പോലെ താനെ എരിഞ്ഞഞ്ഞമര്‍ന്ന് പോകുന്ന കാഴ്ചയാണ് കണ്ട് കൊണ്ടിരിക്കുന്നത്. കേരള മുസ്ലിം പണ്ഡിതന്മാരില്‍ പുരാതന കാലം മുതല്‍ക്കെ ബഹുഭൂരിഭാഗവും നിര്‍ധനരായിരുന്നു. ഇന്ന് ആ സ്ഥിതി മാറിക്കിട്ടിയെങ്കിലും തമ്മിലടിക്കാന്‍ തന്നെ സമയം ഇക്കൂട്ടര്‍ക്ക് മതിയാകുന്നില്ല.
സാഹിത്യ വിഷയത്തില്‍ സമുദായം അധപതിക്കാനുള്ള മറ്റൊരു പ്രധാന കാരണം ലോകവിശ്രുതരായ മുസ്ലിം സാഹിത്യകാരന്മാരുടെ സാഹിത്യപ്രചരണ മാതൃക നാം സ്വീകരിക്കുന്നില്ല എന്നത് കൊണ്ടാണ്. ബാഗ്ദാദ്, ഡമാസ്‌കസ്, മൊറോക്കോ, ഈജിപ്ത് എന്നീ ചരിത്ര പ്രസിദ്ധങ്ങളായ സ്ഥലങ്ങളിലെല്ലാം ധാരാളം ഗ്രന്ഥാലയങ്ങളും വായനശാലകളും ഉണ്ട്. അവയെല്ലാം ഇന്നും ലോകത്തിനാകമാനം മാതൃകയാണ്.
പാശ്ചാത്യര്‍ അജ്ഞാനാന്ധകാരത്തില്‍ തപ്പിത്തടഞ്ഞിരുന്ന ഒരു കാലത്ത് പ്രസ്തുത രാജ്യങ്ങള്‍ സാഹിത്യത്തില്‍ യൂറോപ്പിനേക്കാളും വളരെയേറെ മുന്നോട്ട് പോയിരുന്നു. നമ്മുടെ മഹത്തായ ആ പാരമ്പര്യത്തെ വീണ്ടെടുക്കാനാഗ്രഹിക്കുന്നുണ്ടെങ്കില്‍ ഗ്രാമങ്ങള്‍ തോറും വായനശാലകളും സാഹിത്യ വിതരണ പ്രസ്ഥാനങ്ങളും സാഹിത്യ സെമിനാറുകളും ഏര്‍പ്പെടുത്തേണ്ടിയിരിക്കുന്നു. വിദ്യ മുസല്‍മാനെ സംബന്ധിച്ചടുത്തോളം വീണു പോയ സ്വത്താണ്. കാണുന്നിടത്ത് നിന്ന് വീണതിനെ പെറുക്കിയെടുക്കണമെന്ന നബി വചനം നമുക്ക് മാര്‍ഗ ബോധം നല്‍കുന്നു.
പേന കൊണ്ട് എഴുത്ത് പഠിപ്പിച്ച നിന്റെ നാഥന്റെ നാമത്തില്‍ വായിക്കുക എന്ന ഖുര്‍ആനിലെ തൂലികാധ്യായമാണ് പ്രവാചകന് ദൈവം ആദ്യമായി പഠിപ്പിച്ചതെന്നുള്ള ബോധം നമുക്ക് ചൈതന്യമരുളട്ടെ.