ഉപ്പള: വേഷം മാറി കാറിലെത്തിയ കര്‍ണാടക പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തുകൊണ്ടുപോയി. എന്നാല്‍ കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയെന്ന അഭ്യൂഹം പരിഭ്രാന്തി പരത്തി. ഇന്നലെ ഉച്ചയോടെ സോങ്കാല്‍ ശാന്തിഗുരിയിലാണ് നാടകീയ രംഗങ്ങള്‍ ഉണ്ടായത്. പ്രതാപ് നഗര്‍ സ്വദേശിയായ യുവാവ് ശാന്തിഗുരിയില്‍ നില്‍ക്കുമ്പോഴാണ് വെള്ള ഫോര്‍ച്യൂണര്‍ കാറിലെത്തിയ അഞ്ചംഗ സംഘം യുവാവിനെ ബലമായി കാറില്‍ കയറ്റിയത്. തുടര്‍ന്ന് കാര്‍ വേഗത്തില്‍ ഓടിച്ചുപോകുകയായിരുന്നു. ദൃക്‌സാക്ഷികള്‍ യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയെന്ന് പറഞ്ഞ് ബഹളം വെച്ചു. യുവാവിനെ തട്ടിക്കൊണ്ടുപോയെന്ന രീതിയില്‍ ഉപ്പളയിലും പരിസരങ്ങളിലും വാര്‍ത്ത പ്രചരിച്ചു. ചിലര്‍ കുമ്പള പൊലീസിലും മഞ്ചേശ്വരം പൊലീസിലും വിവരം അറിയിച്ചു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ ഈ ഭാഗങ്ങളില്‍ രണ്ട് പേരെ തട്ടിക്കൊണ്ടുപോകുകയും ഒരാളെ കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിന്റെ ഞെട്ടല്‍ മാറാത്ത പൊലീസിനും ഇതോടെ പരിഭ്രാന്തി ഉണ്ടാക്കി. കര്‍ണാടക പൊലീസ് എത്തിയാണ് യുവാവിനെ കൊണ്ടുപോയതെന്ന് ചിലര്‍ പറഞ്ഞതോടെ മഞ്ചേശ്വരം പൊലീസ് കര്‍ണാടകയിലെ ചില പൊലീസുകാരെ ബന്ധപ്പെട്ടു. എന്നാല്‍ ഞങ്ങള്‍ ആരെയും കസ്റ്റഡിയില്‍ എടുത്തില്ലെന്നാണത്രെ അവര്‍ പറഞ്ഞത്. രണ്ട് മണിക്കൂറിന് ശേഷമാണ് യഥാര്‍ത്ഥ സംഭവം അറിയുന്നത്. ഒരു കേസുമായി ബന്ധപ്പെട്ട് ബംഗളൂരു പൊലീസാണ് യുവാവിനെ കസ്റ്റഡിയില്‍ എടുത്തതെന്ന് പിന്നീട് അറിഞ്ഞു. ഇതോടെയാണ് നാട്ടുകാര്‍ക്കും പൊലീസിനും ആശങ്ക നീങ്ങിയത്.