ബദിയടുക്ക: ഇന്നലെ ഉണ്ടായ കാറ്റിലും മഴയിലും ജില്ലയില്‍ വ്യാപക നാശനഷ്ടം. ബീജന്തടുക്കയിലെ മുഹമ്മദ് കുഞ്ഞിയുടെ വീടിന് സമീപം മരം കടപുഴകി വീണ് വൈദ്യുതി ലൈന്‍ പൊട്ടിവീണു. വീട് ഭാഗികമായി തകര്‍ന്നു. മാന്യ ലക്ഷംവീട് കോളനിയിലെ അഷ്‌റഫിന്റെ ഓടുപാകിയവീട് മരം വീണ് തകര്‍ന്നു. അടുക്കസ്ഥലയിലെ ആനന്ദനായ്ക്, നാരായണ നായ്ക് എന്നിവരുടെ വീടുകളും മരം വീണ് തകര്‍ന്നു. വാണിനഗര്‍-മൈന്തമ്പാറ റോഡില്‍ മരം വീണ് മൂന്ന് മണിക്കൂറോളം ഗതാഗതം മുടങ്ങി. മരം നീക്കിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. ബെള്ളൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിന് സമീപം മരം വീണ് ഏഴ് വൈദ്യുതി തൂണുകള്‍ തകര്‍ന്നു. മണിക്കൂറുകളോളം വൈദ്യുതി മുടങ്ങി. നാട്ടുകാരും വൈദ്യുതി വകുപ്പ് അധികൃതരും മരം നീക്കുകയായിരുന്നു. അഡൂരിലെ ചനിയയുടെ വീട്ടില്‍ ഇടിമിന്നലിലെ തുടര്‍ന്ന് വൈദ്യുതി ഉപകരണങ്ങള്‍ കത്തി നശിച്ചു. വീടിന് വിള്ളല്‍ ഉണ്ടായി.
ആലംപാടി അംഗണ്‍വാടിക്ക് സമീപത്തെ അബ്ദുല്‍ ഖാദറിന്റെ ഓടിട്ട വീട് തകര്‍ന്നു. വീട്ടുകാര്‍ മറ്റൊരു മുറിയില്‍ ആയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.