കാസര്‍കോട്: കാസര്‍കോട് എം.ജി. റോഡിലെ റഹ്മാനിയ സ്റ്റോറിലുണ്ടായ തീപിടുത്തത്തില്‍ കത്തിയമര്‍ന്നത് 60 ലക്ഷത്തില്‍പ്പരം രൂപയുടെ സാധനങ്ങളെന്ന് വിവരം. എന്നാല്‍ നഷ്ടം സംബന്ധിച്ച തുക കണക്കാക്കിയിട്ടില്ലെന്ന് കട ഉടമകളായ തളങ്കര കുന്നിലിലെ മുഹമ്മദ് സലീമും സിദ്ധിഖും പറയുന്നു. ഇന്നലെ പുലര്‍ച്ചെയാണ് തീപിടുത്തമുണ്ടായത്. താഴത്തെ മുറിയില്‍ ഉണ്ടായിരുന്ന ഇന്‍വെര്‍ട്ടറില്‍ നിന്നാണ് തീപടര്‍ന്നതെന്നാണ് കരുതുന്നത്. ഇന്‍വെര്‍ട്ടറിന് സമീപത്തെ ക്യാബിന്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന ബിസ്‌ക്കറ്റുകള്‍, വിവിധ തരം മിഠായികള്‍, പാല്‍പ്പൊടി, ഡയപ്പേര്‍സ് തുടങ്ങിയവയാണ് കത്തി നശിച്ചത്. വിവവരമറിഞ്ഞെത്തിയ രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സും പരിസരവാസികളും ഏറെ പരിശ്രമിച്ചാണ് തീ അണച്ചത്. സമയോജിതമായ ഇടപെടല്‍ മൂലം മറ്റുകടകളിലേക്ക് തീ പടരുന്നത് ഒഴിവാക്കാനായി. യുവാക്കളുടെ നേതൃത്വത്തില്‍ രാത്രി വൈകുവോളം പരിശ്രമിച്ച് കട വൃത്തിയാക്കി. കാസര്‍കോട് ഫയര്‍സ്റ്റേഷന്‍ ഓഫീസര്‍ അരുണ്‍, ലീഡിംഗ് ഫയര്‍മാന്‍ കെ.വി. മനോഹരന്‍ എന്നിവരുടെ നേതൃത്വത്തിലാണ് തീ അണച്ചത്.