കാസര്‍കോട്: ശക്തമായ കാറ്റിലും മഴയിലും പരക്കെ നാശനഷ്ടം. കൊടിയമ്മ വലിയ പള്ളിക്ക് സമീപത്തെ താമസക്കാരനും കുമ്പളയിലെ ഓട്ടോ ഡ്രൈവറുമായ അഷ്‌റഫിന്റെ ഓട് പാകിയ വീട് ഇന്നുപുലര്‍ച്ചെയുണ്ടായ കാറ്റില്‍ മരം വീണ് തകര്‍ന്നു. ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ കോമ്പൗണ്ടിന് സമീപത്തെ തേക്ക് മരം വീണ് ഇവിടെ നിര്‍ത്തിയിട്ടിരുന്ന രണ്ട് കാറുകള്‍ക്ക് കേടുപാട് പറ്റി. നേരത്തെയുണ്ടായ അപകടത്തില്‍ തകര്‍ന്നതിനെ തുടര്‍ന്ന് നിര്‍ത്തിയിട്ടതായിരുന്നു കാറുകള്‍. മുള്ളേരിയ അടുക്കത്തെ പുരുഷോത്തമന്റെ വീടിന് സമീപം മണ്ണിടിഞ്ഞ് ഗതാഗതം താറുമാറായി. പിന്നീട് മണ്ണ് നീക്കം ചെയ്തു. പരപ്പ മുണ്ട്യാനത്തെ സി.വി. നാരായണിയുടെ വീട് തെങ്ങ് വീണ് തകര്‍ന്നു. മഴയെ തുടര്‍ന്ന് ഇന്ന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അവധി നല്‍കിയിരുന്നു.