കാസര്‍കോട്: ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ മഴക്കെടുതികള്‍ വ്യാപകം. ഇന്നലെ ഉച്ചയ്ക്ക് 2.30 മണിയോടെയുണ്ടായ ശക്തമായ കാറ്റില്‍ മൂക്കംപാറയിലെ ആനന്ദയുടെ ഓട് മേഞ്ഞ വീട് പൂര്‍ണ്ണമായി തകര്‍ന്നു. ആനന്ദ കൂലിവേലക്കും ഭാര്യയും മക്കളും കടയിലേക്കും പോയ സമയത്താണ് വീട് തകര്‍ന്നത്.
ബദിയടുക്ക ശാസ്ത്രി ക്ലിനിക്കിന് മുന്നിലുള്ള മരത്തിന്റെ ശിഖരം കാറ്റില്‍ ഒടിഞ്ഞുവീണു. ഈ സമയം ഒരു ഓട്ടോറിക്ഷയും ബൈക്കും കടന്നുപോകുന്നുണ്ടായിരുന്നു. ശിഖരം വീണ് ഓട്ടോക്ക് കെടുപാടുകള്‍ സംഭവിച്ചു.
ചെള്ളടുക്കയില്‍ നിന്ന് ഉക്കിനടുക്ക വരെയും ബദിയടുക്ക മുതല്‍ സീതാംഗോളി വരെയും റോഡരികില്‍ ഉണങ്ങിയതും ഏതുസമയത്തും വീഴാവുന്ന അവസ്ഥയിലുള്ളതുമായ നിരവധി മരങ്ങളുണ്ട്. അപകടഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ മുറിച്ചുനീക്കാന്‍ കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും ഫലമുണ്ടാകുന്നില്ല.
മഞ്ചേശ്വരം ദേശീയപാതയില്‍ ഇന്നലെ രാത്രി 8 മണിയോടെ മരം കടപുഴകി വീണതിനെ തുടര്‍ന്ന് ഗതാഗതം സ്തംഭിച്ചു. ഉപ്പളയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് മരം മുറിച്ചുനീക്കിയതോടെയാണ് ഗതാഗതം പുന:സ്ഥാപിക്കപ്പെട്ടത്. മുസോടിയില്‍ തെങ്ങ് റോഡിലേക്ക് മുറിഞ്ഞുവീണു.
മലയോരമേഖലയായ കുണ്ടംകുഴിയിലും പരിസരങ്ങളിലും മഴ കനത്തനാശം വരുത്തി. ശക്തമായ കാറ്റിലും മഴയിലും കുണ്ടംകുഴി ചെരാപൈക്കം പുളീരടി നാരായണന്‍ നായരുടെ വീടിനു മുകളില്‍ കവുങ്ങ് വീണ് വീടിന്റെ മുന്‍ ഭാഗം തകര്‍ന്നു. ശക്തമായ കാറ്റില്‍ വിവിധ പ്രദേശങ്ങളില്‍ കവുങ്ങ്, തെങ്ങ്, വാഴ അടക്കമുള്ള കാര്‍ഷിക വിളകള്‍ക്ക് വന്‍ നാശമുണ്ടായി. വൈദ്യുതി ബന്ധം തകരാറിലായി.
പൂച്ചക്കാട്ടെ അബൂബക്കറിന്റെ വീട്ടുവളപ്പിലെ തെങ്ങ് കടപുഴകി വീണു. സമീപത്തെ വീട്ടിലെ രണ്ട് മരങ്ങളും വീണു.
കടലാക്രമണം രൂക്ഷമായ മുസോടി കടപ്പുറത്തെ 5 കുടുംബങ്ങളെ കൂടി മാറ്റിപ്പാര്‍പ്പിച്ചു.നാട്ടുകാരും എസ്.ഡി.പി.ഐ, പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരും ചേര്‍ന്നാണ് ഇവിടത്തെ കുടുംബങ്ങളെ മാറ്റിയത്. ക്വാര്‍ട്ടേഴ്‌സുകളിലേക്കും സ്‌കൂളുകളിലേക്കുമാണ് മാറ്റിപ്പാര്‍പ്പിച്ചത്. അബ്ദുല്ല, മൊയ്തീന്‍കുഞ്ഞി, ഹമീദ്, അഷ്‌റഫ്, ഖദീജ എന്നിവരുടെ കുടുംബങ്ങളെയാണ് മാറ്റി പാര്‍പ്പിച്ചത്. കടലാക്രമണം രൂക്ഷമായ ഇവിടെ കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി വീടുകള്‍ തകര്‍ന്നിരുന്നു.
ചേരങ്കൈ കടപ്പുറത്തും കടലാക്രമണം രൂക്ഷമായി. നിരവധി കുടുംബങ്ങളാണ് ഭീതിയോടെ കഴിയുന്നത്. ഇവിടെ നിന്ന് മൂന്ന് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള ശ്രമം നടന്നുവരികയാണ്. ജില്ലയിലെ തീരദേശങ്ങളിലുള്ളവര്‍ ഭീതിയോടെയാണ് കഴിയുന്നത്. വിവിധ ഭാഗങ്ങളിലെ കടല്‍ഭിത്തികള്‍ കടലെടുത്തിരിക്കുകയാണ്.