ഹൊസങ്കടി: ഹൊസങ്കടിയില്‍ യുവാവിന് വെടിയേറ്റ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ബദിയടുക്ക ചെര്‍ളടുക്കയിലെ സിറാജുദ്ദീ(42)നാണ് വെടിയേറ്റത്. സിറാജുദ്ദീനെ എറണാകുളം അമൃത ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഐട്വന്റി കാര്‍ വില്‍പ്പന നടത്താനായി ബുധനാഴ്ച രാത്രി 9 മണിയോടെ ആനക്കല്ലിലേക്ക് പോകുമ്പോള്‍ ഹൊസങ്കടിയില്‍ നിന്ന് പത്ത് കിലോമീറ്റര്‍ ദൂരെ എത്തിയപ്പോള്‍ സിഗരറ്റ് വാങ്ങാന്‍ ഒരു കടക്ക് സമീപം കാര്‍ നിര്‍ത്തിയതായിരുന്നുവെന്നും സിഗരറ്റ് വാങ്ങി കാറിനരികിലെത്തിയപ്പോള്‍ രണ്ട് ബൈക്കുകളിലെത്തിയ സംഘം തനിക്ക് നേരെ വെടി ഉതിര്‍ത്തുവെന്നുമാണ് സിറാജുദ്ദീന്‍ പറയുന്നത്. കഴുത്തിനാണ് വെടിയേറ്റത്. വെടിവെച്ചവര്‍ ഉടന്‍ തന്നെ മംഗളൂരുവിലെആസ്പത്രിയിലെത്തിച്ച ശേഷം മുങ്ങുകയായിരുന്നു. പരിക്ക് ഗുരുതരമായതിനാല്‍ ഇന്നലെ ഉച്ചയോടെയായിരുന്നു എറണാകുളത്തേക്ക് മാറ്റിയത്. എന്നാല്‍ സിറാജുദ്ദീന്‍ ഏതാനും കേസുകളില്‍ പ്രതിയാണെന്നും പണമിടപാട് സംബന്ധിച്ച തര്‍ക്കമാണ് വെടിവെപ്പിന് കാരണമെന്നാണ് വിവരം ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു.
അതിനിടെ മിയാപ്പദവ് അടുക്കത്ത്ഗുരിയിലെ അബ്ദുല്‍ റഹിം എന്ന അബ്ദുല്‍റഹ്മാന്റെ വീട്ടില്‍ നിന്ന് 34 തോക്കിന്‍തിരകള്‍ കണ്ടെത്തി. രഹസ്യവിവരത്തെത്തുടര്‍ന്ന് മഞ്ചേശ്വരം എസ്.ഐ. അനൂപ് കുമാറും സംഘവും നടത്തിയ പരിശോധനക്കിടെയാണ് തോക്കിന്‍ തിരകള്‍ കണ്ടത്. കട്ടിലിനടിയില്‍ പ്ലാസ്റ്റിക് കവറിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു ഇവ. 20 പുതിയ തിരകളും 14 ഉപയോഗിച്ച തിരകളുമാണ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇത് സംബന്ധിച്ച് അന്വേഷണം നടത്തി വരികയാണ്.