ഉപ്പള: കലിതുള്ളി കടല്‍, ഭീതിവിട്ടുമാറാതെ മുസോടി നിവാസികള്‍. ഏതുനിമിഷവും എന്തും സംഭവിക്കുമെന്ന ഭീതിയോടെയാണ് ഇവിടുത്തുകാര്‍ കഴിയുന്നത്. വര്‍ഷങ്ങളോളമായുള്ള കടല്‍ക്ഷോഭത്തില്‍ വീടും സ്വത്തുക്കളും നഷ്ടപ്പെട്ട് കഴിയുന്നവര്‍ ഏറെയാണ്.
കഴിഞ്ഞ ഒരുമാസത്തിനിടെ പത്തിലേറെ വീടുകളാണ് തകര്‍ന്നത്.
15ല്‍പരം കുടുംബങ്ങളെ സ്‌കൂളുകളിലേക്കും മറ്റും മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മിച്ച കടല്‍ഭിത്തികള്‍ മുഴുവനും കടലെടുത്തിരിക്കുകയാണ്. കടല്‍ ക്ഷോഭം അറിഞ്ഞെത്തുന്ന രാഷ്ട്രീയ നേതാക്കള്‍ പല വാഗ്ദാനങ്ങളും നല്‍കി മടങ്ങുന്നതല്ലാതെ പിന്നീട് തിരിഞ്ഞുനോക്കുന്നില്ലെന്ന് പരിസരവാസികള്‍ പറയുന്നു. ഉയര്‍ന്ന രീതിയില്‍ കടല്‍ഭിത്തി നിര്‍മ്മിക്കാമെന്ന് ഉദ്യോഗസ്ഥര്‍ പലപ്രവാശ്യം പറഞ്ഞുവെങ്കിലും അത് നടപ്പിലായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. കടല്‍ക്ഷോഭ സമയങ്ങളില്‍ വിവിധ സംഘടനകളും മറ്റും നല്‍കുന്ന സഹായങ്ങള്‍ കൊണ്ടാണ് ഇവിടുത്തുകാര്‍ കഴിയുന്നത്. 500 മീറ്ററോളമാണ് ഈ പ്രാവശ്യം കടല്‍ കരകയറിയത്.
ശക്തമായ മഴ ഇനിയും തുടര്‍ന്നാല്‍ പല വീടുകളും അപകടത്തില്‍പെടുമെന്ന ഭയത്തോടെയാണുള്ളത്.