കാസര്‍കോട്: കനത്ത മഴ കാസര്‍കോട് ജില്ലയിലും വലിയ തോതിലുള്ള ദുരിതം വിതച്ചു. വെള്ളപ്പൊക്കം മൂലം പലേടങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തനം തുടങ്ങി.
ഇന്നലെ മുടങ്ങിയ വൈദ്യുതി ഇനിയും പുനഃസ്ഥാപിക്കാത്തത് വലിയ ദുരിതമായി. തീവണ്ടി ഗതാഗതം താറുമാറായത് യാത്രക്കാരെ വലച്ചു.
ചാലിയാര്‍ പുഴയിലെ ജലനിരപ്പ് കുറയാത്തതിനാല്‍ അരീക്കോട് 220 കെ.വി ലൈനും കുറ്റ്യാടി ഉല്‍പ്പാദന നിലയത്തില്‍ വെള്ളം കയറിയതിനാല്‍ 110 കെ.വി ലൈനും ഇന്നുച്ചവരെ പ്രവര്‍ത്തിപ്പിക്കാനായില്ല. ഇന്ന് രാവിലെ വിദഗ്ധ സംഘം സ്ഥലത്തെത്തി ഇന്‍സ്‌പെക്ഷന്‍ നടത്താന്‍ ആലോചിച്ചിരുന്നെങ്കിലും നടന്നില്ല. ഇന്നലെ രാത്രി മഞ്ചേശ്വരം, ഉപ്പള ഭാഗങ്ങളില്‍ കര്‍ണാടക വൈദ്യുതിയാണ് നല്‍കിയത്. കാസര്‍കോട്ടും പുലര്‍ച്ചെ 5.30 വരെ വൈദ്യുതി ലഭിച്ചിരുന്നു. കക്കയം-കാഞ്ഞിരോട് വഴി വൈദ്യുതി എത്തിക്കാനുള്ള ശ്രമവും നടന്നുവരുന്നുണ്ട്. വൈദ്യുതി മുടങ്ങിയത് മൂലം മോട്ടോറടക്കം പ്രവര്‍ത്തിക്കാത്തതിനാല്‍ പലേടത്തും ഹോട്ടലുകള്‍ താല്‍ക്കാലികമായി അടച്ചു.
കാഞ്ഞങ്ങാടിനും നീലേശ്വരത്തിനുമിടയില്‍ റെയില്‍വെ ട്രാക്കില്‍ വെള്ളം കയറിയത് തീവണ്ടി ഗതാഗതത്തെ ബാധിച്ചു.