കാസര്‍കോട്: ശക്തമായ കാറ്റും മഴയും ജില്ലയില്‍ വ്യാപക നാശമാണ് വിതച്ചത്. മരങ്ങള്‍ വീണ് നിരവധി വീടുകള്‍ക്ക് കേടുപാട് പറ്റി. പലയിടത്തും ഗതാഗതം മുടങ്ങി. പാലക്കുന്ന് പട്ടത്താനം മൂലക്കണ്ടത്തില്‍ കേശവന്റെ വീട് തകര്‍ന്നു. കുറ്റിക്കോല്‍ പയ്യങ്ങാനത്തെ വെള്ളച്ചിയുടെ ഓട് പാകിയ വീട് തകര്‍ന്നു. വീട്ടുകാര്‍ പുറത്തേക്ക് ഓടിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കുണ്ടംകുഴിയില്‍ മണ്ണിടിഞ്ഞ് റോഡ് ഗതാഗതം തടസ്സപ്പെട്ടു. തെക്കില്‍ ആലട്ടി റോഡില്‍ കരിച്ചേരി വളവിലാണ് വ്യാപകമായി കുന്നിടിഞ്ഞത്. കാസര്‍കോട് പൊയിനാച്ചി ഭാഗത്ത് നിന്നുള്ള യാത്രക്കാര്‍ ആയങ്കടവ് വഴിയും കാഞ്ഞങ്ങാട് ഭാഗത്ത് നിന്നുള്ളവര്‍ പെരിയ മൂന്നാംകടവ് വഴിയുമാണ് യാത്ര ചെയ്തത്. മീപ്പുഗിരി കാളിയങ്കാട് റോഡ് നിറഞ്ഞൊഴുകിയതിനാല്‍ സമീപത്തെ ക്വാര്‍ട്ടേഴ്‌സില്‍ വെള്ളം കയറി. മൂന്ന് കുടുംബങ്ങളെ ചൂരി ഐക്യവേദിയുടെ നേതൃത്വത്തില്‍ മദ്രസയിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. അടുക്കത്ത്ബയല്‍ ദേശീയപാതയില്‍ മരം കടപുഴകിവീണ് ഗതാഗതം മുടങ്ങി. ഒരു കാറിന് മുകളിലാണ് മരം വീണത്. യാത്രക്കാര്‍ ഭാഗ്യംകൊണ്ട് രക്ഷപ്പെട്ടു. വിദ്യാനഗര്‍ ജംഗ്ഷനില്‍ കൂറ്റന്‍ മരം വീണ് രണ്ട് പെട്ടിക്കടകള്‍ തകര്‍ന്നു. നായന്മാര്‍മൂലയിലെ സലാമിന്റെ ചെരിപ്പ് കടയും ഇര്‍ഷാദിന്റെ പത്രവിതരണ കടയുമാണ് തകര്‍ന്നത്. ഇന്നലെ വൈകിട്ടുണ്ടായ കാറ്റിലും മഴയിലും അഡൂര്‍ ഏഴരക്കുഴിയിലെ നാഗരാജിന്റെ വീട് പൂര്‍ണ്ണമായും തകര്‍ന്നു. വീട്ടിനകത്തുണ്ടായ ബന്ധു പ്രഭാകരഭട്ടിന്റെ ഭാര്യ ശ്യാമള(60)ക്ക് സാരമായി പരിക്കേറ്റു. ബദിയടുക്ക വിദ്യാഗിരിയിലെ രാജീവിയുടെ വീടിന് മുകളിലും തൊഴുത്തിലും മണ്ണിടിഞ്ഞുവീണു. വീടിന്റെ ഭിത്തി തകര്‍ന്ന നിലയിലാണ്.
രാവണേശ്വരം റൂട്ടിലോടുന്ന സ്വകാര്യ ബസിന് മുകളില്‍ വൈദ്യുതി തൂണ്‍ ഒടിഞ്ഞുവീണു. കാലിക്കടവില്‍ ഇന്ന് രാവിലെയായിരുന്നു അപകടം. ആര്‍ക്കും പരിക്കില്ല.
മലയോരമേഖലയില്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയിലാണ് നിരവധി പ്രദേശങ്ങള്‍. ഹൊസ്ദുര്‍ഗ്, വെള്ളരിക്കുണ്ട് താലൂക്കുകളിലെ മലയോര ഗ്രാമപ്രദേശങ്ങളില്‍ അടിയൊഴുക്കുകള്‍ ശക്തമാണ്. കൊന്നക്കാടിനടുത്ത ചരുമ്പക്കോട്, മുട്ടോംകടവ്, പാമത്തട്ട്, മഞ്ചുച്ചാല്‍, അശോകച്ചാല്‍, അത്തിയടുക്കം, കോട്ടഞ്ചേരി, കമ്മാടി, മൈക്കയം ഭാഗങ്ങളിലാണ് ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്നത്.
ബദിയടുക്കയിലും പരിസരപ്രദേശങ്ങളിലും മണ്ണിടിച്ചില്‍ വ്യാപകം. ഇതോടെ അന്തര്‍ സംസ്ഥാനപാതയിലടക്കം ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. ബദിയടുക്ക മാര്‍പ്പിനടുക്ക അഗല്‍പ്പാടി ക്ഷേത്രത്തിന് സമീപം റോഡരികിലെ മണ്ണിടിഞ്ഞുവീണു. ചെര്‍ക്കള-ബദിയടുക്ക-പെര്‍ള റൂട്ടിലെ എടനീര്‍ ചൂരിമൂലയിലും മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു.
മുമ്പ് മണ്ണിടിച്ചിലുണ്ടായ കരിമ്പിലില്‍ ഇന്നലെ വീണ്ടും മണ്ണിടിഞ്ഞു. ഇതോടെ അന്തര്‍സംസ്ഥാന പാതയായ ചെര്‍ക്കള-പെര്‍ള-ബദിയടുക്ക-പുത്തൂര്‍ റൂട്ടില്‍ ഗതാഗതം പൂര്‍ണ്ണമായും നിര്‍ത്തിവെച്ചു.