കുമ്പള: പാണ്ഡിത്യ ശോഭ കൊണ്ടും സംഘടനാ മികവ് കൊണ്ടും ജനഹൃദയങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന എം.എ. ഖാസിം മുസ്ലിയാര്‍ ഇനി ഓര്‍മ്മ. പെരുന്നാള്‍ തലേന്ന് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയും മരണപ്പെടുകയും ചെയ്ത സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറിയും കേന്ദ്ര മുശാവറ അംഗവും കുമ്പള ഇമാം ശാഫി അക്കാദമി ചെയര്‍മാനുമായ ഖാസിം മുസ്ലിയാര്‍ ഇമാം ശാഫി അക്കാദമിയുടെ ചാരത്ത് നിത്യ നിദ്രയായി. ഞായറാഴ്ച രാത്രി വന്‍ ജനാവലിയുടെ സാന്നിധ്യത്തിലാണ് മുസ്ലിയാരുടെ മയ്യത്ത് ഖബറടക്കിയത്. പ്രിയ പണ്ഡിതനെ ഒരു നോക്ക് കാണാന്‍ മൊഗ്രാലിലെ വീട്ടിലും പിന്നീട് പൊതു ദര്‍ശനത്തിന് വെച്ച ഇമാം ശാഫി അക്കാദമിയിലും മത, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരടക്കം നിരവധി പേരാണ് എത്തിയത്. സമസ്തയിലും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അമരത്തും സേവന നിരതനായിരുന്നു ഖാസിം മുസ്ലിയാരുടെ പെട്ടെന്നുള്ള വേര്‍പാട് എല്ലാവരെയും ഒരുപോലെ ദുഖത്തിലാഴ്ത്തി. നിരവധി ശിഷ്യഗണങ്ങളുടെ ഉസ്താദായ ഖാസിം മുസ്ലിയാരുടെ ദേഹവിയോഗം അറിഞ്ഞ് ഇപ്പോഴും അദ്ദേഹത്തിന്റെ ഖബറിടത്തേക്ക് നിരവധി പേര്‍ ഒഴുകുകയാണ്.