കാസര്‍കോട്: ചന്ദ്രഗിരി -കാഞ്ഞങ്ങാട് കെ.എസ്.ടി.പി റോഡരികിലെ കുന്നില്‍ പ്രത്യക്ഷപ്പെട്ട വിള്ളല്‍ പരിഭ്രാന്തി പരത്തി. കുന്നിടിയാന്‍ ഇത് കാരണമാകുമെന്ന ആശങ്കയാണ് ഉയരുന്നത്. ഇന്നലെ വൈകിട്ടോടെയാണ് കുന്നിന്റെ ഒരു ഭാഗത്ത് വിള്ളല്‍ കണ്ടത്. നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന ഇവിടെ നേരത്തെ കുന്ന് ഇടിഞ്ഞത് കാരണം പാര്‍ശ്വഭിത്തി കെട്ടി ബലപ്പെടുത്തി യിരുന്നു. എന്നാല്‍ ഇപ്പോള്‍ കെ.എസ്.ടി.പി. പാതയില്‍ നിന്നും പുലിക്കുന്ന് റോഡിലേക്ക് കയറുന്ന ഭാഗത്താണ് കുന്നില്‍ വിള്ളല്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് ഇന്നലെ രാത്രി എ.ഡി.എം ദേവിദാസിന്റെ നേതൃത്വത്തില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയും വിള്ളല്‍ കണ്ട ഭാഗം മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് പൊളിച്ച് നീക്കുകയും ചെയ്തു. മണ്‍തിട്ടയ്ക്ക് മുകള്‍ ഭാഗം വഴി നഗരസഭാ ഓഫീസ് ജംഗ്ഷനിലേക്ക് എത്തുന്ന റോഡില്‍ ഗതാഗതം നിരോധിച്ചിട്ടുണ്ട്. കെ.എസ്.ടി.പി അധികൃതരും സന്ദര്‍ശനം നടത്തി.