ബേക്കല്‍: കനത്ത മഴയെ തുടര്‍ന്ന് ബേക്കല്‍ കോട്ടയിലെ നീരീക്ഷണ കേന്ദ്രത്തിന്റെ ഭിത്തിയും ടൂറിസ്റ്റ് ബംഗ്ലാവിന്റെ മേല്‍ക്കൂരയും തകര്‍ന്നു. പ്രവേശന കവാടത്തിന്റെ കിഴക്കെ വശത്തെ രണ്ടാമത്തെ നിരീക്ഷണ കേന്ദ്രത്തിന്റെ പുറം ഭിത്തിയാണ് മഴയില്‍ ഇടിഞ്ഞത്.
ഇതേ തുടര്‍ന്ന് ഇവിടേക്കുള്ള പ്രവേശനം താല്‍ക്കാലികമായി നിരോധിച്ചു. സുരക്ഷ മുന്‍നിര്‍ത്തി ഇരുമ്പ് ദണ്ഡുകള്‍ പാകിയിട്ടുണ്ട്.
നിരീക്ഷണകേന്ദ്രത്തിലുണ്ടായ കേടുപാടുകള്‍ക്ക് പിറകെയാണ് നൂറുവര്‍ഷം പഴക്കമുള്ള ടൂറിസ്റ്റ് ബംഗ്ലാവിന്റെ മേല്‍ക്കൂരയും തകര്‍ന്നത്. 36 ഏക്കര്‍ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന കോട്ടയ്ക്കകത്ത് പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ബംഗ്ലാവാണിത്.
നൂറുകണക്കിന് ചെങ്കല്ലുകള്‍ അടുക്കി നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കെട്ടിയുയര്‍ത്തിയ നിരീക്ഷണഗോപുരത്തിന്റെ ഭിത്തി ഇത്രയും നാള്‍ സുരക്ഷിതമായിരുന്നു. ഈ ഭിത്തി ഇടിഞ്ഞത് ആശങ്കക്ക് കാരണമായിട്ടുണ്ട്. ബംഗ്ലാവിന്റെ മേല്‍ക്കൂരക്ക് ഭീഷണി ഉയര്‍ത്തിയിരുന്ന മരക്കൊമ്പുകള്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ബേക്കല്‍ ടൂറിസം ഓര്‍ഗനൈസേഷന്റെ സഹായത്തോടെ മുറിച്ചുനീക്കിയിരുന്നു.
അതിനിടെയാണ് ടൂറിസ്റ്റ് ബംഗ്ലാവിന്റെ മേല്‍ക്കൂര തകര്‍ന്നിരിക്കുന്നത്.
ബേക്കല്‍ റിസോര്‍ട്ട് ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷനാണ് നിലവില്‍ ടൂറിസ്റ്റ് ബംഗ്ലാവിന്റെ മേല്‍നോട്ടം വഹിക്കുന്നത്.