മുപ്പതോ നാല്‍പ്പതോ കൊല്ലം മുമ്പ് പെയ്തിരുന്നത്രയും മഴ 2018ലും 2019ലും പെയ്യുന്നുണ്ടോ? ഒരിക്കലുമില്ല. അതിന്റെ പകുതി പോലും പെയ്യുന്നില്ല എന്നതാണ് വാസ്തവം. കള്ളത്തൂക്കവും കള്ള അളവും മാത്രം കാണിക്കുന്ന പരിമിതികളേറെയുള്ള യന്ത്രങ്ങളും അളവുകോലുകളും വെച്ച് പക്ഷെ, ന്യൂജെന്‍ പറയും ഇത്രയും തീവ്രമായ മഴ ചരിത്രത്തിലിന്നോളം പെയ്തിട്ടില്ലെന്ന്.
അന്നന്നു കാണുന്ന കാഴ്ചകളെ വാ പൊളിച്ച് ആശ്ചര്യത്തോടെ കാണുന്ന സമൂഹമാണ് വര്‍ത്തമാന കാലത്തിലേത്. ഒന്നിനേയും താങ്ങാന്‍ ശേഷിയില്ലാത്ത അത്യന്തം ദുര്‍ബലമായ സമൂഹമാണിത്. കള്ളം മാത്രം പ്രചരിപ്പിക്കുകയും തെളിഞ്ഞ രാഷ്ട്രീയ അടിമത്തവും ധനാര്‍ത്തിയും മാത്രം നയിക്കുകയും ചരിത്രത്തെപ്പറ്റി ഒരവഗാഹവുമില്ലാത്തതുമായ മാധ്യമങ്ങളുടെ റേറ്റിംഗ് കൂട്ടാനുള്ള കണ്ണടച്ചുള്ള പാച്ചില്‍ കൂടിയാവുമ്പോള്‍ സാധാരണക്കാരായ മനുഷ്യരുടെ ഭീതിയും ഉത്കണ്ഠയും ഏറ്റവും ഉച്ചിയിലെത്തുന്നു. പണ്ട് നമ്മുടെയടുക്കല്‍ വാര്‍ത്തകളെത്തിക്കാന്‍ പത്രങ്ങളും ആകാശവാണിയും മാത്രമെ ഉണ്ടായിരുന്നുള്ളു. അവ എത്തിച്ചിരുന്ന വാര്‍ത്തകള്‍ മിക്കവാറും സത്യസന്ധവുമായിരുന്നു. പക്ഷെ, സമൂഹത്തിലെ കുറച്ചാളുകളുടെ അടുക്കല്‍ മാത്രമെ വാര്‍ത്തകള്‍ എത്തിയിരുന്നുള്ളു എന്ന സത്യം കൂടിയുണ്ടായിരുന്നു.
ഇന്നു പക്ഷെ, കേരളീയ സമൂഹത്തിലെ ഓരോ വ്യക്തിയും ഓരോ സ്വതന്ത്ര മാധ്യമമാണ്. ഓരോ ആളും സ്വയം റിപ്പോര്‍ട്ടറും ഫോട്ടോഗ്രാഫറും എഡിറ്ററും പബ്ലിഷറുമാണ്. മാധ്യമരംഗത്തെ സകലമാന ജോലിയും ഒറ്റക്കു ചെയ്യാന്‍ പര്യാപ്തമായ സെല്ലുലാര്‍ ഫോണുമായി അവര്‍ ജനപഥങ്ങളിലൂടെ തലങ്ങും വിലങ്ങും ഓടുകയാണ്. മറ്റുള്ളവരെ കവച്ചുവെച്ചുള്ള ലൈക്കും കമന്റും ഷെയറും തേടി സ്വയം വൈറലായി മാറാനുള്ള ദാഹത്താല്‍ അവര്‍ മുട്ടോളം കലക്കവെള്ളത്തില്‍ ഇറങ്ങി നിന്ന് അയ്യോ, ഇവിടെ ഒരു ജനത ഒറ്റപ്പെട്ടു നില്‍പ്പാണ്. ഇവരെ രക്ഷപ്പെടുത്താന്‍ ഉടനെ സൈന്യത്തെ അയക്കു’ എന്ന് നിലവിളിക്കുകയാണ്. അമിത ഭാരത്താല്‍ ഒരു മരം കടപുഴകി റോഡില്‍ വീണാല്‍ അയ്യോ, ഈ റോഡില്‍ കൂടി ഉടനെ വാഹനങ്ങള്‍ക്ക് ചീറിപ്പായാനായില്ലെങ്കില്‍ ഇപ്പം ലോകം അവസാനിച്ചേക്കും. ഉടനെ എന്തെങ്കിലും ചെയ്യു. എന്ന് സെല്‍ഫിയില്‍ ആ മരത്തേക്കാളധികം സ്വയം ഫോക്കസ് ചെയ്ത് വിലപിക്കുകയാണ്.
ഇങ്ങനെയെല്ലാമാണ് വര്‍ത്തമാന മലയാളി. പുതുതലമുറ മാത്രമല്ല, അറുപതും എഴുപതും പിന്നിട്ട, എത്രയോ മഹാമാരികള്‍ കണ്ടിട്ടുള്ള ആളുകള്‍ പോലും ക്യാമറകളുമായി പൊതുജനത്തെ അനാവശ്യമായി പേടിപ്പിക്കാനെത്തുന്നു എന്നതും വലിയ ദുരന്തമാണ്. ഇടവത്തിലും മിഥുനത്തിലും ഇനിയും പെയ്യാത്ത മഴയായിരുന്നു ഇക്കൂട്ടര്‍ക്ക് സോഷ്യല്‍ മീഡിയയിലെ ആഘോഷമെങ്കില്‍ അതേ കൂട്ടര്‍ തന്നെയാണ് ഇപ്പോള്‍ കര്‍ക്കിടകത്തില്‍ സാമാന്യം നന്നായി പെയ്തുകൊണ്ടിരിക്കുന്ന മഴയെ കൊണ്ടാടുന്നതും. ആന ജീവിച്ചാലും ചെരിഞ്ഞാലും പന്തീരായിരം എന്ന് പറഞ്ഞത് പോലെ ഇവന്മാര്‍ക്ക് മഴ പെയ്താലും പെയ്തില്ലെങ്കിലും ആഘോഷമാണ്. പെയ്യാത്ത മഴ കവിതയാണെങ്കില്‍ പെയ്യുന്ന മഴ മഹാകാവ്യമാണ് ചിലര്‍ക്ക്. പണ്ട് ആറുമാസത്തെ കാലവര്‍ഷമുണ്ടായിരുന്നിട്ടും അതൊന്നും വലിയ വാര്‍ത്തയാവാതിരുന്നത് അത് നമ്മുടെ റോഡുകളെയും പാലങ്ങളെയും നദികളെയും പുഴകളെയും പായലിനെയും അടിമണ്ണിനെയും ഒലിപ്പിച്ചു കൊണ്ടു പോവാത്തതിനാലായിരുന്നു. കുന്നുകളും മലകളും പാറകളും മനുഷ്യന്‍ നോക്കി നില്‍ക്കെ ജനപഥങ്ങളെ തുടച്ചുനീക്കിക്കൊണ്ട് പോവാത്തതിനാലും. ഇന്ന് എല്ലാം ഭീതിയും അത്ഭുതവും വാര്‍ത്തയുമാകുന്നുണ്ടെങ്കില്‍ അതിന്റെയെല്ലാം പിന്നിലെ കറുത്ത കൈകള്‍ നമ്മുടേതും നാം തിരഞ്ഞെടുക്കുന്ന നമ്മുടെ തന്നെ പ്രതിനിധികളുടേതുമാണെന്ന സത്യം ക്യാമറയും സ്പീക്കറുമായി ഓടുന്ന തിരക്കില്‍ നാം സൗകര്യപൂര്‍വ്വം മറക്കുന്നു. എങ്ങനെയും നമുക്ക് വികസനം വേണം. നമുക്ക് ആകെയുണ്ടായിരുന്ന തുണ്ടു മണ്ണിന്റെ ഏതാണ്ട് നാലിലൊന്നോളം നാം ഇതിനോടകം ടാറും കോണ്‍ക്രീറ്റും കൊണ്ട് സീല്‍ ചെയ്തു കഴിഞ്ഞിരിക്കുന്നു. എന്നിട്ടും അഹങ്കാരത്തിന്റെ തേരുകളോടിക്കാന്‍ നിരത്തുകളില്ലാതെ വീര്‍പ്പു മുട്ടുകയാണ് നാം. മറ്റൊരു നാലിലൊന്നിനെ സിമന്റു കൊണ്ടും ഇന്റര്‍ലോക്ക് കൊണ്ടും താഴിട്ടു പൂട്ടിക്കഴിഞ്ഞിരിക്കുന്നു. എന്നിട്ടും കാലില്‍ ചെളി പുരളുന്നതില്‍ അസ്വസ്ഥനാവുകയാണ് ധൂര്‍ത്തിന്റെയും അത്യാഡംബരത്തിന്റെയും തലതൊട്ടപ്പനായ മലയാളി. എല്ലാ പച്ചപ്പും വെട്ടിത്തെളിച്ച് അവിടങ്ങളില്‍ രമ്യഹര്‍മ്യങ്ങള്‍ തീര്‍ക്കുന്ന മലയാളി അങ്ങിങ്ങ് ശേഷിക്കുന്ന ഹരിതാഭയില്‍ നിന്നും പാറിവന്ന് തൊടികളില്‍ വീഴുന്ന കരിയിലകളില്‍ അമര്‍ഷം കൊള്ളുകയാണ്. നഗരങ്ങളിലെത്തിയിരുന്നവര്‍ക്ക് ചെറിയ ആശ്വാസങ്ങള്‍ പകര്‍ന്നിരുന്ന മരച്ചില്ലകള്‍ നമ്മുടെ കോടികളുടെ വ്യാപാര സ്ഥാപനങ്ങളുടെ നെയിംബോര്‍ഡുകള്‍ മറക്കുന്നതില്‍ നിരാശരും കോപിഷ്ഠരുമാണ് നാം.
കുളങ്ങളും കിണറുകളും അരുവികളും പുഴകളും കടലും കാടും മേടുമെല്ലാം കയ്യേറിയും മണ്ണിട്ടു നികത്തിയും കോണ്‍ക്രീറ്റ് വനങ്ങള്‍ മാത്രം തീര്‍ത്തപ്പോള്‍ മഴവെള്ളം ഭൂമിയില്‍ ഇറങ്ങാനുള്ള പഴുതുകള്‍ നാം ബാക്കിവെച്ചില്ല. വെള്ളത്തിന് സുഗമമായി ഒഴുകിപ്പോകേണ്ട ഓടകളും തോടുകളും നാം കരുതിവെച്ചില്ല. മണ്ണെടുത്തും മണലൂറ്റിയും നദികളുടെ സ്വാഭാവിക ഘടനയപ്പാടെ മാറ്റിമറിച്ചപ്പോള്‍ നദികളെല്ലാം ദിശമാറിയൊഴുകുമെന്ന് നാം തിരിച്ചറിഞ്ഞില്ല. നമ്മുടെ ധാരാളിത്തത്തിന്റെ നാറുന്ന അവശിഷ്ടങ്ങളെയെല്ലാം പരിശുദ്ധമായ ജലാശയങ്ങളുടെ വിരിമാറില്‍ തള്ളിയപ്പോള്‍ ഒരു നാള്‍ അവ തിരിച്ച് തങ്ങളുടെ തന്നെ നെഞ്ചിന് നേര്‍ക്ക് തിരിച്ചൊഴുകിയെത്തുമെന്നും നാം ഓര്‍ത്തില്ല.
അങ്ങനെ ഓര്‍ക്കേണ്ടതൊന്നും ഓര്‍ക്കാതെ അന്ധമായി മുന്നോട്ടു പാഞ്ഞ നമ്മെ കഴിഞ്ഞ വര്‍ഷം പ്രകൃതി അഥവാ ദൈവം വരിഞ്ഞുകെട്ടി. അപ്പോള്‍ തല്‍കാലത്തേക്ക് നാം എല്ലാ ഭാവഭേദങ്ങളും ഉച്ചനീചത്വങ്ങളും പരണത്തു വെച്ചു. അന്നാദ്യമായി നമുക്ക് ജാതിയില്ലാതായി. മതമില്ലാതായി രാഷ്ട്രീയമില്ലാതായി, കൊട്ടാരങ്ങള്‍ വേണ്ടാതായി. വാഹനങ്ങള്‍ വേണ്ടാതായി. ഭരണപക്ഷവും പ്രതിപക്ഷവുമില്ലാതായി. ജീവന്‍ അതു മാത്രമായിത്തീര്‍ന്നു ഏവരുടെയും പരമലക്ഷ്യം. ഏതു പിശുക്കന്റെയും മടിക്കുത്തഴിഞ്ഞു. പക്ഷെ, ആ ഐക്യപ്പെടലിന് ഓരോരുത്തരുടെയും മൂക്കിന്‍ തുമ്പില്‍ നിന്നും വെള്ളം ഒരല്‍പം ഇറങ്ങേണ്ട സമയത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളു. മൂന്നാം പക്കമോ നാലാം പക്കമോ നമ്മുടെ ഉള്ളിലുണ്ടായിരുന്ന കാളകൂടം പൂര്‍വ്വാധികം ശക്തിയോടെ പുറത്തേക്കു കുത്തിയൊലിച്ചു. അപരന് യശസ്സും അംഗീകാരവും കിട്ടുന്നത് സ്വന്തം മൃതിയേക്കാള്‍ ഭയാനകമായി കാണുന്ന ഭൂമിയിലെ ഒരേയൊരു സമൂഹമാണല്ലോ നാം മലയാളികള്‍. ദൈവത്തിന്റെ ശിക്ഷയേയും പരസ്പരം കുറ്റപ്പെടുത്താനും ചെളിവാരിയെറിയാനും നാം പരസ്പരം മത്സരിച്ചുപയോഗിച്ചു. പ്രകൃതി കണക്കു തീര്‍ക്കാന്‍ ഇറങ്ങിയാല്‍ അവിടെ ഭരണീയനും ഭരണക്കാരനും തുല്യമാണെന്നും നേതാവും നീതനും ഇല്ലെന്നും നാം മറന്നു. അന്ധമായ രാഷ്ട്രീയത്തിന്റെ പേരില്‍ സഹായിക്കാന്‍ ബാധ്യതപ്പെട്ടവരും അതിനു കഴിവുണ്ടായിരുന്നവരും അതിന് തയ്യാറായില്ല. എന്ന് മാത്രമല്ല, സഹായസന്നദ്ധമായി വന്ന കരങ്ങളെപ്പോലും നാം നിര്‍ദ്ദയം തട്ടിമാറ്റി.
ഒരു രാത്രി കൊണ്ട് ഈ ലോകം അവസാനിക്കുമെന്നോ ഇനിയും ഒരിക്കല്‍കൂടി ആകാശത്തിന്റെ ഗര്‍ഭപാത്രത്തിലെ കേരളമെന്ന ഒരു ചെറുതുണ്ടിനെ മുക്കാനുള്ളത്രയും ജലം ഉറഞ്ഞുകൂടുകയില്ലെന്നോ ആയിരുന്നു മിഥ്യാധാരണ. ആ ധാരണയും അഹന്തയും ഒരിക്കല്‍ കൂടി കുത്തിയൊലിച്ചു പോകവെ ഈ നാട് ഒരിക്കല്‍ കൂടി ശാന്തമാവുന്നു. ഇവിടയിപ്പോള്‍ മുദ്രാവാക്യങ്ങളില്ല, സമരങ്ങളില്ല, പള്ളിയും അമ്പലവും ഒരുമിച്ച് ഒഴുകിപ്പോകവേ മത ചിന്തകളില്ല. വര്‍ഗീയതയില്ല. നിസ്സാരനായ മനുഷ്യന്റെ കരങ്ങള്‍ക്ക് നിയന്ത്രിക്കാന്‍ പറ്റാത്തത്ര ശക്തമാണ് പ്രകൃതിയുടെ പ്രഹരമെന്നറിയുമ്പോഴും പക്ഷെ, വീണ്ടും പരസ്പരമറിയാനുള്ള ചെളിയും കരിയും കയ്യില്‍ മുറുകെപ്പിടിച്ച് തന്നെയാണ് നമ്മുടെ നില്‍പ്. വെള്ളമൊന്നിറങ്ങി കാലുകള്‍ വീണ്ടും ഇതേ കുഴമണ്ണില്‍ ഊന്നി നിന്നുവേണം നമുക്ക്അവയെ ഇതേ അന്തരീക്ഷത്തില്‍ വാരിയെറിയാന്‍.
സ്വന്തം പ്രാണന്‍ അപകടത്തിലാണെന്നു തോന്നുമ്പോള്‍ മാത്രം ദൈവഭയമുള്ളവരും ധര്‍മ്മാധര്‍മ്മ ചിന്തയുള്ളവരും പരസ്പര സഹകരണ മനോഭാവമുള്ളവരും ആയിത്തീരുകയും അപകടം നീങ്ങിപ്പോയിരിക്കുന്നു എന്നറിയുമ്പോള്‍ വീണ്ടും അന്ധകാരത്തിലാണ്ടു പോവുകയും ചെയ്യുക എന്നത് മനുഷ്യന്റെ സ്വഭാവമാണ്. നാം അതില്‍ മറ്റെല്ലാം സമൂഹങ്ങളെയും പിന്നിലാക്കുന്നു എന്നു മാത്രം.
മറ്റൊരു ഉദാഹരണം ഗ്രഹിച്ചുകൊള്ളുക: ആകാശത്തു നിന്നും പേമാരി വര്‍ഷിക്കുന്നു. അതോടൊപ്പം കൂരിരിട്ടും ഇടിയും ഇടിവാളുമുണ്ട്. മേഘഗര്‍ജ്ജനം കേട്ട് അവര്‍ മരണഭയത്താല്‍ കാതുകളില്‍ വിരലുകള്‍ തിരുകുന്നു. ഈ സത്യാന്വേഷികളെ നാനാഭാഗത്ത് നിന്നും വലയം ചെയ്തവനാകുന്നു അല്ലാഹു. മിന്നല്‍പ്പിണര്‍ അവരുടെ ദൃഷ്ടികളെ റാഞ്ചിയെടുക്കുകയായി. അല്‍പം പ്രകാശം കിട്ടുമ്പോഴൊക്കെ അവര്‍ അതിലൂടെ നടക്കുന്നു. ഇരുട്ടാകുമ്പോള്‍ അവര്‍ നിശ്ചലരാകുകയും ചെയ്യുന്നു. അല്ലാഹു ഇച്ഛിച്ചിരുന്നുവെങ്കില്‍ അവരുടെ ശ്രവണ-ദര്‍ശനാദികള്‍ പൂര്‍ണ്ണമായും പോക്കിക്കളയുമായിരുന്നു. നിശ്ചയം, അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും പ്രാപ്തനത്രേ.
വി. ഖുര്‍ആന്‍ 2ഃ19, 20.