കാഞ്ഞങ്ങാട്: വിദ്യാര്‍ത്ഥിയായ 14 കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ കോടതി വെറുതെ വിടുകയും പിന്നീട് ഹൈക്കോടതി കുറ്റക്കാരനെന്ന് കണ്ടെത്തുകയും ചെയ്ത യുവാവിനെ രണ്ടാം വിധി വന്ന് പത്ത് വര്‍ഷത്തിന് ശേഷം അറസ്റ്റ് ചെയ്തു. പേരിയ ആയമ്പാറ മാരങ്കാവ് ചാക്കുട്ടിലെ ദാമോദരന്‍ നായരുടെ മകള്‍ പ്രശാന്തിയെ കൊന്ന കേസില്‍ പ്രതിയായ മാരാങ്കാവ് സ്വദേശി ഉമേശനെ(35)യാണ് ഹൊസ്ദുര്‍ഗ്ഗ് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ജയകുമാറിന്റെ സമര്‍ത്ഥമായ നീക്കത്തില്‍ അറസ്റ്റ് ചെയ്യാനായത്.
പ്രൊസിക്യൂഷന്റെ വീഴ്ചയെ തുടര്‍ന്നാണ് ജുവനൈല്‍ ആനുകൂല്യത്തില്‍ ഉമേശനെ ആദ്യം കോടതി കുറ്റക്കാരനല്ലെന്ന് കണ്ട് വിട്ടയച്ചത്. പിന്നീട് പ്രൊസിക്യൂഷന്‍ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലിലാണ് ഉമേശനെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. കുറ്റകൃത്യം നടക്കുന്ന സമയത്ത് ഉമേശന് പ്രായപൂര്‍ത്തിയായിരുന്നില്ല. 16-ാം വയസിലാണ് കൊലക്കേസില്‍ പ്രതിയായത്. 2009ലാണ് ഹൈക്കോടതി കുറ്റക്കാരനാണെന്ന് വിധിച്ചത്. കുറ്റക്കാരനല്ലെന്ന വിധിയുടെ ബലത്തില്‍ പാസ്‌പോര്‍ട്ട് തരപ്പെടുത്തി വിദേശത്ത് പോവുകയും ചെയ്തു. ശിക്ഷ വിധിക്കാന്‍ ജുവനൈല്‍ കോടതിയോടാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. ഹാജരാകാനായി ജുവനൈല്‍ കോടതി സമന്‍സ് അയച്ചു. പിന്നീട് വാറണ്ടു പുറപ്പെടുവിക്കുകയായിരുന്നു. ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്ത ഉമേശനെ തൃശൂര്‍ ഒബ്‌സര്‍വേഷന്‍ ഹോമിലേക്ക് കൊണ്ടുപോയി.