കാസര്‍കോട്: എട്ടുവയസുകാരിയെ വീട്ടിലേക്ക് വരുത്തി പീഡിപ്പിച്ച കേസില്‍ പ്രതിയായ എണ്‍പതുകാരനെ കോടതി 10 വര്‍ഷം കഠിനതടവിനും 15,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. പാടി കിഴക്കേമൂലയിലെ കുഞ്ഞിക്കണ്ണന്‍ പൂജാരിയെയാണ് (80) ജില്ലാ അഡീഷണല്‍ സെഷന്‍സ് (ഒന്ന്) കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ കുഞ്ഞിക്കണ്ണന്‍ രണ്ട് വര്‍ഷം അധികതടവ് അനുഭവിക്കാനും കോടതി വിധിച്ചു. പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് ജില്ലാ നിയമസഹായ അതോറിറ്റി മുഖേന സാമ്പത്തിക സഹായം നല്‍കാനും കോടതി നിര്‍ദ്ദേശം നല്‍കി. 2015 ഒക്‌ടോബര്‍ 21 നും 22നും നാട്ടിലെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട എട്ട് വയസുകാരിയായ പെണ്‍കുട്ടിയെ കുഞ്ഞിക്കണ്ണന്‍ പൂജാരി വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നാണ് കേസ്. അന്നത്തെ കാസര്‍കോട് എസ്.എം.എസ് ഡി.വൈ.എസ്.പി എല്‍. സുരേന്ദ്രനാണ് ഈ കേസിന്റെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്.
പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രകാശ് അമ്മണ്ണായ ഹാജരായി.